Monday, 27 October 2025

മരണവും മറവിയും

രാവിലെ എട്ടുമണിക്ക് പതിവില്ലാത്ത ഒരു കോളിങ്ബെൽ. അപ്പുറത്തെ ഫ്ലാറ്റിലെ അങ്കിളും ആന്റിയുമാണ്. അവിടുത്തെ അമ്മൂമ്മ ഇനിയില്ല എന്ന വാർത്ത അറിയിക്കാനാണ് അവർ വന്നത്. ഇതുവരെ കണ്ട എല്ലാ മരണങ്ങളുംപോലെ ഞെട്ടലിന്റെയും നിർവികാരതയുടെയും കൂടിച്ചേർന്ന ഭാവവുമായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അമ്മൂമ്മയുടെയും ഞങ്ങളുടെയും സ്വന്തം രവി അപ്പൂപ്പൻ അവിടെ അരികിൽത്തന്നെ ഇരിപ്പുണ്ട്. ഞാൻ ചെന്നപാടെ ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞെവിടെ എന്ന് അപ്പൂപ്പൻ ചോദിച്ചു. ഫ്ലാറ്റിൽ കുഞ്ഞിന്റെ ആദ്യത്തെ ബെസ്റ്റ്ഫ്രണ്ടാണ് അപ്പൂപ്പൻ, അപ്പൂപ്പന് അതിപ്പോഴും അങ്ങനെതന്നെ, കുഞ്ഞ് വളർന്ന് പുതിയ കൂട്ടുകാരെയൊക്കെ കണ്ടെത്തിയതുകൊണ്ട് അപ്പൂപ്പനോട് ഇപ്പോ അത്ര പ്രിയമില്ല. 
അമ്മൂമ്മ ഉറങ്ങുന്നപോലെ കിടക്കുകയാണ്. വായ തുറന്നിരിക്കുന്നു , മൊത്തത്തിൽ ശരീരം അല്പം നീരൊക്കെവച്ച് നാക്കൊക്കെ വെളുത്ത്, ഈ ശരീരത്തിൽ ഇനി ഞാനില്ല എന്ന് വിളിച്ചുപറയുന്നപോലെ കിടക്കുന്നു.  
ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവണം അമ്മൂമ്മയും, ഈ കാലത്തിനിടയ്ക്ക് സ്വന്തം ജീവിതംകൊണ്ട് എന്തൊക്കെ അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ടാവാം. എല്ലാം ഇതോടുകൂടി മണ്ണടിയുകയാണ്. 
എനിക്ക് ജോലിക്കുപോകാൻ സമയമായി. മര്യാദയുടെ പേരിൽ, സ്നേഹത്തിന്റെ പേരിൽ ഇന്ന് ലീവെടുത്ത് ഇവിടെ നിൽക്കണ്ടതാണ്, എങ്കിലും മനസ്സ് ചാഞ്ചാടുന്നു. തീർക്കാനുള്ള കുറെയേറെ കമ്മിറ്റ്മെന്റുകൾ തീർത്തിട്ടുവേണം സമാധാനമായി അടുത്തയാഴ്ച ടൂർ പോകാൻ. ഓരോ മൺതരിക്കും സ്വന്തം കാര്യമാണല്ലോ വലുത്. ലേറ്റായിട്ടേ വരൂ എന്ന് ഓഫീസിൽ അറിയിച്ചു. 
സ്ഥിരം മരണവീട്ടിലെ വാക്കുകൾ ഇവിടെയും പ്രതിധ്വനിച്ചുതുടങ്ങി - എത്രയോ നാളായി ഇങ്ങനെ വയ്യാതെ ഇരുന്ന് അനുഭവിക്കുന്നു, ഒരു കണക്കിന് നന്നായി, എന്നൊക്കെ.
അപ്പൂപ്പൻ വല്ലാതെ വിതുമ്പുന്നു. എത്ര വയ്യാതെ ആണെങ്കിലും ആൾ ജീവനോടെ അടുത്തുണ്ടല്ലോ എന്ന സമാധാനത്തിൽ ജീവിക്കുന്ന പങ്കാളിക്കുമാത്രം വലിയൊരു നഷ്ടമാണ് മരണം. 

കല്യാണം കഴിഞ്ഞിട്ട് അറുപതുവർഷമായി എന്നൊക്കെ അപ്പൂപ്പൻ പറയുന്നു, ആകെ തകർന്ന് കരയുന്നു. പ്രായമായവർ കരയുന്നത് കാണാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് അപ്പോൾ തോന്നി. അപ്പൂപ്പന്റെ സങ്കടംകണ്ട് കൂടെയുള്ള എല്ലാവരും കരയുന്നു. 

പത്രത്തിൽ ഫോട്ടോ കൊടുക്കണം, പ്രായവും മറ്റും ചേർക്കണം, പലരും പല തിരക്കിലാണ്. അമ്മയ്ക്ക് വയസ്സ് എൺപത്തിയാറല്ലേ എന്ന് ആരോ ചോദിക്കുമ്പോൾ അപ്പൂപ്പൻ പറയുന്നു - രാജുവിന്റെ ജനനത്തീയതി ഇരുപത്തിയെട്ട് ഒന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്. മറ്റ് പലതും ഓർത്തെടുക്കാൻ കഴിവില്ലാത്ത, അല്പം മുമ്പ് പറഞ്ഞ കാര്യങ്ങൾപോലും മറന്നുപോകുന്ന ആ അപ്പൂപ്പന്റെ മുഖത്തേക്ക് ഞാൻ അത്ഭുദത്തോടെ നോക്കി. ചിലതൊക്കെ അങ്ങനെയാണ്, പതിയുന്നത് ഓർമയിലല്ല, മനസ്സിലാണ്. 
അമ്മൂമ്മയെയും അപ്പൂപ്പനെയും ഇത്രദിവസം ശുശ്രൂഷിച്ച ഹോംനേഴ്സ്മാരും വീട്ടിൽ ജോലിക്കുനിന്നിരുന്ന ചേച്ചിയുമൊക്കെ അപ്പൂപ്പനെ ആശ്വസിപ്പിച്ച് കൂടെ ഇരിക്കുന്നു. ബന്ധുക്കളൊക്കെ വന്നുകൂടുന്നു. ഇത്രകാലത്തെ ജീവിതവും സ്നേഹവുംകൊണ്ട് അപ്പൂപ്പനും അമ്മൂമ്മയും നേടിയെടുത്ത പലരും വരിയായി വന്ന് കാണുന്നു. അപ്പൂപ്പന് പലരെയും മനസ്സിലാകുന്നില്ല, ഇപ്പൊ ആ മനസ്സിൽ ഒറ്റ മുഖം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. തമ്മിൽ കണ്ട ഈ ചുരുങ്ങിയ കാലങ്ങളിൽ സ്നേഹത്തോടെ നല്ലവാക്കുകൾപറഞ്ഞ അമ്മൂമ്മയ്ക്ക് മനസ്സാലെ ഞാൻ യാത്ര പറയുന്നു. കാണുമ്പോഴൊക്കെ ' വയ്യ മോനേ' എന്ന് നിസ്സഹായയായി പറഞ്ഞിരുന്ന അമ്മൂമ്മയ്ക്ക് ഇനി വേദനയില്ലാത്ത ലോകത്ത് സുഖമായിരിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. 

രാത്രി എട്ടുമണിക്ക് സംസ്കാരച്ചടങ്ങുകൾ എന്നറിഞ്ഞു. അപ്പൂപ്പന്റെ കുടുംബവീട്ടിലാണ് ചടങ്ങ്.
അവിടെ എത്തുമ്പോഴേക്കും സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായി. തെളിഞ്ഞുനിൽക്കുന്ന ഒരു വിളക്കിനടുത്ത് അമ്മൂമ്മ തറയിൽ ഉറങ്ങുന്നു. ചുറ്റും കുറച്ച് നെല്ലൊക്കെ കിടക്കുന്നു. വയസ്സുചെന്ന ആളുകളാണ് ചുറ്റും കൂടിയിരിക്കുന്നതിൽ ഭൂരിഭാഗവും. ഒന്നുരണ്ട് കൊച്ചുകുട്ടികൾ അവിടെയുമിവിടെയും ഓടിനടക്കുന്നുണ്ട്. പ്രായമായ കുറച്ച് ആണുങ്ങൾ ചേർന്ന് അമ്മൂമ്മയെ ദഹിപ്പിക്കാൻ എടുക്കുന്നു. ആ എടുത്തവർക്കെല്ലാം നടക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. ചെറുപ്പക്കാരൊക്കെ എവിടെ എന്ന് ഞാൻ ചിന്തിച്ചു. അടുത്ത തലമുറയെല്ലാം വിദേശത്തായതുകൊണ്ടാണോ അതോ ഇവിടുത്തെ രീതി ഇങ്ങനെയാണോ എന്നൊക്കെയായി എന്റെ പല ചിന്തകൾ. 
ചിതയിൽ വച്ച് കൊളുത്തിയശേഷം ഒരു ബ്ളോവർവച്ച് ചിത ആളിക്കത്തിക്കുന്നുണ്ടായിരുന്നു. പ്രായമായ അമ്മാവന്മാർ കർമങ്ങൾ ചെയ്യാൻ ആ ചിതയ്ക്കുചുറ്റും ഒരുപാട് ബുദ്ധിമുട്ടി നടക്കുന്നു. ഒന്നാമത് അവർക്കൊക്കെ നടക്കാൻ വയ്യാത്തവരാണ്, രണ്ടാമത് ചിത ബ്ളോവർവച്ച് ആളിക്കത്തിക്കുന്നത്കാരണം ആകെ പടർന്നുവീശുന്നു. എനിക്കെന്തോ ആ രംഗം കണ്ടപ്പോൾ വല്ലാത്ത അപകടംപോലെ തോന്നി. എന്തോ ഭാഗ്യംകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. 
അകത്ത്, ഇത്രനേരം അമ്മൂമ്മയെ കിടത്തിയ തറയൊക്കെ അടിച്ചുവാരുന്നു. ഒരുപാട് നെൻമണികൾ തൂത്തുകൂട്ടിയെടുക്കുന്നു, പണ്ട് ഇവരൊക്കെ എന്തോരം നെല്ലുകുത്തിയിട്ടുണ്ടാവും. 
അല്പസമയത്തിനുള്ളിൽ ആ തറയൊക്കെ മുഴുവൻ വൃത്തിയായി. ആളുകൾ വന്നവഴിയേ തിരിച്ചുനടന്നുതുടങ്ങി. വീഴാൻപോയവഴി ഒരു അമ്മൂമ്മ കയറിപ്പിടിച്ചത് കോളിങ്ബെല്ലിൽ, ഒരുനിമിഷത്തേക്ക് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പാളുന്നു. പിന്നെ വീണ്ടും പഴയപോലെ, കുറച്ചുപേർ മരിച്ച അമ്മൂമ്മയെ സ്മരിക്കുന്നു, കുറച്ചുപേർ സ്വന്തം കാര്യങ്ങളും മക്കടെ കാര്യങ്ങളുമൊക്കെ പറയുന്നു, അകത്തൊരു മുറിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പയ്യൻ ഫോണിൽ കളിക്കുന്നു, കല്യാണംകഴിഞ്ഞ് അറുപതുവയസ്സായ കാര്യം അപ്പൂപ്പൻ മാറ്റാരോടോ പറയുന്നു, അങ്ങനെയങ്ങനെ എല്ലാവരുടെയും ലോകം പതിയെ മുന്നോട്ടുതന്നെ നീങ്ങുന്നു. 

പിൻകുറിപ്പ് : അപ്പൂപ്പൻ തിരികെ ഫ്ലാറ്റിൽ ഞങ്ങടെ തൊട്ടപ്പുറത്തെ അതേ വീട്ടിൽ വന്നു. അപ്പൂപ്പനിപ്പോൾ മിക്കവാറുമൊക്കെ ടീവിയിൽ വെറുതേ കണ്ണുനട്ടിരിക്കുന്നതാണ് കാണുന്നത്. മറവി അപ്പൂപ്പനെ വല്ലാതെയങ്ങ് ബാധിച്ചിട്ടുണ്ട്. ഒരുകണക്കിന് അത് നന്നായി, ഇല്ലെങ്കിൽ ഓർമ്മകൾ വെറുതേ നോവിക്കുമല്ലോ. 

No comments:

Post a Comment