വർഷങ്ങൾക്കുശേഷം ഇന്നലെ വീണ്ടും അവിടെ പോയി. കെട്ടിയിട്ടിരിക്കുന്ന പല ആനകളുടെ ഇടയിൽ ദാ ആ പേര് - 'ഈവ', ഇരുപത്തിമൂന്ന് വയസ്സ്. വല്ലാത്തൊരു നിരാശ മനസ്സിനെ പൊതിഞ്ഞു. ഈവയുടെ അടുത്തുപോയി കുറച്ചുനേരം നിന്നു. ആനകൾക്ക് ഭയങ്കര ഓർമയാണെന്ന് കേട്ടിട്ടുണ്ട്. എന്നെ ഓർമയുണ്ടാവുമോ എന്നൊക്കെ വെറുതേ ഒരു ചിന്തയിങ്ങനെ കടന്നുവന്നു. ഈവയുടെ കണ്ണിലൂടെ ഞാൻ എന്നെ കാണാൻ ശ്രമിച്ചു , പെട്ടന്നങ്ങോട്ട് മനസ്സിലാകുന്നില്ല, എങ്കിലും എന്തോ ഒരു പരിചയമൊക്കെ തോന്നുന്നുണ്ട്. കുറച്ച് നരയൊക്കെ വന്നിട്ടുണ്ട്, പറയത്തക്ക മാറ്റങ്ങളില്ല, എന്തൊക്കെയോ ചിന്തയിലാണ്, മനസ്സ് പകുതിയും ഓടിനടക്കുന്നു, പണ്ട് കാണുമ്പോ ഉള്ള അത്രയൊരു സന്തോഷമോ ഊർജമോ ഒന്നും ഇന്ന് ഇല്ലാത്തതുപോലെ, എന്റെ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇവന്.
മുന്നിൽ കൂട്ടിയിട്ടിരുന്ന ഓല തുമ്പിക്കൈയ്യിലെടുത്ത് പ്രത്യേക രീതിയിൽ ചുരുട്ടി ഒരു അഭിവാദ്യം പറയുന്നപോലെ ഈവ നോക്കുന്നു. ഈ കഴിഞ്ഞുപോയ വർഷങ്ങളിൽ എത്രയോ ആളുകളെ കണ്ടിട്ടുണ്ടാവും ആ പാവം, ഇതേപോലെതന്നെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട്നിന്ന്. അതിനിടയ്ക്ക് വന്ന് കണ്ടുപോയവർ സ്വാതന്ത്ര്യത്തിന്റെ പല പടവുകൾ കടന്ന്, ജീവിതത്തിന്റെ പല അനുഭവങ്ങൾ കടന്ന് പിന്നെയും പലതവണ ഇതേ ചങ്ങലയിൽകിടക്കുന്ന മിണ്ടാപ്രാണിയെ വെറുതേ വന്ന് കണ്ടുപോയിട്ടുണ്ടാവും. ചിലപ്പോൾ ആ കണ്ടുപോയ എല്ലാവരെയും ഈ ജീവി തിരിച്ചറിയുന്നുണ്ടാവും.മനുഷ്യർക്കെങ്ങനെ ഇങ്ങനെയങ്ങ് മറക്കാനും ഒരു ദയയുമില്ലാതെ പെരുമാറാനും കഴിയുന്നുവെന്ന് ദുഖത്തോടെ ഈവ ഓർക്കുന്നുമുണ്ടാവും. കാടിന്റെ സ്പന്ദനമറിഞ്ഞ്, മണ്ണിനെ മെതിച്ച് തിമിർത്തുനടക്കേണ്ട എത്രയോ മനോഹരദിനങ്ങൾ, വർഷങ്ങൾ, കൗമാരം യൗവനമെല്ലാം ഈ ചങ്ങലയിൽകിടന്ന് ജീവിച്ചുതീർക്കുന്നു പാവം. ഈവയ്ക്ക് ജീവിതം ഒരുപക്ഷേ നമ്മുടെപോലെ
നൈമിഷികമായി തോന്നില്ലായിരിക്കും , എണ്ണിയാലും എണ്ണിയാലും തീരാത്തത്ര സംവത്സരങ്ങളായാവും തോന്നുക. ചുറ്റുമുള്ള ലോകം പാഞ്ഞുപോകുന്നതറിയാതെ ബന്ധനസ്ഥനായിങ്ങനെ ഇനിയുമെത്രനാൾ. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനംതന്നെ പാരിൽ.
No comments:
Post a Comment