ഹോണിന്റെ നഗരമാണ് മുംബൈ. മുന്നിൽ സൂചികുത്താൻ ഇടമില്ലെന്നറിഞ്ഞാലും പിന്നിലുള്ള വണ്ടിക്കാരൻ ഹോണടിച്ചുകൊണ്ടേയിരിക്കും, അയാളെ പറഞ്ഞിട്ടെന്താ, അയാളുടെ പിന്നിലും ഇതുതന്നെ അവസ്ഥ. സിഎൻജി ടാങ്ക് കഷ്ടപ്പെട്ട് താങ്ങി കിതച്ചും ഞരങ്ങിയും ആ കാർ ഞങ്ങളേയുംകൊണ്ട് താമസസ്ഥലത്തെത്തി. വൈകുന്നേരം ബിരിയാണി കഴിക്കാനൊരു കൊതി. ഓൺലൈനിൽ ഓർഡർ ചെയ്തു. വാങ്ങാൻ അപാർട്മെന്റിന്റെ വെളിയിൽ ഗേറ്റിലേക്ക് ചെന്നുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഭിക്ഷക്കാരെപ്പോലിരിക്കുന്ന രണ്ടുപേർ വളരെ ചെറിയൊരു സ്കൂട്ടറിൽ മുന്നിലെത്തി. അവർ ബിരിയാണി മുന്നിലേക്ക് നീട്ടിയപ്പോൾ ആ ഒറ്റ പൊതിയുടെ വിലയിൽ ചിലപ്പോൾ നാലുനേരംവരെ അവർ ഭക്ഷണം കഴിച്ചേക്കാം എന്ന് വല്ലാത്തൊരു ഗിൽറ്റി ഫീലിങ്ങോടെ ഓർത്തു.
പിറ്റേന്ന് ഞങ്ങൾ ആന്തേരിയിലെ തെരുവുകടകൾ കയറിയിറങ്ങി. തിരിച്ചുപോകുമ്പോഴേക്കും എന്തേലുമൊക്കെ വാങ്ങണ്ടേ. ഇത്തിരി വണ്ണമുള്ള ഞങ്ങടെ നാച്ചുക്കുട്ടനുവേണ്ടി ഉടുപ്പ് തിരയുന്നതിനിടയിലാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അറിയാവുന്ന ഹിന്ദിയിൽ മോട്ടി ഹേ (വണ്ണമുണ്ട് ) എന്ന് ഞങ്ങൾ പറഞ്ഞപ്പോഴൊക്കെ പല കടക്കാരും ഹെൽത്തി ഹേ എന്ന് തിരിച്ച് ചോദിച്ചു. മലയാളിക്കണ്ണിൽ വണ്ണം എന്ന് തോന്നിയത് ഹിന്ദിക്കണ്ണിൽ ആരോഗ്യം എന്ന് മാറിയത് കൗതുകത്തോടെ ഞാൻ ശ്രദ്ധിച്ചു. കുറച്ച് ഡ്രസ്സൊക്കെ വാങ്ങിക്കഴിഞ്ഞ് ഇനിയല്പം മധുരപലഹാരങ്ങൾ വാങ്ങാമെന്ന് കരുതി. പല കടകൾ കയറിയിറങ്ങി അവസാനം അത്യാവശ്യം ഭേദപ്പെട്ട ഒരു കട കണ്ടു. നീളമുള്ള ഗോപിക്കുറി വരച്ച കടക്കാരൻ പഴയ ഏതോ സിനിമയിലെ മാർവാടിയെപ്പോലെ തോന്നിച്ചു. മധുരം വാങ്ങി ഇറങ്ങാൻനേരം എവിടുന്നാണെന്നൊക്കെ ചോദിച്ചു, കൂടെ മഞ്ഞ നിറമുള്ള ജിലേബി ഫ്രീ ആയിട്ട് തരുകേം ചെയ്തു, ആതിഥ്യമര്യാദ ആസ്വദിച്ച് ഞങ്ങൾ നടന്നു. പിന്നീട് അപാർട്മെന്റിൽനിന്ന് ചെക്ക്ഔട്ട് ചെയ്ത് ഒരു മാളിലേക്ക് പോകാൻ കാറിൽ കയറി. ഇടയ്ക്ക് നാലുംകൂടിയ ഒരു കവലയിൽ വണ്ടികളെല്ലാം സ്റ്റക്ക്. ആരും ആരും എങ്ങോട്ടും തിരിയാൻവയ്യാത്ത അവസ്ഥ. അഞ്ചുമിനുട്ട് അങ്ങനെതന്നെ നിന്നു. അവസാനം മാന്യനെപ്പോലെ തോന്നിച്ച ഞങ്ങടെ വണ്ടിക്കാരൻ വെളിയിലിറങ്ങി ട്രാഫിക് കണ്ട്രോൾ സ്വയം ഏറ്റെടുത്തു. അധികം വൈകാതെ പുള്ളി എല്ലാം ശരിയാക്കി തിരിച്ച് കാറിൽ കയറി. അദ്ദേഹത്തെപ്പറ്റി വല്ലാത്ത മതിപ്പ് തോന്നി, ഉടനെതന്നെ പുള്ളി വിൻഡോ തുറന്ന് പുറത്തേക്ക് മുറുക്കിത്തുപ്പി, മതിപ്പ് ഉടഞ്ഞുവീണു. പിന്നെയും പലതവണ തുപ്പൽ മഹോത്സവം നടന്നുകൊണ്ടേയിരുന്നു. ഞങ്ങൾ മാളിലെത്തി. പുറമെനിന്ന് കാണുന്നതിലും വലുതാണ് ഉൾവശമെന്ന് നടന്നുതുടങ്ങിയപ്പോ മനസ്സിലായി. ബാഗുകൾ അവിടെയുള്ള ഒരു ലോക്കറിൽ വച്ച് ഞങ്ങൾ ഇണക്കിരുവികളെപ്പോലെ ഗതകാലസ്മരണകളിൽ കറങ്ങിനടന്നു, അപ്പോൾ ഞങ്ങൾ വീണ്ടും പഴയ കാമുകീകാമുകന്മാരായി. എല്ലാ ഭാര്യയും ഭർത്താവും വല്ലപ്പോഴുമെങ്കിലും കുട്ടികളെ ഒഴിവാക്കി ജീവിതം ആസ്വദിക്കേണ്ടതാണെന്ന് അന്നേരം തോന്നി. "എടാ അലവലാതി, നിന്നെ നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഇട്ടിട്ടുപോയാൽ നിനക്ക് സഹിക്കുമോ " എന്ന് ചേച്ചി ഇത് വായിച്ചിട്ട് ചോദിക്കുന്നത് എനിക്ക് ഇപ്പഴേ കേൾക്കാം.
കുറച്ച് കറങ്ങിക്കറങ്ങി ഒരു ടോയ് ഷോപ്പിന്റെ മുന്നിലെത്തി. കുഞ്ഞിനെ ഓർമവന്നു. എന്ത് വാങ്ങണമെന്ന സംശയവുമായി ഞങ്ങൾ മുക്കും മൂലയും അരിച്ചുപെറുക്കി. പ്ലാസ്റ്റിക് കൊണ്ടുള്ള, സ്പോഞ്ച് കൊണ്ടുള്ള പലതരം കളിപ്പാട്ടങ്ങൾ. അതിന്റെയൊക്കെ ഇടയിപ്പെട്ട് എനിക്ക് ശ്വാസം മുട്ടി. ഈ ലോകത്തെ കോടാനുകോടി ആളുകളുടെ വീടുകളിൽ ഇതുപോലെയുള്ള എത്രയെത്ര പ്ലാസ്റ്റിക് സാധനങ്ങൾ കുന്നുകൂടിയിരിക്കുന്നു എന്ന് ഒരുനിമിഷം ഓർത്തു. കുഞ്ഞുങ്ങൾ അവനവന്റെ കളിപ്പാട്ടങ്ങളിലേക്ക് ഒറ്റപ്പെട്ടുപോകുന്നത് ഓർത്തു. അധികം ഇല്ലാതിരുന്ന കാലത്ത് പങ്കിട്ടും വഴക്കിട്ടും നേടിയ കളിപ്പാട്ടങ്ങളും അതിന്റെ സന്തോഷവും ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങൾ അറിയുന്നില്ലല്ലോ എന്ന് ആകുലപ്പെട്ടു. സർക്കാർ മുൻകൈയ്യെടുത്ത് കളിപ്പാട്ടങ്ങൾ മുഴുവൻ നിരോധിച്ചിരുന്നെങ്കിലെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ കളിപ്പാട്ടകച്ചവടം ഒരിക്കലും നില്ക്കാൻപോകുന്നില്ലയെന്നു തിരിച്ചറിവോടെ ഒന്നും വാങ്ങാതെ ആ കടയിൽനിന്നിറങ്ങി. തൊട്ടപ്പുറത്തു അതുപോലെതന്നെ വേറെയും പല കടകൾ. കളിപ്പാട്ടങ്ങൾ എന്നെ പേടിപ്പിക്കുന്നു.
ഞങ്ങൾ വീണ്ടും കറക്കം തുടർന്നു. ഏക്കറുകണക്കിന് സ്ഥലത്താണ് ആ മാൾ നിൽക്കുന്നതെന്ന് നടക്കുംതോറും തോന്നി. അത്രവലിയ ഒരു സിസ്റ്റം മുന്നോട്ടുകൊണ്ടുപോകാൻ ദിവസവും എത്രമാത്രം വെള്ളവും വൈദ്യുതിയും വേണമെന്ന് വെറുതെയൊന്ന് ചിന്തിച്ചു. മുംബൈ എന്ന മഹാനഗരത്തിന് വെള്ളം എങ്ങനെ കണ്ടെത്താനാകുന്നുവെന്ന് അത്ഭുദം തോന്നുന്നു.
ഇത്തിരികൂടികഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത് ആ മാളിന് പല എൻട്രൻസ് ഉണ്ടെന്ന്. ഞങ്ങൾ ബാഗുകൾ വച്ച ലോക്കർ ഉള്ള എൻട്രൻസ് തപ്പി കുറച്ചധികം കഷ്ടപ്പെട്ടു. പലതവണ വലംവച്ചശേഷമാണ് പിടികിട്ടിയത്. ആശ്വാസത്തോടെ എയർപോർട്ടിലേക്ക് പോകാൻ അടുത്ത കാർ പിടിച്ചു. അതിഭീകര ട്രാഫിക് കരണം കാർ വളരെ പതിയെയാണ് മുന്നോട്ട് പോയത്. ഏതായാലും ലേറ്റാകാതെ എയർപോർട്ട് എത്തി. സെക്യൂരിറ്റി സി ഐഎസ്എഫ് കാരൻ വണ്ടി തടഞ്ഞത് ഞങ്ങടെ ഡ്രൈവറിനു തീരെ ഇഷ്ടമായില്ല. ഡിക്കിയൊക്കെ തുറന്ന് പരിശോധന കഴിഞ്ഞശേഷം ഡ്രൈവർ അത് വലിച്ചടച്ചു, അയാളുടെ ദേഷ്യംമുഴുവൻ ആ ഒരൊറ്റ പ്രവർത്തിയിൽ കാണാമായിരുന്നു. ഈ അവസരത്തിൽ പറയണോ വേണ്ടയോ എന്ന് അറിയില്ല, പക്ഷേ സെക്യൂരിറ്റിയുടെയും ഡ്രൈവറിന്റെയും പെരുമാറ്റത്തിൽ എനിക്ക് തോന്നിയത് മതങ്ങൾ തമ്മിലുള്ള ഒരു കൊമ്പുകോർക്കൽ ആയിരുന്നു അവിടെ നടന്നതെന്നാണ്. മറ്റ് പല വണ്ടികളും കടത്തിവിട്ട സെക്യൂരിറ്റി ഈ കാർ മാത്രം തടഞ്ഞുനിർത്തിയത് ഡ്രൈവറുടെ ഐഡന്റിറ്റി കണ്ടിട്ടാണെന്ന് ഞാൻ സംശയിക്കുന്നു, ഒരുപക്ഷേ റാണ്ടം ആയിട്ട് ചെക്ക് ചെയ്തതുമാവാം. പക്ഷേ ഡ്രൈവറുടെ ആംഗിളിൽ നോക്കുമ്പോൾ അത് അങ്ങനെയാവാനേ വഴിയുള്ളു. ജീവിതത്തിൽ ഇതുപോലെ പല സ്ഥലത്തും അനാവശ്യ നോട്ടങ്ങളും പരിശോധനകളും അയാൾ നേരിടുന്നുണ്ടെന്ന് തോന്നുന്നു. സ്വന്തം സ്ഥലത്ത് അന്യനെപ്പോലെ ജീവിക്കേണ്ടിവരുന്ന ഒരാളുടെ അമർഷവും ആത്മസംഘർഷവും അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു.
മുംബൈ എയർപോർട്ട് ലോകോത്തരം. സിങ്കപ്പൂർ എയർപോർട്ട് പോലെയൊക്കെയുണ്ട്. ശരിക്കും ആലോചിച്ചാൽ ലോകംമുഴുവൻ ഏതാണ്ടൊക്കെ ഒരേപോലെതന്നെ ആവാൻ ശ്രമിക്കുന്നപോലെയുണ്ട്. മിക്ക സ്ഥലത്തേയും വിനോദസഞ്ചാര സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും റൈഡുകളുമെല്ലാം വന്നുവന്ന് ഒരുപോലെതന്നെ ആവുന്നപോലെ. അതിപ്പോ കേബിൾ കാർ റൈഡ് ആയാലും, ആനിമൽ ഷോ ആയാലും, ട്രാം റൈഡ് ആയാലും എല്ലാം ഒരുപോലെതന്നെ.
ഫ്ലൈറ്റ് ഡിലേ ആയതുകൊണ്ട് എയർപോർട്ടിൽ ബോറടിച്ചിരിക്കുന്ന സമയത്ത് വെന്റിങ് മെഷിനിൽനിന്ന് ലെയ്സ് പോലത്തെ ഒരു സാധനം എടുത്തു. ബാർ കോഡ് സ്കാൻ ചെയ്യുമ്പോ മനസ്സ് പിന്നെയും അത്ഭുദംകൂറി. എങ്ങനെ വ്യത്യസ്തമായ ബാർകോഡുകൾ ഉണ്ടാക്കികൊണ്ടേയിരിക്കുന്നു ഈ ലോകം, ഇതുവരെ എത്രയോ കോടി സ്കാനുകൾ നടന്നുകാണും, ഇനിയുമെത്രയോ നടക്കാൻപോണു, അത്ഭുദം അടങ്ങുന്നില്ല.
തിരിച്ചുള്ള യാത്രയിൽ ഹസ്സൻ എന്നൊരു ബീഹാർകാരനെ അടുത്തുകിട്ടി. അയാൾ മറ്റൊരു അത്ഭുദമനുഷ്യൻ. അദ്ദേഹത്തിന്റെ ജോലി പെർമനെന്റ് വർക് ഫ്രം ഹോം ആയിട്ടുകൂടി കേരളത്തോടുള്ള ഇഷ്ടംകൊണ്ടുമാത്രം കൊച്ചിയിൽവന്ന് വീടെടുത്ത് താമസിക്കുന്നു. യാത്രയിൽ ഒരുപാടൊരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു, ഹിന്ദിയിലും ഇംഗ്ലീഷിലുമായി. ഹസ്സന് കേരളത്തിന്റെ രണ്ട് കാര്യങ്ങളിൽമാത്രമെ വിയോജിപ്പുള്ളു. അനാവശ്യമായി നമ്മൾ വയ്ക്കുന്ന വലിയ വീടും വാങ്ങുന്ന വലിയ കാറുകളും. അയാളുടെ വിശകലനം എത്ര സത്യമാണ്. വലിയവീട്ടിൽ പേടിയോടെ ഉറങ്ങുന്ന പ്രായമായ മനുഷ്യരെയും, തീരെ ചെറിയ വഴികളിൽ ലോറിപോലുള്ള കാറുകളുമായി ബ്ലോക്ക് ഉണ്ടാക്കുന്ന പലരെയും ഞാൻ മനസ്സുകൊണ്ട് കണ്ടു.
ഫ്ലൈറ്റ് ഒരു 11 മണിക്കേ കൊച്ചിയിൽ ലാൻഡ് ചെയ്യൂ. എല്ലാംകഴിഞ്ഞ് പുറത്തിറങ്ങുമ്പോളേക്കും പിന്നെയും ലേറ്റ് ആകും. പുള്ളിയുടെ ഭാര്യയുടെ ബർത്ഡേ ആണ്, അവർ ഗർഭിണിയുംകൂടിയാണ്. ഇതെല്ലാംകൊണ്ട് 12 മണിക്കുമുന്നേ പാലാരിവട്ടത്തുള്ള വീട്ടിലെത്തണമെന്ന, നടക്കാൻ സാധ്യതയയില്ലാത്ത ആഗ്രഹവുമായി എയർപോർട്ടിൽനിന്ന് ഓടിയിറങ്ങുന്ന ഹസ്സനെ ഇനിയും ഒരുപാട് നാളത്തേക്ക് ഞാൻ ഓർക്കും.
No comments:
Post a Comment