ഇപ്പോൾ താമസിക്കുന്നതിന് തൊട്ടടുത്ത് റിലയൻസിന്റെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. ഞങ്ങൾ ഇവിടെ താമസം തുടങ്ങി അടുത്ത ആഴ്ചയായിരുന്നു അതിന്റെ ഉദ്ഘാടനം. പലപ്പോഴും അത്യാവശ്യ സാധനങ്ങളൊക്കെ ഞങ്ങൾ അവിടെ നിന്ന് വാങ്ങി. അഥവാ എന്തെങ്കിലും മറന്നുപോയാൽതന്നെ ഓടി അങ്ങോട്ട് ചെന്ന് വാങ്ങിവരാവുന്നത്ര അടുത്താണ് അത്.
ഇന്ന് പക്ഷേ അറിയുന്നു അത് എന്നെന്നേക്കുമായി അടയ്ക്കാൻ പോവുകയാണെന്ന്. അവർക്ക് ലാഭമില്ലാതെ വന്നതുകൊണ്ടാകുമോ അത് അടയ്ക്കുന്നത്. കാരണം അറിഞ്ഞേ പറ്റൂ, അതുകൊണ്ട് ഇന്ന് ഞങ്ങൾ അവിടെ കയറി. അവിടെ ഡ്യൂട്ടിയിലുള്ള സ്റ്റാഫിനോട് ബില്ലടയ്ക്കുന്ന സമയത്ത് ചോദിച്ചു എന്തിനാണ് ഈ സ്ഥാപനം അടച്ചു പൂട്ടാൻ പോകുന്നതെന്ന്. അപ്പോൾ അവർ പറഞ്ഞത് "ഇവരൊക്കെ ഒരുപാട് മുന്നേ ചിന്തിക്കുന്ന ആളുകളല്ലേ, ഇനി ഒരു നാലുവർഷത്തിൽ ആളുകളൊന്നും കടയിൽ വന്ന് സാധനങ്ങൾ വാങ്ങിയേക്കില്ല എന്ന് കരുതുന്നുണ്ടാവും, അതുകൊണ്ട് ഇങ്ങനെയുള്ള റീറ്റെയിൽ കടകളൊക്കെ നിർത്തി പൊതുവായി ഒരു വെയർഹൗസ് പോലെ തുടങ്ങാനാണ് പ്ലാൻ, എന്നിട്ട് ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർക്ക് അവിടെ നിന്ന് സാധനങ്ങൾ എത്തിച്ചുകൊടുക്കും." ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു അത്.
ആർട്ടിഫിഷൽ ഇന്റലിജൻസ് ലോകം വാഴാൻ തുടങ്ങുന്ന ഈ സമയത്ത് ഇവിടെ പണിയെടുക്കുന്ന ആളുകളൊക്കെ ഇനി എങ്ങോട്ട് പോകുമെന്ന് ഞാൻ ചിന്തിച്ചു. അവരോട് ഞാൻ ചോദിക്കുകയും ചെയ്തു. ഇവരുടെ തന്നെ മറ്റേതോ സ്റ്റോറിലേക്ക് തൽക്കാലം മാറ്റുമെന്ന് അവർ മറുപടി പറഞ്ഞു. എത്ര അനിശ്ചിതത്വം നിറഞ്ഞതാണ് ഇവരുടെയൊക്കെ ജീവിതം. ഒരു സ്ഥിര ജോലി ഉള്ള ഞാനൊക്കെ വെറുതേ എത്രയോ ടെൻഷനടിച്ച് ജീവിക്കുന്നു, നാളെ എന്തെന്ന് അനിശ്ചിതത്വത്തിൽ കഴിയുന്ന ഇവരൊക്കെ എത്ര സമാധാനമായിട്ട് ഇതിനെ കൈകാര്യം ചെയ്യുന്നു. അവർ പറഞ്ഞ നാലുവർഷത്തിനു ശേഷമുള്ള ആ കാലത്തെപ്പറ്റി ഞാൻ ചിന്തിച്ചു. ശരിയായിരിക്കുമോ, നമ്മളാരും കടയിലൊന്നും പോകില്ലേ ഇനി. നാളെയെപറ്റി പോലും ചിന്തയില്ലാത്ത ആ സ്റ്റാഫ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, നാലു കൊല്ലത്തിനപ്പുറത്തെപ്പറ്റി ഓർത്ത് ഞാൻ ആകുലപ്പെടുന്നു, ഏത് അവസ്ഥയും പുതിയൊരു സാഹചര്യമെന്ന് കരുതി കോർപ്പറേറ്റ് കമ്പനി അവരുടെ അടവുകൾ മാറ്റി ചവിട്ടുന്നു, ആർക്കും ഒരു പിടിയും തരാതെ കാലവും ചിന്തകളും ഓടിക്കൊണ്ടേയിരിക്കുന്നു.
No comments:
Post a Comment