Wednesday, 12 November 2025

മുംബൈ - പുതിയതും പഴയതും

 ആധിക്യം, എല്ലാത്തിനും. അതാണ് മഹാരാഷ്ട്രയിലെ പൻവേൽ വന്നിറങ്ങി ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തോന്നിയത്. ഏറ്റവും കുറഞ്ഞത് ഒരു ഇരുനൂറ് ഓട്ടോയെങ്കിലും റെയിൽവേസ്റ്റേഷന്റെ വെളിയിൽ ആളുകളെ കാത്തുനിൽക്കുന്നു. വന്നിറങ്ങുന്ന എല്ലാവരെയും അവർ ഇരയെപ്പോലെ പ്രതീക്ഷയോടെ നോക്കുന്നു. അവർ പൈസ കൂടുതൽ ചോദിക്കുമെന്ന മുൻവിധിയോടെ പലരും അവരെ ഒഴിവാക്കി മുന്നോട്ട് നീങ്ങി. ഞങ്ങളും കുറെയേറെ വെളിയിലേക്ക് നടന്ന് ഊബർ ടാക്സി പിടിച്ചു. ഏതോ മെഷീൻ തീരുമാനിക്കുന്ന അൽഗോരിതം പറയുന്ന പൈസ ന്യായമായിരിക്കുമെന്ന് വെറുതെയൊരു തെറ്റിദ്ധാരണ. അതിപ്പോ നൂറുപറഞ്ഞാലും അഞ്ഞൂറുപറഞ്ഞാലും അതാണ്‌ നമ്മുടെ ഫൈനൽ . 
സ്റ്റേഷന്റെ എക്സിറ്റ്മുതൽ കണ്ടുതുടങ്ങിയ കൺസ്ട്രക്ഷൻവർക്കുകൾ എല്ലാ ദിക്കിലും യാത്രയിൽമുഴുവനുമുണ്ടായിരുന്നു. റോഡുനിറയെ പൊടിപടലം. കാറിന്റെ ഗ്ലാസ്സ് അടച്ചേക്കുവാണെങ്കിലും പൊടി മുഴുവൻ അകത്തേക്ക് കയറുന്നതുപോലെ ഒരു ഫീലിംഗ്. ചുറ്റും പല വലുപ്പത്തിലുള്ള അംബരചുംബികൾ പുതുതായി പൊങ്ങിവരുന്നുണ്ട്. പല ഉയരത്തിൽച്ചെന്ന് അവ ആകാശത്തെ തൊടുന്നു. ചുറ്റും വളർന്നുവരുന്ന പുതിയ ലോകത്തിന് സമാന്തരമായി പഴയ കെട്ടിടങ്ങളും ചെറിയ കടകളും ഭിക്ഷക്കാരുമെല്ലാം അങ്ങിങ്ങായി ഉണ്ട്. പുതിയതും പഴയതുമായ ഉപയോഗത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളുടെ ബാൽക്കണിയിലും കൂടുപോലെ ഗ്രിൽ അടിച്ചിട്ടുണ്ട്, കിളികൾ കയറാതിരിക്കാനുള്ള ആ സംവിധാനംചേർന്ന കെട്ടിടങ്ങൾ ദൂരെനിന്ന് കാണുമ്പോൾ ഒറ്റ അച്ചിൽ വാർത്തെടുത്തപോലെയുണ്ട്. എനിക്ക് തോന്നുന്നു അത് മുംബൈയുടെ ഒരു ട്രേഡ്മാർക്കാണ്.

റിലയൻസ് ട്രെൻഡ്സിന്റെ തൊട്ട് വാതുക്കൽ വഴിയരികിൽ തുണികൾ തൂക്കിയിട്ട് വിൽക്കുന്ന ഒരു കട കണ്ടു. ആഡംബരവും ദാരിദ്ര്യവും ഇഴുകിച്ചേർന്ന് ജീവിക്കുന്നതുപോലെ തോന്നി, പക്ഷേ എത്രനാൾ. അധികം വൈകാതെതന്നെ റിലയൻസിന്റെ ആൾക്കാർ പോലീസിനോട് പറഞ്ഞ് ഈ കടക്കാരെ ഒഴിപ്പിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. വഴിയോരക്കച്ചവടക്കാർക്ക് ചോദിക്കാനും പറയാനും ആരാണുള്ളത്. കാഴ്ചകൾ പലതും കാണിച്ചുതന്ന് ഞങ്ങളുടെ വണ്ടി മുന്നോട്ട്പോയി. 
ഉച്ചയ്ക്ക് ഭാര്യയുടെ സഹപ്രവർത്തകന്റെ വീട്ടിൽ ഞങ്ങൾ അതിഥികളായി. അവരുടെ സ്നേഹവും രുചിയുള്ള ഭക്ഷണവും സ്വീകരിച്ച് അവിടെനിന്നും ഒരു ഊബർ ടാക്സി എടുത്ത് ഞങ്ങൾ ബാന്ദ്രയിലേക്ക് തിരിച്ചു, അതായത് നവി മുംബൈയിൽനിന്നും ബാന്ദ്രയിലേക്ക്. പോകുംവഴി അടൽസേതു എന്ന ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിലൂടെ യാത്രചെയ്തു. കണ്ണെത്താദൂരത്തോളം നീളമുള്ള പാലം. ഗൂഗിൾ ചെയ്തുനോക്കിയപ്പോൾ മനസ്സിലായി അതിന് ഇരുപത്തിരണ്ട് കിലോമീറ്റർ നീളമുണ്ടെന്ന്. വലിയ തിരക്കൊന്നും കാണുന്നില്ലല്ലോയെന്ന് അത്ഭുതപ്പെട്ടപ്പോൾ ഗൂഗിൾ പറഞ്ഞുതന്നു അതിലൂടെ ടൂവീലറും ത്രീവീലറും നിരോധിച്ചിരിക്കുകയാണെന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, പതിയെ പോകുന്ന വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നു. വേഗത്തിലോടുന്ന ലോകത്ത്നിന്ന് പാർശ്വവൽക്കരിക്കപ്പെടുന്ന വേഗത കുറഞ്ഞവർ അഥവാ പാവങ്ങൾ. 
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞങ്ങടെ കാർ പാലത്തിൽനിന്നും റോഡിലേക്കിറങ്ങി. വീണ്ടും തിരക്ക്ചെന്ന വഴികളിലേക്കെത്തി. അഴുക്ക്നിറഞ്ഞ ഒരു നദി കടന്നപ്പോൾ ഇന്ത്യയുടെ രണ്ട് വ്യത്യസ്ഥമുഖം കണ്ടു. നദിയുടെ ഒരുവശത്ത് പല വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള വലിയവലിയ ഫ്ലാറ്റുകൾ, മറുവശത്ത് ഒരേ രൂപത്തിലുള്ള തീപ്പെട്ടിക്കൂടുകൾ ചേർന്നതുപോലെയുള്ള കോളനി. പിന്നെയും കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോൾ ഏതോ ഒരു മാർക്കറ്റിനടുത്തെത്തി. അവിടെ വഴിയരിയിലൊക്കെ കുറേ കാറുകൾ വെറുതെ പാർക്കുചെയ്തിരിക്കുന്നു. അതിലുള്ള പൊടികൾ കണ്ടാലറിയാം ഏറെ നാളായി അവയൊന്നും ഉപയോഗിച്ചിട്ടില്ലെന്ന്. അതിൽ ഒന്നിന്റെ ബോണറ്റിൽ ഏതോ വിരുതൻ എഴുതിയിരിക്കുന്നു 'മാലിക്ക് നഹാനാ ഹേ' ( യജമാനനെ എനിക്ക് കുളിക്കണം). വൃത്തിഹീനമായ ആ പരിസരത്ത് അഴുക്കുമൂടിയ ആ കാറിൽ വിരലുകൊണ്ടെഴുതിയിരിക്കുന്നത് ഏതായാലും ഒരു പണക്കാരനല്ല. അപ്പോൾ അത് നിത്യജീവിതത്തിന് വകയില്ലാത്ത ഒരു പാവപ്പെട്ടവൻ ആയിരുന്നിരിക്കണം. വർണശബളമല്ലാത്ത ജീവിതമായിട്ടും അതിൽ ഫലിതം കലർത്തിയ ആ വിദ്വാനെ ഞാൻ മനസ്സുകൊണ്ട് നമിച്ചു. 
മുന്നോട്ട് പോകുമ്പോൾ പിന്നെയും പല മനോഹരനിർമിതികൾ കണ്ണിലുടക്കി. അതിലൊന്ന് ഒഎൻജിസിയുടെ ഒരു ഓഫീസായിരുന്നു. സിങ്കപ്പൂരുവച്ച് കണ്ടിട്ടുള്ള അതിശയിപ്പിക്കുന്ന പല കെട്ടിടങ്ങളേയുംപോലെതോന്നി ആ ഏരിയയിലെ പലതും. ഈ അത്ഭുദങ്ങളെ തെല്ലും വകവെക്കാതെ ഒരാൾ ചെരിഞ്ഞുനിന്ന് മൂത്രമൊഴിക്കുന്നു. മൂത്രത്തിന്റെ സഞ്ചാരപാത കണ്ടപ്പോൾ തോന്നി പരമാവധി എത്ര ദൂരത്തിലൊഴിച്ച് അത്ഭുതം സൃഷ്ടിക്കാമെന്ന് ഗവേഷണം നടത്തുന്നയാളാണെന്ന്. മുംബൈയെന്ന മഹാനഗരം ഇതുപോലെ പലതും കരുതിവെക്കുന്നു. ഒരുവശത്ത് വികസിതമായ വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന നിർമിതികൾ, പോഷ് സ്കൂളുകൾ, മറുവശത്ത് അഴുക്കിൽ മുങ്ങിനിൽക്കുന്ന കോളനികൾ, യാതൊരു ദയയുമില്ലാതെ റോഡിലേക്ക് മുറുക്കിത്തുപ്പുന്ന ആളുകൾ, അങ്ങനെ പലതും.

പുതുതായി പിറന്നുകൊണ്ടിരിക്കുന്ന ഒരു ആകാശഗോപുരത്തിന്റെ മുന്നിലെ റോഡിനരികിലൂടെ നദി അപ്പോഴും അഴുക്കുനിറഞ്ഞ് ഒഴുകി. ഏകദേശം നാല്പതാമത്തെ നിലയിൽ ഒരു പണിക്കാരൻ നിൽപ്പുണ്ട്. ഭാവിയിൽ അവിടെ ഇറ്റാലിയൻ ടൈലിട്ട ബാൽക്കണിയിൽ കൂളിംഗ് ഗ്ലാസും ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി ക്ലയന്റ്സിനോട് സംസാരിക്കാൻ നിൽക്കുന്ന ഏതെങ്കിലും വൻ വ്യവസായിയുടെ സ്ഥാനത്ത് ഇന്നിതാ തലേക്കെട്ടും മുഷിഞ്ഞ ബനിയനും നിക്കറുമായി ഏതോ ഒരു പാവപ്പെട്ടവൻ നിൽക്കുന്നു. അയാൾ താഴെയുള്ള വലിയ ലോകംകണ്ട് ഒരുനിമിഷം അങ്ങനെ സ്ഥബ്ധിച്ച് നിൽക്കുകയാണെന്ന് എനിക്കുതോന്നി.ഇപ്പോൾ താൻ ഉയരത്തിലെങ്കിലും തന്റെ യഥാർത്ഥ ജീവിതം നദിക്കപ്പുറമുള്ള അഴുക്കുച്ചാലിൽ ആ നിമിഷത്തിലും അയാൾ കാണുന്നുണ്ടാവണം. 

വൈകിട്ടായി, വലിയൊരു ഫ്ലാറ്റിന്റെ ഗേറ്റ്കടന്ന് താറാവിൻകൂട്ടംപോലെ കുറച്ച് സ്ത്രീകൾ വെളിയിലേക്ക് നടന്നുപോകുന്നു. അവരുടെ മുഖത്ത് ഇന്നത്തെ അധ്വാനത്തിന്റെ ക്ഷീണമുണ്ട്. അവർ രാവിലെമുതൽ ആ കണ്ട ഗേറ്റിനുള്ളിൽ പല വലിയ വീടുകളിൽ തറതുടച്ചും പാത്രംകഴുകിയും ദിവസംതീർത്തതായി ഞാൻ ഊഹിച്ചു. ഒരു ദിവസത്തിന്റെ സിംഹഭാഗവും ഇത്തരം വലിയ വീടുകളിൽ ചിലവഴിച്ച്, വൈകുന്നേരം സ്വന്തം കുഞ്ഞുകൂരയിലേക്ക് പോകുമ്പോൾ എന്താകും അവരുടെയൊക്കെ മനസ്സിൽ, നാളത്തേക്കുള്ള എന്തെങ്കിലും പ്രതീക്ഷയോ, അതോ നിരാശയോ. ആളുകളുടെ ജീവിതവും സ്വപ്നങ്ങളും പലരീതിയിൽ കരുപ്പിടിപ്പിച്ചും ഞെരിച്ചമർത്തിയും മുംബൈയും അതിന്റെ പൊടിപിടിച്ച തെരുവുകളും, മുമ്പുപറഞ്ഞ നാല്പതാംനിലയിലെ ജോലിക്കാരനെപ്പോലെ, ഏകാന്തതയിലേക്ക് നോക്കിനിൽക്കുന്നപോലെ തോന്നി. 

താമസിക്കുന്ന ഹോട്ടലീന്ന് വൈകിട്ട് പുറത്തിറങ്ങി. ഏറെനാളിനുശേഷം ഭാര്യയുടെ കൈപിടിച്ചുനടന്നു. അസ്സൽ തെരുവുകളിലൂടെ, വന്യമായ തിരക്കിനിടയിലൂടെ കുറേദൂരം ഞങ്ങൾ പോയി. വണ്ടികൾ മുട്ടാതിരിക്കാൻ നന്നായി ശ്രദ്ധിക്കണമായിരുന്നു. ആ ഇടുങ്ങിയവഴിയിൽ ഇടയ്ക്ക് ചിലപ്പോഴൊക്കെ തിരക്കുമൂത്ത് വാഹനങ്ങൾ നിശ്ചലമായി. അതിനിടയ്ക്കുവച്ച് എതിരേവന്ന രണ്ട് സ്കൂട്ടറുകാർ പരസ്പരം ഹസ്തദാനമൊക്കെചെയ്ത് വിശേഷങ്ങൾ പങ്കുവക്കുന്നതുകണ്ടു, വണ്ടികൾ നീങ്ങിതുടങ്ങിയപ്പോൾ അവർ യാത്രപറഞ്ഞുപിരിഞ്ഞു. ഒരു സർക്കസഭ്യാസിയെപ്പോലെ മുംബൈനഗരം വീണ്ടുമിതാ എന്നെ അത്ഭുദപ്പെടുത്തുന്നു. 


Tuesday, 11 November 2025

ഏസി ഇക്കോണമി

കുഞ്ഞിനെ കൂട്ടാതെ ആദ്യമായി ഞങ്ങളൊരു യാത്രതിരിച്ചു. ഞാനും ഭാര്യയുംകൂടി മുംബൈയ്ക്ക്. ഭാര്യയ്ക്ക് നല്ല സങ്കടമുണ്ട്, എങ്കിലും എന്റെ നിർബന്ധത്തിന് അവൾ സമ്മതിച്ചു. കുഞ്ഞിനെ എന്റെ അമ്മയുടെകൂടെയാക്കി. 
ഞങ്ങടെ ട്രെയിൻ കമ്പാർട്മെന്റ് തേർഡ് ഏസി ഇക്കോണമി ആയിരുന്നു, സാധാ തേർഡ് ഏസിയേക്കാൾ കുറച്ചുകൂടി അടുത്തടുത്ത സീറ്റുകൾ, കൂടുതൽ കൺജെഷൻ, സീറ്റിനൊക്കെ വേറേ നിറം. ഞങ്ങടെ സീറ്റ്‌ പുതുക്കിപ്പണിതപ്പോ കുഷ്യൻ ഇടാതെ കവർ മാത്രം ഇട്ട് അടച്ചതാണോ എന്നൊരു സംശയം,തടിയിലിരിക്കുന്നപോലെയുണ്ട്. 

യാത്ര തുടങ്ങി കുറച്ചുനേരമായപ്പോഴേക്കും വിരസമായിത്തുടങ്ങി, അവൾ ഫോണിലും ഞാൻ വെളിയിലേക്കും നോക്കിയിരുന്നു. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അവിടെയുള്ള ഒരു കടയിലെ ജീവനക്കാരനിൽ കണ്ണുകൾ ചെന്നുപതിച്ചു. അയാൾ ഹെഡ്സെറ്റ് ഒക്കെ വച്ച് ഫോണിൽനോക്കി ആരോടോ സംസാരിക്കുകയാണ്, ഭയങ്കരമായി ചിരിച്ച് നന്നായി ആസ്വദിച്ചുള്ള അയാളുടെ സംസാരത്തിന്റെ ആംഗ്യവിക്ഷേപങ്ങൾ മാത്രമേ കാണൂ, ശബ്ദം കേൾക്കില്ല. അയാളുടെ ഫോണിന്റെ മറുതലയ്ക്കൽ ഏറ്റവുമടുത്ത കൂട്ടുകാരനായിരിക്കുമെന്ന് ഞാൻ ആലോചിച്ചു, അത്രയും സന്തോഷത്തിൽ സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും സംസാരിക്കാൻ വഴിയില്ല. 

അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭാര്യയും ഭർത്താവും അവരുടെ മകളുംകൂടി ഞങ്ങളുടെ എതിർവശത്ത് വന്നു. ഞാൻ അയാളുടെ ഭാര്യയെയും അയാൾ എന്റെ ഭാര്യയെയും നോക്കി, ഭാര്യമാരും അങ്ങനെതന്നെ ഭർത്താക്കന്മാരെ നോക്കി. പരസ്പരമൊരു വിലയിരുത്തൽ മനസ്സിൽ വരുത്തി ഞങ്ങൾ സീറ്റുമായി അഡ്ജസ്റ്റാവാൻ ശ്രമിച്ചു. കൂടെയുള്ള കുട്ടിയെ കണ്ടപ്പോൾ കുഞ്ഞിനെ മിസ്സ്‌ ചെയ്തു, കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ അവൾക്കുമൊരു കമ്പനി ആയേനെയല്ലോ എന്ന് വെറുതേ ഓർത്തു, നോക്കുമ്പോ ഭാര്യയും ഏകദേശം അങ്ങനെയൊരു ചിന്തയിലായിരുന്നു. 

അൽപനേരം കഴിഞ്ഞപ്പോൾ എല്ലാ സീറ്റിലും ആളുകൾ നിറഞ്ഞു, മൊത്തത്തിലൊരു സഫോക്കേഷൻ തോന്നിത്തുടങ്ങി. ഇടയ്ക്കുവച്ച് വലിയ പ്രശസ്തനല്ലാത്ത ഒരു സിനിമാനടൻ പ്ലസ് യൂട്യൂബർ നടന്നുപോകുന്നത് മിന്നായംപോലെ ഞാൻ കണ്ടു, പിന്നെ അയാൾ ആരാണെന്ന് കണ്ടുപിടിക്കാൻ ഞാനും ഭാര്യയുംകൂടി കൂലംകഷമായി ഇന്റർനെറ്റിൽ പരതി, ഒടുവിൽ 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയിലെ ഒരു കഥാപാത്രമാണെന്ന് കണ്ടെത്തി. 

ഇത്തിരിക്കഴിഞ്ഞപ്പോൾ ട്രെയിൻ പിടിച്ചിട്ടു, കുറേ പോലീസുകാരൊക്കെ വെളിയിൽകൂടി നടക്കുന്നത് കണ്ടു. എവിടുന്നോ ഒരു വല്യപ്പൻ വന്ന് ഞങ്ങടെ കമ്പാർട്മെന്റിൽ നിന്ന് ഒരു നാടകാചാര്യനെപ്പോലെ എല്ലാരോടുമായി പറഞ്ഞു - ഈ ട്രെയിൻ അല്പംമുൻപേ ആരെയോ തട്ടി, ആൾ മരിച്ചു. വിവരണം അല്പം കടന്നുപോകുന്നില്ലേ എന്ന് തോന്നിയപ്പോഴേക്കും അയാൾ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു, അയാൾ തുടർന്നു - നോക്കാൻ പറ്റില്ല, രണ്ട് പകുതിയായി. അയാൾ പിന്നെ പറഞ്ഞതുകൂടി പറഞ്ഞാൽ ഞാനും അയാളെപ്പോലെതന്നെയൊരു നാടകാചാര്യനാവും, അതുകൊണ്ട് ആ രംഗം ഇവിടെ അവസാനിപ്പിക്കുന്നു. 
ദുരന്തം തീർന്നു എന്ന് കരുതുമ്പോൾ ഭാര്യ അവളുടെ കഥ തുടങ്ങി. പണ്ട് ഇതുപോലെ യാത്ര പോയപ്പോൾ അവളുടെ ട്രെയിൻ പന്ത്രണ്ട് മണിക്കൂർ പിടിച്ചിട്ടുവത്രെ. ആ വല്യപ്പനാണോ ഇവളാണോ യഥാർത്ഥ ചാത്തൻ. വെറുതെയിരിക്കുന്നവന്റെ മുന്നിൽ എല്ലാം കഥകളാണ്. എനിക്കുമുന്നിലിരുന്ന ഭർത്താവ് അയാളുടെ അടുത്തിരിക്കുന്ന ആളോട് സ്വന്തം കഥ തുടങ്ങി. പുള്ളിക്കാരൻ അന്റാർട്ടിക്കയിൽ ഐസിൽ പൂക്കളമിട്ട ടീമിലുണ്ടായിരുന്ന സയന്റിസ്റ്റ് ആണത്രേ. ആ വീഡിയോ ഭയങ്കര വൈറൽ ആയിരുന്നുതാനും. ആണോ, ആയിരിക്കണം. ഞാൻ കണ്ടിട്ടില്ല. ഒന്ന് കണ്ടുനോക്കാം. ഇന്റർനെറ്റിൽ പരതിയപ്പോൾ ജാക്കറ്റും മുഖംമൂടിയുമിട്ട കുറേപ്പേർചേർന്ന് ചുറ്റികകൊണ്ട് ഐസിൽ പൂക്കളം വരയ്ക്കുന്ന വീഡിയോ കണ്ടു. അതിലൊരാൾ എന്റെ മുന്നിലിരിക്കുന്ന ആളാണോ, എന്തെല്ലാം അത്ഭുദങ്ങളാണല്ലേ ഈ ലോകത്ത്. പുള്ളിയുടെ കഥ കേട്ടിരിക്കുന്ന മറ്റേയാൾ അല്പംമുൻപേ തൊട്ടപ്പുറത്തെ വേറൊരു സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അയാൾ അവിടെയിരുന്ന് ഭക്ഷണംകഴിച്ച് ആ ടേബിളിൽ എച്ചിലാക്കി,പിന്നെ ടേബിൾ താഴ്ത്തിയിട്ട്, എച്ചിൽ തുടക്കാൻ മടിച്ച്, ഇട്ടിരുന്ന ഷൂസുകൊണ്ട് ചവിട്ടിത്തുടച്ചാണ് കുറച്ചുമുന്നേ അവിടുന്ന് എണീറ്റത്. ഇപ്പോൾ ആ സീറ്റിൽ രണ്ട് പെൺകുട്ടികളിരിപ്പുണ്ട്, അവരറിയുന്നുണ്ടോ ഈ മാന്യനാണ് അവിടം വൃത്തികേടാക്കിയിട്ട് എണീറ്റുപോയതെന്ന്. എന്തെല്ലാം കാര്യങ്ങൾ നമ്മൾ അറിയുന്നേയില്ല. ഇപ്പോൾത്തന്നെ ഞാനീ പറയുന്ന കാര്യങ്ങളൊക്കെ വായിക്കുമ്പോളാണ് ഭാര്യ അറിയുന്നതുതന്നെ. നമ്മളെല്ലാം ഇവിടെയുണ്ട്, പക്ഷേ ഇവിടെയെങ്ങുമില്ലതാനും. യാത്ര തുടരുകയാണ്, കമ്പാർട്മെന്റിലുള്ള എല്ലാവരും സ്വയം സൃഷ്‌ടിച്ച തുരുത്തുകളിൽ ഒതുങ്ങുന്നു. പുറത്ത് ആരെയോ പ്രതീക്ഷിച്ച് കാഴ്ചകൾ പിന്നോട്ടോടുന്നു.