നമ്മൾ പരിചയപ്പെട്ടിട്ട് പതിനൊന്നു കൊല്ലവും (പന്ത്രണ്ടാണോ) കല്യാണം കഴിഞ്ഞിട്ട് ഏഴുകൊല്ലവും ആയി എന്ന ആ സത്യം വളരെ അവിശ്വസനീയതയോടെ ഞാനൊന്ന് ഓർത്തുപോയി. അടുത്തയാഴ്ച നമ്മുടെ വിവാഹവാർഷികമാണല്ലോ, അത് അടുത്തയാഴ്ച ഞാൻ മറക്കുമെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോഴേ എഴുതിവക്കുന്നത്. എങ്ങനെയുണ്ടായി നമ്മുടെ ഇതുവരെയുള്ള യാത്ര എന്ന് ചോദിക്കുന്നില്ല, എനിക്കുതന്നെ അറിയാം. തുടക്കം, എന്നുവച്ചാൽ കല്യാണത്തിനുമുൻപ്, പറ്റാവുന്ന എല്ലാ വാഗ്ദാനങ്ങളുംതന്ന്, പരമാവധി നല്ലവനായി അഭിനയിച്ച് എല്ലാരേയുംപോലെ ഞാനും വിലസി. കല്യാണംകഴിഞ്ഞല്ലേ നീ പെട്ടത്, ഇഷ്ടപ്പെട്ട് കെട്ടിയതുകൊണ്ട് ഒഴിവാക്കാനുംവയ്യ, ചൊറിഞ്ഞ സ്വഭാവം കാരണം കൂടാനും വയ്യ എന്ന അവസ്ഥ. എന്റെ എത്രയെത്ര മൂഡ്സ്വിങ്സ് നീ സഹിച്ചിരിക്കുന്നു, സ്വിച്ച് ഇട്ടപോലെയാണ് ഞാൻ,എന്നെ വിശ്വസിക്കാനേ പറ്റില്ല എന്ന് എത്രതവണ നീ പറഞ്ഞിരിക്കുന്നു. എന്നിട്ടും കടിച്ചുപിടിച്ച് നമ്മൾ ഇവിടെവരെ എത്തി എന്നതിന് മുഴുവൻ ക്രെഡിറ്റും നീ എടുത്തോ (ക്രെഡിറ്റ് എനിക്ക് വേണ്ടാട്ടോ, ചിരിക്കല്ലേ അപ്പുക്കുട്ടാ ).
എന്തൊക്കെ ഈ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചു, ചെന്നൈയിലെ ആ ചെറിയ വീട്ടിൽ നമ്മൾ കുഞ്ഞുകുഞ്ഞു സാധനങ്ങൾ (ഫ്രിഡ്ജ്, ഏസി) സ്വരുക്കൂട്ടി, കാണാൻ പറ്റുന്ന എല്ലാ സിനിമകളും കണ്ടു, എത്രയെത്ര ഷെയർ ഓട്ടോകളിൽ യാത്രചെയ്തു, പറ്റാവുന്ന എല്ലാ ആഴ്ചയിലും നാട്ടിൽ പോയിവന്നു, പിന്നീട് ചെന്നൈയിൽനിന്ന് എന്റെ സ്വന്തം കേരളത്തിലേക്കുവന്നു (എന്നാലെങ്കിലും മനസമാധാനം ഉണ്ടാവുമെന്ന് കരുതിയ നിനക്ക് തെറ്റി), കമ്പനിപ്പടിയിലെ വീട് നീയും ചേച്ചിയുംകൂടെ പോയി കണ്ടു , അവിടെ നമ്മൾ സന്തോഷത്തോടെ താമസം തുടങ്ങി, ആ ടെറസിൽ എന്തെല്ലാം കൃഷി പരീക്ഷണങ്ങൾ നമ്മൾ നടത്തി, എത്രയെത്ര രാത്രികളിൽ ആ വീട്ടിൽ ചൂടെടുത്ത് പുഴുങ്ങിയിരുന്നു, നിന്റെ ഒറ്റയാളുടെ മിടുക്കുകൊണ്ട് (നിർബന്ധംകൊണ്ട്) കാർ വാങ്ങി, നമുക്കൊരു അമിട്ടുകുട്ടൻ ഉണ്ടായി (സായു), നമ്മൾ താമസസ്ഥലം മാറി പുതിയ വീട്ടിലെത്തി, ഗോവക്ക് പോയി, ആദ്യമായി കുഞ്ഞിനെ മൊട്ടയടിച്ചു, സായുനെ ഡേകെയറിൽ വിട്ടു, വിയറ്റ്നാമും കമ്പോടിയയും കണ്ടു, നിനക്ക് നിന്റെ അമ്മയെ നഷ്ടപ്പെട്ടു, അങ്ങനെ മറക്കാനാവാത്ത എന്തെല്ലാം. പിന്നെയും നമ്മൾ യാത്രകൾ പോയി (നമ്മൾ മലേഷ്യ യും സിങ്കപ്പൂരും നീ സ്വിറ്റ്സർലൻഡും), പിന്നെയുമെത്രയോ സിനിമകൾ കണ്ടു, സായുന് പുതിയ ഡേകെയർ കണ്ടെത്തി, എന്റെ ഹെർണിയ സർജറി (അതുകാരണം നാലിരട്ടിയായ മൂഡ്സ്വിങ്സ്), സായുവുമൊത്തുള്ള നിന്റെ ഡാൻസ് പഠിത്തം, കുഞ്ഞിന് വീണ്ടും കണ്ടെത്തിയ പുതിയ സ്കൂൾ, അച്ഛന്റെ ആഞ്ജിയോപ്ലാസ്റ്റി(അതുകൂടി ആലോചിച്ചുള്ള എന്റെ ടെൻഷനുകൾ), ക്ഷയിക്കുന്ന എന്റെ മനസ്സും ശരീരവും, ഇതിന്റെയെല്ലാമിടയിൽ ഡയറ്റ് നോക്കി വണ്ണംവക്കുന്ന നിന്റെ ശരീരം ( ഇപ്പോ ഇതിവിടെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന നിന്റെ സംശയം), വന്നുവന്ന് കലപിലാ സംസാരിച്ച് നമ്മളെ ഉപദേശിക്കാറായ ഇമ്മിണിസായു, നമ്മുടെ ആന്റമാൻ യാത്ര, അങ്ങനെ എന്തെല്ലാം. ഇനിയും നമ്മൾ ഒരുപാട് മുന്നോട്ട് പോകുമോ, പോയാൽ എന്നെ സഹിച്ചുസഹിച്ച് നീ പാടുപെടുമല്ലോ. അവധിദിവസങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന, മുപ്പത്തിമൂന്നിൽത്തന്നെ വയസ്സനെപോലെയായ ഈ ഭർത്താവിനെ ഇനിയും സഹിക്കാൻ പറ്റുമോ എന്റെ തിമ്മന്.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് നീ നേരിട്ടുകഴിഞ്ഞു ( അമ്മയുടെ മരണം ). എന്നിട്ടും നീ ഇന്നിൽ ജീവിക്കാൻ ശ്രമിക്കുന്നു (എന്റെ നേർവിപരീതം ), ഇടക്ക് ഞങ്ങൾ ശ്രദ്ധിക്കാത്തപ്പോൾമാത്രം സ്വകാര്യമായി പതറുന്നു, എന്നെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കുന്നു. എന്റെ എല്ലാ കുറവുകളിലും പ്രചോദനംതന്ന് കൂടെനിൽക്കുന്നു, കുഞ്ഞിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. ശരിക്കും എന്നെപ്പോലെ ഒരാൾതന്നെയായിരുന്നു നീയുമെങ്കിൽ നമ്മുടെ കുഞ്ഞിന്റെ ജീവിതം എത്രമാത്രം ബോറായിപ്പോയേനെ, എന്റെയും. ഞാൻ മാറാൻ ശ്രമിക്കാം ( പണ്ട് തന്നിട്ടുള്ളപോലെതന്നെ വെറും വാഗ്ദാനം). നിന്നെപ്പോലൊരു കട്ടപ്പ കൂടെയുണ്ട് എന്നുള്ളതാണ് എന്റെയും സായുവിന്റെയും ഭാഗ്യം.
വീ ലവ് യു ചീതു.
പിൻകുറിപ്പ് : എന്റെ പ്രിയപ്പെട്ട ഭാര്യ ശ്രീഥുവിന് ഞാൻ എഴുതിയ വിവാഹവാർഷിക കത്ത്. ഏകദേശം പത്തുകൊല്ലംമുന്നെയാണ് ഇതിനുമുൻപ് ഞാൻ ഇതുപോലൊരു കത്തെഴുതിയത്, അന്ന് അവളെ വീഴ്ത്താൻ, ഇന്ന് കൂടെത്തന്നെ നിർത്താൻ.
No comments:
Post a Comment