അകത്ത് ഒരു ലോകാത്ഭുദംപോലെ കണ്ണെത്താത്ത ഉയരത്തിലങ്ങനെ വിരിഞ്ഞുനിൽക്കുകയാണ് നമ്മുടെ കക്ഷി കുത്തബ് കുമാരൻ.
സംഭവം ഏതോ ഒരു വിക്റ്ററി മെമ്മോറിയലാണ്. പണിതത് ആയിരത്തി ഇരുന്നൂറുകളിലും. അന്ത കാലത്ത് ഇങ്ങനെയൊരു ഐറ്റം പണിയാൻ എത്രമാത്രം ആളുകൾ കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ചിന്തിക്കാൻ ശ്രമിച്ചു. ചാട്ടയ്ക്ക് അടികൊണ്ടും അടിമപ്പണിയെടുത്തും ജനലക്ഷങ്ങൾ ഒന്നിച്ചുകൂടിയായിരിക്കും ഇത്രയും ബ്രിഹത്തായൊരു സാധനം ഇങ്ങനെ ആക്കിയെടുത്തത്. ബാഹുബലി സിനിമയിലെ പൽവാൾദേവൻ ആളുകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് മനസ്സിൽ തെളിഞ്ഞുവന്നു.
കുറേനേരം സ്ഥൂപങ്ങളും ശവകുടീരങ്ങളും അതിന്റെ എഴുത്തുകളുമൊക്കെ വായിച്ചുവായിച്ച് ഞാൻ മുൻപെഴുതിയ പല എക്സാമുകളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളേയുമൊക്കെ നേരിൽ കണ്ടു.
അനന്തുച്ചേട്ടൻ ഫോട്ടോ എടുക്കുന്ന തിരക്കിലേക്ക് കടന്നു. ഞാനും അപ്പോഴേക്കും കുറച്ചധികം ഫോട്ടോ എടുത്തിരുന്നു. പുള്ളി എന്റെ കുറച്ച് നല്ല ഫോട്ടോ എടുത്തുതന്നപ്പോൾ ഇനി തിരിച്ചും ചെയ്യണമല്ലോ എന്ന ഉത്തരവാദിത്തഭാരം എന്റേതായി. പക്ഷേ എന്തുചെയ്യാൻ, എനിക്ക് അഭിനയിക്കാനല്ലേ അറിയൂ, ക്യാമറ കൈകാര്യം ചെയ്യാൻ അറിയില്ലല്ലോ. ഫോട്ടോ എടുക്കാൻ അറിയാവുന്ന എല്ലാ കൂട്ടുകാർക്കും സ്ഥിരം പറ്റുന്നപോലെ സ്വന്തം നല്ലൊരു ഫോട്ടോ കിട്ടാൻ ആ മനുഷ്യൻ എന്നെക്കൊണ്ട് പാടുപെട്ടു. അവസാനം കുറേ എടുത്തതിൽ ഒന്നുരണ്ടെണ്ണം ഓക്കേ ഓക്കേ എന്ന അവസ്ഥയിൽ കിട്ടി. തത്കാലം ഒള്ളതുകൊണ്ട് അങ്ങേര് തൃപ്തിപ്പെട്ടതായി അഭിനയിച്ചു. അവിടുന്ന് പുറത്തിറങ്ങുംമുൻപ് ഇനി അടുത്ത് എന്താണ് കാണാനുള്ളതെന്നു നോക്കിയപ്പോൾ നെറ്റ് പറഞ്ഞു ഏതോ അയേൺ പില്ലർ ഉണ്ടെന്ന്. മാപ്പ് ഇട്ട് നോക്കിയപ്പോഴോ, ഞങ്ങൾ നിന്നതിന്റെ തൊട്ടടുത്ത് ഉണ്ട് സാധനം. തിരിഞ്ഞുനോക്കിയപ്പോൾ ദാ നിൽക്കുന്നു ചെറിയൊരു തൂണ്. ആയിരത്തി അറുന്നൂറ് കൊല്ലമായിട്ടും തുരുമ്പിക്കാതെ ഞെളിഞ്ഞുനിക്കുന്ന ഈ എന്നെ നിനക്കൊന്നും മനസ്സിലായില്ല അല്ലേടാ ജാഡത്തെണ്ടി എന്ന് അത് എന്നോട് ചോദിക്കാതെ ചോദിച്ചു. അതിനുചുവട്ടിൽ എഴുതിയിട്ടുണ്ട് ഇത് ഇവിടെവരെ എവിടെനിന്ന് വന്നതാണെന്ന് ആർക്കുമറിയില്ല എന്ന്. നിഗൂഢമായി ഇങ്ങനെയൊരു സാധനം ഇവിടെയെത്തിയ ആ കാലത്തിനെ വീണ്ടും അത്ഭുതത്തോടെ സ്മരിച്ചു. കോമ്പൗണ്ടിനുള്ളിൽ അമ്പലങ്ങളിലെപ്പോലെ കൽത്തൂണുകളുണ്ട്, ഏതാണ്ടൊരു മഹാബലിപുരം സ്റ്റൈൽ ഉള്ള നിർമിതികൾ. ചരിത്രം ചികഞ്ഞുപോയാൽ പലകാലങ്ങളിൽ പലരും ഉഴുതുമറിച്ച ശേഷിപ്പുകൾ കണ്ടെടുക്കാം. രാജാവ് പണിഞ്ഞതിനുമേലെ സുൽത്താൻ പണിഞ്ഞതിനുമേലെ സായിപ്പ് പണിഞ്ഞതിനുമേലെ സർക്കാർ പണിഞ്ഞത്. ഭരണാധികാരികൾ ചരിത്രത്തെ തിരുത്തിയെഴുതി സ്വയം ഭാവിയിലെ ചരിത്രമാകാൻ എത്രയോ കിണഞ്ഞുശ്രമിച്ചിരിക്കുന്നു, ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പോകാനിറങ്ങി. ഓട്ടോക്കാർ വിടാതെ വട്ടംപിടിക്കുകയാണ്. മെട്രോയിലോട്ടല്ലേ പോകണ്ടേ എന്ന് പലതവണ അവർ ചോദിച്ചു. അല്ലെന്ന് മറുപടിയും പറഞ്ഞു അത്രതന്നെ തവണ. ഒരാൾ വന്നിട്ട് പിന്നെയും തമാശരൂപേണ '"എനിക്കറിയാം നിങ്ങൾക്ക് മെട്രോതന്നെ ആണ് പോകണ്ടതെന്ന്, ഒന്ന് വാ ഭായ് " എന്നരീതിയിൽ സംസാരിച്ചു.
ഇടയ്ക്ക് തോന്നി ഇങ്ങനെയുള്ള ശല്യങ്ങളൊക്കെ ഇല്ലായിരുന്നെങ്കിലെന്ന്. പക്ഷേ അവരും ജീവിക്കാനുള്ള ഓട്ടമല്ലേ, മോഷണവും പിടിച്ചുപറിയുമൊന്നുമല്ലല്ലോ എന്ന് മനസ്സ് ഓർമിപ്പിച്ചു. ഞങ്ങൾ ഓട്ടോപിടിച്ച് അടുത്ത സ്ഥലത്തേക്ക് പോയി, മെഹറോളി ആർക്കിയോളജിക്കൽ പാർക്ക്. കേരളത്തിൽനിന്നാണെന്നറിഞ്ഞ ഓട്ടോക്കാരൻ കേരളം വളരെ മനോഹരമാണെന്നും കൊച്ചി സൂപ്പറാണെന്നും പറഞ്ഞു. നമ്മുടേത് നല്ലതെന്ന് കേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം. നമ്മളാണ് നമ്മടെ നാടിന്റെ അംബാസിഡർമാർ എന്ന ഉത്തരവാദിത്തബോധം നമ്മളോരോരുത്തർക്കും എല്ലാ യാത്രകളിലും വേണമെന്നാണ് എന്റെയൊരു അഭിപ്രായം. അത് പല അതിർവരമ്പുകളിൽ പലതാണെന്നെ ഉള്ളു. ഇന്ത്യക്കുവെളിയിൽ ഞാൻ ഇന്ത്യയുടെ, ഇന്ത്യയ്ക്കകത്ത് കേരളത്തിന്റെ, കേരളത്തിനകത്തുനിൽകുമ്പോൾ പത്തനംതിട്ടക്കാരുടെ , പത്തനംതിട്ടയിലോ റാന്നിയുടെ പ്രതിനിധി. ഈ വരമ്പുകൾ തീരുന്നേയില്ല. നല്ലതെന്ന് പറയിക്കാൻ വലിയ പാടാണ്. പക്ഷേ മോശമെന്ന് പറയിക്കാതെ ഇരിക്കാൻ അത്ര പാടൊന്നുമില്ല. ഓരോ സ്ഥലത്ത് ചെല്ലുമ്പോളും ആളുകൾ നമ്മളെവച്ച് നമ്മുടെ നാടിനെ വിലയിരുത്തും, നമ്മടെ നാടിന്റെ അഭിമാനം നമ്മളാകണം.
മെഹറോളി ആർക്കിയോളജിക്കൽ പാർക്ക് അടുത്തുതന്നെയായിരുന്നു. അവിടെയും ചരിത്രത്തെ വെട്ടിമാറ്റിയത് കണ്ടു. ആരോ പണിഞ്ഞിരുന്ന ശവകുടീരം മാറ്റി ബോട്ട്ഹൗസ് ആക്കിയിരിക്കുന്നു സായിപ്പ്. ഏതായാലും പുള്ളി പണിഞ്ഞ ആർട്ടിഫിഷ്യൽ തടാകം കാരണം അവിടെയാകെ പച്ചപ്പുണ്ട്. കുറച്ചപ്പുറത്ത് കാട്ടിലൂടെ നടന്നെത്തുന്ന വഴിയിൽ അങ്ങേയറ്റത്ത് രാജോൺ കി ബാവലി എന്ന സ്റ്റെപ് വെൽ ഉണ്ട്. കാട്ടിലൂടെയുള്ള നടത്തത്തിനിടക്ക് പട്ടികൾ കൂട്ടമായി ഓടിവന്നു, വരവ് അത്ര പന്തിയല്ലായിരുന്നെങ്കിലും പ്രശ്നമുണ്ടാക്കാതെ അവന്മാർ പോയി. സ്റ്റെപ് വെൽ നമ്മൾ ഹിന്ദി സിനിമകളിൽ കണ്ടിട്ടുണ്ടാവും. കുറേ കല്പടവുകൾ ഇറങ്ങിചെല്ലുമ്പോൾ കുളംപോലെ വെള്ളം. ഇവിടെ വെള്ളം കറുത്ത് കൊഴുത്തുകിടക്കുന്നു. ആളുകൾ മുകളിൽനിന്ന് എന്തോ ഇട്ടുകൊടുത്തപ്പോൾ മീനുകൾ പൊങ്ങിവന്ന് അത് കഴിച്ചു. ഈ വൃത്തികെട്ട വെള്ളത്തിൽ മീനുകൾ ഉണ്ടാവുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. കുറച്ചുനേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ പോകാനിറങ്ങി. കൂടെ നടക്കുന്ന അനന്തുചേട്ടൻ വെള്ളംപോലും കുടിക്കാതെ ക്ഷീണിച്ചിട്ടുണ്ട്. എത്രമണിക്ക് വെള്ളം കുടിക്കാം എന്ന് ചോദിച്ചപ്പോൾ ആറുമണി എന്ന് ആശാൻ പറഞ്ഞു. കയ്യിലിരുന്ന ചെറിയ കുപ്പിയിലെ ഇത്തിരിവെള്ളം കാണിച്ചിട്ട് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ഞാൻ പറഞ്ഞു - 'ഇപ്പൊ അഞ്ചുമണി, ഇത് ഞാൻ കുടിക്കുവാ.'
ഞങ്ങൾ ഓട്ടോ പിടിച്ച് വീണ്ടും മെട്രോസ്റ്റേഷനിലെത്തി. മെട്രോയിൽ ഇടയ്ക്കുവച്ച് ഞങ്ങൾ രണ്ടുവഴി പിരിഞ്ഞു, പുള്ളി എയർപോർട്ടിലോട്ടും ഞാൻ ഹുമയുണിന്റെ ടോംബ് കാണാനും. പക്ഷെ മെട്രോ ഇറങ്ങിക്കഴിഞ്ഞപ്പോ മനസിലായി ഹുമയുൺ ടോംബ് അടക്കാനുള്ള സമയമായിയെന്ന്. അതോണ്ട് ഇന്ത്യാഗേറ്റ് കാണാൻ തീരുമാനിച്ചു. ഓട്ടോ ചോദിച്ചപ്പോൾ നാനൂറ് രൂപ പറഞ്ഞു. അപ്പൊത്തന്നെ ഊബറിൽ ബൈക്ക് ബുക്ക് ചെയ്ത് എന്റെ ആദ്യത്തെ ഊബർ ബൈക്ക് റൈഡ് എടുത്തു. എഴുപതുരൂപക്ക് അങ്ങനെ ഇന്ത്യാഗേറ്റിന്റെ പരിസരത്തെത്തി. പക്ഷേ അവിടെങ്ങും ഗേറ്റ് കാണാനില്ല. ബൈക്ക് ഓടിച്ച ആളോട് ചോദിച്ചപ്പോൾ ഇവിടെ മൂന്നുനാല് ഗേറ്റ് ഉണ്ടെന്നൊക്കെയാണ് പുള്ളി പറയുന്നത്. അയാൾ പോയി. പിന്നെ വഴിയിൽ കണ്ട പലരോടും ചോദിച്ച് മുന്നോട്ട് നടന്നു. ഉരല് ചെന്ന് മദ്ദളത്തോട് ചോദിക്കുന്നപോലെ വഴിയിലൊരു സ്ത്രീ എന്നോട് ചോദിച്ചു ഈ ഇന്ത്യാഗേറ്റ് എന്നുപറയുന്ന സാധനം എവിടെയാണെന്ന്. ഞാൻ എന്റെ അവസ്ഥ പറഞ്ഞിട്ട് മുന്നോട്ട് നടന്നു. പിന്നെയും ഒരു അര കിലോമീറ്റർ നടന്നപ്പോ കണ്ടുപിടിച്ചു. അപ്പഴേക്കും രാത്രിയായിതുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ കാലമത്രയും സിനിമകളിൽമാത്രം കണ്ടിട്ടുള്ള ഇന്ത്യാഗേറ്റ് അങ്ങനെ കൺമുന്നിൽ കണ്ടു. ചുറ്റുമൊക്കെ കറങ്ങിനടന്ന് പല ആംഗിളിൽ ഫോട്ടോ എടുത്തു. പാവം കുറേ ഫോട്ടോഗ്രാഫർമാർ ആ പരിസരത്തൊക്കെയുണ്ട്. ഇന്നത്തെ കാലത്ത് ഫോണുള്ളപ്പോൾ ആരും അവരെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ നിലനിൽപ്പ് കഷ്ടത്തിലാകുമെന്ന് അവരെ കണ്ടപ്പോൾ തോന്നി. റീൽസ് എടുത്തും ഷാറുഖാനെപ്പോലെ കൈവിടർത്തിനിന്നുമൊക്കെ എല്ലാരും ഫോട്ടോയ്ക്ക് മത്സരിക്കുന്നു. ഇന്ത്യാഗേറ്റും താനും മാത്രമുള്ള ഫോട്ടോ കിട്ടാൻവേണ്ടി പല ആംഗിളുകൾ പരീക്ഷിക്കുകയാണ് ആളുകൾ. ഏതോ ഫേമസ് ഫോട്ടോഗ്രാഫർ ചെയ്ത ഒരു പ്രൊജക്റ്റ് ഓർമവന്നു. അവർ ഇതുപോലെ തിരക്കുപിടിച്ച ഏതോ ടൂറിസ്റ്റ് സ്പോട്ടിൽ ഒരേദിവസം പല ടൈമിലുള്ള ഫോട്ടോസ് എടുത്തിട്ട് അത് കമ്പയിൻ ചെയ്ത് ഒന്നാക്കി, നമ്മുടെയെല്ലാം ഫോട്ടോയിൽ കാണുന്ന നമ്മളും ആ സൂപ്പർ ബാക്ഗ്രൗണ്ടും മാത്രമുള്ള സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന തിങ്ങിനിറഞ്ഞ ആ ഫോട്ടോയാണ് യഥാർത്ഥ ഇന്നത്തെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും.
ഇന്നിനി മെട്രോവരെ നടക്കാൻ വയ്യ എന്ന തിരിച്ചറിവിൽ ടാക്സിപിടിച്ച് ഹോസ്റ്റലിലേക്കുപോയി. ഡൽഹിയിലെ മൂന്നാമത്തെ രാത്രിയും റൊട്ടിയും പനീറും ഒരു മടിയുംകൂടാതെ തട്ടി. തിരിച്ച് എറണാകുളം എത്തുന്നതുവരെ രാജധാനിയിലുൾപ്പെടെ ഉള്ള ഫുഡ്കൂടി കൂട്ടിയാൽ ഏകദേശം ഒരാഴ്ച്ചത്തെ എന്റെ പ്രധാന ഭക്ഷണമാണ് മേല്പറഞ്ഞത്. എടുത്തുകൂട്ടിയ ഫോട്ടോകൾ സ്റ്റാറ്റസ് ഇടണമെന്നും വേണ്ടാത്തത് ഡിലീറ്റ് ചെയ്യണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നാളെരാവിലെ ഇനി നേരത്തെതന്നെ റിട്ടേൺ ട്രെയിൻ പിടിക്കണമല്ലോ എന്നോർത്ത് അടങ്ങിക്കിടന്നുറങ്ങി. ഇന്നുമൊത്തത്തിൽ ഏറ്റവുംകുറഞ്ഞത് ഒൻപത് കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ട്, തളർച്ചകാരണം വേഗമുറങ്ങി.
No comments:
Post a Comment