വിസയൊക്കെ ശരിയായല്ലോ, ഇനി റൂമിൽപോയി കുറച്ച് റസ്റ്റ് എടുക്കാമെന്ന് കരുതി ഞങ്ങൾ ഒരു ഓട്ടോയിൽ കയറി, ഊബറിനുവേണ്ടി കാത്തുനിന്നില്ല. കയറുന്നതിനു മുന്നേ പൈസയൊക്കെ ചോദിച്ചുമനസ്സിലാക്കി. ഒന്നര കിലോമീറ്റർ ദൂരം പോകാൻ നൂറ്റൻപത് രൂപ അയാൾ പറഞ്ഞു. ഇങ്ങോട്ട് ഇതേദൂരം അൻപത് രൂപയ്ക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ അതൊക്കെ നമുക്ക് നോക്കാം, കയറെന്നായി. നൂറ് രൂപയാണെങ്കിൽ ഓക്കേ എന്ന് പറഞ്ഞ് ഞങ്ങൾ കയറി. ഓട്ടോ ഓടിക്കുന്ന ഭായിയെ കണ്ടാൽ പഴയ ഏതോ ഹിന്ദി സിനിമയിൽ നിന്ന് ഇറങ്ങിവന്ന വില്ലനെ പോലെയുണ്ട്. ഇടയ്ക്കുവെച്ച് നല്ല തിരക്കുള്ള ഒരു റോഡിൽ സിഗ്നലിൽവച്ച് വണ്ടികൾ നിശ്ചലമായി. അപ്പുറത്തെ ഓട്ടോയിൽനിന്ന് ഡ്രൈവർ അങ്കിൾ ഇറങ്ങിവന്ന് ഞങ്ങടെ ഭായിയോട് എങ്ങോട്ടോ ഉള്ള വഴി തിരക്കി. ആ ഓട്ടോ ആൾക്കാരുമായി അനാഥമായി റോഡിന്റെ നടുവിൽ കിടക്കുന്നത് ഞാൻ അമ്പരപ്പോടെ നോക്കി. ഇവിടെ ഇതെല്ലാം സർവസാധാരണം. സിഗ്നൽ വീഴുംമുന്നേ വഴി ചോദിച്ചുമനസ്സിലാക്കി ആ അങ്കിൾ തിരികെ ഓട്ടോയിൽ കയറുകയും ചെയ്തു, എന്തൊരു കോൺഫിഡൻസ്. സൂചി കുത്താൻ ഇടയില്ലാത്തപോലെ തിരക്കുള്ള റോഡിലൂടെ വണ്ടി ഓടിക്കുന്നതിനിടയിൽ ഭായിയോട് ഞാൻ ചോദിച്ചു എന്തുകൊണ്ടാണ് ഊബർ ഓടാത്തതെന്ന്, പുള്ളി പറഞ്ഞു എഴുത്തും വായനയും അറിയില്ലെന്ന്, തൊട്ടുമുൻപിലെ ഓട്ടോയുടെ പിറകിൽ 'ഒൺലി ത്രീ പാസ്സ് ' എന്ന് എഴുതിയിരിക്കുന്നത് ഞാൻ അപ്പോൾ ശ്രദ്ധിച്ചു. ഭായിയെപോലെതന്നെ മുന്നിലെ ഓട്ടോക്കാരനും പഠിപ്പില്ലെന്നും താൻ വെറും മൂന്നാംക്ലാസ് ആണെന്നാണ് പുള്ളി എഴുതിയിരിക്കുന്നതെന്നും ആലോചിച്ചു. പക്ഷേ പിന്നീടാണ് കണ്ടത്, ചുറ്റുമുള്ള ഓട്ടോകളുടെ സാഗരത്തിൽ കണ്ട എല്ലാ ഓട്ടോയിലും പിന്നിലും വശങ്ങളിലുമൊക്കെ അതുതന്നെ എഴുതിയിട്ടുണ്ട്. മൂന്ന് യാത്രക്കാരെയേ കയറ്റു എന്നാണ് ഉദ്ദേശിച്ചതെന്ന് അപ്പോൾ മനസ്സിലായി. കൂടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിച്ചു, ഞങ്ങൾ അപ്പോൾ നിൽക്കുന്ന സ്ഥലം മുംബൈയിലെ പത്തനംതിട്ടയാണ്, രെജിസ്ട്രേഷൻ നമ്പർ എം എച് പൂജ്യം മൂന്ന്. പോകുന്നവഴി ഭായി പറഞ്ഞു നിങ്ങൾ വിസയൊക്കെ പാസായതല്ലേ അതിന്റെ സന്തോഷത്തിന് പൈസ കൂടുതലാണ് ശരിക്കും തരേണ്ടതെന്ന്. പലരും വിസ കിട്ടാത്തതുകൊണ്ട് കരഞ്ഞുകൊണ്ടാണ് പോകാറെന്നും അങ്ങേര് കൂട്ടിച്ചേർത്തു. ഏതായാലും ചെന്നിറങ്ങി നൂറ്റി ഇരുപത് കൊടുത്തപ്പോൾ കൂടുതൽ വേണമെന്നായി. പത്തുരൂപകൂടെ കൊടുത്ത് ഞങ്ങൾ നടന്നു.
കുറച്ച് റെസ്റ്റൊക്കെ എടുത്ത് ഞങ്ങൾ മുംബൈ ചുറ്റിക്കറങ്ങാൻ ഇറങ്ങി. ഗേറ്റിലെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ ലോക്കൽ ട്രെയിൻ സ്റ്റേഷൻ ഒരു ഇരുന്നൂറുമീറ്റർ ദൂരത്തിൽ ഉണ്ടെന്ന് പറഞ്ഞു. നട്ടപ്പൊരിവെയിലത്ത് അയാൾ പറഞ്ഞ വഴിയേ തെരുവുകളിലൂടെ ഞങ്ങൾ നടന്നു. കുറേനേരം നടന്നുകഴിഞ്ഞ് പലരോടും ചോദിച്ചപ്പോൾ ഇനിയും മുന്നോട്ട് മുന്നോട്ടെന്ന് പറഞ്ഞു. അങ്ങനെ ഏകദേശമൊരു ഒന്നര കിലോമീറ്റർ വെയിലിൽ നടന്ന് ഞങ്ങൾ കുർള റെയിൽവേ സ്റ്റേഷനിലെത്തി, ഗേറ്റിലെ സെക്യൂരിറ്റിയുടെ ഇരുന്നൂറ് മീറ്ററിന്റെ കണക്ക് എവിടെയോ പിഴച്ചത് ഞങ്ങൾ ശ്രദ്ധിച്ചു. സ്റ്റേഷനിൽ വിചാരിച്ചയത്ര തിരക്കില്ല, ഉച്ചയായതുകൊണ്ടാവും. ടിക്കറ്റ് തരുന്ന ആളുടെ മുഖഭാവങ്ങളൊക്കെ കണ്ടപ്പോൾ പങ്കജ് തൃപാടി എന്ന ഹിന്ദി നടനെ ഓർമവന്നു. മുംബൈ ലോക്കൽ ട്രെയിനിൽ ഇരിക്കാൻ സീറ്റ് കിട്ടി എന്നത് ഭാഗമായി കരുതി ഞങ്ങൾ യാത്ര തുടങ്ങി. അടുത്തിരുന്ന ആൾ പറഞ്ഞതുവച്ച് അവസാന സ്റ്റേഷനാണ് ഛത്രപതി ശിവജി ടെർമിനസ് (ഇപ്പോൾ ഛത്രപതി ശിവജി മഹാരാജാസ് ടെർമിനസ്) , അരമണിക്കൂർ യാത്രയുണ്ട്. അവിടെ ഇറങ്ങിയിട്ടുവേണം ഗേയിറ്റ് വേ ഓഫ് ഇന്ത്യ കാണാൻ. സീറ്റുണ്ടെങ്കിലും കുറച്ചുപേർ വാതിലിനരികിൽത്തന്നെ നിന്ന് യാത്രചെയ്യുന്നു (വാതിലില്ല, കയറാനും ഇറങ്ങാനുമുള്ള തുറന്ന കവാടം) . അവരിൽ ചിലർക്ക് നല്ല പ്രായമുണ്ട്, തോളത്ത് വലിയ ചാക്കിന്റെ ഭാരവുമായാണ് അകത്തേക്കുവന്നത്. ആ ഭാരമിറക്കിവച്ച് വാതിലിനുമുകളിലെ ഏതോ ഒരു സ്ഥലത്ത് ഒരു കൈ പിടിച്ച്, മറ്റെ കൈകൊണ്ട് അകത്ത് ഒരു കൊളുത്തിലും പിടിച്ച് വെളിയിലേക്ക് അല്പം ചെരിഞ്ഞുനിന്ന് ട്രെയിനിന്റെ വേഗത്തിനൊപ്പിച്ചുള്ള കാറ്റ് ആസ്വദിക്കുകയാണ് പ്രായമായ ആ മനുഷ്യർ. ആ കാഴ്ച കണ്ടപ്പോൾ അവർ അല്പനേരത്തേക്ക് അവരുടെ ജീവിതഭാരം ഇറക്കിവച്ച് യൗവനം ആസ്വദിക്കുന്നപോലെതോന്നി.
ഞങ്ങൾ ഛത്രപതി സ്റ്റേഷനിലിറങ്ങി. മുംബൈ ദർശൻ എന്നുപറഞ്ഞ് കയ്യിലൊരു ഷീറ്റുമായി കുറച്ച് ടാക്സി ഡ്രൈവർമാർ നടക്കുന്നു. ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവൾ പുച്ഛിച്ചു. ടൂർ പാക്കേജ് എന്നുള്ള കോൺസെപ്റ്റ് ഒന്ന് മാറ്റിവച്ച് തന്നെ വല്ലോം കണ്ടുപിടിക്ക് മണകുണാഞ്ചാ എന്നുള്ള രീതിയിൽ അവളൊന്ന് തറപ്പിച്ചുനോക്കി. എന്നിട്ട് എന്നെയുംകൊണ്ട് അവിടുന്ന് വേഗം നടന്നു. സ്റ്റേഷന്റെ അടുത്തുതന്നെ ഒരു ബസ് സ്റ്റാൻഡ് ഉണ്ടാരുന്നു. അവിടുന്ന് ഞങ്ങളൊരു ഡബിൾ ഡെക്കർ ബസിൽ കയറി ഗേറ്റ് വേ കാണാൻ പോയി. അതിൽ കയറിയപ്പോൾ എനിക്കും തോന്നി അതാണ് നല്ലതെന്ന്. ഒരു പതിനഞ്ചുമിനിറ്റിൽ ഗേറ്റ് വേ യുടെ അടുത്തെത്തി. ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി എന്ന് തീരുമാനിച്ച് ഞങ്ങൾ അവിടെയടുത്തുള്ള ഫേമസായ ഒരു റെസ്റ്റോറന്റിലേക്ക് നടന്നു (ലിയോപോൾഡ് കഫെ). അങ്ങോട്ടേക്ക് നടക്കുംവഴി കുറെയേറെ വഴിയോര കച്ചവടക്കാരെ കണ്ടു, ആ സ്ഥലം കണ്ടപ്പോൾ മുൻപ് വിയറ്റ്നാമിൽ പോയ ചൈനീസ് മാർക്കറ്റ് ഓർമവന്നു. വയസ്സായ ഒരാൾ കസേരയിലിരുന്ന്, കയ്യിലൊരു കാർഡ്ബോർഡ് പെട്ടിയൊക്കെയായി എന്തോ വിൽക്കുന്നുണ്ട്, അടുത്തുള്ള കരിക്ക് വില്പനക്കാരൻ വെട്ടിയ ഒരു കരിക്ക് അയാൾക്ക് കൊണ്ട് കൊടുക്കുന്നത് കണ്ടു. അവരുടെ പെരുമാറ്റത്തിൽനിന്ന്, അത് ഒരു ദിനചര്യ ആണെന്ന് തോന്നി. എന്നും ഈയൊരു സമയമാകുമ്പോൾ ആ കരിക്കുകാരൻ മറ്റേ ആൾക്ക് വെട്ടിയ കരിക്കുമായി എത്തുന്ന രംഗം ഞാൻ മനസ്സിൽ കണ്ടു. ലിയോപോൾഡ് കഫെ ഒരു ഗോവൻ റെസ്റ്റോറന്റുപോലെ തോന്നിച്ചു. തീരെ ഉയരംകുറഞ്ഞ, ക്യൂട്ട് ആയ ഒരു ലേഡി വെയിറ്ററാണ് ഓർഡർ എടുത്തത്. തന്ദൂരി ചിക്കനും ഐസ് ടീയും ഓർഡർ ചെയ്തു. അപ്പോഴാണ് ബൺ മസ്‌ക എന്ന പേര് മെനുകാർഡിൽ കണ്ടത്. കുറേനാളായി കൊച്ചിയിൽ ഫേമസ് ആയ ആ സാധനം എങ്കിലൊന്ന് തട്ടിയേക്കാം എന്നുകരുതി വാങ്ങി. ബണ്ണും ബട്ടറും കഴിക്കുന്നപോലെയാണ് തോന്നിയത്, വലിയ പ്രത്യേകതയൊന്നും ഇല്ല. ഐസ് ടീയിലെ സ്ട്രോ വെറൈറ്റിയായിരുന്നു. നല്ല കട്ടിയുണ്ടല്ലോ, ഇവിടെയൊന്നും പ്ലാസ്റ്റിക് സ്ട്രോ നിരോധിച്ചിട്ടില്ലേ എന്ന് ഞാൻ സംശയിച്ചപ്പോൾ ഭാര്യയാണ് പറഞ്ഞത് അത് കഴിക്കാൻപറ്റുന്ന, അരിവച്ചുണ്ടാക്കിയ സ്ട്രോയാണെന്ന്. കടിച്ചുനോക്കിയപ്പോൾ ഉണക്കക്കപ്പയുടെ രുചി. തന്ദൂരി നല്ല രുചിയുണ്ടായിരുന്നെങ്കിലും കഴിച്ചുകഴിഞ്ഞപ്പോ കൈനിറയെ മൈലാഞ്ചിയിട്ടപോലെ നിറമായി, അതുമുഴുവൻ വയറ്റിലുമെത്തിയിട്ടുണ്ടാവുമല്ലോ എന്ന് ഓർത്തപ്പോൾ ഒരു ബുദ്ധിമുട്ട്. ഫുഡ്ഡടി കഴിഞ്ഞ് ഞങ്ങൾ തിരികെ നടന്ന് ഗേറ്റ് വേ കാണാൻ പോയി. അവിടെ കുറേ ഫോട്ടോഗ്രാഫർമാർ നിൽപുണ്ടായിരുന്നു. കൂട്ടത്തിൽ ഒരാളോട് ചോദിച്ചപ്പോൾ ഒരു ഫോട്ടോ പ്രിന്റ് എടുത്ത് തരുന്നതിനു അമ്പതുരൂപ എന്നുപറഞ്ഞു. എങ്കിൽ ആവട്ടെ എന്നുകരുതി. പുള്ളി ഞങ്ങളെ താജ് ഹോട്ടലിന്റെയും ഗേറ്റ് വേയുടെയും ബാക്ഗ്രൗണ്ടുവച്ച് ചറപറാ കുറേ ഫോട്ടോ എടുത്തു. അതിൽ ഒരു നാലെണ്ണം പ്രിന്റ് എടുത്തോളാൻ പറഞ്ഞു. അണ്ണൻ കയ്യിലുള്ള പ്രിൻറർമെഷീൻ എടുത്തു, എപ്സോണിന്റെ ഒരു കുഞ്ഞത്ഭുദം, അതും വയർലെസ്. ലോകത്തിന്റെ പോക്കിനെപ്പറ്റി അത്ഭുദപ്പെട്ടുനിൽകുമ്പോളേക്കും പ്രിന്റ് റെഡി.
ആ പരിസരമൊക്കെ നടപ്പാതയിൽ ടൈലുപോലെ കല്ലുകൾ വിരിച്ചിരിക്കുകയാണ്. അവ വളരെ മിനുസമുള്ളതായി അനുഭവപ്പെട്ടു. അനേകായിരം ആളുകൾ കയറിയിറങ്ങിയതാവാം ആ മിനുസത്തിന് കാരണം. ഗേറ്റ് വേയുടെ പരിസരത്തും വെള്ളയും വെള്ളയുമിട്ട ടാക്സി ഡ്രൈവർമാരും അവരുടെ മഞ്ഞയും കറുപ്പും ടാക്സികളും ഒരുപാടുണ്ടായിരുന്നു. ഊബർ വന്നതിൽപ്പിന്നെ ഇവരുടെയൊക്കെ പണി വെള്ളത്തിലായ ലക്ഷണമാണ്. ആർക്കും ഓട്ടമൊന്നും കിട്ടുന്ന ലക്ഷണമില്ല. ഇനി എങ്കിൽ കോളാബാ കോസ്‌വേ കാണാൻ പൊക്കുടേയെന്ന് ചാറ്റ് ജിപിടി ചോദിച്ചു. മാപ്പ് ഇട്ട് നടന്നുനടന്ന് എത്തിയപ്പോഴാണ് മനസ്സിലായത് മുന്നേ ലിയോപോൾഡ് കഫെയിലേക്ക് പോയപ്പോൾ വഴിയിൽ കണ്ട ആ ചൈനീസ് മാർക്കറ്റ് സെറ്റപ്പ് ആണ് ഈ കോസ്‌വേ എന്ന്. വീണ്ടും അതേ വഴികളിലൂടെ നടന്നു. തിരിച്ച്ചെല്ലുമ്പോൾ വേണ്ടപ്പെട്ടവർക്കെല്ലാം എന്തേലും കൊടുക്കണ്ടേ എന്നുകരുതി ചില സാധനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. നോക്കിനോക്കി ഹിന്ദിപറഞ്ഞ് കുറച്ചായപ്പോൾ കടക്കാരൻ മലയാളത്തിൽ മറുപടി പറഞ്ഞുതുടങ്ങി. നാല്പത്തഞ്ചുകൊല്ലമായി മുംബൈയിൽ കട നടത്തുന്ന തലശ്ശേരിക്കാരുടെ മടയിലേക്കാണ് ഞങ്ങൾ ചെന്നുകയറിയത്. നാട്ടിൽ എവിടെ എന്ന ചോദ്യം ചോദിക്കാൻ കുറച്ചുപേരെ കണ്ടുകിട്ടിയത് ഞങ്ങൾക്കും അവർക്കും സന്തോഷമായി. പേഴ്സ് ഒക്കെ സൂക്ഷിക്കണമെന്ന് സ്നേഹത്തോടെ ഉപദേശിച്ച് അവർ യാത്രയാക്കി.
നമ്മുടെ നാടുപോലെതന്നെ മുംബൈയിലും ആണുങ്ങളുടെ വായിനോട്ടം അല്പം കൂടുതലല്ലേ എന്ന് എനിക്കുതോന്നി. ആ മാർക്കറ്റ് പരിസരത്തൂടെ സുന്ദരികളായ ഒരുപാട് സ്ത്രീകൾ ഷോപ്പിംഗിന് നടക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ ഒരു കടക്കാരന്റെ കഴുത്തിലെ ആദംസ് ആപ്പിൾ വെള്ളമിറക്കുമ്പോൾ എന്നപോലെ അനങ്ങുന്നു. അയാൾ ഒരു സ്ത്രീയെ രൂക്ഷമായി നോക്കുകയാണ്. നോക്കി വെള്ളമിറക്കുകയാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയാം. പല കടകളിൽ കയറിയിറങ്ങി കുറച്ചായപ്പോൾ ഭാര്യ എനിക്ക് ബാർഗൈനിങ്ങിന്റെ ചില ബാലപാഠങ്ങൾ പറഞ്ഞുതന്നു. എന്നെക്കൊണ്ട് പറ്റില്ല, തന്നത്താൻ ആയിക്കൊള്ളാൻ ഞാൻ പറഞ്ഞു. അങ്ങനെ അവൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒരു കടയിൽനിന്ന് കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് കടക്കാരൻ പറഞ്ഞ ലാസ്റ്റ് വിലയിൽനിന്ന് വീണ്ടും അമ്പതുരൂപ കുറച്ച് അവൾ പേയ്‌മെന്റ് ചെയ്തു. ആ പൈസകൂടെ കൊടുക്കാതെ സാധനം തരില്ലെന്നായി കടക്കാരൻ. ഒരു പത്തുമിനിറ്റോളം യാചിച്ചും തർക്കിച്ചും അവളും നിന്നു. അവസാനം ആ പൈസകൂടി കൊടുക്കേണ്ടിവന്നു. എനിക്ക് ഭയങ്കരമായ ദേഷ്യംവന്നു. നമ്മൾ എത്രയോ സാധനങ്ങൾക്ക് പൈസ ചിലവാക്കുന്നു. ഇതിലും ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ ബ്രാൻഡഡ് കടകളിൽനിന്ന് അന്യായ വിലക്ക് വാങ്ങുന്നു. അവിടെയൊന്നും ബാർഗയിനിങ് നടക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ, പറയുന്ന പൈസയ്ക്ക് നമ്മൾ സാധനം വാങ്ങും, അതേസമയം ഇതുപോലെയുള്ള ചെറുകിടക്കാരോട് തർക്കിച്ചും ദേഷ്യപ്പെട്ടും പരമാവധി നമ്മൾ കടിപിടികൂടും. ട്രിപ്പിന്റെ മൂഡുപോയി. ഇനി ഇങ്ങനെ ചെയ്യില്ല എന്ന് ഭാര്യയെക്കൊണ്ട് ഉറപ്പ്പറയിച്ച് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് ടാക്സിപിടിച്ചു. മുംബൈയിൽ ഇതുവരെ കയറിയ എല്ലാ കാറിന്റെയും ഉൾവശം വളരെ മോശം, ഇതിന്റെയും. അതിഭീകരമായ പൊടിയും ട്രാഫിക്കും, പൈസ ലാഭത്തിനുവേണ്ടി ഗ്ലാസ് തുറന്നിട്ട് വണ്ടി ഓടിക്കുന്നതുമൊക്കെയാവാം കാരണം. ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തി. നട്ടുച്ചക്ക് ചൗപട്ടി ബീച്ചും മറൈൻ ഡ്രൈവും വേഗത്തിൽ കണ്ടുതീർത്ത് ഞങ്ങൾ ഇനി എന്തുചെയ്യണമെന്ന് ചാറ്റ് ജി പി ടി യോട് ചോദിച്ചു. ആ ദുഷ്ടൻ പറഞ്ഞത് മോണോറെയിൽ കേറാനാണ്. അതിന് കുറച്ചുദൂരെയുള്ള ദാദർ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങാനും ഉപദേശിച്ചു. ഞങ്ങൾ നിൽക്കുന്നിടത്തുനിന്നും എവിടെച്ചെന്നാൽ ലോക്കൽ ട്രെയിൻ കിട്ടുമെന്ന് ചോദിച്ചപ്പോൾ ചാറ്റ് ജി പി ടി പറഞ്ഞു ടാക്സി പിടിച്ച് ഒന്നര കിലോമീറ്റർ പൊക്കോളാൻ. എന്തോ ഭാഗ്യത്തിന് അവിടെ അടുത്തുകണ്ട ഒരാളോട് ചോദിച്ചപ്പോൾ ഞങ്ങൾ നിന്നതിന്റെ നേരെ എതിർവശത്തുള്ള ലോക്കൽ സ്റ്റേഷൻ കാണിച്ചുതന്നു. ട്രെയിനിൽ പിന്നെയും സീറ്റ് കിട്ടി. മനോഹരമായ പാട്ടുകേട്ട് നോക്കുമ്പോൾ അന്ധരായ രണ്ട് ദമ്പതികൾ പരസ്പരം താങ്ങി ഭിക്ഷയെടുക്കുന്നു, ഇന്ത്യയുടെ ദരിദ്രമുഖം. കുറച്ചപ്പുറത്ത് ദാദർ സ്റ്റേഷനിൽ ട്രെയിനിറങ്ങി തിരക്കുകൂടിയ ഒരു റോഡിലേക്ക് ഞങ്ങൾ മേൽപ്പാലമിറങ്ങി. ആളുകൾ വഴിയരികിലിരുന്ന് ഒരുപാട് പൂക്കൾ കച്ചവടം ചെയ്യുന്നു. അടുത്തെവിടെയോ അമ്പലമുണ്ടെന്ന് മനസ്സിലായി. ആ സ്ഥലം കണ്ടപ്പോൾ ചെന്നൈയിലെ ടി നഗർ പോലെ തോന്നി. അടുത്തുള്ള കെട്ടിടത്തിൽ വിജയ് നഗർ എന്ന് എഴുതിയത് ആക്‌സ്മികമായി തോന്നി. തിരക്കിനെ വകഞ്ഞുമാറ്റി നടക്കുമ്പോൾ ഉറുമ്പിൻകൂട്ടത്തിൽ പെട്ട ഒരു ഉറുമ്പിനെപ്പോലെ എനിക്ക് സ്വയം തോന്നിച്ചു. നിൽക്കാൻപോലും സമയമില്ലാത്ത മുംബൈ നഗരത്തിൽ റോഡരികിലിരുന്ന് മുളകൊണ്ടുള്ള കൊട്ടയും മറ്റ് സാധനങ്ങളും ഉണ്ടാക്കുന്നവരെ കണ്ട് അത്ഭുദം തോന്നി. അവർ ഈ തിരക്കിനെയൊന്നും ഗൗനിക്കുന്നേയില്ല. ലോകം ഓടിക്കോട്ടെ, ഞങ്ങൾ ഇവിടെയുണ്ടാവും എന്ന ഭാവത്തിൽ അവർ വെയിലിനെ മുകർന്ന് പതിഞ്ഞതാളത്തിൽ നെയ്തുകൊണ്ടേയിരുന്നു.
റോഡിൽ പലയിടത്തും പട്ടംപോലെ എന്തോ കെട്ടിയിട്ടിട്ടുണ്ട്, അതിൽ മിക്കതിലും ശിവജിയുടെ രൂപമാണ് പാറുന്നത്.
മോണോറെയിൽ കാണണമെന്ന ഞങ്ങളുടെ ആഗ്രഹം അടച്ചിട്ട സ്റ്റേഷനുമുന്നിൽ അവസാനിച്ചു. നമ്മുടെ മെട്രോ സ്റ്റേഷൻ പോലെ ഒരു സ്ഥലം. അവിടെ എഴുതിവച്ചിരിക്കുന്നു എന്തോ റെനോവേഷൻ നടക്കുന്നതിനാൽ മോണോറെയിൽ സർവീസ് തത്കാലം നിർത്തിവച്ചിരിക്കുന്നുവെന്ന്.
No comments:
Post a Comment