പണ്ട് ചെന്നൈയിൽ ഒരുമിച്ച് ജോലിചെയ്ത ഒരു ഹരിയാനക്കാരൻ കൂട്ടുകാരൻ ഇപ്പോൾ ഡൽഹിയിൽ റെയിൽവേയിലാണ്, ഇന്നലെ ഡൽഹിയിലെത്തിയ വിവരം സ്റ്റാറ്റസ് ഇട്ടപ്പോൾത്തന്നെ അവൻ വിളിച്ചിരുന്നു. ഇന്നിനി ഒന്നും നോക്കാനില്ലല്ലോ, നേരെ ഏറ്റവും അടുത്ത മെട്രോ കേറി, നെറ്റ് പറഞ്ഞപോലെ മജന്ത ലൈനും യെല്ലോ ലൈനുമൊക്കെ മാറിക്കയറി (ഇവിടെ കൊച്ചിപോലല്ല ഒരുപാട് നിറങ്ങളുടെ പേരിൽ മാർക്ക് ചെയ്ത പലപല റൂട്ടുകളാണ് ) അവന്റെ ഓഫീസിന്റെയടുത്തെത്തി, ഇന്നലെ പോയ അതേ കൊണാട്ട് പ്ലേസ് ന്റെ അടുത്ത്. കുറേ ദൂരേന്ന് ഓടിവന്ന് സ്നേഹത്തോടെ അവൻ കൈതന്ന് കെട്ടിപ്പിടിച്ചു. എത്ര വർഷങ്ങൾക്കുശേഷമാണ് ഈ കണ്ടുമുട്ടലെന്ന് ഞങ്ങൾ പരസ്പരം അത്ഭുദപ്പെട്ട് ഓർത്തുനോക്കി, ഏറ്റവും കുറഞ്ഞത് എഴുവർഷമെങ്കിലും ആയിട്ടുണ്ട്. എങ്കിൽപോലും തമ്മിൽ നോക്കിയിട്ട് രണ്ടുപേർക്കും വലിയ മാറ്റമില്ല എന്ന് അന്യോന്യം പറഞ്ഞു. അവിടെയൊരു ഹോട്ടലിൽകയറി ഞങ്ങടെ കോമണായ മറ്റൊരു കൂട്ടുകാരനെ വീഡിയോകോളും വിളിച്ച്, ഒരു പ്ലേറ്റിൽനിന്ന് ഭക്ഷണമൊക്കെ കഴിച്ച്, കുറേ വിശേഷങ്ങളൊക്കെ പറഞ്ഞ് അങ്ങനെയിരുന്നു. അവന് നാലുവയസ്സുള്ള ഒരു കുഞ്ഞുണ്ട്, അടുത്ത കുഞ്ഞിനെ ദത്തെടുക്കാനാണ് പ്ലാൻ. എനിക്കും അങ്ങനെയൊരു പ്ലാൻ ഉണ്ടായിരുന്നകാര്യം ഞാൻ ഓർത്തു, അവനോട് പറഞ്ഞു. എന്റെകാര്യത്തിൽ അതെന്തായാലും നടക്കില്ലെന്ന് പറയുമ്പോഴും അവൻ അവന്റെകാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണ്. അത് കാണുമ്പോളറിയാം അവനത് നടത്തിയെടുക്കുമെന്ന്.
അല്പംകഴിഞ്ഞ് അവന്റെ ഓഫീസ്കാണാൻ പോയി. അവിടെ കുറച്ചുനേരം സ്പെൻഡ് ചെയ്തിട്ട് അവനെന്നെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽനിന്ന് ജനശതാബ്തിക്ക് കയറ്റി, എനിക്ക് ചിറ്റപ്പനെ കാണാൻ ഹരിയാനവരെ പോണമെന്ന് അവനോട് പറഞ്ഞാരുന്നു. സ്റ്റേഷനിൽനിന്നുതന്നെ ടിടി ഗൗരവത്തിൽ പറഞ്ഞു ലോക്കൽ ടിക്കറ്റുമായിട്ട് ഈ ട്രെയിനിൽ കയറാൻ പറ്റില്ലാന്ന്. കൂട്ടുകാരൻ അതേ ഗൗരവത്തിൽ അവൻ റയിൽവേ സ്റ്റാഫ് ആണെന്നും ഞാൻ അവന്റെ കേരളത്തിൽനിന്നുവന്ന ഭായ് ആണെന്നും (ആ പറഞ്ഞ ടോൺ എന്തൊരു ആത്മാർഥമായിരുന്നു എന്ന് ഞാൻ അഭിമാനത്തോടെയും സ്നേഹത്തോടെയും ഓർക്കുന്നു - അപ്പ്ണേ ഭായി ഹേ ജെ, കേരൾ സെ ) ഇവിടുന്നു രണ്ടാമത്തെ സ്റ്റേഷൻവരെ ഏതെങ്കിലും സീറ്റ് കൊടുത്തേപറ്റുവെന്നും പുള്ളിയോട് പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടിടി സമ്മതിച്ചു. ഒരു സ്ഥാനത്ത് ഇരുന്നാൽമാത്രം കാര്യമില്ലെന്നും അതിന്റെ പവർ കാണിച്ചാൽമാത്രമേ കാര്യമുള്ളുവെന്നും അവന്റെ ആറ്റിട്യൂട് കണ്ടപ്പോൾ തോന്നി. സത്യംപറഞ്ഞാൽ എന്നെപ്പോലുള്ള ഭൂരിഭാഗം മലയാളികളും വെറും മണുക്കൂസുകളാണ്, ഹിന്ദിക്കാരുടെ ധൈര്യമൊന്നും നമുക്കില്ല. ചെറുപ്പംമുതലേ അനുസരണ ശീലിച്ച നമുക്ക് പല കാര്യങ്ങളിലും ആവശ്യത്തിൽകൂടുതൽ വിനയമാണ്, അതുകൊണ്ടുതന്നെ വരുന്നവരും പോണവരുമൊക്കെ നമ്മുടെ പുറത്ത് കുതിരകയറുകയും ചെയ്യും. ആ എന്തേലുമാട്ടെ. എന്തായാലും തിരിച്ചുചെല്ലുമ്പോ മിക്കവാറും ചൊറിയൻ ഓഫീസർ തെറിപറയും, എങ്കിപ്പിന്നെ ഇനി ഉള്ളദിവസം ഡൽഹി ഒന്ന് കണ്ടിട്ടുതന്നെ കാര്യമെന്ന് ഉറപ്പിച്ചതാ രാവിലെതന്നെ. അതുകൊണ്ട് മുന്നോട്ടുവച്ച കാൽ മുന്നോട്ടുതന്നെ. ചിറ്റപ്പൻ ഡൽഹിയുംകടന്ന് ഹരിയാനയിൽ ആണ് ഇപ്പോൾ ഉള്ളത്. പഞ്ചാബിനുപോകുന്ന ട്രെയിനിൽ ആദ്യം കുറച്ചുനേരം സീറ്റ് കിട്ടിയെങ്കിലും പിന്നെ നല്ല കിടിലൻ പഞ്ചാബി അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഇടിച്ചുകയറി. പിന്നെ കുറച്ചുനേരം നിന്നു. ഇടക്ക് തീരെ വയ്യാത്ത ഒരു അപ്പൂപ്പൻ പത്തുരൂപയുടെ മിട്ടായിപ്പാക്കറ്റുമായി ഉറക്കെ സംസാരിച്ച് നടന്നുവന്നു. ഭിക്ഷ ആയിട്ട് ആരും കാണരുതെന്നും ഭിക്ഷ എടുക്കുന്നതുതന്നെ തെറ്റാണെന്നുമൊക്കെ വിളിച്ചുപറയുന്നുണ്ട് പുള്ളി. ദേഹമൊക്കെ മൊത്തത്തിൽ വിറയ്ക്കുകയാണ്. എങ്കിലും ഈ പ്രായത്തിലും ആരോടും യാചിക്കാതെ ജീവിക്കാൻ അദ്ദേഹം പാടുപെടുന്നത് കാണുമ്പോൾ സങ്കടം തോന്നി. പുള്ളിയുടെ അഭിമാനത്തെ ചോദ്യംചെയ്യാതെ ഒരു പാക്കറ്റ് വാങ്ങി. അടുത്തിരുന്ന ഒരു പഞ്ചാബി അങ്കിൾ ഒരു പാക്കറ്റ് വാങ്ങിയിട്ട് നൂറുരൂപ കൊടുത്തു, അതിന്റെ ബാക്കി തൊണ്ണൂറ്‌രൂപ എണ്ണിക്കൊടുക്കാൻ ഈ അപ്പൂപ്പൻ നന്നായി ബുദ്ധിമുട്ടി, പുള്ളിയുടെ കയ്യിലുള്ള നോട്ടുകൾ പലതും പിഞ്ചിപ്പോകാറായതുമായിരുന്നു. ആ തൊണ്ണൂറ്‌രൂപ കൊടുത്തപ്പോഴേക്കും പാവത്തിന്റെ കയ്യിലെ പൈസ ഏകദേശം തീർന്നതായി കാണപ്പെട്ടു. തിരക്കിനിടയിലൂടെ ആ മനുഷ്യൻ നടന്നകന്നു. എന്താണ് ജീവിതം. ജീവനുള്ളതുവരെ അഭിമാനത്തോടെ ജീവിക്കാനുള്ളതാണ് ജീവിതം എന്ന് പുള്ളി വിളിച്ചുപറയുന്നതുപോലെ.
സോണിപത് സ്റ്റേഷനിൽ വണ്ടിയിറങ്ങി, ഒരു പരീക്ഷണത്തിന് ഊബർ ബൈക്ക് എടുത്ത് ചിറ്റപ്പന്റെ ഫാക്ടറിയിൽ പോകാം എന്ന് തീരുമാനിച്ചു. ബൈക്ക് ബുക്ക് ചെയ്ത് ഇത്തിരികഴിഞ്ഞപ്പോ ചിറ്റപ്പൻ വിളിച്ചിട്ട് പറഞ്ഞു സ്റ്റേഷനിലോട്ട് വന്നോണ്ടിരിക്കുവാണെന്ന്. അങ്ങനെ ഞാൻ വീണ്ടുമൊരു ബാധ്യതയായി. ചിറ്റപ്പൻ കാറുംകൊണ്ട് വന്നു. പൊടിയും തിരക്കുമുള്ള മങ്ങിയ വഴിയിലൂടെ കുറേദൂരം പോയി, പോണവഴിക്ക് ഇടക്കൊരു കടയിൽ നിർത്തി മുസംബിജ്യൂസ് കുടിച്ചു, കുറച്ച് ഉപ്പിട്ട ജ്യൂസ്, പിന്നെ ഒരു ഓറഞ്ച്നിറവും, മൊത്തത്തിലൊരു വെറൈറ്റി. പോകുംതോറും ചെന്നൈയിലെ പൊടിപിടിച്ച വഴികൾപോലെ തോന്നി. മുന്നോട്ട് പോകുംതോറും കൃഷിയും ട്രാക്ടറുകളുമൊക്കെ കണ്ടുതുടങ്ങി, പഞ്ചാബും ഹരിയാനയുമൊക്കെ കൃഷിക്ക് പ്രധാനപ്പെട്ട സ്ഥലങ്ങളാണല്ലോ. മുഴുത്ത പോത്തുകളും ഗ്രാമീണരായ മനുഷ്യരുമൊക്കെ വഴിയിലെല്ലാമുണ്ട്. കുറേ ഉള്ളിലൊരു വഴിയിൽ ചിറ്റപ്പന്റെ ഫാക്ടറിയിൽ വണ്ടിയെത്തി. കുപ്പിവെള്ളം ഉണ്ടാക്കുന്ന കമ്പനിയാണ്. വലിയ മെഷീനുകളുള്ള, കുറേ കൺസ്ട്രക്ഷനുമൊക്കെ നടക്കുന്ന സ്ഥലം.
അവിടം ചുറ്റിക്കണ്ടിട്ട് കുറച്ചുകഴിഞ്ഞ് ചിറ്റപ്പന്റെ താമസസ്ഥലവും കണ്ട് കുറച്ചൂടെ മുന്നോട്ട് ഒരു ടാക്സി സ്റ്റാണ്ടുപോലത്തെ സ്ഥലത്ത് ഇറങ്ങി. അവിടുന്ന് ഷെയർ ഓട്ടോയിൽ ഇടിച്ചുകയറി. ചിറ്റപ്പന് ടാറ്റാ പറയുമ്പോൾ ഞാനൊരു രണ്ടായിരത്തി ഏഴിലേക്ക് പോയി, ഞാൻ ഉത്തർപ്രദേശിൽ നവോദയായിൽ പഠിക്കുന്ന കാലം. എനിക്ക് ക്രിസ്മസ് വെക്കേഷൻ ആയപ്പോൾ പാവം ചിറ്റപ്പൻ ബുലൻഡ്ഷഹർ മുതൽ ബറുവാസാഗർവരെ ഏകദേശം നാനൂറ്റൻപത് കിലോമീറ്റർ വന്നത് എന്നെ ചിറ്റപ്പന്റെ വീട്ടിൽ കൊണ്ടുപോകാനാണ്. അന്നുപക്ഷെ കൂട്ടുകാരുടെകൂടെ നിക്കണമെന്ന് സിംപിൾ ആയിട്ട് പറഞ്ഞപ്പോ ഇത്ര ദൂരത്തൂന്നാണ് പാവം വന്നതെന്നുപോലും ഓർത്തില്ല. അന്ന് കൊണ്ടുനടന്ന് വാങ്ങിത്തന്ന സാധനങ്ങളും ഒരുമിച്ച് പോയി തീയറ്ററിൽ കണ്ട ധൂം ടു വുമൊക്കെ ഇന്ന് ദാ വീണ്ടും ഇത്ര വർഷങ്ങൾക്കുശേഷവും മനസ്സിലേക്ക് വരുന്നു. അതിനൊന്നും പകരമാവില്ല ഏതായാലും ഇന്ന് ഞാൻ പോയ അറുപത് കിലോമീറ്റർ.
ഷെയർ ഓട്ടോയിൽ പകുതിദൂരം തല വളച്ച് കുനിച്ച് ഇരിക്കേണ്ടിവന്നു, അത്ര തിരക്കായിരുന്നു. ഇടയ്ക്കുവച്ച് ഏതായാലും നിവർന്നിരിക്കാൻ പറ്റി. കുറച്ചധികംനേരം ഹൈവേയിലൂടെ ഓടി വണ്ടി ഏതോ ഒരു മെട്രോ സ്റ്റേഷനിലെത്തി. നെറ്റ് കാര്യങ്ങളൊക്കെ എത്ര എളുപ്പമാക്കി. വളരെ എളുപ്പംതന്നെ ഏത് സ്ഥലത്തുവച്ച് ട്രെയിൻ മാറിക്കയറണമെന്നും എങ്ങോട്ട് തിരിയണമെന്നുമൊക്കെ സിംപിളായി പറഞ്ഞുതന്നു. അങ്ങനെ ഒരു ടെൻഷനുമില്ലാതെ ഡൽഹി മെട്രോയിൽ അങ്ങോളമിങ്ങോളം പല നിറത്തിലെ ലൈനുകൾ മാറിക്കയറി വീണ്ടും മാപ്പിട്ട് നടന്ന് ഹോസ്റ്റലിലെത്തി. എത്രയെളുപ്പം കാര്യങ്ങൾ. പ്രശ്‌നമൊന്നേയുള്ളു, ആരോടും സംസാരിച്ചില്ല. മാപ്പ് ഇല്ലായിരുന്നെങ്കിൽ ഒരു പത്തുപേരോടെങ്കിലും സംസാരിച്ച് സഹായംചോദിക്കേണ്ടിവന്നേനെ. ഒരു സാമൂഹ്യജീവിയാകാനുള്ള അവസരമാണ് നമുക്കെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞപ്പോഴാണ് ഷെയർ ഓട്ടോയിലെ ഒരു കാര്യം ഓർത്തത്. എല്ലാരും ഞെങ്ങിഞെരുങ്ങി ബലംപിടിച്ച് ഇരിക്കുകയായിരുന്നു. ഓട്ടോയിൽ എന്തോ പാട്ടും ഇട്ടിട്ടുണ്ട്. കുറച്ചായപ്പോൾ ഒരു വല്യപ്പൻ പറഞ്ഞു 'ആ ക്ണാപ്പൊന്നു നിർത്ത് ' എന്ന് അർഥംവരുന്ന രീതിയിൽ എന്തോ. എല്ലാരും ചിരിച്ചു, പിന്നെ ഒന്നുരണ്ട് മിനിറ്റ് എല്ലാരും അതിനെപ്പറ്റി അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. ഇങ്ങനത്തെ ചെറിയചെറിയ മൊമെൻറ്സ് ആണ് ഫോണിലേക്കും നമ്മളിലേക്കും ഒതുങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത്.
ഹോസ്റ്റൽന്റെ കാന്റീനിൽ എത്തി. യാത്ര തുടങ്ങിയപ്പോൾ ട്രെയിനിൽമുതൽ കഴിഞ്ഞ മൂന്നുദിവസമായി കഴിക്കുന്ന റൊട്ടിയും പനീറും വീണ്ടും മുന്നിലെത്തി. ഇന്നും ഇഷ്ടത്തോടെതന്നെ കഴിച്ചു. അങ്ങനെ ട്രെയിനിങ്ങിന്റെ ആദ്യദിവസം കഴിഞ്ഞു, ട്രെയിനിങ്ങില്ലാതെതന്നെ.
No comments:
Post a Comment