ഞാൻ അടുത്തമാസം ടൂർ പോകാൻ തീരുമാനിച്ചിരുന്നു, അത് ഓഫീസിൽ അറിയിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത് ഇനി കൊടുക്കുന്നില്ല, അടുത്ത ആഴ്ച ആക്ടിങ് വർക്ഷോപ്പിന് ചേരാൻ പൈസ കൊടുത്തിരുന്നു, അത് തിരികെ ചോദിക്കണം, ചുരുങ്ങിയ സമയംകൊണ്ട് എന്തെല്ലാം മാറിമറിയുന്നു ജീവിതത്തിൽ. അശുഭചിന്തകളൊക്കെ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു.
അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു ലോകം എത്രമാത്രം പേടിപ്പെടുത്തുന്നതാണ്. സ്വതേ മനസ്സ്മടുത്ത് ജീവിക്കുന്ന ഈ ലോകത്ത് അങ്ങനെയൊരു ആഘാതം കൂടി താങ്ങാൻവയ്യ.
കഴിഞ്ഞ ഒരാഴ്ചയായി ചാറ്റ് ജിപിടിയോട് പലരീതിയിൽ തിരിച്ചും മറിച്ചും ഞാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, വീട്ടിലെ ആകെയുള്ള സ്ഥലത്ത് എന്ത് ടൈപ്പ് കൃഷി ചെയ്താൽ എനിക്ക് ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ച് വീട്ടിൽത്തന്നെ ജീവിക്കാൻ കഴിയും എന്ന്. അപ്പോഴൊക്കെ ചാറ്റ് ജിപി ടി എന്നെ ഉപദേശിച്ചുനിർത്തുന്ന ഒരു വരിയുണ്ട് - നിനക്ക് 30 വയസ്സ് കഴിഞ്ഞിരിക്കുന്നു, ഒരു കുട്ടിയുണ്ട്,വയസ്സായിത്തുടങ്ങിയ അച്ഛനും അമ്മയും ഉണ്ട്, അതുകൊണ്ട് സ്ഥിരവരുമാനമുള്ള ഒരു ജോലി പെട്ടെന്ന്തന്നെ നിർത്തി കൃഷിയിലേക്ക് തിരിയാമെന്ന് കരുതിയാൽ അത് സാമ്പത്തികസ്ഥിരതയെ ബാധിക്കും, അതുപോലെതന്നെ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാൽ പാടുപെടും. ഇക്കഴിഞ്ഞ ഏതാനും മണിക്കൂറുകൾ കൊണ്ട്തന്നെ അതെനിക്ക് ബോധ്യമാകുന്നുണ്ട്. ഏതൊരു കുടുംബത്തിന്റെയും ജീവിതം ദുസ്സഹമാക്കാൻ ഒറ്റതവണത്തെ ആശുപത്രിവാസം മാത്രംമതി. വിദ്യാസമ്പന്നരായ, വരുമാനക്കാരായ അച്ഛനുമമ്മയും ആയതിനാൽ സ്വന്തം അവർക്ക് ഇൻഷുറൻസ് ഉണ്ട്, വലിയൊരു സാമ്പത്തിക ബാധ്യതയിൽനിന്നും അത് രക്ഷിക്കും. ചിന്തകൾ ഒരുപാടങ്ങ് കാട്കയറുമ്പോഴേക്കും വണ്ടി കോട്ടയം സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമിലെ ജനസാഗരത്തിനിടയിൽ സന്തോഷത്തോടെ തോളിൽ കൈയൊക്കെയിട്ട് ഉല്ലസിച്ച്നടക്കുന്ന ചെറുപ്പക്കാരെയൊക്കെ കണ്ടു, എത്ര മനോഹരമാണ് ആ കാലം, പ്രത്യേകിച്ച് വരുമാനക്കാരായ അച്ഛന്റെയും അമ്മയുടെയും മക്കളാവുമ്പോൾ. അല്ലലൊന്നുമില്ലാത്ത, സന്തോഷംമാത്രമുള്ള സമയം.
