അവന്റെ മരണവാർത്ത ആരാണ് വിളിച്ചുപറഞ്ഞതെന്ന് ഓർമ്മ കിട്ടുന്നില്ല. അന്ന് ഞാൻ കോളേജിന്റെ ഹോസ്റ്റൽറൂമിൽ ആണ്. ആ വാർത്ത കേട്ട് മനസ്സ് ബോധത്തിലേക്ക് വരുംമുൻപ് എനിക്ക് മറ്റൊരു കോൾ വന്നു, ഏതോ അപരിചിതൻ, അയാളുടെ ഫോണിലേക്ക് എന്റെ ഫോണിൽനിന്ന് കോൾ ചെന്നത്രെ, നല്ല പരിചയമുള്ള ശബ്ദമാണ്, പക്ഷേ ആരാണെന്ന് പറയാതെ അയാൾ കുറേനേരം വട്ടംചുറ്റിച്ചു. എന്തൊക്കെയോ പറഞ്ഞ് അവസാനം ഞങ്ങൾ വഴക്കിട്ടാണ് ഫോൺ വച്ചത്, അന്നേരം ഞാൻ അയാളോട് പറഞ്ഞത് ഓർക്കുന്നു, എന്റെ കൂട്ടുകാരന്റെ മരണവാർത്ത കേട്ട ഷോക്കിലാണ് ഞാൻ, വെറുതേ വട്ടുകളിപ്പിക്കാനുള്ള സമയമല്ല എന്നൊക്കെ, എന്നിട്ടും അയാൾ മോശമായി സംസാരിച്ച് ഫോൺ വച്ചു. ശരിക്കും അന്ന്, എന്റെ വാക്കുകളിൽമാത്രമേ ആ പറഞ്ഞ ഷോക്ക് ഉണ്ടായിരുന്നുള്ളു, മനസ്സിൽ ആഘാതം തോന്നിയില്ല. ചിലപ്പോഴൊക്കെ നമുക്ക് വേണ്ടത് മാത്രം സെലക്ട് ചെയ്തിട്ട് വേണ്ടാത്ത വാർത്തയുടെ പരപ്പിലൂടെ തെന്നിനീങ്ങില്ലേ ബോധം, ആ ഒരു അവസ്ഥയായിരുന്നു. ഇന്നിപ്പോ ഓർക്കുമ്പോൾ ആ വിളിച്ച് വഴക്കിട്ട ആൾ ചിലപ്പോ അവൻതന്നെ ആയിരിക്കുമോ എന്നുവരെ ഞാൻ സംശയിക്കുന്നു, യഥാർത്ഥ കൂട്ടുകാരൻ ആണോ, സ്നേഹമുണ്ടായിരുന്നോ എന്നൊക്കെ പരീക്ഷിക്കാൻ.
