അപ്പൂപ്പൻ വെളുപ്പിന് മൂന്നുമണിക്ക് എണീക്കും, പിന്നെ തനിയെ ഒരു കട്ടൻകാപ്പി ഇട്ടുകുടിക്കും. കുറച്ചു വെള്ളം ചൂടാക്കാൻ വെച്ചിട്ട് ദേഹമാസകലം എണ്ണ തേച്ചുപിടിപ്പിക്കും. പിന്നെ കുറേ വ്യായാമങ്ങളാണ്. ഇതൊക്കെയും ചെയ്യുമ്പോൾ അപ്പൂപ്പന് വയസ്സ് 80 ആണ്. പണ്ട് ബ്രിട്ടീഷ് പട്ടാളത്തിൽ ആയിരുന്നു, അതിന്റെ ചിട്ടകൾ ആണ് ജീവിതത്തിൽ. കുളിയും കഴിഞ്ഞ് ഞാൻ ആദ്യംപറഞ്ഞ വെൺമയുടെ തനിരൂപമായ വേഷവും ധരിച്ച് ഒരു കാലൻകുടയും പിടിച്ച് നടന്നുപോകുന്ന അപ്പൂപ്പന്റെ സ്ഥിരമായ ഭ്രമണപഥം ഇങ്ങനെ മനസ്സിൽ തെളിയുന്നു . എന്റെ നാട് - മുണ്ടപ്പുഴ, അതിനെ പൊതുവേ ഞങ്ങൾ രണ്ടായിട്ടാണ് പറയുന്നത്,മോളിലത്തെ വഴിയും താഴത്തെ വഴിയും, ഞങ്ങളുടെ വീട് താഴത്തെ വഴിക്കാണ്, പത്തിരുപത് വയസ്സുവരെ ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഇറക്കത്തിലൂടെ വേണം ഞങ്ങളുടെ വീട് നിൽക്കുന്ന വഴിയിലേക്ക് പോകാൻ. ആ ഇറക്കം എടുക്കാതെ പകരം വലത്തൂടെ നേരെ നടന്നുപോയാൽ മുകളിലത്തെ വഴിയായി. ഈ പറഞ്ഞ മുകളിലത്തെ വഴിയെ കുറെ നടന്നുകഴിയുമ്പോൾ വഴി ചുറ്റിവന്ന് താഴത്തെ വഴിയുമായി ചേരും, നേരെ തിരിച്ചും. വലിച്ചു നീട്ടിയ ഒരു വൃത്തത്തിന് ചുറ്റുമാണ് മുണ്ടപ്പുഴ എന്ന് വേണമെങ്കിൽ പറയാം. അതിന്റെ ഒരു വശം തഴുകിക്കൊണ്ട് ഞങ്ങളുടെയൊക്കെ ജീവനാഡിയായ പമ്പയാറ് ഇങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. പമ്പയെപ്പറ്റി പറയുമ്പോൾ അമ്മയെപ്പറ്റി പറയാതെ വയ്യ, നേരെ തിരിച്ചും. വെളുപ്പിന് തന്നെ ഒരു ബക്കറ്റ്നിറയെ തുണിയുമായി ആറ്റിലൊന്ന് കുളിച്ചുവന്നില്ലെങ്കിൽ അമ്മയ്ക്ക് ഒരു തൃപ്തിയും ഇല്ല. ഒരു സർദാർജി ഫലിതം ഉണ്ടല്ലോ, കേരളത്തിലൂടെ പോയ സർദാർജി കണ്ടത് തുണികൊണ്ട് കല്ലടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ ആണെന്ന്, അതിൽ ഒരാൾ ചിലപ്പോൾ എന്റെ അമ്മ ആയിരിക്കും.
വീണ്ടും കാര്യത്തീന്ന് തെന്നിമാറി. അപ്പൂപ്പൻ ആണല്ലോ വിഷയം. മുണ്ടപ്പുഴക്ക് ചുറ്റും ഒരു റൗണ്ട് നടന്ന് അപ്പൂപ്പൻ തിരിച്ചെത്തിയിട്ടുണ്ടാവും. പിന്നെ ഞാനും ചേട്ടനും അപ്പൂപ്പനുംകൂടെ പത്രത്തിനുവേണ്ടിയുള്ള വടംവലിയാണ്. അച്ഛൻ ഇപ്പോഴും പറയാറുണ്ട് അപ്പൂപ്പൻ ചാരുകസേരയിലിരുന്ന് ഉയർത്തിവെച്ച് വായിക്കുന്ന പത്രത്തിന്റെ മറുവശം ഞാനും ചേട്ടനും നിന്ന് വായിക്കുമായിരുന്നുവത്രേ . വെള്ളിയാഴ്ച ആണെങ്കിൽ അപ്പൂപ്പൻ സമാധാനമായി പത്രം വായിക്കും, അന്ന് ഞങ്ങൾക്ക് ബാലരമയും ബാലഭൂമിയും ഉണ്ടല്ലോ.
ഏഴരയ്ക്ക് സ്കൂൾജീപ്പ് വരുമ്പോഴേക്കും അപ്പൂപ്പനാണ് ബാഗൊക്കെ എടുത്ത് ഗേറ്റിന്റെ അടുത്തേക്ക് കൊണ്ടുവിടുന്നത്. പ്രൗഢമായ വെളുത്ത മീശയും താടിയും ഉള്ള അപ്പൂപ്പൻ, വൈകിട്ട് ഞങ്ങൾ എത്തുമ്പോഴും ഗേറ്റിന്റെ അതേ ഭാഗത്തു നിൽക്കുന്നുണ്ടാവും. പിന്നെ കുറെ നേരത്തേക്ക് ഞങ്ങൾ ക്രിക്കറ്റ്കളിയാണ്. ഇടയ്ക്ക് എപ്പോഴോ അപ്പൂപ്പനും ഞങ്ങളുടെകൂടെ ക്രിക്കറ്റ്കളിച്ചത് ഞാൻ ഓർക്കുന്നു, പ്രായം എൺപതിന് മേലെയാണെന്നോർക്കണം.അപ്പൂപ്പന്റെ പിന്നത്തെ ഡ്യൂട്ടി എന്നുവച്ചാൽ ഞങ്ങളെയും കൊണ്ട് ആറ്റിൽ പോവുകയാണ്. വീടിന് പിന്നിലേക്ക് ഒരു 50 മീറ്റർ നടന്നു താഴേക്ക് ഇറങ്ങി ഒരു 18 പടി കടന്നുവേണം ആറ്റുമണലിലേക്ക് എത്താൻ. പതിനെട്ടാം പടിയുടെ മുകളിൽ അന്ന് ഞങ്ങൾ പിടിച്ചിറങ്ങിയിരുന്ന മാവ് ഇന്നും അതേ ഉയരത്തിൽത്തന്നെ നിൽക്കുന്നതുപോലെ തോന്നുന്നു. പക്ഷേ 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം ആരും ആ വഴി ഇറങ്ങാറില്ല (എല്ലാം മണ്ണുവന്നുമൂടിപ്പോയി ), ആ മാവിനെ തൊടാറുമില്ല.
ആറ്റിൽ കൊണ്ടുപോയി നീന്തൽ പഠിപ്പിച്ചതും അപ്പൂപ്പൻതന്നെ. മോളീന്ന് ഒഴുക്കിനനുസരിച്ച് നീന്തിവന്ന് അപ്പൂപ്പന്റെ കാലിൽ പിടിക്കുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്.
ഒപ്പിച്ചു കൂട്ടുന്ന കുസൃതിത്തരങ്ങൾക്ക് അമ്മ പേരക്കമ്പുംകൊണ്ട് അടിക്കാനോടിക്കുമ്പോൾ തടസ്സം പിടിക്കുന്നതും അപ്പൂപ്പനാണ്. വളരുംതോറും പക്ഷെ അപ്പൂപ്പനോടുള്ള സ്നേഹം കുറഞ്ഞു, അകലം കൂടി. അപ്പൂപ്പൻ എന്ത്ചെയ്താലും കുറ്റമായി തോന്നി. മുറ്റത്ത് കാർക്കിച്ച് തുപ്പുക, അപ്പൂപ്പന്റെ കക്കൂസിൽ മൂത്രത്തിന് വല്ലാത്ത നാറ്റം, അപ്പൂപ്പന് ആകെമൊത്തത്തിൽ ബീഡിയുടെ മണം, അങ്ങനെയങ്ങനെ കുറ്റങ്ങളുടെ ഒരു നീണ്ടനിര.
ഞങ്ങൾ ബോർഡിങ്‌സ്കൂളിലേക്ക് മാറാൻ തുടങ്ങുമ്പോൾ ഏറ്റവും എതിർത്തത് അപ്പൂപ്പനായിരുന്നു. പിന്നെ വല്ലപ്പോഴും ഒരു അവധിക്ക് തിരിച്ചുവരുമ്പോൾ ആർത്തിയോടെ കാത്തുനിൽക്കുമായിരുന്നു അപ്പൂപ്പൻ. പക്ഷേ ആ മുഖത്ത് കണ്ടിരുന്ന സ്നേഹമൊന്നും അന്ന് അങ്ങോട്ട് തിരിച്ച്തോന്നിയില്ല. പല കാര്യങ്ങളും പറഞ്ഞ് അടുത്തുകൂടാൻ അപ്പൂപ്പൻ പരമാവധി ശ്രമിച്ചു. കഴിക്കാൻ ഇരിക്കുമ്പോൾ പുറകിൽ വന്ന് പാത്രത്തിലേക്ക് എത്തിനോക്കുന്ന അപ്പുപ്പന്റെ ഒരു രൂപമുണ്ട്. പല സമയങ്ങളിലും അങ്ങനെ നോക്കാതിരിക്കാൻ പാത്രവും എടുത്ത് ഓടിയ എന്നെയും ഞാൻ ഓർക്കുന്നു. എന്തിനായിരുന്നു അങ്ങനത്തെ കാട്ടായങ്ങൾ. എത്രയോ നാളുകളിൽ എന്നെയും ചേട്ടനെയും കടയിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നിരിക്കുന്നു അപ്പൂപ്പൻ. അതൊക്കെ എത്ര എളുപ്പത്തിൽ ഞാൻ മറന്നു. ഒരുപാട് വാത്സല്യത്തോടെ കൂടെനടത്തിയത് മറന്നു. ഞങ്ങൾ അവധിയൊക്കെ കഴിഞ്ഞ് തിരിച്ച് ബോർഡിങ്‌സ്കൂളിലേക്ക് പോകാൻ തുടങ്ങുമ്പോൾ വല്ലാത്തൊരു നിരാശയും സങ്കടവുമൊക്കെയുണ്ടായിരുന്നു അപ്പൂപ്പന്റെ മുഖത്ത്. വളരുംതോറും ഞങ്ങൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, അപ്പൂപ്പന് ആകെ ഉണ്ടായിരുന്ന രണ്ടു കൂട്ടുകാർ കുറഞ്ഞു- ഞങ്ങൾ.
പട്ടാളക്കാരനായതിന്റെ കുറച്ച് ദുശ്ശീലങ്ങളൊക്കെ അപ്പൂപ്പന് ഉണ്ടായിരുന്നു, വൈകുന്നേരം സ്ഥിരമായി മദ്യപിച്ചിരുന്നു,അമ്മയെ ഇടയ്ക്കൊക്കെ ചീത്ത പറഞ്ഞിരുന്നു. അതൊക്കെയായിരുന്നു എന്റെ മനസ്സിൽ കൂടുതൽ തെളിഞ്ഞുനിന്നത്. ഇന്ന് പക്ഷേ, അപ്പൂപ്പന്റെ ചിതയൊഴിഞ്ഞ മണ്ണിൽവച്ച ആ വാഴക്കൂട്ടങ്ങൾ കാണുമ്പോൾ ഞാൻ ആലോചിക്കുന്നു, അപ്പൂപ്പൻ ഇപ്പോഴും ഞങ്ങളെ കാണാൻ കൊതിക്കുകയല്ലേ എന്ന്. മറ്റുള്ളവരോട് എങ്ങനെയൊക്കെ ആയിരുന്നെങ്കിലും ചേട്ടനോടും എന്നോടും സ്നേഹംമാത്രമേ ഉള്ളായിരുന്നു അപ്പൂപ്പന്. ആ സ്നേഹം ഇപ്പോൾ ഓർമ്മകളെ കുത്തിനോവിക്കുന്നു. പാക്കറ്റ്നിറയെ ഉള്ള ബീഡികൾ, ഇനി വലിക്കണ്ട എന്ന്പറഞ്ഞ് ഞങ്ങൾ വലിച്ചെറിഞ്ഞുകളയുമ്പോൾ വാത്സല്യത്തോടെ ചിരിച്ചിരുന്ന ആ മുഖം ദീപ്തമായി തെളിയുന്നു.
കൂടെയുള്ളപ്പോൾ കൊടുക്കാൻ കഴിയാത്ത സ്നേഹം,അത് ആർക്കായാലും, പിന്നീട് നമ്മളെ വല്ലാതെ നീറിക്കും.
No comments:
Post a Comment