മനോഹരമായി കോൺക്രീറ്റ് വിരിച്ച ആ റോഡിൽ ഒരു ഓട്ടോക്കാരൻ വന്നിറങ്ങി, അയാളുടെ കയ്യിലുള്ള കുപ്പിയിൽനിന്നും വെള്ളമെടുത്ത് വായിലൊഴിച്ച് മുറുക്കാൻ ഉൾപ്പെടെ കുലുക്കി ചവച്ച് വെളിയിലേക്ക് തുപ്പി. പാവക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ചെറിയൊരു പട്ടിയുമായി മറ്റൊരാൾ വരുന്നു, ആ പട്ടിയുള്ള വീട്ടിലെ വേലക്കാരൻ ആണെന്ന് തോന്നുന്നു. അയാൾ അയാളുടെ ഇഷ്ടത്തിന് തുടലുംപിടിച്ച് നടക്കുന്നു, പട്ടി എത്രയൊക്കെ ശ്രമിച്ചിട്ടും പട്ടിക്ക് ഇഷ്ടമുള്ള സ്ഥലത്തൊന്നും അയാൾ നിർത്തിയില്ല, അതിനെ വലിച്ചിഴച്ചുകൊണ്ട് നടക്കുന്നു. കണ്ടാലൊരു ഓമനക്കുട്ടനെപ്പോലെ തോന്നുമെങ്കിലും ആ പട്ടിയും ഇവിടുത്തെ മനുഷ്യരെപ്പോലെയാണെന്ന് മനസ്സിലായി, നേരെ വന്ന് കാലു പൊക്കി അവിടെ കണ്ട ഒരു പോസ്റ്റിനു കീഴെ മൂത്രമൊഴിച്ചു, വിദേശത്തും പട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കുമോ.
ഒരാൾ വളരെ വേഗത്തിൽ നടന്ന് അടുത്തേക്ക് വന്നു, എന്റെ കയ്യിലേക്ക് നോക്കി 'കിത്തേ വാസലെ' (അങ്ങനെയാണ് എനിക്ക് മനസ്സിലായത്) എന്ന് ചോദിച്ചു, സമയമായിരിക്കും ചോദിച്ചതെന്ന് ഞാൻ ഊഹിച്ചു, വാച്ച് ഉയർത്തി കാണിച്ചു. സമയം നോക്കിയിട്ട് അയാൾ അതിവേഗം നടന്നു മുന്നോട്ടുപോയി. എനിക്ക് നേരെ എതിർവശത്ത് അതിമനോഹരമായ ഒരു കെട്ടിടം കാണാം. അതിന്റെ മുകളിലെ സ്വിമ്മിംഗ്പൂളിൽനിന്നും വെള്ളം ഒലിച്ചു താഴേക്ക് ഇറങ്ങുന്നതും കാണാം. പല പ്രതീക്ഷയുമായി നാടുവിടാൻ കാത്തിരിക്കുന്നവരാണ് ഇവിടെ ഇപ്പോൾ എനിക്കുചുറ്റും, ചിലർ നല്ലൊരു ഭാവിക്കുവേണ്ടി,ചിലർ മക്കളെ കാണാൻ, ചിലർ കൊച്ചുമക്കളെ കാണാൻ. തീരെ വയ്യാത്ത ഒരു വല്യമ്മവരെ യുഎസ് വിസ ഇന്റർവ്യൂവിന് വന്നിരിക്കുന്നത് കണ്ടു. അല്ലെങ്കിൽത്തന്നെ ആർക്കാണ് അമേരിക്കയ്ക്ക് പോകാൻ താല്പര്യമില്ലാത്തത്. ഈ ഭൂമിയിൽ നിന്നും മായുന്നതിന് മുന്നേ എനിക്കും ഒരിക്കലെങ്കിലും പോണം.
ആ മനോഹരമായ നടപ്പാതയും അങ്ങിങ്ങായി കുറെ ചപ്പുചവറുകളൊക്കെ വീണ് വൃത്തികേടായി കിടക്കുന്നു. മുമ്പ് മുംബൈയിലെ ഏതോ ബീച്ചിൽ സ്വയം ക്ലീനിങ്ങിന് ഇറങ്ങി മാതൃകയായ ഒരു ഡോക്ടറെപ്പറ്റി ഓർമ്മ വന്നു. ഏതായാലും ഇവിടെ വെറുതെ നിൽക്കുകയല്ലേ, ഈ പേപ്പറൊക്കെ ഒന്ന് വാരിയെടുത്ത് എങ്ങോട്ടെങ്കിലും മാറ്റിയാലോ എന്ന് ആലോചിച്ചു, പക്ഷേ അറപ്പിന്റെ മലയാളിത്തം അപ്പോൾ തന്നെ മനസ്സിൽ വന്നു തികട്ടി. വല്ലവനും ചവച്ച്തുപ്പിയ മുറുക്കാൻ നിറഞ്ഞ ഈ ചപ്പുചവറുകൾ ഞാനെന്തിന് പെറുക്കണം, ഞാൻ ഒരാൾ വിചാരിച്ചാൽ ഈ നാട് നന്നാവുമോ. നന്നായ ഏതെങ്കിലും നാട്ടിൽ പോയി രക്ഷപ്പെടുന്നതല്ലേ ഇതിലും എളുപ്പം. ഒരുപാട് പക്ഷികൾ ആ കണ്ട വലിയ ബിൽഡിങ്ങിന്റെ മുകളിലേക്ക് പറക്കുന്നുണ്ട്. ഡ്രോണുകളൊക്കെ സുലഭമായ ഈ കാലത്ത് തീവ്രവാദികൾക്ക് പക്ഷിയുടെ രൂപത്തിൽ വന്ന് ബോംബിടാൻ പറ്റുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു കാടുകയറി. ചൈനക്കാരൊക്കെ ഇപ്പോ അവരുടെ ലാബുകളിൽ അതുപോലത്തെ എന്തെങ്കിലും ഉണ്ടാക്കുകയായിരിക്കും എന്ന് ഞാൻ വീണ്ടും ആലോചിച്ചു. അതൊക്കെ തടുക്കാനുള്ള ശക്തി നമ്മുടെ രാജ്യത്തിനുണ്ടാവുമല്ലേ. ആലോചിക്കുന്നവർക്ക് എന്തും ആലോചിക്കാമല്ലോ, നല്ലതും ദുരന്തവും.
ധീരുഭായി അംബാനി സ്ക്വയർ എന്ന പേര് പല ആവർത്തി ഞാൻ വായിച്ചു. ആ പേരിന്റെ ഉടമ എന്നേ പരലോകം പൂകിയിരിക്കുന്നു, ഇത്ര വലിയ കെട്ടിടത്തിൽ സ്വന്തം പേരുള്ള കാര്യം ആ ആത്മാവ് അറിയുന്നുണ്ടാവുമോ, ഉണ്ടെങ്കിൽത്തന്നെ അതിൽ അഭിമാനിക്കുന്നുണ്ടാവുമോ. ജീവിതം കൊണ്ട് നേടാത്തതൊക്കെയും മനുഷ്യർ ചിലപ്പോൾ മരണശേഷം നേടുമായിരിക്കും അല്ലേ. ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല.
ഇന്നലെ ഹോട്ടലിൽ കണ്ട, ധനമന്ത്രി നിർമ്മല സീതാരാമന്റെ മുഖമുള്ള ആന്റി മുന്നിലൂടെ നടന്നുവരുന്നുണ്ട്, അവരുടെ കയ്യിലെ ഫയലിനുള്ളിൽ പാസ്പോർട്ട് ഉണ്ട്, അതിനർത്ഥം അവർക്ക് വിസ ലഭിച്ചില്ല എന്നാണ്. ഓക്കെയാണെങ്കിൽ പാസ്പോർട്ട് അവർ വാങ്ങി വയ്ക്കും, പിന്നീട് വിസ ആക്കിയിട്ട് തിരിച്ചുതരും. ഓട്ടോക്കാരൻ അവരെ ആശ്വസിപ്പിക്കുന്നുണ്ട്, ട്രൈ ചെയ്തുനോക്കൂ അടുത്തതവണ എന്തായാലും വിസ കിട്ടുമെന്ന്. അപ്പോൾ അയാളെ മുറുക്കാൻ ചവച്ചുകൊണ്ട് നിൽക്കുന്ന ഒരു വിളക്ക് പോലെ എനിക്ക് തോന്നിച്ചു, ഇല്ലായ്മകളിലും സ്വയം എരിഞ്ഞുകൊണ്ട് അയാൾ പ്രകാശം പരത്തുന്നില്ലേ.
നല്ല പൈസക്കാരനായ ഒരു അങ്കിൾ ഓട്ടോക്കാരനോട് തർക്കിച്ച് അയാൾക്ക് കൊടുക്കേണ്ടുന്ന പൈസയിൽ കുറച്ച്തുക കുറച്ചുകൊടുത്തതുപോലെ തോന്നി. മുൻപ് എന്നെ കടന്നുപോയ ഒരു ഭിക്ഷക്കാരി ആന്റി വീണ്ടും എന്റെ അടുത്തുവന്ന് കൈനീട്ടി, ഇത്തവണയും ഞാൻ ഇല്ല എന്ന് തലകുലുക്കി. പണ്ട്, ജോലികിട്ടുന്നതിനു മുൻപാണെങ്കിൽ ഞാൻ വലിയ ദാനധർമ്മിഷ്ഠനായിരുന്നു, അന്ന് കയ്യിൽ അച്ഛന്റെ പൈസ ആയിരുന്നല്ലോ. ഇന്നിപ്പോ ദാനം കുറഞ്ഞു ധർമ്മം തീരെ ഇല്ല, അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അവനവന് സുഖത്തിനായി വരേണം എന്നാണ് ഇപ്പോഴത്തെ ഒരു ആറ്റിട്യൂട്.
ഭാര്യ വരുന്നുണ്ട്, മുഖത്ത് ടെൻഷൻ കാണാം. കയ്യിലുള്ള ഫയലിലേക്ക് നോക്കുമ്പോൾ പാസ്പോർട്ട് കാണാനില്ല. അവൾ മുഖത്ത് വരുത്തിയ ടെൻഷൻ എന്നെ പറ്റിക്കാനായിരുന്നു എന്ന് മനസ്സിലായി. വിസ അപ്പ്രൂവ് ആയി.
No comments:
Post a Comment