Monday, 27 October 2025

ചെന്നൈ പാസം

ഞാനും ഭാര്യയും (ശ്രീഥു) ആദ്യമായി കണ്ടുമുട്ടിയ ഞങ്ങടെ ചെന്നൈയിൽ ഒൻപതുകൊല്ലത്തെ ഇടവേളക്കുശേഷം ഞങ്ങൾ വീണ്ടുമെത്തി. ഇത്തവണ ഞങ്ങടെ കൂടെ ഞങ്ങടെ കുഞ്ഞ്,ചിമിട്ട്സായുവും ഉണ്ട്. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നടന്നുതുടങ്ങിയതുമുതൽ ഞാനും അവളും സായുവിനോട് പറഞ്ഞുതുടങ്ങി, ഇവിടെവച്ചാണ് അച്ഛനും അമ്മയും ആദ്യം കണ്ടത്, ഇവിടുന്ന് അങ്ങോട്ടുപോയാൽ വേറൊരു ട്രെയിൻ കയറി ആ സ്ഥലത്തോട്ട് പോകാം, അങ്ങോട്ടുപോകാം ഇങ്ങോട്ടുപോകാം എന്നൊക്കെ. സായു എല്ലാം മനസ്സിലായപോലെ ഒരു കുട്ടിബാഗും പുറത്തിട്ട്, കഴുത്തിലൊരു കുട്ടിഫാനും തൂക്കി തലയാട്ടി കൂടെ നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോ തുടങ്ങി എടുക്കണമെന്നുപറഞ്ഞുള്ള ബഹളം, അങ്ങനെ വേതാളം തോളത്തുകയറി സുഖയാത്രതുടങ്ങി. 
അധികം വൈകാതെ ഞങ്ങൾ താമസസ്ഥലത്തെത്തി, സായു ഭയങ്കര എക്‌സൈറ്റഡ് ആണ്, കട്ടിലിൽ ചാടിമറിഞ്ഞ് കുട്ടിക്കരണത്തിന്റെ പല വേർഷൻസ് പുറത്തെടുക്കുന്നു. ഓവറാക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു - താഴെ സ്കൂൾവണ്ടി വന്നിട്ടുണ്ട് കേറി പൊക്കോളാൻ, അച്ഛൻ വേണേൽ പൊക്കോ എന്നുപറഞ്ഞ് കുട്ടിമാക്കാൻ ചാട്ടം തുടർന്നു. കുറച്ചുകഴിഞ്ഞ് ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഞങ്ങൾ ഓട്ടോ പിടിച്ച് ലൊയോളാ കോളേജിലേക്ക് പോയി. ശ്രീഥു പഠിച്ചതും ഞങ്ങൾ പലതവണ കണ്ടുമുട്ടിയതുമായ ആ വലിയ കോമ്പൗണ്ടിൽ ഒരുപാട് നൊസ്റ്റാൾജിയയുമായി ഞങ്ങൾ നടന്നു. ഞങ്ങടെ കഥകളൊക്കെ കേട്ട് ബോറടിച്ച സായുവിന് പ്രധാനമായി അറിയേണ്ടത് ഇതാണ്, അന്ന് സായു എവിടെയാരുന്നു. സായുനെ കൂട്ടാതെ എന്തിനാണ് അച്ഛനും അമ്മയും ഇവിടെ കറങ്ങിനടന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂരമ്പുകളുമായി വന്ന കുട്ടിച്ചാത്തനെയുംകൊണ്ട് ഞങ്ങൾ പിന്നെ പോയത് പണ്ട് താമസിച്ച വീട്ടിലേക്കാണ്. ഇത്തിരിമാത്രം നടന്നിട്ട് പിന്നെയുള്ള ദൂരംമുഴുവൻ എന്റെ തോളത്തുകയറിയിരുന്ന് അവനങ്ങ് സുഖിച്ചു. കല്യാണംകഴിഞ്ഞ് ഞങ്ങൾ ഒന്നിച്ച് ആദ്യമായി താമസിച്ച വീട് സായുവിനെ പരിചയപ്പെടുത്തി. അവിടെ കുറേ പൂച്ചക്കുട്ടന്മാർ വരുമാരുന്നു എന്ന വിലയേറിയ പോയിന്റാണ് സായു പിടിച്ചെടുത്തത്. ആ പൂച്ചകൾ എവിടെ എന്നതാണ് കുന്നിക്കുരുവിന്റെ ഇപ്പോഴത്തെ ഡൗട്ട്. ആ വീടിന്റെ ഉടമസ്ഥയായ രാജം ആന്റി ഇപ്പോൾ അവിടെയല്ല താമസം, മകളുടെകൂടെ കുറച്ച് ദൂരെയെവിടെയോ ആണെന്ന് പഴയ കെയർടേക്കറിനെ വിളിച്ചപ്പോൾ മനസ്സിലായി. അന്നേ ഒരുപാട് വയസ്സുചെന്ന ഒരു അമ്മൂമ്മയായിരുന്നു രാജം ആന്റി, ഇന്നും അവർ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം തോന്നി, കാണാൻ കഴിയാത്തതിൽ അല്പം നിരാശയും. എന്നമാ, സൊല്ല് കണ്ണാ എന്നുള്ള അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായിരുന്നു. ഏതായാലും ഇനി ആന്റിയെ കാണാൻ കഴിയില്ല എന്ന് ഏകദേശം ഉറപ്പായി, ഇനി ഒരു വരവ് ഇങ്ങോട്ടേക്ക് ഉണ്ടാവുമോ, ആർക്കറിയാം. അവിടെ ഉണ്ടായിരുന്ന ആട്ടുകട്ടിൽ സായു കണ്ടുപിടിച്ചു. അതിലിരുന്ന് ഞങ്ങൾ കുറച്ചുനേരം ആടി. പണ്ട് ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ എത്രയോതവണ ഞാൻ അതിലിരുന്ന് ദിവാസ്വപ്നംകണ്ട് ആടിയിട്ടുണ്ട്.ഓർമ്മകൾ പലതും തിരിച്ചുവരുന്നു. അന്ന്, എങ്ങനേലും കേരളത്തിൽ പോയാൽമതി എന്നായിരുന്നു. ഇന്നോ, എങ്ങനേലും റാന്നിക്ക് പോയാൽമതിയെന്നും. അന്തമില്ലാത്ത ആഗ്രഹങ്ങൾ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നത് ഞാൻ തിരിച്ചറിയുന്നു.. വീണ്ടും അതേ ആട്ടുകട്ടിലിലിരുന്ന് ഞാൻ ചിന്തിക്കുകയാണ്, അതേ ആകാശം, അതേ ചുറ്റുവട്ടം. 

No comments:

Post a Comment