Saturday, 30 August 2025

ഇനി എന്ത്

ഒരുപാടുകാലം നമ്മുടെ കൂടെ ഉണ്ടായിട്ട് പെട്ടെന്നൊരു ദിവസം നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലാതെ ആവുന്ന ചില സംഭവങ്ങൾ ജീവിതത്തിൽ നടക്കാറില്ലേ. അങ്ങനെയൊന്ന് ഇന്ന് സംഭവിച്ചു. 
ഇപ്പോൾ താമസിക്കുന്നതിന് തൊട്ടടുത്ത് റിലയൻസിന്റെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. ഞങ്ങൾ ഇവിടെ താമസം തുടങ്ങി അടുത്ത ആഴ്ചയായിരുന്നു അതിന്റെ ഉദ്ഘാടനം. പലപ്പോഴും അത്യാവശ്യ സാധനങ്ങളൊക്കെ ഞങ്ങൾ അവിടെ നിന്ന് വാങ്ങി. അഥവാ എന്തെങ്കിലും മറന്നുപോയാൽതന്നെ ഓടി അങ്ങോട്ട് ചെന്ന് വാങ്ങിവരാവുന്നത്ര അടുത്താണ് അത്.
ഇന്ന് പക്ഷേ അറിയുന്നു അത് എന്നെന്നേക്കുമായി അടയ്ക്കാൻ പോവുകയാണെന്ന്. അവർക്ക് ലാഭമില്ലാതെ വന്നതുകൊണ്ടാകുമോ അത് അടയ്ക്കുന്നത്. കാരണം അറിഞ്ഞേ പറ്റൂ, അതുകൊണ്ട് ഇന്ന് ഞങ്ങൾ അവിടെ കയറി. അവിടെ ഡ്യൂട്ടിയിലുള്ള സ്റ്റാഫിനോട് ബില്ലടയ്ക്കുന്ന സമയത്ത് ചോദിച്ചു എന്തിനാണ് ഈ സ്ഥാപനം അടച്ചു പൂട്ടാൻ പോകുന്നതെന്ന്. അപ്പോൾ അവർ പറഞ്ഞത് "ഇവരൊക്കെ ഒരുപാട് മുന്നേ ചിന്തിക്കുന്ന ആളുകളല്ലേ, ഇനി ഒരു നാലുവർഷത്തിൽ ആളുകളൊന്നും കടയിൽ വന്ന് സാധനങ്ങൾ വാങ്ങിയേക്കില്ല എന്ന് കരുതുന്നുണ്ടാവും, അതുകൊണ്ട് ഇങ്ങനെയുള്ള റീറ്റെയിൽ കടകളൊക്കെ നിർത്തി പൊതുവായി ഒരു വെയർഹൗസ് പോലെ തുടങ്ങാനാണ് പ്ലാൻ, എന്നിട്ട് ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർക്ക് അവിടെ നിന്ന് സാധനങ്ങൾ എത്തിച്ചുകൊടുക്കും." ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു അത്. 
ആർട്ടിഫിഷൽ ഇന്റലിജൻസ് ലോകം വാഴാൻ തുടങ്ങുന്ന ഈ സമയത്ത് ഇവിടെ പണിയെടുക്കുന്ന ആളുകളൊക്കെ ഇനി എങ്ങോട്ട് പോകുമെന്ന് ഞാൻ ചിന്തിച്ചു. അവരോട് ഞാൻ ചോദിക്കുകയും ചെയ്തു. ഇവരുടെ തന്നെ മറ്റേതോ സ്റ്റോറിലേക്ക് തൽക്കാലം മാറ്റുമെന്ന് അവർ മറുപടി പറഞ്ഞു. എത്ര അനിശ്ചിതത്വം നിറഞ്ഞതാണ് ഇവരുടെയൊക്കെ ജീവിതം. ഒരു സ്ഥിര ജോലി ഉള്ള ഞാനൊക്കെ വെറുതേ എത്രയോ ടെൻഷനടിച്ച് ജീവിക്കുന്നു, നാളെ എന്തെന്ന് അനിശ്ചിതത്വത്തിൽ കഴിയുന്ന ഇവരൊക്കെ എത്ര സമാധാനമായിട്ട് ഇതിനെ കൈകാര്യം ചെയ്യുന്നു. അവർ പറഞ്ഞ നാലുവർഷത്തിനു ശേഷമുള്ള ആ കാലത്തെപ്പറ്റി ഞാൻ ചിന്തിച്ചു. ശരിയായിരിക്കുമോ, നമ്മളാരും കടയിലൊന്നും പോകില്ലേ ഇനി. നാളെയെപറ്റി പോലും ചിന്തയില്ലാത്ത ആ സ്റ്റാഫ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, നാലു കൊല്ലത്തിനപ്പുറത്തെപ്പറ്റി ഓർത്ത് ഞാൻ ആകുലപ്പെടുന്നു, ഏത് അവസ്ഥയും പുതിയൊരു സാഹചര്യമെന്ന് കരുതി കോർപ്പറേറ്റ് കമ്പനി അവരുടെ അടവുകൾ മാറ്റി ചവിട്ടുന്നു, ആർക്കും ഒരു പിടിയും തരാതെ കാലവും ചിന്തകളും ഓടിക്കൊണ്ടേയിരിക്കുന്നു. 

Friday, 22 August 2025

ഈവ

പണ്ടെന്നോ അച്ഛനുമ്മമ്മയ്ക്കുമൊപ്പം പോയ ഒരുപാട് യാത്രകളിൽ ഒന്നായിരുന്നു കോന്നിയിൽ ആനക്കൂട് കാണാൻ പോയത്. അവിടെ അന്ന് ഏറ്റവും കുഞ്ഞ് ഈവ എന്ന ആനക്കുട്ടിയായിരുന്നു. പട്ടാഭിഷേകം സിനിമയിലെ ലക്ഷ്മിക്കുട്ടിയെപ്പോലെ തലയും ദേഹവും കുലുക്കി നല്ലപോലെ ആടിയാടി നിക്കുന്നൊരു ഓമനക്കുട്ടൻ, എല്ലാവരുടെയും കണ്ണിലുണ്ണി, ആ ആനക്കൂടിന്റെ പ്രധാന ആകർഷണം. 
വർഷങ്ങൾക്കുശേഷം ഇന്നലെ വീണ്ടും അവിടെ പോയി. കെട്ടിയിട്ടിരിക്കുന്ന പല ആനകളുടെ ഇടയിൽ ദാ ആ പേര് - 'ഈവ', ഇരുപത്തിമൂന്ന് വയസ്സ്. വല്ലാത്തൊരു നിരാശ മനസ്സിനെ പൊതിഞ്ഞു. ഈവയുടെ അടുത്തുപോയി കുറച്ചുനേരം നിന്നു. ആനകൾക്ക് ഭയങ്കര ഓർമയാണെന്ന് കേട്ടിട്ടുണ്ട്. എന്നെ ഓർമയുണ്ടാവുമോ എന്നൊക്കെ വെറുതേ ഒരു ചിന്തയിങ്ങനെ കടന്നുവന്നു. ഈവയുടെ കണ്ണിലൂടെ ഞാൻ എന്നെ കാണാൻ ശ്രമിച്ചു , പെട്ടന്നങ്ങോട്ട് മനസ്സിലാകുന്നില്ല, എങ്കിലും എന്തോ ഒരു പരിചയമൊക്കെ തോന്നുന്നുണ്ട്. കുറച്ച് നരയൊക്കെ വന്നിട്ടുണ്ട്, പറയത്തക്ക മാറ്റങ്ങളില്ല, എന്തൊക്കെയോ ചിന്തയിലാണ്, മനസ്സ് പകുതിയും ഓടിനടക്കുന്നു, പണ്ട് കാണുമ്പോ ഉള്ള അത്രയൊരു സന്തോഷമോ ഊർജമോ ഒന്നും ഇന്ന് ഇല്ലാത്തതുപോലെ, എന്റെ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇവന്. 
മുന്നിൽ കൂട്ടിയിട്ടിരുന്ന ഓല തുമ്പിക്കൈയ്യിലെടുത്ത് പ്രത്യേക രീതിയിൽ ചുരുട്ടി ഒരു അഭിവാദ്യം പറയുന്നപോലെ ഈവ നോക്കുന്നു. ഈ കഴിഞ്ഞുപോയ വർഷങ്ങളിൽ എത്രയോ ആളുകളെ കണ്ടിട്ടുണ്ടാവും ആ പാവം, ഇതേപോലെതന്നെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട്നിന്ന്. അതിനിടയ്ക്ക് വന്ന് കണ്ടുപോയവർ സ്വാതന്ത്ര്യത്തിന്റെ പല പടവുകൾ കടന്ന്, ജീവിതത്തിന്റെ പല അനുഭവങ്ങൾ കടന്ന് പിന്നെയും പലതവണ ഇതേ ചങ്ങലയിൽകിടക്കുന്ന മിണ്ടാപ്രാണിയെ വെറുതേ വന്ന് കണ്ടുപോയിട്ടുണ്ടാവും. ചിലപ്പോൾ ആ കണ്ടുപോയ എല്ലാവരെയും ഈ ജീവി തിരിച്ചറിയുന്നുണ്ടാവും.മനുഷ്യർക്കെങ്ങനെ ഇങ്ങനെയങ്ങ് മറക്കാനും ഒരു ദയയുമില്ലാതെ പെരുമാറാനും കഴിയുന്നുവെന്ന് ദുഖത്തോടെ ഈവ ഓർക്കുന്നുമുണ്ടാവും. കാടിന്റെ സ്പന്ദനമറിഞ്ഞ്, മണ്ണിനെ മെതിച്ച്‌ തിമിർത്തുനടക്കേണ്ട എത്രയോ മനോഹരദിനങ്ങൾ, വർഷങ്ങൾ, കൗമാരം യൗവനമെല്ലാം ഈ ചങ്ങലയിൽകിടന്ന് ജീവിച്ചുതീർക്കുന്നു പാവം. ഈവയ്ക്ക് ജീവിതം ഒരുപക്ഷേ നമ്മുടെപോലെ 
നൈമിഷികമായി തോന്നില്ലായിരിക്കും , എണ്ണിയാലും എണ്ണിയാലും തീരാത്തത്ര സംവത്സരങ്ങളായാവും തോന്നുക. ചുറ്റുമുള്ള ലോകം പാഞ്ഞുപോകുന്നതറിയാതെ ബന്ധനസ്ഥനായിങ്ങനെ ഇനിയുമെത്രനാൾ. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ.