ഓഫീസിന്റെ വണ്ടിയിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇ സി ജി എടുത്തിട്ട് അവര് പറഞ്ഞു വേറേ ആശുപത്രിയിലേക്ക് പെട്ടന്നുതന്നെ കൊണ്ടുപോകാൻ. ഞാനും വേറൊരു കൂട്ടുകാരനുംകൂടെ ഓഫീസിന്റെ വണ്ടിയിൽ പുള്ളിയെയുമിരുത്തി ജനറലാശുപത്രിയിലേക്ക് തിരിച്ചു. പോകുംവഴി ഞങ്ങൾ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കി. ലക്ഷണമൊക്കെ ചോദിച്ചറിഞ്ഞ് അറിയാവുന്നതും അറിയാത്തതുമായ പല കാര്യങ്ങളും ഞങ്ങൾ ആധികാരികമായിത്തന്നെ പറഞ്ഞു, കൈക്ക് വേദനയുണ്ടോ, നെഞ്ചിനുള്ളിൽ ബുദ്ധിമുട്ടുണ്ടോ അങ്ങനെ പലതും. ഇടക്ക് എനിക്കുതന്നെ തോന്നി ഈ ഒരു അവസ്ഥയിൽ അല്പം സമാധാനം ആയിരിക്കില്ലേ പുള്ളി ആഗ്രഹിക്കുന്നതെന്ന്. ഞങ്ങടെ ചോദ്യശരങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ശല്യം വണ്ടിയിലെ പാട്ടായിരുന്നു. കുഴപ്പമില്ലെന്നൊക്കെ പുള്ളി പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല എന്ന് എനിക്ക് തോന്നി, ഞാനായിരുന്നു അങ്ങേരുടെ സ്ഥാനത്തെങ്കിൽ എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നിയേനെ. റോഡുവഴിയുള്ള യാത്ര കഠിനംതന്നെ. ഇടക്ക് കാലുവയ്യാത്ത ഒരാൾ റോഡുമുറിച്ചുകടക്കുന്നു, വണ്ടികൾ അക്ഷമയോടെ നിർത്തികൊടുക്കുന്നു. വണ്ടി മുന്നോട്ടെടുത്തു. അയാളുടെ നടത്തത്തിൽ പന്തികേട് തോന്നിയതുകൊണ്ട് വെറുതേ ഒന്ന് തിരിഞ്ഞുനോക്കി. ദാ റോഡുകടന്നുകഴിഞ്ഞപ്പോ ഒരു കുഴപ്പവുമില്ലാതെ അയാൾ നടക്കുന്നു. റോഡ് ക്രോസ്സ് ചെയ്യണെങ്കിൽ ഇങ്ങനെ എന്തെങ്കിലും അടവ് സ്വീകരിക്കേണ്ട അവസ്ഥയായി, ഞാൻ മനസ്സിൽ ചിരിച്ചു.
കുറച്ചധികം നേരമെടുത്ത് ഞങ്ങൾ ജനറലാശുപത്രിയിലെത്തി. അവിടെ ക്യാഷുവാലിറ്റിയിലാക്കി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സിസ്റ്റർമാർ അവിടെ ഉണ്ടായിരുന്നു. അവരോട് സിസ്റ്ററെ എന്നുപറഞ്ഞ് കാര്യങ്ങൾ പറഞ്ഞ് കുറച്ചുകഴിഞ്ഞപ്പളാണ് മനസ്സിലായത് അവർ ഡോക്ടർമാരായിരുന്നുവെന്ന്, ഹൗസ് സർജൻസി ചെയ്യുന്ന ആളുകൾ. എന്തായാലും അവർ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും 'സിസ്റ്റർ നിന്റെ മറ്റവളാടാ' എന്ന്. ഞങ്ങൾ വണ്ടിയിലിരുന്ന് ചോദിച്ചപോലെ വളരെ ബേസിക് ആയ കുറേ ചോദ്യങ്ങൾ അവരും സെക്യൂരിറ്റിച്ചേട്ടനോട് ചോദിച്ചു. അവർക്കും ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്ന് മനസ്സിലായി. എക്സ്പീരിയൻസ് ഉള്ള സിസ്റ്റർമാരോട് ചോദിച്ചും വേറേ ഡോക്ടറോട് റിപ്പോർട്ട് ചെയ്തും അവർ കുറേനേരം കളഞ്ഞു. ഇടക്ക് പല ടെസ്റ്റുകൾക്ക് പലതവണ ബിൽ അടക്കേണ്ടിവന്നു, ഒരേ സ്ഥലത്ത്, ഒരേ ക്യുവിൽ, കൂട്ടുകാരൻ പാടുപെട്ടു. ഞാൻ അകത്ത് നിൽക്കുകയായിരുന്നു. വല്ലാത്ത എന്തോ മണവും ഈച്ചയുമൊക്കെ വന്നപ്പോഴാണ് അവിടെ ഒരു സ്‌ട്രെച്ചറിൽ കിടക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. അവർക്ക് കണ്ണുതുറക്കാനെ പറ്റുന്നില്ല,മുഖമൊക്കെ ഇടിച്ചുവീണപോലെ ചുവന്നിരിക്കുന്നു, മൂക്ക് വല്ലാതെ നിറഞ്ഞ് ചീറ്റാൻ ശ്രമിക്കുന്നുണ്ട്, കാലിൽ എന്തോ വലിയ വ്രണമുണ്ട്, അതിവേദനയിലാണ്. അവരുടെ മകനാണെന്ന് തോന്നുന്നു, മീശയുടെ രണ്ടറ്റവും ബ്രൗൺ കളറടിച്ച ഒരാൾ അടുത്തുണ്ട്. അയാൾ ഒരു ദാക്ഷിണ്യവുമില്ലാതെ സ്ത്രീയുടെ മൂക്ക് പിഴിയുന്നു, അവർ വേദനകൊണ്ട് തട്ടിമാറ്റുന്നു.
അപ്പുറത്ത് ഒരു പതുപതിനഞ്ചുവയസ്സുള്ള പെൺകുട്ടി എന്തോ വലിയ വേദനയിൽ കട്ടിലിൽ കിടന്ന് പിടയുന്നു.
പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രിയുടെ അത്യാഹിതവിഭാഗം ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുദമുള്ളൂ. നമ്മടെ ജീവിതത്തെപ്പറ്റിയൊക്കെ ഒരു മതിപ്പുതോന്നാൻ ഇടക്ക് ഇങ്ങനെ ചില സ്ഥലങ്ങളിൽ വരുന്നത് ഇടയാക്കും.
പിന്നെയും പല ടെസ്റ്റുകൾ, ജൂനിയർ ഡോക്ടർമാരുടെ പല സംശയങ്ങൾ, പലതരത്തിലുള്ള രോഗികളുടെ വരവും പോക്കും അങ്ങനെയങ്ങനെ കുറച്ചുകഴിഞ്ഞപ്പോൾ ഈ ചേട്ടന്റെ അമ്മയും ഭാര്യയും മകനും വന്നു. ഇൻഷുറൻസ് ഇല്ലാത്ത, നീക്കിയിരിപ്പില്ലാത്ത ഒരുപാട് സാധാരണക്കാരുടെ ദയനീയമായ മുഖം ആ അമ്മയിലും ഞാൻ കണ്ടു, ചുറ്റുമുള്ള പലരിലും കണ്ടു.ഇപ്പോൾത്തന്നെ ഏകദേശം ആയിരം രൂപയോളം ചിലവായി, അതും സർക്കാർ ആശുപത്രിയായിട്ടുപോലും. വേറേ എവിടെയെങ്കിലും പോയിരുന്നെങ്കിൽ എന്തായേനെ ചിലവ്. ഇതുവരെ എത്ര ചിലവായി, 'അത് ഞാൻ തന്നേക്കാം' എന്നൊക്കെ ആ ചേട്ടൻ ഇടക്ക് പറയുന്നുണ്ട്. അഭിമാനമാണല്ലോ നമ്മുടെയെല്ലാം ഏറ്റവും വലിയ സ്വത്ത്.
സ്ഥിരവരുമാനമില്ലാത്ത, നാളെയെപ്പറ്റി വലിയ ചിന്തയില്ലാത്ത, ആശുപത്രിചിലവുവന്നാൽ കടത്തിലാകുന്ന അനേകായിരങ്ങളുടെ അത്താണിയായ സർക്കാർ ആശുപത്രിയെ അല്പം ബഹുമാനത്തോടെ, സ്നേഹത്തോടെ നോക്കി, ആ ചേട്ടനെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കയ്യിലേൽപിച്ച് ഞങ്ങൾ തിരിച്ച് യാത്രയായി.
No comments:
Post a Comment