74% of all the people in this world are good. But the issue is 78% of all the people think that others are bad - Human kind, a hopeful history - Rutger Bregman. Let us start believing that this world is a good place to be in.
Wednesday, 7 May 2025
യുദ്ധം
സമൂഹം എന്തെങ്കിലുമൊരു പുരോഗതിയിലേക്ക് പോകുമെന്ന് തോന്നുമ്പോൾ എവിടുന്നെങ്കിലുമൊരു യുദ്ധം വന്നുവിളിക്കും. ആരാണ് യുദ്ധത്തിന്റെ യഥാർത്ഥ സ്പോൺസർമാർ. ലോകത്തിന്റെ പല കോണുകളിൽ രാജ്യങ്ങൾ തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെയോ ചേർന്ന് ആ നെരിപ്പോട് സദാ അണയാതെ കത്തിച്ചുനിർത്തുന്നു. ഇതുകൊണ്ട് ആർക്കെന്ത് നേട്ടം. തീവ്രവാദികൾ പറയും അവർ ദൈവത്തിനുവേണ്ടി ചെയ്തുവെന്ന്, രാജ്യതലവന്മാർ പറയും ജനങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തുവെന്നും. ഇതിന്റെയെല്ലാമിടയിൽ എത്രയനവധി അഴിമതികൾ മുങ്ങിപ്പോകുന്നു, നീതി എത്രയോപേർക്ക് നിഷേധിക്കപ്പെടുന്നു. ലോകം എപ്പോഴും വലിയ ക്യാൻവാസിലുള്ള കാര്യങ്ങൾ കാണുമ്പോൾ ചെറിയ ജീവിതങ്ങൾ ആരുമറിയാതെ കെട്ടുപോകുന്നു. യുദ്ധം വരുമ്പോൾ നമ്മൾ ടീവിയിൽ ആവേശത്തോടെ വാർത്ത കാണും, അതിർത്തിക്കപ്പുറത്ത് മരിച്ചുവീഴുന്ന തലകൾ ഇപ്പുറത്ത് വീണതിനേക്കാൾ എണ്ണം കൂടുതൽ എന്നുകണ്ടാൽ സന്തോഷിക്കും. സ്കോർബോർഡ് നോക്കി കണക്കെടുത്ത് മറക്കുന്ന നമ്മൾ നിസാരമെന്ന് കരുതുന്ന, അതിർത്തി ഗ്രാമങ്ങളിലുള്ള സാധാരണക്കാരുടെ മരണങ്ങൾ, അത് സംഭവിച്ച കുടുംബങ്ങൾക്ക് എത്ര ആഘാതമായിരിക്കും ഏല്പിച്ചിട്ടുണ്ടാവുക. കണ്ണും കയ്യും നഷ്ടപ്പെട്ട് മൃതപ്രായരായ എത്രയോ ജന്മങ്ങൾ ഇനി ശിഷ്ട ജീവിതം നരകിച്ചുജീവിക്കണം. ലോകംമുഴുവൻ യുദ്ധവാർത്തകളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ തക്കംപാർത്ത എത്രയോ കഴുകന്മാർ മറ്റ് കൊള്ളരുതായ്മകൾ നമുക്കുചുറ്റും ചെയ്ത് സാഹചര്യത്തെ മുതലെടുക്കുന്നുണ്ടാവും. വലിയ വാർത്തയുടെ മറവിൽ എത്രയോ അഴിമതികൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകും, എത്രയെത്ര ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റും, എത്രയോപേർ എല്ലാം യുദ്ധം കാരണമെന്ന ന്യായംപറഞ്ഞ് സ്വന്തം കടമകളിൽനിന്ന് ഒഴിഞ്ഞുമാറും. മനുഷ്യപുരോഗതിക്ക് ഉപകാരമാവേണ്ട ഗവണ്മെന്റ് ഗ്രാന്റുകൾ വകമാറ്റി യുദ്ധത്തിലേക്ക് ചിലവഴിക്കേണ്ടിവരും, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം കുറയും, അതുമൂലം ജോലികൾ നഷ്ടപ്പെടും, സാമ്പത്തികമായി ഭൂരിഭാഗം ജനങ്ങൾ ഞെരുങ്ങും, വിലക്കയറ്റമുണ്ടാകും, ഭക്ഷ്യസുരക്ഷ താറുമാറാകും, ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി നെട്ടോട്ടമോടും,ദരിദ്രരിൽ ദരിദ്രർ മറ്റ് സഹായങ്ങൾ കിട്ടാതെ മരിക്കും, കയ്യൂക്കുള്ളവൻ അവിടെയും കാര്യക്കാരനാകും, നിയമസംവിധാനങ്ങൾ നിശ്ചലമാകും, എല്ലാവരുടെയും ശ്രദ്ധ യുദ്ധത്തിലേക്കുമാത്രമാകും. അനന്തരം ഒരുനാൾ യുദ്ധം തീർന്നതായി പ്രഖ്യാപിക്കും, അപ്പോഴേക്കും ഒരുപാടുപേർക്ക് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും. ശേഷം, യുദ്ധം നമുക്ക് അഭിമാനം നേടിത്തന്നു എന്നുപറഞ്ഞ് ഭരണ പാർട്ടിയും,യുദ്ധത്തിനിടക്ക് ആയുധങ്ങൾ വാങ്ങിയതിലെ അഴിമതി, കരാറുകളിലെ അഴിമതി എന്നൊക്കെപ്പറഞ്ഞ് എതിർ പാർട്ടികളും പലതരത്തിൽ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് തയ്യാറെടുക്കും. ഏതാനും ദിവസങ്ങൾക്കുശേഷം വാർത്തകളിൽനിന്ന് യുദ്ധം മായും, പിന്നെയും 'സിനിമാനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ' പോലുള്ള വാർത്തകൾ കടന്നുവരും. അയൽവാസി വേലിക്കല്ല് ഇളക്കിയെന്നുംപറഞ്ഞ് നമ്മൾ അയാളുടെ തലക്കടിച്ചു കൊല്ലും, ചോറ് മോഷ്ടിച്ചുവെന്നുപറഞ്ഞ് ദരിദ്രനാരായണനെ എറിഞ്ഞുകൊല്ലും, കടുകുമണിയുടെ വലിപ്പംപോലുമില്ലാത്ത കാര്യത്തിന് കൂടപ്പിറപ്പിനോട് പിണങ്ങും, വർഷങ്ങളോളം മിണ്ടാതിരിക്കും. ലോകം പിന്നെയും പതിയെ ചില്ലറ പിണക്കങ്ങളിലേക്കും ഇണക്കങ്ങളിലേക്കും പോകും, ഹരിത വിപ്ലവം വീണ്ടും വരും, കാലാവസ്ഥയെപ്പറ്റി ലോകം ഉൽകണ്ഠാകുലമാവും, വ്യാപാരങ്ങൾ പുനസ്ഥാപിക്കും, രാജ്യങ്ങൾ പുതിയ ധാരണകളിലെത്തും, സമാധാനം വീണ്ടും വരും. ഏറെനാൾ കഴിഞ്ഞ് വീണ്ടും 'സമാധാനം' ഉറങ്ങാൻ കിടക്കും,'യുദ്ധം' സ്വപ്നം കാണും, പിന്നെയത് പിന്നെയും യാഥാർഥ്യമാകും. ആയുധക്കച്ചവടം പിന്നെയും പൊടിപൊടിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment