Friday, 25 September 2026

അപരന്റെ ആത്മഗതം

ചൂടെടുത്തിട്ട് ഒരു രക്ഷയുമില്ല, മണിക്കൂർ രണ്ടായി ഈ വേഷം കെട്ടിത്തുടങ്ങിയിട്ട്, ഏസി ഉള്ള സ്റ്റേജിൽ കയറിയാലെങ്കിലും സമാധാനമാകുമെന്ന് കരുതിയപ്പോൾ ദാ പണിയറിയാത്ത കൊറേ പണിക്കാർ തലക്ക് കയ്യും കൊടുത്ത് നഖവും കടിച്ച് 
അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു. ഞാൻ കെട്ടിയാടുമ്പോൾ ബാക്ഗ്രൗണ്ടിൽ പ്ലേ ചെയ്യാൻ കുറേ മണിക്കൂർ മുന്നെ കൊടുത്ത പാട്ട് വർക്ക് ആവുന്നില്ലാന്ന്. ഇവനൊക്കെ പിന്നെ എന്ത് തേങ്ങയാണ് ഇത്രനേരം ചെയ്തത്, അതൊന്ന് പ്ലേ ചെയ്ത് നോക്കാനുള്ള വിവരംപോലും ഒരുത്തനുമില്ലേ. എന്റെ മുന്നിൽ ചുവപ്പുനാട പിടിച്ച് നിൽക്കുന്ന ചേട്ടന്മാർക്ക് കൈ കഴക്കുന്നുണ്ട്. ഒടുക്കം അവർ സുല്ലിട്ട് നാട നീക്കി സ്റ്റേജിന്റെ സൈഡിൽ സൈഡായി. ഞാനും പാർട്ണറും സ്റ്റേജിന്റെ നടുക്ക് വല്ലാത്തൊരു വൃത്തികെട്ട പോസ്റ്റ്‌. വിളിച്ചുപറയുന്ന പെങ്കൊച്ച് ടെക്നിക്കൽ എറർ എന്നൊക്കെ പറയുന്നുണ്ട്, കോപ്പ്, യെവന്മാർക്ക് പണി എടുക്കാൻ വയ്യ അയിനാണ് ഇങ്ങനെ പൊലിപ്പിച്ച് പറയുന്നത്. മഴത്തുള്ളിക്കിലുക്കം സിനിമയിലെ സലിംകുമാർ ഒരു കൊട്ടവച്ച് നടന്നപോലെ ഉള്ള ഈ വേഷവുംവച്ച് എത്രനേരം ഇവിടെ ഇങ്ങനെ നിക്കണ്ടിവരുമോ എന്തോ. സ്റ്റേജിന് നല്ല പൊക്കമുണ്ട്, താഴെ ഇരിക്കുന്ന ആര് നോക്കിയാലും ഞാൻ തുണിപൊക്കി നിക്കുന്നപോലെ തോന്നുകേം ചെയ്യുമെന്ന് ഉറപ്പ്. ആ കിഴങ്ങന്മാർക്ക് കഥകളി എന്താന്ന് അറിയത്തുപോലുമില്ലാതാനും, ശോ മോശം, മോശമെന്നുവച്ചാൽ വളരെ മോശം അവസ്ഥ. ഏതോ തമ്പുരാൻ വിളി കേട്ടു, എങ്ങനെയോ പാട്ട് സെറ്റ് ആയി, നാടയുംകൊണ്ട് അണ്ണന്മാർ വീണ്ടും വന്നു. ഇനി എന്ത് മറച്ചുവെക്കാനാണോ എന്തോ, എന്തായാലും മുഖത്ത് പച്ചയും മഞ്ഞയുമൊക്കെ വാരിത്തേച്ചിട്ടുള്ളതുകൊണ്ട് ചളിപ്പ് അറിയില്ല, കണ്ടാലും കഥകളിയിലെ എന്തേലും പ്രത്യേക ഭാവമാണെന്നേ യെവന്മാർ കരുതൂ. പട്ടാളം സിനിമയിലെ ഇന്നസെന്റിന്റെ കഥകളി മനസ്സിൽ കണ്ട് എന്നെനോക്കി ചിരിക്കുന്ന ആ മെലിഞ്ഞവനെ ഇത് കഴിഞ്ഞ് പറ്റിയാൽ ഒന്ന് പൊട്ടിക്കണം. ഇത്രേംനേരം ഇതെന്താ തുടങ്ങാത്തെ എന്നുപറഞ്ഞ് അക്ഷമരായി ഇരുന്ന എല്ലാ വിദ്വാന്മാരും ഇപ്പോൾ ദാ കോട്ടുവായിട്ടും ഫോണിൽ തോണ്ടിയും ഞങ്ങളെ വെറുപ്പിക്കാവുന്നതിന്റെ പരമാവധി വെറുപ്പിക്കുന്നു. നാശം, എങ്ങോട്ടേലും ഇറങ്ങി ഓടിയാൽമതിയാരുന്നു. ഞങ്ങടെ കളിയൊക്കെ കഴിഞ്ഞ് മടുത്ത് വെറുത്ത് മനസ്സ് തകർന്നപ്പോളാണ് അടുത്ത ടീം തിരുവാതിര കളിക്കാൻ കയറിയത്. അപ്പോഴേക്കും ആരോ ഭക്ഷണത്തിന് സമയമായി എന്ന് പറഞ്ഞതുമാത്രമേ ഓർമ്മയുള്ളൂ, പിന്നെ സദസ്സ്   ശൂന്യം. തൊലിയുരിഞ്ഞ അവസ്ഥയിൽ പാവം തിരുവാതിരക്കാർ ആർക്കോവേണ്ടി ആടിത്തീർത്തു. ഇപ്പോ ലേശം സമാധാനമൊക്കെ തോന്നുന്നുണ്ട്, ഞങ്ങടെ വിധി ഇതിലും ഭേദമാരുന്നല്ലോ. 

എന്ന്, ഒരു കഥകളിക്കാരന്റെ മനസ്സ് വായിക്കാൻ ശ്രമിച്ച, സദസ്സിലിരുന്ന് ഇന്നസെന്റിനെ ഓർത്ത് ചിരിച്ച ആ മെലിഞ്ഞവൻ. 

Thursday, 3 September 2026

നക്ഷത്ര സെൻസ് വേണമെടോ

നക്ഷത്രങ്ങളെ അധികം കാണാനില്ലല്ലോ എന്ന് കുറച്ചു ദിവസം മുന്നേ ആലോചിച്ചതേയുള്ളൂ. വെളുപ്പിന് നാലുമണിക്ക് കൊതുകുകടിച്ച് ഉണർത്തിയോണ്ട് ചൊറിഞ്ഞു ചൊറിഞ്ഞ് എണീറ്റപ്പോൾ ഉറക്കം മൊത്തം പോയി. ഫോൺ സ്ക്രോൾ ചെയ്ത് കിടന്നാലോ എന്നാലോചിച്ചു, പിന്നെ എന്തോ ഒരു വെളിപാടിന് നടക്കാൻ പോകാൻ തീരുമാനിച്ചു. ഒരുപാട്നാൾ കൂടിയിട്ടാണ് ഇത്രയും വെളുപ്പിനെയുള്ള സമയം കാണുന്നത്. കൊള്ളാട്ടോ, വലിയ ബഹളങ്ങളുമില്ല അധികം വെട്ടവുമില്ല, മൊത്തത്തിൽ ഒരു ശാന്തത. അത്യാവശ്യം ഇരുട്ടായതുകൊണ്ട് ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങളെ നോക്കാൻ തോന്നി, കുറേയധികംപേരുണ്ട്, കണ്ണുനിറയെ കണ്ടു. അപ്പൊ ശരിക്കും നക്ഷത്രങ്ങൾ ഇല്ലാതായതോ വായുമലിനീകരണം കാരണം കാണാതായതോ അല്ല, നോക്കേണ്ടസമയത്ത് നോക്കിയില്ല എന്നുള്ളതാണ് വാസ്തവം. അവരുടെ കൂട്ടത്തിൽ അമ്പിളി അമ്മാവൻ വെട്ടിത്തിളങ്ങി നിൽപ്പുണ്ട്. കഴുത്ത് വേദനിച്ചെങ്കിലും കുറച്ച് നേരം അങ്ങനെ തന്നെ നിന്ന് ആ കാഴ്ച ഒന്ന് ആസ്വദിച്ചു. പണ്ടെപ്പോഴോ വടക്കേ ഇന്ത്യയിലെ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റലിന്റെ മുകളിൽ ബെഡ്ഷീറ്റ് വിരിച്ചു കിടന്നത് ഓർമ്മവന്നു. അന്ന് അവിടുത്തെ ചൂട് സഹിക്കാൻവയ്യാതെയാണ് അങ്ങനെ ചെയ്തതെങ്കിലും മനസ്സിൽ എന്നെന്നേക്കും തങ്ങിനിൽക്കുന്ന ഓർമയായി ആ ആകാശം. 

 പിന്നെ ഓർമവന്നത് ആനന്ദം സിനിമയിലെ ഡയലോഗാണ് "ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് എല്ലാരും വല്ലപ്പോഴും ഒരു സൺറൈസ് ഒക്കെ കണ്ടാൽ ഈ ലോകത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലന്ന് "

വീട്ടിലെത്തി കുഞ്ഞിനെ വിളിച്ചുണർത്തി നക്ഷത്രങ്ങളെ കാണിക്കാൻ. ഒരു പത്തുതവണ കുലുക്കിവിളിച്ചപ്പോൾ അതിനറിയാവുന്ന ഭാഷയിൽ അമർഷം കാണിച്ച് തിരിഞ്ഞുകിടന്നുറങ്ങി. നക്ഷത്ര സെൻസ് ഇല്ലാത്ത ബ്ലഡി മാക്കാച്ചി. 

ഇനിമുതൽ എല്ലാദിവസവും ഈ സമയത്ത് എണീറ്റ് നടക്കണമെന്ന് ഒരു ചെറിയ ശപതമെടുത്തു. മനസ്സ് പറഞ്ഞു " ഉം കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ". 

Thursday, 20 August 2026

ഇൻസെക്യൂരിറ്റി

ഒറ്റ ദിവസത്തിൽ എത്രയെത്ര ഇൻസെക്യൂരിറ്റിസിലൂടെ (അരക്ഷിതത്വം) നമ്മളെല്ലാം കടന്നുപോകുന്നു. എത്ര awkward ആണ് അതിൽ പലതും. പറന്നുനടക്കാൻ കൊതിക്കുന്നയാൾ നാലുചുവരുകൾക്കുള്ളിലും, ഒറ്റയ്ക്കിരിക്കാൻ കൊതിക്കുന്നയാൾ ജനസാഗരത്തിന് നടുവിലും പെട്ട് നിൽക്കുന്ന സന്ദർഭങ്ങൾ, വാങ്ങാൻ കൊതിക്കുന്ന സാധനം കൺമുന്നിൽ കാണുമ്പോൾ കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ, ജീവിതത്തിലെ പല തീരുമാനങ്ങളും ശരിയായിരുന്നോ എന്ന സംശയം, ഇഷ്ടമില്ലാത്ത ആളുകളുടെ തുരുതുരെയുള്ള ഫോൺവിളി, നോ എന്ന് പറയാൻ നൂറുതവണ മനസ്സ് പറയുമ്പോളും അത് പറയാൻ കഴിയാത്ത മനസ്സ്, പല രീതിയിലുള്ള തെറ്റിദ്ധാരണകൾ, ഭാവിയെപ്പറ്റി ഇന്നിനെപ്പറ്റി ഇന്നലെയെപ്പറ്റി അങ്ങനെ പറ്റാവുന്ന എല്ലാത്തിനെയുംപറ്റിയുള്ള എത്രയെത്ര ഇൻസെക്യൂരിറ്റീസ്. 

ഇന്ന് കുഞ്ഞിന് സ്കൂളിൽ ഓണപ്പരിപാടികൾ ഉണ്ടായിരുന്നു. ടീച്ചർമാരുടെ കുറേനാളത്തെ അശ്രാന്തപരിശ്രമം ഇന്ന് സ്റ്റേജിൽ തകർത്തു. കുഞ്ഞിക്കുട്ടികൾ എല്ലാരുംതന്നെ സദസ്സിനെ കയ്യിലെടുക്കുംവിധം അവരെ പറഞ്ഞുപഠിപ്പിച്ച (എന്നിട്ടുകൂടി ചാക്യാരെപ്പോലെ ടീച്ചർ മുന്നിൽ നിന്ന് കളിച്ച് കാണിച്ച ) കാര്യങ്ങൾ മനോഹരമായി പകർന്നാടി. അതിൽ വാമനനായിട്ട് ഒരു കുഞ്ഞിക്കുട്ടി ഉണ്ടായിരുന്നു, പലതവണ മാവേലിക്കൊപ്പം സ്റ്റേജിൽ വന്നുപോകുന്ന കഥാപാത്രം. ആദ്യമൊക്കെ ആ കുഞ്ഞ് തിരക്കഥയ്ക്കൊപ്പിച്ച് അഭിനയിച്ചു. പിന്നെ പലതവണയും കരഞ്ഞുകൊണ്ടാണ് സ്റ്റേജിൽ വന്നത്. എങ്കിലും അതിന് ബാക്ക്ഗ്രൗണ്ട് വോയിസോവറിനോപ്പം അഭിനയം തുടരേണ്ടിയിരുന്നു, പാവം അത് കരഞ്ഞുകൊണ്ട് അഭിനയിച്ചു. ആ സ്റ്റേജിൽ നിന്ന് കണ്ണുനിറഞ്ഞ് സദസ്സിനെ നോക്കുന്നപോലെ സ്വയം സങ്കല്പിച്ചുനോക്കി, ശോ വയറ്റിൽ ബട്ടർഫ്‌ളൈ എഫക്ട്, സ്റ്റേജ്ഫിയർ കാരണം കയ്യും കാലും വിറയ്ക്കുന്നു. ഇത്രനാളും ആ കഥാപാത്രമാക്കാൻ പ്രാക്റ്റീസ് ചെയ്യിപ്പിച്ച ടീച്ചറിനായിരിക്കുമോ അതോ ആ കുഞ്ഞിനായിരിക്കുമോ ആ നിമിഷത്തിൽ ഏറ്റവും കൂടിയ ഇൻസെക്യൂരിറ്റി. നാലുവയസ്സിലേ അതിനെ ഫോഴ്സ് ചെയ്യിപ്പിച്ച് കാര്യങ്ങൾ ചെയ്യിക്കുകയാണോ ചുറ്റുമുള്ള ലോകം. ഇനി സ്റ്റേജ് എന്ന് കേൾക്കുമ്പോൾ അതിന്റെ ഉള്ളം ഭയക്കുമോ അതോ ഇന്നത്തോടെ ഭയങ്ങളെല്ലാം മാറുമോ. എന്റെ അമ്മ കൂടെയിരുന്ന് പ്രോഗ്രാംസ് കാണുന്നുണ്ട്, ആ കരയുന്ന കുഞ്ഞിനെ കണ്ട് നഷ്ടബാല്യം എന്ന് പരിതപിക്കുന്നുണ്ട്. അതേ സമയം ദാ സ്റ്റേജിലേക് എന്റെ കുഞ്ഞ് കടന്നുവന്ന് ഉണ്ണിയാർച്ചയെ അവതരിപ്പിക്കുന്നു. വാളും പരിചയുമൊക്കെ എടുത്ത് ആവുന്നപോലെയൊക്കെ ചാടിക്കറങ്ങുന്നൊക്കെയുണ്ട്. തുമ്പിയെക്കൊണ്ടുള്ള കല്ലെടുപ്പിക്കലാണോ ഇതും. അമ്മ പലപ്പോഴും പറയുന്നുണ്ട് കുഞ്ഞിനെക്കൊണ്ട് എല്ലാത്തിനും പറ്റുമോ, ഒരുപാട് കാര്യങ്ങൾക്ക് ചേർത്ത് അതിന് എടുക്കാവുന്നതിൽകൂടുതൽ ഭാരം കൊടുക്കരുതെന്ന്. കുഞ്ഞിന്റെ അമ്മ, അതായത് എന്റെ ഭാര്യ പക്ഷേ ചിന്തിക്കുന്നത് നമ്മൾ അവസരം കൊടുത്തില്ല എന്ന് പിന്നീട് സങ്കടപ്പെടരുതെന്നാണ്. എന്റെ അമ്മയാണോ അതോ എന്റെ കുഞ്ഞിന്റെ അമ്മയാണോ ശരി, കുഞ്ഞിന് ഇതൊക്കെ ഇഷ്ടമാണോ അതോ ഇഷ്ടമാണോ അല്ലിയോ എന്ന് അറിയാനുള്ള പ്രായമൊന്നും അതിന് ആയിട്ടില്ലേ. എന്താണാവോ ശരി. തത്കാലം ഇതിപ്പോ എന്റെ അനേകം ഇൻസെക്യൂരിറ്റിയിൽ ഒരെണ്ണമായി തുടരും. ഠപ്പേന്ന് തീരാവുന്ന ഈ ലൈഫിൽ എന്തോരം ഇൻസെക്യൂരിറ്റീസ് ആണോ. 

Saturday, 18 July 2026

ഇരുപത് രൂപയും ജോർജ്കുട്ടിയും

സിനിമയിൽ അഭിനയിക്കണമെന്നമോഹവുമായി ജീവിച്ചുജീവിച്ച് ജീവിതം തീരാറായ ഒരു ദിവസം, ഒരു ശനിയാഴ്ച. കുഞ്ഞിന് രണ്ടുമണിക്കൂർ ഡാൻസ് പ്രാക്ടീസ് ഉണ്ടെന്ന് പറഞ്ഞ് സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞു. കുന്നിക്കുരുവിനെ അവിടെ കൊണ്ടാക്കിയിട്ട് വൈകിട്ടത്തെ ടോക്കൺ എടുക്കാൻ ആശുപത്രിയിലേക്ക് പോയി , അത് കിട്ടാത്ത സങ്കടത്തിൽ ഇറങ്ങി റോഡിലേക്ക് നടക്കുമ്പോൾ വഴിവക്കിൽ ഒരാൾ നിന്ന് കരയുന്നു, 20 രൂപ തന്നു സഹായിക്കാമോ എന്ന് ഹിന്ദിയിൽ ചോദിച്ചു. ചെറിയ രീതിയിൽ മദ്യത്തിന്റെ മണമൊക്കെ വരുന്നുണ്ട്, പതിവുപോലെ പറ്റിക്കപ്പെടാൻ നിന്നു കൊടുക്കണോ എന്ന് ആലോചിച്ചു. പക്ഷേ നോക്കുമ്പോൾ അടുത്ത് വലിയൊരു ബാഗ് ഒക്കെ ഉണ്ട്, എങ്ങോട്ടോ യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ് ആൾ വന്നിരിക്കുന്നത്. രണ്ടുകൊല്ലം കേരളത്തിൽ ജോലി ചെയ്തു, സമ്പാദ്യങ്ങൾ ഒക്കെ ആയിട്ട് തിരിച്ച് നേപ്പാളിലേക്ക് പോകാൻ ട്രെയിൻ കാത്ത് കിടക്കുന്നതിനിടയിൽ ഉറങ്ങിപ്പോയി,ആരോ പേഴ്സും ഫോണും എല്ലാം അടിച്ചുമാറ്റി, ഇതാണ് സംഭവം. ഒന്നുകിൽ ഒരു ജോലി എവിടേലും ഒപ്പിച്ചുതരണം, അല്ലെങ്കിൽ നിങ്ങൾ ഓരോരുത്തരും അഞ്ചോ പത്തോ തന്ന് എനിക്ക് വീടുവരെ പോകാനുള്ള പൈസ തരണം എന്നുപറഞ്ഞ് വല്ലാത്തൊരു കരച്ചിൽ. കാറ് കുറച്ച് അപ്പുറത്ത് പാർക്ക് ചെയ്തിരിക്കുകയാണ്,പേഴ്സ് അതിനുള്ളിൽ ആയതിനാൽ അവിടെ പോയി പൈസ എടുത്തിട്ട് വരാം എന്ന്പറഞ്ഞ് നടന്നു. നടക്കുന്നതിനിടയിൽ റോഡ് വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു ചേട്ടൻ ചോദിച്ചു എന്താ സംഭവം എന്ന്, കാര്യം ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു കുറച്ചു നേരമായി ആൾ അവിടെ നിന്ന് കരയുന്നുവത്രേ . 

എന്റെ ഉള്ളിലെ ജോർജുകുട്ടിയുടെ നാലാം ക്ലാസുകാരന്റെ ബുദ്ധി ഉണർന്നു. 
അയാളുടെ അടുത്തെത്തി ഞാൻ ചോദിച്ചു, ഫോൺ പോയതല്ലേ നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താലോ എന്ന്. പോലീസ് സ്റ്റേഷനിൽ പോയാൽ ഞാൻ വെള്ളമടിച്ചിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് പറഞ്ഞ് അവരെന്നെ ഓടിച്ചു വിടും, എന്റെ ഭാഷയും അവർക്ക് വലിയ വശമില്ലാത്തതുകൊണ്ട് സഹായിക്കില്ല എന്നയാൾ ഉറപ്പിച്ച് പറഞ്ഞു. നഷ്ടപ്പെട്ട ഫോൺ മറ്റാരെങ്കിലും മോശമായ എന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചാൽ നിങ്ങൾക്ക് പ്രശ്നമാകും എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിലായി. എന്റെ കൂടെ പോലീസ്റ്റേഷനിലേക്ക് വരാൻ സമ്മതിച്ചു. ഞാൻ കാറിൽ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. എനിക്ക് എന്നെപ്പറ്റിത്തന്നെ ഒരു മതിപ്പൊക്കെ തോന്നി. ഇന്നെനിക്ക് ഈ സിനിമയിൽ ഹീറോ ആയെ പറ്റൂ എന്ന ഒരുതരം വാശി. 

അവിടെ എത്തി സംഭവം പറഞ്ഞപ്പോൾ പോലീസ് നേരെ സെല്ലിന്റെ അടുത്തേക്ക് കൊണ്ടുപോയി, അതിനുള്ളിൽ കിടക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ചു ചോദിച്ചു ഇയാളാണോ ഫോൺ കട്ടതെന്ന് . അകത്ത് കിടക്കുന്ന ആളെ നോക്കി പുറത്തു നിൽക്കുന്ന നമ്മുടെ അണ്ണൻ പറഞ്ഞു അല്ല എന്ന്. വീണ്ടും കരച്ചിലോട് കരച്ചിൽ. ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ്.
സബ് ഇൻസ്പെക്ടർ രഞ്ജിത്ത് സാർ വന്നു , കണ്ടപ്പോൾ തന്നെ ഒരു മാന്യനാണെന്ന് തോന്നി. അദ്ദേഹത്തോട് - ഇയാളുടെ ഫോൺ നഷ്ടപ്പെട്ടു അത് വെച്ച് മറ്റാരെങ്കിലും എന്തെങ്കിലും ചെയ്താൽ പ്രശ്നമാകില്ലെയെന്ന് കരുതി ഒരു പരാതി തരാൻ വന്നതാണെന്ന് ഞാൻ പറഞ്ഞു. ആ നമ്പർ ഇപ്പോൾ ആക്ടീവ് ആണെങ്കിൽ നമുക്ക് തപ്പിയെടുക്കാം എന്നുപറഞ്ഞ് സാർ വിളിച്ചുനോക്കി പക്ഷേ അത് സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹം യൂട്യൂബിൽ ഒരു വീഡിയോ കാണിച്ചുതന്നു, ആ പറയുന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്തിട്ട് പുതിയൊരു സിമ്മിന് അപ്ലൈ ചെയ്യാൻ പറഞ്ഞു. അപ്പോഴാണ് മറ്റൊരു പ്രശ്നം, നേപ്പാളിയായ ഇദ്ദേഹത്തിന് സിം എടുത്തു കൊടുത്തിരിക്കുന്നത് മറ്റാരുടെയോ പേരിലാണ്. അല്ലേൽത്തന്നെ പലവിധ വള്ളിക്കേസുകളിൽ കുടുങ്ങി നിൽക്കുന്ന പോലീസുകാർ പറഞ്ഞു ഇയാളെയുംകൊണ്ട് എത്രയും പെട്ടെന്ന് അവിടുന്ന് സ്ഥലം വിട്ടോ, ഈ കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് . നമ്മുടെ അണ്ണൻ വീണ്ടും കരയാൻ തുടങ്ങി, നിങ്ങളെല്ലാവരും 100 രൂപ വെച്ച് തന്നാൽ എനിക്ക് നാട്ടിൽ പോകാനുള്ള കാശ് ആവും എങ്ങനെയെങ്കിലും എനിക്കൊന്ന് നേപ്പാളിൽ എത്തിയാൽ മതി, അല്ലെങ്കിൽ ഒരു പേപ്പറിൽ എഴുതിയെങ്കിലും തരണം, ഇങ്ങനെയൊക്കെ സംഭവിച്ചു ഇയാളെ വെറുതെവിടണം, നേപ്പാൾ വരെ എത്തിക്കണം എന്നൊക്കെ . അയാളുടെ പാസ്പോർട്ട് നോക്കിയിട്ട് രഞ്ജിത്ത് സാർ - വിദേശത്ത് ഒക്കെ വർക്ക് ചെയ്തിട്ടുള്ള ആളാണല്ലോ, എന്നിട്ടും ഇത്ര ശ്രദ്ധയില്ലാതെ പോയല്ലോ , ദിവസവും കുറഞ്ഞത് പത്ത് കേസെങ്കിലും ഇതുപോലെതന്നെ വരാറുണ്ട്,എന്ത് ചെയ്യാൻ പറ്റും - ഇപ്പോൾ പരമാവധി എനിക്കൊരു നൂറു രൂപ തന്നു സഹായിക്കാനേ പറ്റൂ. അയാൾക്ക് നേപ്പാൾ വരെ എത്തണമെങ്കിൽ ഒരായിരം രൂപ കൊടുത്താൽ എങ്ങനെയെങ്കിലും കയറിപ്പൊക്കോളാം എന്ന് വീണ്ടും പറഞ്ഞു. 

ഇനിയും അവിടെനിന്ന് പോലീസുകാരുടെ ബി പി കൂട്ടണ്ട എന്നുകരുതി - ആ പൈസ ഞാൻ കൊടുത്തോളാം, റെയിൽവേ സ്റ്റേഷനിൽ ഞാൻ കൊണ്ടാക്കിക്കോളാം എന്ന് സാറിനോട് പറഞ്ഞപ്പോൾ - നിങ്ങൾക്ക് എന്റെ പത്തിരട്ടി സന്മനസ്സ് ഉണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞു. ദിവസവും ഇതുപോലെ ഒരുപാടുപേരെ കാണുമ്പോൾ എല്ലാവർക്കുമായി കൊടുക്കാൻ സാറിന് പറ്റില്ലല്ലോ എന്ന് ഞാനെന്ന ജോർജുകുട്ടി അദ്ദേഹത്തെ ആശ്വസിപ്പിച്ചു . അന്യസംസ്ഥാന തൊഴിലാളികളുടെ അതിപ്രസരവും പോലീസുകാർ ഇല്ലാത്ത കുറവുമൊക്കെ അദ്ദേഹം പറഞ്ഞു. എവിടെയോ വായിച്ച് മറന്ന- 600 പേർക്ക് ഒരു പോലീസ് അല്ലേ ഉള്ളൂ ഇവിടെ - എന്ന എന്റെ ഡയലോഗ് ആ പോലീസ് സ്റ്റേഷൻ ഭിത്തിയിൽ തട്ടി പ്രതിധ്വനിച്ചു . ഞാൻ എവിടെയാണ് ജോലി ചെയ്യുന്നത്, ഒരു ഇരുത്തംവന്ന ഇടപെടൽ ആണല്ലോ, നിങ്ങളെപ്പോലെയുള്ള ആളുകൾ ഉള്ളതാണ് നമ്മുടെ നാടിന്റെ നന്മ എന്നൊക്കെ അദ്ദേഹം പറയുമ്പോൾ എന്നിലെ നന്മമരം പുളകംകൊണ്ടു.. തലേന്ന് രാത്രി തലയിണയ്ക്ക് വേണ്ടി കുഞ്ഞിനോട് അടിയുണ്ടാക്കി കുഞ്ഞിനെ താഴെയിട്ട രംഗം എന്റെ മനസ്സിൽ കടന്നുവന്നു, കഴിഞ്ഞ ആഴ്ച മിൽക്കിബാർ വാങ്ങിയിട്ട് അതിനുവേണ്ടി അടിയുണ്ടാക്കിയ എന്നെ ഭാര്യയും സങ്കൽപിക്കും ഈ കഥ കേൾക്കുമ്പോൾ( ലെ,  ഇരുത്തംവന്ന ഞാൻ ).  

കാറിൽ കയറിയപ്പോൾ നേപ്പാളിലേക്ക് ഒരു കോൾ ചെയ്താലോ എന്ന് ചോദിച്ചു, നോർമൽ കോൾ വിളിച്ചപ്പോൾ പോകുന്നില്ല, അണ്ണനിലെ ജോർജുകുട്ടി ചോദിച്ചു വാട്സാപ്പിൽ പറ്റില്ലേയെന്ന്, എന്നിലെ ജോർജുകുട്ടി നാലാംക്ലാസിൽനിന്ന് എൽകെജിയിലേക്ക് പോയോ, ഞാൻ എന്താ അത് ഓർക്കാഞ്ഞത്. 
കോൾ എടുത്തത് പുള്ളിയുടെ ഭാര്യയാണ്. ഇയാൾ കള്ളുംകുടിച്ച് കിടന്നുറങ്ങി ഫോൺ കൊണ്ട് കളഞ്ഞു അല്ലേ എന്നും പറഞ്ഞ് നല്ല ചീത്ത പറയുന്നുണ്ട്. ചീത്ത കേട്ട് മതിയായി പകുതിക്ക് വെച്ച് അണ്ണൻ ഫോൺ കട്ട് ചെയ്ത് തന്നു. ഭാര്യമാരോം കി സിന്ദഗി ഖതർനാക് ഹേ അല്ലേ. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ടെൻഷൻ അയാളിൽ കാണാമായിരുന്നു, ആപ് ലോഗ് ഭഗവാൻ ജയ്സാ ഹേ എന്നുപറഞ്ഞ് വീണ്ടും കരച്ചിൽ. 

അണ്ണനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി. ഭക്ഷണം വല്ലോം കഴിക്കണോ എന്ന് ചോദിച്ചപ്പോൾ ഒരു പുകവലിച്ചോളാം എന്ന് അണ്ണൻ, താടിക്ക് ഒരു തട്ടുകൊടുക്കാനാണ് തോന്നിയത്, നന്മമരമേ അടങ്ങ് എന്ന് ഞാൻ എന്നെത്തന്നെ അടക്കി.. ആദ്യം ട്രെയിൻ കിട്ടുമോയെന്ന് നോക്കിയിട്ട് ബാക്കിയൊക്കെ ചെയ്താൽ മതി എന്ന് പറഞ്ഞു നിർബന്ധമായും കൂട്ടിക്കൊണ്ടുപോയി. അണ്ണന്റെ ഭാര്യയുടെ ഫോണിൽ നിന്ന് വീഡിയോകോൾ വന്നു. പുള്ളി അയാളുടെ ഭാര്യയെയും മക്കളെയും കാണിച്ചുതന്നു. അവര് പിന്നെയും എന്തൊക്കെയോ ചീത്ത പറയുന്നുണ്ട് . അവസാനം, ഇനി ഈ നമ്പറിലേക്ക് തിരിച്ചു വിളിക്കരുതെന്ന് പറയണമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. കയ്യിലുള്ള കൃത്യം ആയിരം രൂപയിൽ നൂറുമാത്രം പേഴ്സിൽ വച്ച് ബാക്കി കയ്യിൽ ഏല്പിച്ചു. കണ്ണുനിറഞ്ഞ് - ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്നൊക്കെ പറഞ്ഞ് ഇനി ട്രെയിൻ പിടിക്കാമെന്ന ലെവലായി. ലക്നൗ വരെ എത്തിയാൽ അവിടുന്ന് നേപ്പാളിൽ പോകാം എന്നാണ് പ്ലാൻ. ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചപ്പോൾ ഇനി നാളെ രാത്രി പതിനൊന്നുമണിക്കേ ഉള്ളു അങ്ങോട്ടുള്ള ട്രെയിൻ. നോർത്തിൽ എങ്ങോട്ടേലുമുള്ള ട്രെയിൻ മതി എന്ന് പറഞ്ഞപ്പോൾ തത്കാലം ഉടനെയുള്ള അഹല്യനഗരി എക്സ്പ്രസിൽ ഇൻഡോർ വരെ പോകാമെന്ന് തീരുമാനിച്ചു. ടിക്കറ്റ് എടുക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽവല്ലോം ഇരുന്ന് പൊയ്‌ക്കോളാം, ടിക്കറ്റ് എടുത്താൽ ഭക്ഷണത്തിനുള്ള വക ഇല്ലായെന്ന്പറഞ്ഞ് എന്നിലെ നന്മമരത്തിന്റെ തായ്തടിയിൽ അയാൾ വീണ്ടും വെട്ടി . 
ട്രെയിനിൽ പലയിടത്തും ചെക്കിംഗ് ഒക്കെ നടക്കും അപ്പോൾ അവരോട് സംസാരിക്കാൻ മലയാളം അറിയില്ല, വിളിച്ചുതരാം, അവരോട് ഒന്ന് സംസാരിക്കണം, എങ്ങനെയെങ്കിലും നേപ്പാൾവരെ ഒന്ന് എത്തിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതിവാങ്ങി, . ഇനി ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പ്രശ്നം വേണ്ട എന്ന് കരുതി ഒരു ജനറൽ ടിക്കറ്റെടുത്ത് കൊടുത്തു - 595 രൂപ. അപ്പോൾ സമയം രാവിലെ പത്തര. 11. 10 നാണ് ട്രെയിൻ. പ്ലാറ്റ്ഫോം നമ്പറും ട്രെയിനിന്റെ പേരും നമ്പറുമൊക്കെ ടിക്കറ്റിന്റെ പിന്നിൽ എഴുതി കൊടുത്തു. പിന്നെയും നിന്ന് കരഞ്ഞപ്പോൾ - ഇനി കരഞ്ഞാൽ പോലീസ് പിടിച്ചുകൊണ്ടുപോവും അതുകൊണ്ട് തൽക്കാലം നിർത്തി സമാധാനമായിട്ട് പോകാൻ പറഞ്ഞു. ഞാൻ യാത്ര പറഞ്ഞിറങ്ങി, പിരിയും മുന്നേ ജോർജുകുട്ടി വീണ്ടും തലപൊക്കി, അണ്ണന്റെ ഒരു ഫോട്ടോ എടുത്തു, എന്തെങ്കിലും ആവശ്യം വന്നാലോ . പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ പോയപ്പോൾ അവിടെയൊരു ചേച്ചി ഉണ്ടായിരുന്നു, എത്ര രൂപയായി എന്ന് ചോദിച്ചപ്പോൾ - " നോ പാർക്കിങ്ങ്   ഏരിയയിലാണ് ഇട്ടിരിക്കുന്നത് പോലീസ് കണ്ടാൽ നിങ്ങക്കും എനിക്കും പ്രശ്നമാവും" എന്ന് . അപ്പോൾ അഹങ്കാരത്തോടെ മനസ്സിൽ ഓർത്തു ഞാനും പോലീസും ഇപ്പോൾ ഭായി ഭായി ആണല്ലോ , ചേച്ചിക്ക് അത് അറിയില്ല.

 പിന്നെ ഭാര്യയ്ക്ക് വേണ്ടുന്ന ഒരു മരുന്നുവാങ്ങാൻ നേരെ ആശുപത്രിയിൽ പോയി (ഏത് സമയവും പ്രസവിക്കാൻ റെഡി ആയ ഭാര്യയെയും, സ്കൂളിലിരിക്കുന്ന കുഞ്ഞിനേയും വച്ചിട്ടാണ് എന്റെയീ ഹീറോയിസം). ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി ഇറങ്ങിയപ്പോഴേക്കും 11 മണിയായി. കുഞ്ഞിനെ വിളിക്കേണ്ട സമയമായി, പിന്നെ തിരക്ക്പിടിച്ച് സ്കൂളിലേക്ക് ഓടി. അവിടെ എത്തുമ്പോഴേക്കും നമ്മുടെ നന്മനിറഞ്ഞ പോലീസുകാരന്റെ മെസ്സേജ് വന്നു. അതിൽ ഒരു ഫോണിന്റെ പടവും, ഇത് മറ്റേ അണ്ണന്റെ ഫോൺ ആണോ എന്ന് ചോദിക്കാൻ . സ്കൂളിൽ കുഞ്ഞിന്റെ പരിപാടി കഴിഞ്ഞിട്ടില്ല, ഒരു പത്ത് മിനിറ്റിൽ വരാമെന്ന് പറഞ്ഞ് അവിടുന്ന് വീണ്ടും ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ഇത്രയൊക്കെ നന്മമരം ആവണ്ട കാര്യമുണ്ടോ എന്ന് സ്വയം ഒരു തോന്നൽ . പക്ഷേ ഇന്ന് ഞാനൊരു സിനിമയിൽ ആണല്ലോ, ഈ സിനിമയിലെ നായകൻ ഞാനാണല്ലോ, അപ്പോൾ പിന്നെ അങ്ങനെയങ്ങ് വിടാൻ പറ്റുമോ. റെയിൽവേ ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചു അഹല്യ നഗരി എക്സ്പ്രസ് പോയോ എന്ന്, അപ്പോൾ സമയം 11.19. ട്രെയിൻ എന്തായാലും ഒരു 20 മിനിറ്റ് എങ്കിലും ലേറ്റ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നത്. പക്ഷേ ഇന്നെന്തോ ട്രെയിനിന് കൃത്യസമയത്ത് ഓടണം എന്ന് തോന്നി, അത് പോയി. എങ്കിലും, നമ്മടെ അണ്ണൻ കുടിയനാണല്ലോ, ട്രെയിനിൽ കയറാതെ അവിടെയെങ്ങാനും കിടന്നുറങ്ങുന്നുണ്ടോ എന്ന് നോക്കാമെന്ന് വിചാരിച്ച് പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേ അറ്റം വരെ നടന്നുനോക്കി, അവിടെയെങ്ങും കണ്ടുകിട്ടിയില്ല. മുന്നെ പേഴ്സിൽ ഒരു 100 രൂപ ബാക്കി വെച്ചത് കാര്യമായി, ഇത്തവണ കാർ പത്ത് മിനിറ്റ് പാർക്ക്‌ ചെയ്തതിന് 40 രൂപയായി. 

പോലീസുകാരൻ അയച്ചുതന്ന ഫോണിന്റെ ഫോട്ടോ അണ്ണന്റെ ഭാര്യക്ക് അയച്ചുകൊടുത്തു. അല്പം കഴിഞ്ഞപ്പോൾ അവർ വിളിച്ചു. അവര് പറയുന്ന നേപ്പാളി എനിക്ക് മനസ്സിലായില്ല. ഫോൺ അയാളുടെ തന്നെ ആണെന്നാണ് പറയുന്നതെന്ന് ഏകദേശം മനസ്സിലായി. പിന്നെ ഗൂഗിളിൽ ഇംഗ്ലീഷ് അടിച്ച് നേപ്പാളിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത് വാട്സാപ്പിൽ മെസ്സേജ് അയച്ചു, പല കോളുകൾക്ക്  പല ട്രാൻസ്ലേഷൻ മെസ്സേജ് . ഒരു വിധത്തിൽ അവരെ മനസ്സിലാക്കികൊടുത്തു, ഫോൺ പോലീസിന്റെ കയ്യിലാണെന്ന് .

രഞ്ജിത്ത് സാറിനെ ഒന്നുകൂടെ വിളിച്ചു, പുള്ളി വേറേ ഏതോ പ്രതിയെ പിടിച്ച് ജയിലിലാക്കുന്ന തിരക്കിലാണ്. എങ്കിലും പറഞ്ഞു - "ഫോൺ അയാളുടേത് ആണെന്നുള്ള എന്തെങ്കിലും ഒരു തെളിവ് പറഞ്ഞാൽ കൊറിയർ അയച്ചു കൊടുത്തേക്കാം , അതിനുവേണ്ടി ഇങ്ങോട്ട് വരേണ്ട കാര്യമില്ല, കൊറിയറിന്റെ പൈസ ഞാൻ എടുത്തോളാം " . ഞാനും രഞ്ജിത്ത് സാറും തമ്മിൽ കൂടുതൽ നല്ലവൻ ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരം നടക്കുന്നതുപോലെ തോന്നി . സത്യത്തിൽ പുള്ളിയല്ലേ കഥയിലെ ഹീറോ, ആക്ഷൻ ഹീറോ ബിജുവിനെ പോലെ പെട്ടെന്ന് തന്നെ ഇടപെട്ട് കാര്യങ്ങളൊക്കെ കണ്ടെത്തി ഏകദേശം ആ ഫോൺ അയാൾക്ക് എത്തിക്കുന്ന അവസ്ഥയിൽ വരെ എത്തിച്ചു . ഞാൻ അമിതാവേശം കാണിച്ച് അയാളെ 11 മണിക്ക് തന്നെയുള്ള ട്രെയിനിൽ കയറ്റിവിട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അയാൾക്ക് ഫോൺ തിരിച്ചെടുക്കാമായിരുന്നു.  
ഇനി ഇതൊന്നുമല്ല, ആ അണ്ണൻ ആണോ കഥയിലെ ഹീറോ. ആദ്യം തന്നെ പുള്ളിക്ക് ഒരു മദ്യത്തിന്റെ മണം ഉണ്ടായിരുന്നു. പുള്ളിയുടെ സ്വന്തം നമ്പർ പലതവണ തിരിച്ചുമറിച്ച് ആലോചിച്ചിട്ടാണ് പോലീസുകാരന് പറഞ്ഞുകൊടുത്തത്, അതാവട്ടെ സ്വന്തം പേരിലല്ല എന്ന് പറയുകയും ചെയ്തു, അതോടെ പിന്നെ ആരും കൂടുതലൊന്നും അതിനെപ്പറ്റി ചികയില്ലല്ലോ. അതൊരു എയർടെൽ സിം ആണ് എന്നാണ് പറഞ്ഞത്. പക്ഷേ പോലീസിന് ഇപ്പോൾ കിട്ടിയ ഫോണിലുള്ളത് എയർടെൽ സിമ്മോ ആ നമ്പറോ അല്ല. ഞാനെടുത്തു കൊടുത്ത ടിക്കറ്റും വെച്ച് പുള്ളിയാ ട്രെയിൻ കയറി പോയിട്ടുണ്ടോ എന്ന്പോലും എനിക്കറിയില്ല. അയാളുടെ ഭാര്യയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പറിൽ വിളിച്ച് അവരെ വീഡിയോകോളിൽ കണ്ടു എന്നുള്ളത് സത്യം, ഒരുപക്ഷേ ഭാര്യയായിരിക്കുംതാനും. ഇനി ഇവര് രണ്ടും ചേർന്നുള്ള കളിയാണെങ്കിലോ. ഇതേ കാരണം പറഞ്ഞ് ഇതേപോലെ കരഞ്ഞ് പുള്ളി മറ്റാരെയെങ്കിലും പറ്റിക്കുന്നുണ്ടാവുമോ ഇപ്പോൾ. ഇരുപതുരൂപ തന്നാ മതി എന്ന് പറഞ്ഞ കരയുന്ന ഒരാളോട് ആ 20 രൂപ കൊടുത്തിട്ട് ബാധ്യത ഒഴിവാക്കി പോകുന്നതാണോ അതോ നല്ലവനാകാൻ തുനിഞ്ഞിറങ്ങി അയാളെയും കൊണ്ട് പോലീസ് സ്റ്റേഷനിൽപോയി സത്യമാണോ എന്ന്പോലും അറിയാത്ത ഒരു കാര്യത്തിന് പോലീസുകാരെ കൂടെ മണ്ടനാക്കുന്നതാണോ വേണ്ടത് . അയാളുടെ കയ്യിൽ ഒരു വലിയ ബാഗ് ഉണ്ടായിരുന്നു, ബാഗിനകത്ത് കുറെ തുണിയുണ്ടായിരുന്നു, അതിനുള്ളിൽ നിന്നാണ് നേപ്പാളി പാസ്പോർട്ട് എടുത്തത് എന്നുള്ളത് സത്യം, അത്രയും വരെ ഞാൻ കണ്ടതാണ്. പക്ഷേ ആ ബാഗിന്റെ ഏറ്റവും അടിയിൽ സൈലന്റ് ആക്കി സ്വന്തം ഫോൺ വച്ചിട്ടുണ്ടായിരുന്നെങ്കിലോ. വള്ളിക്കേസായതുകൊണ്ട് പോലീസുകാരും കൂടുതലൊന്നും ചെക്ക് ചെയ്തില്ല, ബാഗ് കുടഞ്ഞ് വെളിയിൽ ഇട്ടു നോക്കിയില്ല. എന്റെ 900 രൂപയ്ക്ക് ഇന്ന് മൊത്തം വെള്ളമടിച്ച് കിണ്ടിയായി കിടക്കുന്നുണ്ടാവുമോ അണ്ണൻ. നന്മമരം കളിച്ച് ഞാൻ എടുത്തുകൊടുത്ത ട്രെയിൻ ടിക്കറ്റ് ഏതെങ്കിലും പ്ലാറ്റ്ഫോമിൽ വീണുകിടക്കുന്നുണ്ടാവുമോ വെറുതെ. ഏയ് അങ്ങനെ സംഭവിക്കില്ല അല്ലെ. ഒന്നുമല്ലെങ്കിലും ഹ്യൂമൻ കൈൻഡ്, ഏ ഹോപ്ഫുൾ ഹിസ്റ്ററി എന്ന ബുക്കിൽ റെഡ്ഗർ ബ്രഗ്മൻ പറയുന്നത് ലോകത്തിലെ 74 ശതമാനം ആളുകളും നല്ലവരാണെന്നാണ്, പക്ഷേ അതിൽ 78 ശതമാനം ആളുകളും ചിന്തിക്കുന്നത് മറ്റുള്ളവർ മോശമാണെന്നാണ് . അതായത് ഈ നല്ലവരായ ആളുകൾപോലും ചിന്തിക്കുന്നത് മറ്റുള്ളവർ മോശമാണെന്നാണ്, സത്യത്തിൽ ഭൂരിഭാഗം ആളുകളും ഈ ലോകത്തിൽ നല്ലവരാണത്രേ. ഒരു കുടിയനാണെങ്കിലും ഈ അണ്ണനും പറഞ്ഞതൊക്കെ സത്യമായിരിക്കണേ.

വീട്ടിലെത്തിയപ്പോൾ ഭാര്യ ദൃശ്യം 3 കാണുകയാണ്. ഗണേഷ്കുമാർ പറയുന്ന രംഗം - " പോലീസുകാരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിങ്ങളും മനസ്സിലാക്കണം, ഏകദേശം 600 പേർക്ക് ഒരു പോലീസ് എന്നുള്ളതാണ് കേരളത്തിലെ കണക്ക് ". ഓ അപ്പൊ രാവിലെ ഞാൻ രഞ്ജിത്ത് സാറിനോട് തള്ളിയത് സിനിമയിൽ നിന്ന് കേട്ട അറിവാണ്. ഓക്കേ, എന്തായാലും എന്റെ സിനിമ ഇന്നത്തേക്ക് തീർന്നു, അതിലെ നല്ലവനായ നായകനായി സ്വയം അവരോധിച്ച് ഞാൻ ആത്മനിർവൃതി അണയട്ടെ. ദേ ആ നേപ്പാളി അമ്മച്ചി പിന്നേം വിളിക്കുന്നുണ്ട്. എനിക്ക് ഹിന്ദി അറിഞ്ഞുകൂടാ എന്ന് ഈ മറുതേനോട് പറഞ്ഞുകൊടുക്കടാ. 

പിൻകുറിപ്പ് : നമ്മടെ അണ്ണൻ നേപ്പാളിൽ എത്തി (+977 തുടങ്ങുന്ന ഒരു നമ്പറിൽനിന്ന് വാട്സാപ്പിലേക്ക് വിളിച്ചു). ബോർഡർ വരെ എത്തിയിട്ട് മകളുടെ ഫോണിൽനിന്ന് വിളിക്കുകയാണെന്ന് പറഞ്ഞു. ആ ലോജിക് എനിക്കങ്ങോട്ട് മനസ്സിലായില്ല.ബോർഡറിന്റെ അപ്പുറത്തുനിന്നും ഫോൺ എറിഞ്ഞുകൊടുത്തതായിരിക്കുമോ, എങ്കിപ്പിന്നെ ഇയാൾക്ക് ബോർഡർ ചാടി വീട്ടിൽ പൊക്കൂടെ എന്ന് ആലോചിച്ചപ്പോഴേക്കും അണ്ണൻ അഞ്ഞൂറ് രൂപകൂടെ കൊടുക്കാമോ എന്ന് ചോദിച്ചു. നന്മയുള്ളവന്റെ മനസ്സിനെ ഒന്നൂടെ ഇളക്കിയാൽ ചിലപ്പോ കുറച്ചൂടെ ഇങ്ങ് പോന്നേക്കും എന്ന് കണക്കുക്കൂട്ടിയിട്ടുണ്ടാവും.  വച്ചിട്ട് പോടേയ് എന്ന് ഞാൻ പറഞ്ഞില്ല. ഇനി നടക്കില്ല എന്ന് പറഞ്ഞു, ഫോൺ വേണേൽ പോലീസിന്റെ കയ്യിന്ന്‌ വാങ്ങിക്കോ എന്നും പറഞ്ഞു. തത്കാലം അണ്ണൻ ഇനി വേറേ ആളുകളെ തപ്പട്ടെ. 



മുകളിൽ പറഞ്ഞ പിൻകുറിപ്പ് വായിച്ചപ്പോൾ "ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല
ഞങ്ങളുടെ ജോർജ്കുട്ടി ഇങ്ങനെ അല്ല,ഇതിൽ skelton എവിടെ atleast ആ നേപ്പാളിയുടെ പേര് വരുണ് പ്രഭാകർ എന്നാക്കാൻ എങ്കിലും പറ്റുമോ" എന്ന് എന്റെയൊരു ആത്മമിത്രമായ മറ്റൊരു അണ്ണൻ ചോദിച്ചു. എങ്കിൽ ഇന്നാ പിടിച്ചോ ട്വിസ്റ്റ്‌. എന്റെയുള്ളിലെ ജിത്തു ജോസെഫിനെ ഒന്ന് തട്ടിവിളിക്കട്ടെ. 

ജീത്തു വേർഷൻ - നമ്മുടെ നേപ്പാളി അണ്ണൻ സത്യത്തിൽ മറ്റൊരു നേപ്പാളിയെ കൊന്ന് അവന്റെ ബാഗും പാസ്സ്പോർട്ടുമായാണ് എന്റെമുന്നിൽ എത്തിയത്, എന്നെയും പോലീസുകാരെയും ഒരുപോലെ പറ്റിച്ച് ലീഗൽ ആയി അയാൾ നേപ്പാളിൽ എത്തി. പിന്നീട് ഇത് തിരിച്ചറിഞ്ഞ പോലീസ് ആദ്യം എനിക്ക് തന്ന പുട്ടും കടലയും, സോറി പട്ടും വളയും തിരിച്ചെടുത്ത് കൂമ്പിനുകുത്തി ജയിലിലടച്ചു. ട്വിസ്റ്റ്‌ തീർന്നുന്ന് കരുതരുത്. ഇതേ സമയം ഉടനെ ജനിക്കാൻപോകുന്ന എന്റെ കുഞ്ഞ് അമ്മയുടെ വയറ്റിൽ കിടന്ന് സംഭവം മൊത്തം അറിയുന്നു. എന്തിന്, നേപ്പാളി അണ്ണന്റെ ഫോൺ നമ്പർ പോലും വയറ്റിൽകിടന്നുതന്നെ മനഃപാഠമാക്കുന്നു. ഞാൻ ജയിലികിടന്ന് മരിക്കുന്നു, പത്രത്തിൽ ചെറിയ ഒരു കോളം വാർത്ത - " ഒരു നല്ലവനായ ഉണ്ണിയുടെ പതനം " 

ഹാ പോകല്ലേ, ട്വിസ്റ്റ്‌ തീർന്നിട്ടില്ല. അന്ന് വയറ്റിലായിരുന്ന കുഞ്ഞ് വർഷങ്ങൾക്കുശേഷം പ്രതികാർ ചെയ്യാൻ നേപ്പാളിലേക്ക് വണ്ടികയറുന്നു. വർഷങ്ങൾക്കിപ്പുറവും അതേ ഫോൺ നമ്പർ സൂക്ഷിക്കുന്ന നേപ്പാളി അണ്ണനെ തേടിപ്പിടിക്കുന്നു. പക്ഷേ ഇപ്പോൾ ആ നമ്പർ ഉപയോഗിക്കുന്നത് അണ്ണന്റെ മകൾ ആണ് (അന്ന് പറഞ്ഞ അതേ മകൾ, ബോർഡർ കടക്കാൻ വയ്യാത്ത നേപ്പാളി അണ്ണന് ബോർഡറിന്റെ അപ്പുറത്തുനിന്നും ഫോൺ എറിഞ്ഞുകൊടുത്ത അതേ മകൾ ). ഘോര സംഘട്ടനം. അവസാനം അണ്ണന്റെ മകൾ തോൽവി സമ്മതിക്കുന്നു. പോകല്ലേ, ട്വിസ്റ്റ്‌ ഇനിയുമുണ്ടേ. അടിപിടിക്കിടയിൽ മനസ്സിലാകുന്നു, അത് മകൾ അല്ല മകൻ ആണെന്ന്. പാകിസ്താനിൽനിന്നും ഇതുപോലെതന്നെ ഒരു കൊലപാതകം നടത്തിവന്ന അവൻ ലോകത്തെ മുഴുവൻ പറ്റിച്ചുകൊണ്ട് മകൾ ആയിട്ട് വിലസുകയായിരുന്നു സുഹൃത്തുക്കളേ. ബാക്കി കഥയും ട്വിസ്റ്റും എന്റെ മകനോ/ മകളോ (അന്നത്തെ കാലത്തിന് ചേരുന്ന ആരെ വേണേൽ ഡയറക്ടർക്ക് കാസ്റ്റ് ചെയ്യാം കേട്ടോ ) എഴുതട്ടെ, ഇനി ഞാൻ തൂക്കുകയറിലേക്ക് നടക്കട്ടെ. 


Thursday, 21 May 2026

പക്കി - സെൽഫ് ഹെല്പ്

എസ്‌കലേറ്ററിൽ ഞാൻ കയറിയ പടിക്കുമുന്നേ അഞ്ചാറുപടികൾ ഉയരത്തിലെത്താൻ മത്സരിക്കുന്നുണ്ട്. അതിലൊന്നിൽ ഒരു കുഞ്ഞു പക്കി (നിശാശലഭം) ഇരിപ്പുണ്ട്. മുകളിലേക്ക് എത്തിയ പടികൾ ഏതോ ഗർത്തത്തിലേക്ക് എടുത്തെറിയപ്പെട്ടപോലെ പെട്ടന്ന് ഇല്ലാതെയാവുമ്പോൾ അതാ ആ പക്കിയും അതിനിടയിലേക്ക് പോകുന്നു. അത് ചത്തിരുന്നു. ഞാൻ കയറുംമുൻപേ എത്രയോ വട്ടം അത് ഇതേപോലെ ഈ ലൂപ്പിൽ കിടന്ന് കറങ്ങിയിട്ടുണ്ടാവും. 

ആദ്യം മനസ്സിൽ വന്ന നെഗറ്റീവ് ചിന്ത പറയാം - നമ്മളിൽ പലരും ഇതുപോലെ ചത്ത്‌ ജീവിക്കുകയല്ലേ. 

സെൽഫ് ഹെല്പ് ബുക്കുകൾ പറയുന്ന പോസിറ്റീവ് ചിന്ത ചിന്തിക്കാൻവേണ്ടി ചിന്തിച്ചുനോക്കിയാൽ ഇങ്ങനെയും പറയാം - ആഹാ, ചത്തതിനുശേഷവും ആ പക്കി അത് ഒരിക്കൽ മോഹിച്ച യാത്ര ചെയ്തുകൊണ്ടേ ഇരിക്കുകയല്ലേ. 

Wednesday, 1 April 2026

അയലത്തെ കൂട്ട്

എപ്പോഴും പകൽ ആയിരുന്നെങ്കിലെന്ന് അവധിക്കാലത്ത് കൊതിച്ചിട്ടുണ്ട്. എനിക്കുചുറ്റും അന്ന് കുറേ ചേട്ടന്മാർ ഉണ്ടായിരുന്നു, ഒന്നുരണ്ട് അനിയന്മാരും, അവരുടെകൂടെയുള്ള ക്രിക്കറ്റുകളി സ്വപ്നംകണ്ടാണ് ഉറങ്ങുന്നതുപോലും. മഴ മാറാൻ എത്രയോതവണ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്. മഴയൊഴിഞ്ഞ മുറ്റത്ത് വെള്ളം നിറഞ്ഞ സ്ഥലങ്ങൾ ഞൊടിയിടയിൽ പ്രൊഫഷണൽ ഗ്രൗണ്ട് സ്റ്റാഫിനെ വെല്ലുന്ന രീതിയിൽ മണ്ണിട്ട് വീണ്ടും കളിക്കാൻ പാകമാക്കിയെടുത്തിട്ടുണ്ട്. രാവിലെ കണ്ണുതുറക്കുമ്പളേ ഒരു പ്രതീക്ഷയാണ്, എന്തൊരു സന്തോഷവും ഉത്സാഹവുമാണ്. ഇന്ന് ആ ഉത്സാഹം എന്റെ കുഞ്ഞിന്റെ കണ്ണുകളിലുണ്ടെന്ന് ഫോൺ വിളിക്കുമ്പോഴേ അറിയാം. എനിക്ക് ചേട്ടന്മാർ ഉണ്ടായിരുന്നപോലെ അവൾക്ക് ഇന്നൊരു ദേവുചേച്ചി ഉണ്ട്, അയലത്തെ കൂട്ട്. ഒരാഴ്ച കഴിഞ്ഞ് ഈ കൂട്ടുകെട്ട് തകർത്തിട്ടുവേണമിനി കുഞ്ഞിനേയുംകൊണ്ട് തിരികെ വരാൻ. എന്റെ നാടിന്റെ സ്നേഹവും സന്തോഷവും അനുഭവിക്കാൻ എന്റെ കുഞ്ഞിക്ക് ഞാൻ കൊടുത്ത സമയം, ഒരാഴ്ച, അത് അന്ന് തീരുമല്ലോ. 

2026 മാർച്ച്‌ ഏപ്രിൽ മാസം, സായുവിന് നാല് വയസ്സ്. പ്ലേ സ്കൂൾ കഴിഞ്ഞ് ശരിക്കുള്ള സ്കൂളിൽ ചേർക്കുന്നതിന് തൊട്ടുമുൻപുള്ള അവധിക്കാലം. ഒരുപക്ഷേ പിന്നീട് അവൾ മറന്നാലും, അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരാഴ്ച. എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും എന്ന ലേബൽ ഏറ്റവും ആസ്വദിച്ച കാലം. 

Thursday, 12 March 2026

കാലുകളുടെ ഭാരം

ഞാൻ ഈ ഭൂമിയിലേക്ക് വന്നിട്ട് 12532 ദിവസമായി. അതിൽ ആദ്യത്തെ ഒരു വർഷം ഒഴിവാക്കാം. അപ്പോൾ 12167 ദിവസം. ഏറ്റവും കുറഞ്ഞത് അത്രയും ദിവസമെങ്കിലുമായി ഞാൻ നടന്നുതുടങ്ങിയിട്ട്. ഇന്നിങ്ങനെ വളരെ ലാഘവത്തോടെ നടക്കുമ്പോൾ പെട്ടന്ന് തോന്നിയതാണ്. എപ്പോഴും കൂടെ ഉള്ളതുകൊണ്ടും ഇതുവരെയും കാര്യമായി പണിമുടക്കാത്തതുകൊണ്ടും പ്രത്യേകമായി ഗൗനിക്കാത്ത എന്റെ കാലുകളെ ഞാൻ കുറച്ച് അത്ഭുദത്തോടെ നോക്കി. നടന്നുതീർത്ത ദിവസങ്ങളിൽ ഒട്ടുമിക്കതും ഓർമയില്ല, ഇനി നടക്കാനുള്ളതും വലിയ ഓർമ്മയൊന്നും ബാക്കിവക്കാതെ ഒന്നിനെയും ചവിട്ടിനോവിക്കാതെ തൂവൽപോലെയങ്ങ് പോകണം.