ആൾക്കൂട്ടത്തിനിടയിൽ പിന്നെയും പ്രായമായവരെയും വയ്യാത്തവരെയും അവരെ കൊണ്ട്നടക്കുന്ന ചെറുപ്പക്കാരെയുമൊക്കെ കണ്ടു, മുന്നേ ആലോചിച്ചതുപോലെതന്നെ പലരുടെയും ജീവിതം പലവിധത്തിൽ പല വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നു. കഷ്ടപ്പാട് നിറഞ്ഞ ചെറുപ്പകാലം അതിജീവിച്ച് വന്നവർ മനക്കരുത്തുള്ളവരും ജീവിതത്തെ നേരിടാൻ പഠിച്ചവരും ആയിത്തീരുന്നു. നേരെമറിച്ച്, ചെറുപ്പത്തിൽ സുഖം അറിഞ്ഞവരോ ജീവിതത്തിന്റെ ചെറിയ ചെറിയ താളപ്പിഴകളിൽപോലും പതറുന്നു, വലിയ ദുഖങ്ങളിൽ തകരുന്നു. ടഫ് ടൈംസ് ക്രിയേറ്റ് സ്ട്രോങ്ങ് പീപ്പിൾ, സ്ട്രോങ്ങ് പീപ്പിൾ ക്രിയേറ്റ് ഈസി ടൈംസ്, ഈസി ടൈംസ് ക്രിയേറ്റ് വീക്ക് പീപ്പിൾ, വീക്ക് പീപ്പിൾ ക്രിയേറ്റ് ടഫ് ടൈംസ്, ആൻഡ് ദി സൈക്കിൾ റിപ്പീറ്റ്സ്.
ഞാൻ വീക്ക് ആണ്. എന്റെ ചെറുപ്പകാലം സന്തോഷകരമായിരുന്നു. അത് അങ്ങനെ ആവാൻ കാരണക്കാരോ - അച്ഛനും അമ്മയും. ജീവിതത്തിലെ സകല സന്തോഷങ്ങൾക്കും കുടപിടിച്ച ആൾ ഇന്നിതാ ആശുപത്രി കിടക്കയിൽ. ഐസിയുവിന് പാറാവ്നിൽക്കുന്ന സെക്യൂരിറ്റിചേട്ടൻ പേരുവിളിച്ച് അകത്തേക്ക് കയറ്റി. ഇദ്ദേഹത്തിന് വയ്യാതെ വന്നാൽ ഈ ആശുപത്രിക്കാർ സൗജന്യമായി ചികിത്സ കൊടുക്കുമായിരിക്കുമോ,ഇങ്ങനെയൊക്കെ ആലോചിച്ച് ഭയചിന്തകളെ മറ്റ് വഴിക്ക് തിരിച്ചുവിടാൻ മനസ്സ് ഞാനറിയാതെ കളിക്കുന്നുണ്ട്.
കർട്ടൻ കെട്ടിത്തിരിച്ച പല കിടക്കകളിലൊന്നിൽ അച്ഛനെ ഞാൻ കണ്ടു. ഒരുനിമിഷം അടങ്ങിയിരുന്ന് കണ്ടിട്ടില്ല അച്ഛനെ, ഇന്ന് ഈ കിടക്കയിൽ കാണുന്നതുവരെ.
രണ്ടുദിവസമായി എന്റെ നെഞ്ചിന്റെ ഇടതുവശം തളർന്നതുപോലെയും വേദനിക്കുന്നപോലെയും തോന്നുന്നുണ്ട്, ശ്വാസംമുട്ടലുമുണ്ട്. അച്ഛൻ അഡ്മിറ്റായ വിവരം അറിഞ്ഞതുമുതൽ ബുദ്ധിമുട്ടുകൾ കൂടിയപോലെ. ബലം ചോർന്നുപോവുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ അറിയുന്നു. അരമണിക്കൂറോളം അച്ഛനോട് സംസാരിച്ചു, സെക്യൂരിറ്റി വന്ന് സമയമായി എന്ന് പറയുന്നതുവരെ. എനിക്ക് നെഞ്ചുവേദന ഉണ്ടെന്ന കാര്യം ഞാൻ പറഞ്ഞില്ല, അത് കേട്ടാൽ ചിലപ്പോ അച്ഛൻ സ്വന്തം വേദനയേക്കാൾ വേദനിക്കുമെന്ന് തോന്നി. കഴിഞ്ഞയാഴ്ച ഒരുമിച്ച് ഹൃദയപൂർവം എന്ന സിനിമ കാണാൻ പോയതിന്റെ വൈരുദ്ധ്യാത്മകത എനിക്ക് ഓർമവന്നു, അച്ഛനോട് അത് പറഞ്ഞു. അച്ഛൻ ചിരിക്കുന്നു. സിനിമയാണ് എന്റെയും അച്ഛന്റെയും ഏറ്റവും വലിയ ബോണ്ട്. അടുത്ത സിനിമ ഇറങ്ങുംമുന്നേ ഡിസ്ചാർജ് ആകണമെന്ന് ഉപദേശിച്ച്, ഇല്ലാത്ത ധൈര്യം മുഖത്ത് വരുത്തി ഞാൻ നിന്നു. വൈകുന്നേരം ചായക്ക് കൊടുത്ത ബിസ്കറ്റിൽ രണ്ടെണ്ണം അച്ഛൻ എനിക്ക് തന്നു, കുഞ്ഞിന് കൊടുക്കണമെന്ന് പറഞ്ഞു. എന്നും അങ്ങനെയാണല്ലോ, തന്നല്ലേ ശീലമുള്ളു. കണ്ണ് നിറയുന്നത് കാണിക്കാതെ ഞാൻ തിരിഞ്ഞുനടന്നു. വാതിൽ കടക്കുന്നേനുമുന്നേ ഒന്ന് തിരിഞ്ഞുനോക്കി, പൊയ്ക്കോ എന്ന രീതിയിൽ അച്ഛൻ തലയാട്ടുന്നു. ഭയംനിറഞ്ഞ, ദുർബലമായ ഹൃദയവുമായി ഞാനിറങ്ങി. അച്ഛന് ഒന്നും സംഭവിക്കില്ല എന്ന് എന്നെ ഞാൻ സമാധാനിപ്പിച്ചു. എന്തൊരു പരീക്ഷണമാണ് ജീവിതം. ഓർമ്മവയ്ക്കുന്നേനുമുന്നേ അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട ആളുകളെക്കാൾ ദുഖിക്കുന്നത് സ്നേഹത്തോടെ കുറേക്കാലം ഒരുമിച്ച് ജീവിച്ചിട്ട് വിട്ടുപോകുന്ന അനുഭവമുള്ളവരായിരിക്കും. അച്ഛനോ അമ്മയോ പോകുന്നേനുമുന്നേ ഞാനങ്ങ് പോയിരുന്നെങ്കിലെന്ന് പിന്നെയും ആലോചിക്കുന്നു. അപ്പോൾ എന്റെ കുഞ്ഞ്?, കുഞ്ഞ് പെട്ടന്ന് മറക്കുമായിരിക്കും, അത്ര പ്രായമേ അതിനുള്ളു, പക്ഷേ പിന്നെയുമുണ്ടല്ലോ എന്നെ ഓർത്ത് ദുഖിക്കാൻ , ഭാര്യ, അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, ഹോ എങ്ങനെയൊക്കെ നോക്കിയാലും എന്തൊരു ദുരിതമാണ് ദൈവമേ ജീവിതം, ജീവിക്കുന്നവർക്കും മരിക്കുന്നവർക്കും.
അച്ഛൻ ആശുപത്രിയിലാണെന്ന് അറിഞ്ഞയുടനെ അങ്ങോട്ടേക്ക് ചേട്ടൻ പോയി, രണ്ടാമതൊന്ന് ആലോചിക്കാതെ ലീവെടുത്ത് കൂടെനിൽക്കുന്നു. ആദ്യത്തെ കുട്ടി എത്രമാത്രം സ്പെഷ്യലാണെന്ന് ചേട്ടൻ വീണ്ടും തെളിയിക്കുന്നു. ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് വീണ്ടും വീണ്ടും എനിക്ക് മാതൃക കാട്ടുന്നു.
ഞാനെന്തിനാ ഇന്ന് ഓടിപ്പിടിച്ച് തിരിച്ചുപോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തോട് ആത്മാർഥത കാണിക്കണമെന്ന് പറഞ്ഞുപഠിപ്പിച്ച, ജീവിതംകൊണ്ട് കാണിച്ചുതന്ന അച്ഛനും അമ്മയും മനസ്സിനിട്ട മറ്റൊരു കുടുക്ക്. ആരോഗ്യംകളഞ്ഞും ആത്മാർഥത കാണിച്ചാലും തിരിച്ചുകിട്ടുന്നതോ പുച്ഛവും പരിഹാസവും, പിന്നെ ആരെ കാണിക്കാൻ, ആരെ ബോധിപ്പിക്കാൻ, അതും അറിയില്ലല്ലോ ദൈവമേ.
ആരോഗ്യമുള്ള സമയത്ത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെകൂടെ ഒരുമിച്ച് ജീവിക്കാൻ കഴിയാതെ, ആയകാലംമുഴുവൻ ഏതെല്ലാമോ നാട്ടിൽ ജോലിചെയ്ത്, സ്നേഹിക്കാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോപോലും പറ്റാതെ എന്തൊരു ജീവിതമിത് ദൈവമേ. എന്തിനിങ്ങനെയൊരു ലോകക്രമം, ആർക്കുവേണ്ടി ഈ ജീവിതം. ഇന്നോ നാളെയോവരെ എന്ന് അറിയാത്ത ഈ ജീവനിൽ എന്തൊക്കെ നമ്മൾ ആഗ്രഹിക്കുന്നു, എത്ര നാൾ അപ്പുറത്തേക്ക് മുൻകൂട്ടി തീരുമാനിക്കുന്നു, അതിൽ എത്ര നേടുന്നു.
ചിന്തകൾ എങ്ങോട്ടൊക്കെയോ പോകുന്നു.
ചില കൂട്ടുകാരുടെയൊക്കെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ തെളിഞ്ഞുവരുന്നു മനസ്സിൽ. അവരുടെ മരിച്ചുപോയ അച്ഛനെപ്പറ്റിയുള്ള സ്നേഹം തിളയ്ക്കുന്ന ഓർമ്മകൾ. അവരുടെ ഓരോരുത്തരുടെയും നിസ്സഹായവസ്ഥ ഇപ്പോൾ എനിക്ക് തിരിച്ചറിയാം. ഞാനെന്തിനാ ഇങ്ങനെ ചിന്തിച്ച് കാടുകയറുന്നത്, എന്റെ അച്ഛന് ഒന്നും സംഭവിക്കില്ല.
എന്നെ ചിറ്റപ്പാ എന്ന് വിളിക്കേണ്ടിയിരുന്ന, ഗർഭകാലം തികയാതെ പിറന്ന് അകാലത്തിൽ പൊലിഞ്ഞ കുഞ്ഞിനെ ഓർമ്മവരുന്നു. ഉണങ്ങിയ മുറിവുകൾ ദാ പിന്നെയും പൊട്ടിയൊലിക്കുന്നു. അന്ന് അതിനെപ്പറ്റി എഴുതിയ വരികൾ, ആരെയും വേദനിപ്പിക്കാതിരിക്കാൻ പുറംലോകം കാണാതെ ഒളിപ്പിച്ചത് ഓർമ്മവരുന്നു. എന്തെല്ലാം ചിന്തകൾ ഒറ്റയടിക്ക് നുരഞ്ഞുപതഞ്ഞുവരുന്നു. ഒറ്റയൊരു സ്റ്റോപ്പ് ബട്ടൺ തരൂ ദൈവമേ, ചിന്തിക്കുംമുന്നേ ഞാനതിലൊന്ന് വിരലമർത്തട്ടെ, എല്ലാ ചിന്തകളും നോവുകളും നിലയ്ക്കട്ടെ.
No comments:
Post a Comment