അന്നൊരു വൈകുന്നേരം ഒരു പായയിൽ പൊതിഞ്ഞ് അവനെ ഈ പള്ളിയുടെ പാരിഷ് ഹാൾ വരാന്തയിൽ കിടത്തിയ, ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ആ രംഗം ഇന്നും എന്റെ കണ്മുന്നിലുണ്ട്. നെഞ്ചുപൊട്ടി കരയുന്ന അവന്റെ അപ്പച്ചന്റെ മുഖം ഓർക്കുമ്പോൾ അന്നത്തെ ആ ദിവസത്തിലേക്ക് ഇത്രവർഷങ്ങൾക്കുശേഷവും അതിവേദനയോടെ ഞാൻ ചെന്ന് നിൽക്കുന്നു. ഇന്നും ഒരു കൂട്ടുകാരന് ഇത്ര വിഷമം തോന്നുന്നെങ്കിൽ വീട്ടുകാരുടെ അവസ്ഥ എങ്ങനെ ആയിരിക്കും. മമ്മിയുടെ മുഖത്ത് പിന്നീടങ്ങോട്ട് ഞാൻ കണ്ടിട്ടുള്ളത് നിരാശയുടെയും സങ്കടത്തിന്റെയും വലിയൊരു കടലാണ്. ആ മുഖത്തേക്ക് നോക്കാൻ എനിക്ക് പലപ്പോഴും കരുത്തില്ല. ഇന്ന് ഞാനൊരു കുഞ്ഞിന്റെ അച്ഛനാണ്. എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചുപോയാൽ എങ്ങനെ ഞാൻ അത് സഹിക്കുമെന്ന് ഈ അമ്മയെ കാണുമ്പോഴൊക്കെ ഞാൻ ഭയപ്പെടാറുണ്ട്. ആ ഒരു ഒറ്റ ചിന്തയിൽ അവരുടെ ദുഖത്തിന്റെ ആഴം എനിക്ക് അളക്കാൻ കഴിയുന്നുണ്ട്. അവനെപ്പോലെതന്നെ എപ്പോഴും നല്ല പ്രസരിപ്പുണ്ടായിരുന്ന അവന്റെ പപ്പയെ പിന്നെ കണ്ടപ്പളൊക്കെ ജീവിതത്തിന്റെ പച്ചയായ കയ്പ്പ് ആ മുഖത്തുനിന്ന് വായിക്കാമായിരുന്നു. ഞങ്ങടെയൊക്കെ കല്യാണമൊക്കെ കൂടുമ്പോൾ എത്രവട്ടം അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവും എന്റെ മകൻ ഉണ്ടായിരുന്നെങ്കിൽ അവനും ഇന്ന് ഇതുപോലെ എന്ന്.
മെൽവിന്റെ പേര് ഇന്നും എന്റെ കോണ്ടാക്ട് ലിസ്റ്റിൽ സേവ്ഡ് ആണ്, നമ്പർ ഇല്ലാതെ പേരുമാത്രമായിട്ട്. വല്ലപ്പോഴുമൊക്കെ മറ്റാരുടെയെങ്കിലും പേര് തപ്പുമ്പോൾ അവന്റെ പേര് കണ്ണിൽ മിന്നിമറയാറുണ്ട്, ഇടക്കൊക്കെ ഓർക്കാറുണ്ട്, ഓർക്കാൻവേണ്ടിയാണ് ഇന്നും ആ പേര് ഡിലീറ്റ് ചെയ്യാതെ വച്ചിരിക്കുന്നത്.ഈ സെമിത്തേരിക്ക് അടുത്തുള്ള റോഡിലൂടെ യാത്രചെയ്യുമ്പോളൊക്കെ അവന്റെ കല്ലറ കണ്ട് പൊള്ളാറുണ്ട്. ഒരിക്കൽമാത്രം അകത്തുവന്ന് കല്ലറയുടെ അടുത്തുനിന്ന് അവനോട് കുറച്ചുനേരം സംസാരിച്ചിട്ടുണ്ട്, പിന്നെയൊരിക്കലും അതിനുള്ള കട്ടി മനസ്സിന് വന്നിട്ടില്ല. മെൽവിൻ നമ്മളെ വിട്ട് പോയിട്ട് എത്ര കൊല്ലമായെന്ന കൃത്യമായ ധാരണതന്നെ ഇപ്പോഴില്ല, കാലം അങ്ങനെയാണ്, ആകെ മൊത്തത്തിൽ എല്ലാമൊരു മറവിയിൽ കൊണ്ടിടും. എങ്കിലും അവിടെയും ഇവിടെയും ഇടക്കൊക്കെ കുത്തിനോവിക്കും, ചില ആളുകളുടെ രൂപത്തിൽ, ചില ശബ്ദങ്ങളിൽ, ചില സന്ദർഭങ്ങളിലൊക്കെയായി അവൻ ഇടക്കൊക്കെ ഓർമ്മകളിൽ വരും, പിന്നെ പെട്ടന്ന് റിയാലിറ്റിയിലേക്ക് തള്ളിവിട്ട് പോയ്മറയും.
നവോദയയിൽ ഞങ്ങടെ ക്ലാസ്സിലെ ഏറ്റവും ഉയരക്കാരൻ ആയിരുന്നു മെൽവിൻ, കൂടെ അരുണും. അതുകൊണ്ടുതന്നെ പാവങ്ങൾ എപ്പോഴും ലാസ്റ്റ് ബെഞ്ചിലാണ് ഇരിപ്പും. രണ്ടുപേരും ഒരുമിച്ചായിരുന്നു എല്ലാത്തിനും. ഉദയഗിരി ഹൗസിന്റെ മഞ്ഞ ടി ഷർട്ടും ഇട്ട് ഓട്ടവും ചാട്ടവുമൊക്കെയായി നെടുംതൂണുകളായിരുന്ന അവരെ ഒരാളെ ഓർത്താൽ മറ്റെ ആളെ ഓർക്കാതെ പറ്റില്ല.
പലപ്പോഴും നമ്മൾ കാണാറുള്ളത് അല്പം വലിയ കുട്ടികളൊക്കെ ചെറിയ കുട്ടികളെ ഉപദ്രവിക്കലും ഡോമിനൻസ് കാണിക്കലുമൊക്കെയാണ്. പക്ഷേ ശരീരത്തിന്റെ വലുപ്പംതന്നെ ആയിരുന്നു മെൽവിന്റെ മനസ്സിനും. ആരെയും മനപ്പൂർവം ദ്രോഹിക്കില്ല എന്നുമാത്രമല്ല പറ്റുന്നപോലെയൊക്കെ സഹായിക്കുകയും ചെയ്യുമായിരുന്നു. അത് അവന്റെ ഏറ്റവും നല്ല ഒരു ക്വാളിറ്റി ആയിരുന്നു. നല്ല കുടുംബത്തിൽനിന്ന് വന്നതിന്റെ ലക്ഷണം.
ഈ ഭൂമിയിൽനിന്ന് പോയപ്പോൾ അവന് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് വെറുതെയൊന്ന് ഓർത്തുനോക്കി. കുടുംബത്തിന്റെ, കൂട്ടുകാരുടെ, അവന് ഉണ്ടായിരുന്നേക്കാവുന്ന ഒരുപാട് patients ന്റെ സ്നേഹം, യാത്രകൾ, പുതിയ ആളുകൾ, കുടുംബജീവിതം, പലതരം പുതിയ രുചികൾ, ഗന്ധങ്ങൾ അങ്ങനെ പലതും.. Patients ന്റെ കാര്യം പറഞ്ഞപ്പളാണ് ഞാൻ ഓർക്കുന്നത് അവൻ ആയുർവേദ ഡോക്ടർ ആവാൻ പോയതിലെ വൈരുധ്യം. എനിക്കറിയാവുന്ന മെൽവിന് english ആയിരുന്നു മലയാളത്തേക്കാൾ comfortable. ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും England ടീമിന്റെ കടുത്ത ആരാധകനായിരുന്നു അവൻ. അവന് മലയാളം എന്ന വിഷയം അൽപ്പം കട്ടിയായിരുന്നു, ആ അവൻ സംസ്‌കൃതം പഠിച്ച് ആയുർവേദ ഡോക്ടർ ആകാൻ പോയി എന്നത് എനിക്കൊരു അത്ഭുദമായിരുന്നു. പക്ഷേ ഒരു കാര്യത്തിൽമാത്രം ഡോക്ടർ ആവാൻ അവൻ തികഞ്ഞ യോഗ്യനായിരുന്നു, അവന്റെ കയ്യക്ഷരം. ആ അക്ഷരങ്ങൾക്ക് ഡോക്ടർ അല്ലാതെ മറ്റൊരു പ്രൊഫഷനും ചേരില്ലായിരുന്നു. ഫോൺ വിളിക്കുമ്പോഴൊക്കെ അത് പറഞ്ഞ് കളിയാക്കിയിട്ടുമുണ്ട്. ഒരുമിച്ച് ചിരിക്കുമ്പോഴോ പരസ്പരം വഴക്കിടുമ്പോഴോ ആരറിയുന്നു ഇനി ചിലപ്പോൾ ഒരിക്കലും തമ്മിൽ കണ്ടേക്കില്ല എന്ന്.
അവൻ പോയപ്പോൾ അവനെ അറിയുന്ന എല്ലാവർക്കും നഷ്ടമായത് സ്നേഹത്തിന്റെ വലിയൊരു തണലാണ്, എപ്പോഴും സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പുള്ള ഒരു ചുമലാണ്. ഈ ഭൂമിയിൽനിന്ന് പോയതുകൊണ്ട് അവൻ നേടിയത് എന്താവും. നമ്മൾ കാണുന്ന ഈ പരക്കംപാച്ചിലുകളിൽനിന്നുള്ള മോചനമാണ്, ടെൻഷനുകളിൽനിന്നുള്ള രക്ഷയാണ്. അസുഖങ്ങൾ, കുശുമ്പ്, വാർദ്ധക്യം, വേദന, ഇതിൽനിന്നെല്ലാം അവനിന്ന് മോചിതനാണ്.
അവനെ ഇന്ന് ഓർക്കുന്നവരെയെല്ലാം സങ്കടത്തിൽ നിർത്തിക്കൊണ്ട് അവൻ അവന്റെ സ്വതസിദ്ധമായ ശൈലിയിൽ അട്ടഹസിക്കുന്നത് എനിക്ക് കാണാം. എട്ടാം ക്ലാസ്സിൽ നവോദയ ഹോസ്റ്റലിൽവച്ച്, ബെഡ്ഷീറ്റും പുറത്തുകെട്ടി മുഖംനിറയെ പൗഡറുമിട്ട് കോമ്പല്ലും വരച്ച് ഡ്രാക്കുള ആണെന്നുംപറഞ്ഞ് പേടിപ്പിക്കാൻ ഓടിച്ചിട്ട് അവസാനം പൊട്ടിച്ചിരിക്കുന്ന അതേ ചിരി.
ഇന്ന് ഇവിടുന്നിറങ്ങി, നമ്മളെല്ലാം വീണ്ടും നമ്മുടെ തിരക്കുകളിലേക്ക് മായും. പലവിധ സന്തോഷങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും പതിവുപോലെ നടന്നകലും, വിധി ഉണ്ടെങ്കിൽ നമ്മൾ പുതിയ ലോകം ഇനിയും കാണും, പുതിയ കാര്യങ്ങൾ ചെയ്യും, പാട്ടുകൾ ആസ്വദിക്കും, സിനിമകൾ കാണും, തമാശകൾ പറയും. നമുക്ക് കരുതിവച്ച ദിവസം എത്തുന്നതുവരെ നമ്മൾ ഓടിക്കൊണ്ടേയിരിക്കും. അപ്പോഴും പപ്പയുടെയും മമ്മിയുടെയും ലോകം അവനെ ചുറ്റിപ്പറ്റി നിശ്ചലമായി കാത്തിരിക്കുമോ എന്ന് എന്റെ മനസ്സ് വല്ലാതെ നോവുന്നു. ദൈവം കുറേനേരത്തേക് മറ്റാരെയും കേൾക്കാതെ ഇവരെമാത്രം സമാധാനിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മളെ വിട്ടുപോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ അതേ രൂപത്തിലോ ഭാവത്തിലോ ഒക്കെയായി പലപ്പോഴും അവരുടെ അതേ നാളിലോ ബർത്ഡേയിലോ ഒക്കെയായി പുതിയ തലമുറയിൽ ഒരാൾ ജനിച്ചുവരും, നമ്മുടെ മുറിവിന്റെ വേദനകളെ സുഖപ്പെടുത്താൻ. നമ്മുടെ ലോകം വീണ്ടും പ്രതീക്ഷയോടെ ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും.