ഞങ്ങടെ ട്രെയിൻ കമ്പാർട്മെന്റ് തേർഡ് ഏസി ഇക്കോണമി ആയിരുന്നു, സാധാ തേർഡ് ഏസിയേക്കാൾ കുറച്ചുകൂടി അടുത്തടുത്ത സീറ്റുകൾ, കൂടുതൽ കൺജെഷൻ, സീറ്റിനൊക്കെ വേറേ നിറം. ഞങ്ങടെ സീറ്റ് പുതുക്കിപ്പണിതപ്പോ കുഷ്യൻ ഇടാതെ കവർ മാത്രം ഇട്ട് അടച്ചതാണോ എന്നൊരു സംശയം,തടിയിലിരിക്കുന്നപോലെയുണ്ട്.
യാത്ര തുടങ്ങി കുറച്ചുനേരമായപ്പോഴേക്കും വിരസമായിത്തുടങ്ങി, അവൾ ഫോണിലും ഞാൻ വെളിയിലേക്കും നോക്കിയിരുന്നു. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അവിടെയുള്ള ഒരു കടയിലെ ജീവനക്കാരനിൽ കണ്ണുകൾ ചെന്നുപതിച്ചു. അയാൾ ഹെഡ്സെറ്റ് ഒക്കെ വച്ച് ഫോണിൽനോക്കി ആരോടോ സംസാരിക്കുകയാണ്, ഭയങ്കരമായി ചിരിച്ച് നന്നായി ആസ്വദിച്ചുള്ള അയാളുടെ സംസാരത്തിന്റെ ആംഗ്യവിക്ഷേപങ്ങൾ മാത്രമേ കാണൂ, ശബ്ദം കേൾക്കില്ല. അയാളുടെ ഫോണിന്റെ മറുതലയ്ക്കൽ ഏറ്റവുമടുത്ത കൂട്ടുകാരനായിരിക്കുമെന്ന് ഞാൻ ആലോചിച്ചു, അത്രയും സന്തോഷത്തിൽ സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും സംസാരിക്കാൻ വഴിയില്ല.
അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭാര്യയും ഭർത്താവും അവരുടെ മകളുംകൂടി ഞങ്ങളുടെ എതിർവശത്ത് വന്നു. ഞാൻ അയാളുടെ ഭാര്യയെയും അയാൾ എന്റെ ഭാര്യയെയും നോക്കി, ഭാര്യമാരും അങ്ങനെതന്നെ ഭർത്താക്കന്മാരെ നോക്കി. പരസ്പരമൊരു വിലയിരുത്തൽ മനസ്സിൽ വരുത്തി ഞങ്ങൾ സീറ്റുമായി അഡ്ജസ്റ്റാവാൻ ശ്രമിച്ചു. കൂടെയുള്ള കുട്ടിയെ കണ്ടപ്പോൾ കുഞ്ഞിനെ മിസ്സ് ചെയ്തു, കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ അവൾക്കുമൊരു കമ്പനി ആയേനെയല്ലോ എന്ന് വെറുതേ ഓർത്തു, നോക്കുമ്പോ ഭാര്യയും ഏകദേശം അങ്ങനെയൊരു ചിന്തയിലായിരുന്നു.
അൽപനേരം കഴിഞ്ഞപ്പോൾ എല്ലാ സീറ്റിലും ആളുകൾ നിറഞ്ഞു, മൊത്തത്തിലൊരു സഫോക്കേഷൻ തോന്നിത്തുടങ്ങി. ഇടയ്ക്കുവച്ച് വലിയ പ്രശസ്തനല്ലാത്ത ഒരു സിനിമാനടൻ പ്ലസ് യൂട്യൂബർ നടന്നുപോകുന്നത് മിന്നായംപോലെ ഞാൻ കണ്ടു, പിന്നെ അയാൾ ആരാണെന്ന് കണ്ടുപിടിക്കാൻ ഞാനും ഭാര്യയുംകൂടി കൂലംകഷമായി ഇന്റർനെറ്റിൽ പരതി, ഒടുവിൽ 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയിലെ ഒരു കഥാപാത്രമാണെന്ന് കണ്ടെത്തി.
ഇത്തിരിക്കഴിഞ്ഞപ്പോൾ ട്രെയിൻ പിടിച്ചിട്ടു, കുറേ പോലീസുകാരൊക്കെ വെളിയിൽകൂടി നടക്കുന്നത് കണ്ടു. എവിടുന്നോ ഒരു വല്യപ്പൻ വന്ന് ഞങ്ങടെ കമ്പാർട്മെന്റിൽ നിന്ന് ഒരു നാടകാചാര്യനെപ്പോലെ എല്ലാരോടുമായി പറഞ്ഞു - ഈ ട്രെയിൻ അല്പംമുൻപേ ആരെയോ തട്ടി, ആൾ മരിച്ചു. വിവരണം അല്പം കടന്നുപോകുന്നില്ലേ എന്ന് തോന്നിയപ്പോഴേക്കും അയാൾ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു, അയാൾ തുടർന്നു - നോക്കാൻ പറ്റില്ല, രണ്ട് പകുതിയായി. അയാൾ പിന്നെ പറഞ്ഞതുകൂടി പറഞ്ഞാൽ ഞാനും അയാളെപ്പോലെതന്നെയൊരു നാടകാചാര്യനാവും, അതുകൊണ്ട് ആ രംഗം ഇവിടെ അവസാനിപ്പിക്കുന്നു.
ദുരന്തം തീർന്നു എന്ന് കരുതുമ്പോൾ ഭാര്യ അവളുടെ കഥ തുടങ്ങി. പണ്ട് ഇതുപോലെ യാത്ര പോയപ്പോൾ അവളുടെ ട്രെയിൻ പന്ത്രണ്ട് മണിക്കൂർ പിടിച്ചിട്ടുവത്രെ. ആ വല്യപ്പനാണോ ഇവളാണോ യഥാർത്ഥ ചാത്തൻ. വെറുതെയിരിക്കുന്നവന്റെ മുന്നിൽ എല്ലാം കഥകളാണ്. എനിക്കുമുന്നിലിരുന്ന ഭർത്താവ് അയാളുടെ അടുത്തിരിക്കുന്ന ആളോട് സ്വന്തം കഥ തുടങ്ങി. പുള്ളിക്കാരൻ അന്റാർട്ടിക്കയിൽ ഐസിൽ പൂക്കളമിട്ട ടീമിലുണ്ടായിരുന്ന സയന്റിസ്റ്റ് ആണത്രേ. ആ വീഡിയോ ഭയങ്കര വൈറൽ ആയിരുന്നുതാനും. ആണോ, ആയിരിക്കണം. ഞാൻ കണ്ടിട്ടില്ല. ഒന്ന് കണ്ടുനോക്കാം. ഇന്റർനെറ്റിൽ പരതിയപ്പോൾ ജാക്കറ്റും മുഖംമൂടിയുമിട്ട കുറേപ്പേർചേർന്ന് ചുറ്റികകൊണ്ട് ഐസിൽ പൂക്കളം വരയ്ക്കുന്ന വീഡിയോ കണ്ടു. അതിലൊരാൾ എന്റെ മുന്നിലിരിക്കുന്ന ആളാണോ, എന്തെല്ലാം അത്ഭുദങ്ങളാണല്ലേ ഈ ലോകത്ത്. പുള്ളിയുടെ കഥ കേട്ടിരിക്കുന്ന മറ്റേയാൾ അല്പംമുൻപേ തൊട്ടപ്പുറത്തെ വേറൊരു സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അയാൾ അവിടെയിരുന്ന് ഭക്ഷണംകഴിച്ച് ആ ടേബിളിൽ എച്ചിലാക്കി,പിന്നെ ടേബിൾ താഴ്ത്തിയിട്ട്, എച്ചിൽ തുടക്കാൻ മടിച്ച്, ഇട്ടിരുന്ന ഷൂസുകൊണ്ട് ചവിട്ടിത്തുടച്ചാണ് കുറച്ചുമുന്നേ അവിടുന്ന് എണീറ്റത്. ഇപ്പോൾ ആ സീറ്റിൽ രണ്ട് പെൺകുട്ടികളിരിപ്പുണ്ട്, അവരറിയുന്നുണ്ടോ ഈ മാന്യനാണ് അവിടം വൃത്തികേടാക്കിയിട്ട് എണീറ്റുപോയതെന്ന്. എന്തെല്ലാം കാര്യങ്ങൾ നമ്മൾ അറിയുന്നേയില്ല. ഇപ്പോൾത്തന്നെ ഞാനീ പറയുന്ന കാര്യങ്ങളൊക്കെ വായിക്കുമ്പോളാണ് ഭാര്യ അറിയുന്നതുതന്നെ. നമ്മളെല്ലാം ഇവിടെയുണ്ട്, പക്ഷേ ഇവിടെയെങ്ങുമില്ലതാനും. യാത്ര തുടരുകയാണ്, കമ്പാർട്മെന്റിലുള്ള എല്ലാവരും സ്വയം സൃഷ്‌ടിച്ച തുരുത്തുകളിൽ ഒതുങ്ങുന്നു. പുറത്ത് ആരെയോ പ്രതീക്ഷിച്ച് കാഴ്ചകൾ പിന്നോട്ടോടുന്നു.
No comments:
Post a Comment