ഒരു ദിവസത്തിന്റെ പകുതി പോയതേ അറിഞ്ഞില്ല. ഇനിയുള്ള രണ്ടുദിവസം ട്രെയിനിങ്ങും മൂന്നാമത്തെ ദിവസം രാവിലെ തിരിച്ചുള്ള ട്രെയിനും ആയതുകൊണ്ട് ഇന്നേ വീട്ടിലോട്ടുള്ള സാധനങ്ങളൊക്കെ വാങ്ങാമെന്നുകരുതി തുടങ്ങിയതാണ് ഷോപ്പിംഗ്. എന്തായാലും അതൊരു പൂരമായിരുന്നു. ഡൽഹിയിൽ ജനിച്ചുവളർന്ന പിള്ളേർക്ക് ബാർഗയിനിങ് ആരും പ്രത്യേകം പഠിപ്പിക്കേണ്ട എന്ന് ഇന്നെനിക്ക് മനസ്സിലായി. ഇല്ലെങ്കിൽ ആയിരത്തി ഇരുന്നൂറ് രൂപ പറഞ്ഞ സാധനം അറുനൂറ് രൂപക്ക് വാങ്ങാൻ പറ്റുമോ, എന്തായാലും എന്നെക്കൊണ്ട് പറ്റില്ല.
കസിൻസ് ആയിട്ട് കുറച്ചധികം പെങ്ങന്മാരുണ്ട്. പക്ഷേ അവർക്കൊക്കെ നല്ലൊരു ആങ്ങളയാകാൻ പറ്റിയിട്ടില്ല എന്ന് എപ്പോഴുമൊരു കുറ്റബോധമുണ്ട്. പലപ്പോഴും നമ്മൾ കാണാറുള്ളപോലെ അടിച്ചുപൊളിച്ച് ഫ്രണ്ട്സിനെപ്പോലെ നടക്കുന്ന കസിൻസ്, എന്തൊക്കെ വന്നാലും കട്ടക്ക് കൂടെനിക്കുന്ന കസിൻസ്, അങ്ങനെയൊന്നാകാൻ ശ്രമിച്ചിട്ടുമില്ല, പറ്റിയിട്ടുമില്ല. പിന്നെ എന്തായി, വെറുതേ പേരിനൊരു ചേട്ടൻ. ഇന്നൊരുദിവസമെങ്കിലും സന്തോഷമായി അവരുടെകൂടെ ചുറ്റിത്തിരിയാൻ പറ്റി എന്നത് ആശ്വാസത്തോടെ ഓർക്കുന്നു.
ഭാര്യ നിർബന്ധമായിട്ട് പറഞ്ഞേല്പിച്ചിരുന്നു പിള്ളാർക്ക് എന്തേലും വാങ്ങിക്കൊടുക്കണമെന്ന്. ശരിക്കും ആണുങ്ങളെക്കാൾ ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ വിവേകമായ തീരുമാനമെടുക്കാൻ പെണ്ണുങ്ങൾക്കെ കഴിയു. അങ്ങനെ അവൾ പറഞ്ഞതുകൊണ്ട്മാത്രം അത്രയും ചെയ്തു, ഇല്ലെങ്കിൽ വീണ്ടും വന്ന് കണ്ട് ആ വഴിക്ക് പോയേനെ. ഇങ്ങനൊരു മാങ്ങാത്തലയൻ ചേട്ടൻ, യായാ ഞാൻതന്നെ.
വൈകിട്ട് പെങ്ങൾസ് രണ്ടുപേരുടെ മെട്രോയിൽ എനിക്ക് ഇറങ്ങാൻപറ്റുന്ന ലാസ്റ്റ് സ്റ്റോപ്പ്‌വരെ കൂടെവന്ന് യാത്രയാക്കി. എന്നിട്ട് അവർ വന്നവഴിയേ മെട്രോയ്ക്ക് തിരിച്ചുപോയി.
പിന്നെ ഓട്ടോ പിടിച്ച് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ എത്തിയപ്പോൾ അറിഞ്ഞു ഹോസ്റ്റൽ കുറച്ചങ്ങ് അപ്പുറത്താണെന്ന്. നടന്നുനടന്ന്
ഏകദേശം ഏഴുമണി ആകാറായപ്പോൾ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിന്റെ ഹോസ്റ്റലിലെത്തി. വഴിയിലിടയ്ക്ക് അവർ പറ്റിക്കുകയും ചെയ്തു. ഹോസ്റ്റൽ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവച്ച വഴിയിലൂടെ നടന്നുനടന്ന് ഒരു വരാന്തയുടെ അങ്ങേയറ്റം എത്തിയപ്പോൾ അവിടെ ഗ്രിൽ ഇട്ട് പൂട്ടിയിരിക്കുന്നു. പിന്നെയും വന്നവഴിയേ തിരിച്ചുനടന്ന് കുറച്ച് വളഞ്ഞ് ഹോസ്റ്റലിലെത്തേണ്ടിവന്നു. അവിടെ ചെന്നപ്പോൾ വീണ്ടും ട്വിസ്റ്റ്, അവർക്ക് ഇങ്ങനൊരു ട്രയിനിങ്ങിനെപ്പറ്റി അറിയില്ല. ഏതായാലും നാളെ ഇന്സ്ടിട്യൂട്ടിൽ പോയി അന്വേഷിക്ക് തത്കാലം അവിടെ റൂമെടുത്തോളാൻ അവർ പറഞ്ഞു. സിംഗിൾ വേണോ ഷെയറിങ് വേണോ എന്ന് ചോദിച്ചപ്പോൾ ആദ്യം ജാടക്ക് സിംഗിൾ എന്ന് പറഞ്ഞെങ്കിലും അവരുടെ ഈ ഒരു കൺഫ്യൂഷൻ കാരണം ഷെയറിങ് മതിയെന്ന് തീരുമാനിച്ചു. തന്ന റൂമിൽ ചെന്ന് നോക്കുമ്പോൾ ഒരു കട്ടിലിലെ മെത്ത അന്നേരം ആരോ ഉപയോഗിച്ചപോലെ ചുളുങ്ങിയിരിക്കുന്നു. ആ എന്തേലുമാട്ടെ എന്നുകരുതി തത്കാലം അവിടെത്തന്നെയങ്ങ് കൂടി. ബാത്‌റൂമിലെ ഭിത്തി പൊട്ടി പൈപ്പുകളൊക്കെ ദ്രവിച്ചിരിക്കുന്നത് പുറത്തുകാണാം , എങ്കിലും ചൂടുവെള്ളമൊക്കെ വരുന്നുണ്ട്. കുളിച്ച് റെഡിയായി കാന്റീനിലോട്ട് ചെന്നു. ഫുഡ് കഴിക്കുന്നതിനിടയിൽ അപ്പുറത്തുള്ള ടേബിളിൽ രണ്ടുപേരിരുന്ന് മലയാളം പറയുന്നു. അവർ ഏത് ട്രെയിനിങ് ആണെന്ന് പോകുമ്പഴേക്ക് ചോദിച്ചുമനസ്സിലാക്കണമെന്ന് തീരുമാനിച്ചു. അല്പം കഴിഞ്ഞ് അവർ എണീറ്റപ്പോൾ വീണ്ടും വൻ ട്വിസ്റ്റ്. അതിൽ ഒരാൾ ഞങ്ങടെ സ്വന്തം അനന്തുചേട്ടൻ. എന്റെ ചേട്ടന്റെ കൊളീഗ് ആണ്, കൂടാതെ ഞങ്ങളെല്ലാം കുറച്ചുനാൾ റൂംമേറ്റ്സും ആയിരുന്നു .
അധികം വൈകാതെ ഞാൻ പുള്ളിയുടെ റൂമിലേക്ക് ഷിഫ്റ്റ് ആയി. പുള്ളിക്ക് ആദ്യം കിട്ടിയത് എന്റെ റൂം ആയിരുന്നെന്നും ആ കട്ടിലിൽകണ്ട ചുളിവ് അങ്ങനെ വന്നതാണെന്നും വൈകാതെ മനസ്സിലായി.
ഒന്നുരണ്ട് സാധനങ്ങൾ വാങ്ങാൻ ഞങ്ങളൊരുമിച്ച് ആ തണുപ്പത്ത് പുറത്തിറങ്ങി. ഡൽഹിയിൽവന്നതിൽപ്പിന്നെ ആദ്യത്തെ മെഡിക്കൽഷോപ് വഴിക്കുവച്ച് കണ്ടു, അപ്പൊത്തന്നെ മാസ്ക് വാങ്ങി, എൻ നയന്റിഫൈവ് തന്നെ. അപ്പോഴേക്കും തലവേദന തുടങ്ങിയിട്ടുണ്ടാരുന്നു. അത് ഡൽഹിയിലെ പൊലൂഷനേക്കാൾ മനസ്സിന്റെ ആവലാതികൊണ്ട് വന്നതാണെന്ന് എനിക്കൊരു സംശയമില്ലാതില്ല. അയ്യോ ഡൽഹിയാണ് പൊലൂഷനാണ്, അസുഖം വന്നുപോകുമല്ലോ എന്ന ആവലാതി. എന്തിനുമേതിനും ഗൂഗിളിനോട് ചോദിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഇതൊക്കെ.
കണ്ടുമുട്ടലുകളുടെയും ട്വിസ്റ്റുകളുടെയും ഒരു ദിവസം അങ്ങനെയങ്ങ് തീർന്നു.
No comments:
Post a Comment