Friday, 2 May 2025

അപൂർവ സംഭാഷണം

തകർത്തുപെയ്യുന്ന മഴ പമ്പയാറ്റിൽ വെള്ളവുമായി ചേർന്ന് തുള്ളിക്കളിക്കുന്ന കാഴ്ച അല്പം ഉയരത്തിലുള്ള ഒരു കെട്ടിടത്തിലിരുന്ന് കൊതിയോടെ നോക്കുകയായിരുന്നു. ആകാശത്തിന് കടും ചാരനിറം, കാറ്റടിച്ച് കടുംപച്ച നിറത്തിൽ ഇലകൾ ആട്ടിക്കൊണ്ട് മരങ്ങൾ ചുറ്റും, ആകെയൊരു തണുപ്പ്. അതിഥികളുടെ തിരക്കൊക്കെ ഒഴിഞ്ഞുതുടങ്ങി, സദ്യാലയം കാലിയാകുന്നു. അമ്മയുടെ റിട്ടയർമെന്റ് പ്രമാണിച്ചുള്ള വിരുന്നാണ്. ആദ്യം പൊരിവെയിലിൽ, പിന്നെ മഴയിൽ വണ്ടികൾ നിയന്ത്രിച്ചുനിന്ന സെക്യൂരിറ്റിച്ചേട്ടൻ ഭക്ഷണത്തിനായി അകത്തേക്കു വരുകയാണ്. എന്റെ നിൽപ്പുകണ്ട് പുള്ളിയും ആറ്റിലേക്ക് അൽപനേരം നോക്കിനിന്നു. എന്നിട്ട് കുറച്ചുദൂരെ ആറിന്റെ നടുവിൽ കിടക്കുന്ന ഒരു തടിക്കക്ഷണം കാണിച്ച് പറഞ്ഞു, "ദാ ആ ഭാഗത്ത് ഇഷ്ടംപോലെ മീനുണ്ട്, ഒരുദിവസം ഞാനും കൂട്ടുകാരുംകൂടി കൊറേ വരാലിനെ പിടിച്ചിട്ടുണ്ട്, അന്ന് പോലീസ്‌കാർ ഓടിച്ച ഓട്ടം ഇതുവരെ മറന്നിട്ടില്ല, കോവിഡ് സമയമായിരുന്നു, ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ലാത്ത സമയം ". ഇത്രയും പറഞ്ഞ് പുള്ളിക്കാരൻ പുഴയിലേക്ക് നോക്കി നിന്നു. ഞാൻ പറഞ്ഞു " ആ പറഞ്ഞ തടിയുടെ അടുത്തുള്ള കടവിൽനിന്ന് പണ്ട് വെള്ളത്തിലോട്ട് എടുത്തുചാടുമായിരുന്നു ഞങ്ങൾ, അവിടെയൊക്കെ തോർത്തുംവച്ച് മീൻ പിടിച്ചിട്ടുമുണ്ട് ". ഓർമ്മകൾ പമ്പയുടെ ഓളങ്ങളിലേക്ക് ഊളിയിടുന്നു.ഒരു ബന്ധവും ഇല്ലാത്ത രണ്ടുപേർ ഏതോ കാലത്ത് അവർ കടന്നുപോയ ഒരേ വഴിയേപ്പറ്റി ആരുടെയോ പ്രേരണയാലെന്നപോലെ പരസ്പരം കഥകൾ കൈമാറുന്നു, ഇരുവരും മറ്റേയാളുടെ കഥ സ്വന്തം കഥയെന്നപോലെ മനസ്സുകൊണ്ട് കാണുന്നു. വഴക്കിടാത്ത മനുഷ്യനും മനുഷ്യനും തമ്മിലുള്ള അപൂർവ സംഭാഷണം. മുൻവിധിയൊന്നുമില്ലാതെ ഉള്ളുതുറന്ന് സംസാരിച്ചാൽ ഈ ലോകം എത്ര സുന്ദരം. 

1 comment: