Friday, 7 March 2025

ഏകാന്തത

രാത്രി 8 മണി കഴിഞ്ഞു. സ്റ്റാൻഡിൽ ബസ്സിറങ്ങി ഒരു പൊതി കപ്പലണ്ടിയും വാങ്ങി വീട്ടിലേക്ക് നടന്നു. സാധാരണ നടക്കാറുള്ള, കടകളുടെ സമീപത്ത് കൂടിയുള്ള ഇടവഴി ഇരുട്ട് മൂടി കിടന്നു. ഫോണിൽ ടോർച്ച് തെളിച്ചു നടന്നു. ആ വഴിയുടെ അങ്ങേയറ്റമെത്തിയപ്പോഴാണ് മനസ്സിലായത് അത് അടഞ്ഞു കിടക്കുകയാണ്, ലക്ഷണം കണ്ടിട്ട് ഒരു അഞ്ചാറ് മാസമെങ്കിലും ആയി അത് അടച്ചിട്ട്. എന്റെ ബോധമണ്ഡലത്തെ ആ തിരിച്ചറിവ് കുത്തിനോവിച്ചു, ഞാൻ വീട്ടിലേക്ക് വന്നിട്ട് അത്രയെങ്കിലും ആയി. തിരികെ നടന്ന്‌ പ്രധാനവഴിയേ കയറി വീട്ടിലേക്ക് നടന്നു. പോകുംവഴി മണിചേട്ടന്റെ ബാർബർഷോപ്പിൽ ഒന്ന് കയറി, മുടി വെട്ടാൻ അല്ല, പുള്ളിയെ ഒന്ന് കാണാൻ. മണിച്ചേട്ടന് ഇപ്പോ ഒരു 55 വയസ്സ് കാണുമായിരിക്കും. പ്രായം മാറുന്നതനുസരിച്ച് മുടിവെട്ടിന്റെ പല സ്റ്റൈലുകൾ മനസ്സിൽ കണ്ടുകൊണ്ട് എത്രയോ ദിവസങ്ങളിൽ കയറിയിറങ്ങിയിരിക്കുന്നു അവിടെ. നമ്മൾ പറയുന്ന എല്ലാ സ്റ്റൈലും സമ്മതിച്ചുതരുമെങ്കിലും അവസാനം മണിച്ചേട്ടൻ മുടി വെട്ടിവരുമ്പോൾ ഒരേപോലെ ആയിരിക്കും. ഒരു 20 കൊല്ലം മുമ്പ് അവിടെ ഒരു കുഞ്ഞു ടിവി ഉണ്ടായിരുന്നു, കുറച്ചുനാൾ കഴിഞ്ഞപ്പോൾ ടിവി മാറ്റി മ്യൂസിക്സിസ്റ്റമാക്കി. ഇന്നിപ്പോ അവിടെ ടിവിയും ഇല്ല മ്യൂസിക്സിസ്റ്റവും ഇല്ല , കട അടിമുടി ഒന്ന് പൊളിച്ചു പണിതിട്ടുണ്ട്. ഇപ്പോ എസി ഒക്കെയാണ്. പതിവ് സ്നേഹാന്വേഷണങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു. സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് അരകിലോമീറ്റർ നടക്കണം. തെരുവുവിളക്കുകൾ ചിലതൊക്കെയേ കത്തുന്നുള്ളൂ, എങ്കിലും വീടുകളിൽ ഒന്നും എന്തേ വെട്ടം ഇല്ലാത്തത്. ആകെ ഒരു പ്രേതാലയത്തിന് നടുവിലൂടെ നടക്കുന്നതുപോലെ. റോഡോക്കെ പുതിയ പരിഷ്കാരമനുസരിച്ച് കോൺക്രീറ്റ് ചെയ്ത് അടിപൊളി ആക്കിയിട്ടുണ്ട്. പക്ഷേ റോഡിലെങ്ങും ആരുമില്ല. എന്റെ കാലൊച്ച മാത്രം ഉച്ചത്തിൽ എടുത്തുകേട്ടു. രാപ്പകലോളം ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്ന വീടിന്റെ ആ വലിയ വഴി ഇത്രയേ ഉള്ളായിരുന്നോ എന്ന് ഇപ്പോൾ അത്ഭുതം, ശ്വാസംമുട്ടൽ വന്നപ്പോൾ ദൈവദൂതനെപോലെ വണ്ടിയുംകൊണ്ടുവന്ന് ആശുപത്രിയിലാക്കിയ ചാണ്ടിസാറിന്റെ വീടും ഇന്ന് ആരുമില്ലാതെ കിടക്കുന്നു, അനുവാദം കൂടാതെ ഓടിക്കയറിയിരുന്ന ജാതിക്കത്തോട്ടത്തിലേക്കുള്ള വഴി ഇപ്പോൾ ഒരുപാട് മതിലുകൾവന്ന് അടഞ്ഞിരിക്കുന്നു. മുണ്ടപ്പുഴ എന്ന പേര് മാറ്റി മതിലകം എന്ന് പേരിടണമെന്ന്പോലും തോന്നും, അത്രയധികം മതിലുകൾ. ഒന്നോ രണ്ടോ ബൈക്കുകൾ ഇടയ്ക്ക് കടന്നുപോയി. അതിലുള്ളവർ ആരാണെന്നോ ഇവിടുത്തുകാർതന്നെയാണോ എന്ന്പോലും സംശയം.അവർക്കും എന്നെ കണ്ടപ്പോൾ ഇതുതന്നെ തോന്നിക്കാണും. ജീവിതത്തിൽ ആദ്യമായി കമ്പിളിനാരങ്ങ കണ്ട വീടും കടന്ന് നടന്നു, അതിനപ്പുറത്തെ ഇടവഴിയിലൂടെ അകത്തേക്ക് ഒരു വീടുണ്ടായിരുന്നു, ഇപ്പോൾ ഉണ്ടോ ആവോ, അവിടെയും ഉണ്ടായിരുന്നു ഒരു കൂട്ടുകാരൻ. ആ കൂട്ടുകാരൻ നാടുവിട്ടുപോയതിനുശേഷം ആ വഴിക്ക് ഞാൻ പോയിട്ടേയില്ല. മുന്നോട്ടു നടക്കുംതോറും ഒരു വീട്ടിലും വെട്ടമില്ല എന്ന് തോന്നി. ചുറ്റിലും എല്ലാം വലിയ വലിയ വീടുകളാണ്, ആരെയൊക്കെയോ കാത്ത്കിടക്കുന്ന വീടുകൾ. ക്ഷയിച്ച് വീഴാറായ ഗെയ്റ്റും കടന്ന്‌ എന്റെ വീട്ടിലേക്ക് ഞാൻ ചെന്നു, ആ വലിയ വീടും ഇരുട്ടത്ത് പേടിച്ചു നിൽക്കുകയായിരുന്നു, ആരെയോ കാത്ത്. അകത്ത് മങ്ങിയ ഒറ്റ ലൈറ്റ് മാത്രം, അതിനുചേർന്ന് അമ്മയും. എന്തൊരു നിശബ്ദത, എന്തൊരേകാന്തത. പണ്ടൊക്കെ എന്തൊരു ബഹളമായിരുന്നു - കൂട്ടുകാരുടെ, കളികളുടെ, ആളുകളുടെ. ആദ്യമാദ്യം ദൂരേന്ന് കൂട്ടുകാർ വരുമ്പോഴേക്കും കൂവിവിളിക്കുമായിരുന്നു, ഞാനും ഇവിടെ ഉണ്ടെന്നറിയിക്കാൻ മറുകൂവൽ കൂവുമായിരുന്നു, പിന്നെപ്പിന്നെ സൈക്കിളൊക്കെ ആയപ്പോഴേക്കും കൂട്ടുകാർ ഗേറ്റിനടുത്തുവന്ന് ബെല്ലടിക്കും. സൈക്കിൾ സ്കൂട്ടറിലേക്കും സ്കൂട്ടർ കാറിലേക്കും വഴിമാറിയപ്പോൾ ഹോണടിയായി. എത്രയെത്ര പറമ്പുകളിൽ കയറിയിറങ്ങി ക്രിക്കറ്റ് കളിച്ചിരിക്കുന്നു, മമ്മട്ടിയും എടുത്ത് എത്രയെത്ര പുതിയ പിച്ചുകൾ വെട്ടിയിരിക്കുന്നു. വെട്ടിയ പിച്ചിലൊക്കെ വാഴകൾനട്ട് വീട്ടുകാർ തോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ കുണ്ടും കുഴിയും ഉള്ള ടാർ റോഡിൽവരെ ക്രിക്കറ്റ് കളിച്ചിരിക്കുന്നു. ഇന്നിപ്പോ ഒരു കുഴിപോലുമില്ലാത്ത കോൺക്രീറ്റ് റോഡ് ആണ്, പറഞ്ഞിട്ടെന്താ കളിക്കാൻ ആരുമില്ല. എല്ലാവരും എന്നെപ്പോലെതന്നെ പലവഴിക്ക് പിരിഞ്ഞു. പണ്ടൊക്കെ ഒരു ബോള് കിട്ടാൻ ആയിരുന്നു പാട്, ബാറ്റ് എങ്ങനെയെങ്കിലും ഒപ്പിക്കാം. മടല് വെട്ടി എംആർഎഫ് എന്ന് എഴുതിയോ അല്ലെങ്കിൽ തടികൊണ്ടുണ്ടാക്കിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാം, പക്ഷേ ബോൾ എന്നും ഒരു കീറാമുട്ടി ആയിരുന്നു. സ്റ്റമ്പർ ബോളിന്റെ വില എട്ട് രൂപയിൽനിന്ന് മുപ്പത് രൂപ ആകുന്നതുവരെ എങ്ങനൊക്കെയോ സംഘടിപ്പിച്ച് കളിച്ചിട്ടുണ്ട്, പറമ്പിൽ കാണാതെപോയ ബോളിനുവേണ്ടി എത്ര മണിക്കൂറുകൾ തപ്പിയിട്ടുണ്ട്. ഇന്നിപ്പോ വേണേൽ അതുപോലത്തെ എത്ര ബോളുവേണേലും വാങ്ങാം, പക്ഷേ ഗേറ്റിനടുത്ത് ബെല്ലടിയൊന്നും കേൾക്കാനില്ലല്ലോ. ഞാനും വീടും എന്നെ മറന്നപോലെ. വീട്ടിലെ വൈഫൈ പോലും എന്നെ തിരിച്ചറിയുന്നില്ല. 

പിൻകുറിപ്പ്: ജപ്പാനിൽ ഒരു ഗ്രാമമുണ്ട്.അവിടെ 100 വയസ്സിന് മേലെ പ്രായമുള്ള ഒരുപാട് ആളുകളുണ്ട്. അവർ ഒരിക്കലും ആ ഗ്രാമംവിട്ട് പോകാറില്ല. ജനിച്ചുവളർന്ന സ്ഥലത്ത് ഒപ്പംവളർന്ന കൂട്ടുകാർക്കൊപ്പം അവരങ്ങനെ ജീവിതം സുഖമായി ജീവിക്കുന്നു, അതുതന്നെയാണത്രേ അവരുടെ ആരോഗ്യത്തിന്റെ രഹസ്യവും. നമ്മൾ അമ്പതിലും അറുപതിലും തീരുന്നതിന്റെ രഹസ്യവും ഇതുമായി ബന്ധപ്പെട്ടുതന്നെയല്ലേയെന്ന് ഒരു സംശയം.

Thursday, 6 March 2025

എഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ ) എന്ന അത്ഭുതത്തെപ്പറ്റി ഇരുത്തിചിന്തിപ്പിക്കുന്ന ഒരു വീഡിയോ ഇന്നലെ കണ്ടു. വളരെ മനോഹരമായ ഒരു ആമ്പിയൻസിൽ ഒരു ചെറുപ്പക്കാരനിരുന്ന് 2025 ഇൽ നമ്മൾ ഉപയോഗിച്ചിരിക്കേണ്ട ഒൻപത് എഐകളെപ്പറ്റി പറയുന്നു. ആശ്ചര്യം എന്തെന്നുവച്ചാൽ അയാളെ നമ്മൾ ആ വീഡിയോയിൽ കാണുന്നത് യഥാർത്ഥത്തിൽ അയാളിരിക്കുന്ന സ്ഥലമല്ല. ആ ഒരു ചുറ്റുവട്ടവും അയാളുടെ ഡ്രെസ്സും എല്ലാം ഏതോ എഐ ടൂൾ ഉപയോഗിച്ച് അയാൾ ഉണ്ടാക്കിയെടുത്തതാണ്. ആ ടൂളിനോട് കുറച്ച് മണിക്കൂറുകൾ അയാൾ വീഡിയോവഴിയും ശബ്ദംവഴിയും സംസാരിക്കും, ശേഷം അയാളുടെ ശരീരഭാഷയും ശബ്ദവുമെല്ലാം (മാനറിസം & വോയിസ്‌ ) ആ ടൂൾ സ്വായത്തമാക്കും. പിന്നെ അയാൾ ചെയ്യണമെന്ന് ഉദ്ദേശിക്കുന്ന വീഡിയോ അയാൾക്ക് എവിടെയിരുന്നുവേണേലും ചെയ്യാം, അയാൾ വീട്ടിലെ ടോയ്‌ലെറ്റിലിരുന്ന് ചെയ്താൽപോലും എഐ അതൊരു ആഡംബര ഹോട്ടലിൽ ഇരുന്നുചെയ്യുന്നപോലെ വേണേൽ കാണിച്ചുതരും. മൊത്തത്തിൽ പറഞ്ഞാൽ നമ്മൾ കാണുന്നതിനെ ഒന്നുംതന്നെ വിശ്വസിക്കാൻ വയ്യാത്ത അവസ്ഥ. ആ വീഡിയോവഴി അയാൾ പറഞ്ഞ മറ്റുചില എഐ ടൂളുകളെപ്പറ്റി എനിക്ക് മനസ്സിലായത് പറയാം. മുൻപൊക്കെ ദിവസവും ഇരുന്നൂറുപേർക്ക് ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് അയാൾ അയച്ചുകൊണ്ടിരുന്ന മെയിലുകൾ ഇപ്പോൾ ഒരു എഐ ടൂൾ ഉപയോഗിച്ച് സെക്കന്റുകൾകൊണ്ട് അയാൾക്ക് അയക്കാമത്രെ. ഒരുപാട് സമയം അങ്ങനെ ലാഭിച്ചു എന്ന്. തത്കാലം അമേരിക്കയിൽമാത്രം ലഭിക്കുന്ന മറ്റൊരു ടൂൾ അയാൾ പരിചയപ്പെടുത്തി. കഴുത്തിൽ മാലപോലെ ധരിക്കാവുന്ന ഒരു ഉപകരണം, അത് ധരിച്ച ആൾ സംസാരിക്കുന്നതെല്ലാം പിടിച്ചെടുക്കും. എന്നിട്ട് എതിരെ സംസാരിക്കുന്ന വ്യക്തിയുടെ മൂഡ്, അവർ പറയുന്നത് വിശ്വസിക്കാമോ ഇല്ലയോ തുടങ്ങിയകാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കുമത്രേ. എന്നുവച്ചാൽ ഇനി എഐ പറയും നമ്മൾ ആരെയെങ്കിലും വിശ്വസിക്കണോ വേണ്ടയോ എന്ന്. പിന്നെയുമുണ്ട് ഇതുപോലെ പല ടൂളുകൾ. ഒരണ്ണം ഇങ്ങനെയാണ് - നമുക്ക് ഏതെങ്കിലും വലിയൊരു പേജ്, അല്ലെങ്കിൽ നോവൽ വായിക്കാൻ മടിയാണെന്നിരിക്കട്ടെ, ആ പേജിന്റെ പിഡിഎഫ് അല്ലെങ്കിൽ മറ്റേതെങ്കിലും ഫോർമാറ്റ്‌ ഈ ടൂളിലോട്ട് കടത്തിവിട്ടാൽ ഉടൻതന്നെ അത് ആരോ രണ്ടുപേർ ഇരുന്ന് ഡിസ്‌കസ് ചെയ്യുന്നപോലെ നമുക്ക് ചുരുക്കി പറഞ്ഞുതരും. ഇപ്പോഴേ ഒരുവിധം മരണക്കിടക്കയിലായ വായന എന്ന വാസനയെ ഇനി അധികനാൾ കാണാനാവില്ലായെന്ന് ചുരുക്കം. പിന്നെ പറഞ്ഞത്‌ സോഫ്റ്റ്‌വെയർ കോഡിങ് ഒക്കെ ചെയ്യാവുന്ന ആപ്പുകളെപ്പറ്റി, പാട്ടുകൾ ഉണ്ടാക്കാവുന്ന ആപ്പിനെപ്പറ്റി, അങ്ങനെ മൊത്തത്തിൽ ആപ്പുകളുടെ ഒരു ബാഹുല്യം. ചലിക്കാത്ത ഒരു ചിത്രത്തെ ചലിപ്പിക്കൽ, പ്ലോട്ട് പറഞ്ഞുകൊടുത്താൽ തനിയെ വരി എഴുതി പാട്ട് കമ്പോസ് ചെയ്യൽ, നിൽക്കുന്ന ഫോട്ടോയെ ഡാൻസ് കളിപ്പിക്കൽ അങ്ങനെ എന്തൊക്കെ മാന്ത്രികതയാണ് എഐ ഇന്ന് നമുക്കുചുറ്റും ചെയ്യുന്നത്. ഇനിവരുന്ന കാലത്ത് എഐ ഏജന്റുമാർ ആയിരിക്കും പണികൾ നമുക്കുവേണ്ടി ചെയ്യാൻ പോകുന്നതെന്നാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു രണ്ടുവർഷംമുൻപ് ഇങ്ങനെ കേട്ടിരുന്നെങ്കിൽ ഓ ഇതൊന്നും നടക്കില്ലഡാ ഉവ്വേ എന്ന് ധൈര്യമായി പറയാരുന്നു. ഇന്നത്തെ പോക്കുകണ്ടിട്ട് പക്ഷേ നാളെത്തന്നെ അങ്ങനെ സംഭവിച്ചാലും അത്ഭുദപ്പെടാൻപറ്റാത്ത അവസ്ഥയാണ്. 

നാളെ എന്തൊക്കെ സംഭവിക്കാമെന്ന് വെറുതെയൊന്ന് ചിന്തിച്ചുനോക്കുമ്പോൾ എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയാം. ഒരു സിനിമ കണ്ടോണ്ടിരിക്കുമ്പോൾ അത് ഇഷ്ടമായില്ലെങ്കിൽ ഉടൻതന്നെ അതൊരു ടൂളിൽ അപ്‌ലോഡ് ചെയ്ത് ചില സീനുകളോ ആ സിനിമ മുഴുവൻതന്നെയോ നമുക്കിഷ്ടപ്പെടുന്ന രീതിയിൽ നമ്മൾ മാറ്റുന്ന കാലം വിദൂരമല്ല. 
വെറുതെയിരിക്കുമ്പോൾ ഒരു ചേഞ്ച്‌നുവേണ്ടി ഒരു നോവൽ എഴുതിക്കളയാം എന്ന് കരുതുമ്പോൾ പ്ലോട്ട് എന്തുവേണമെന്ന് ഒരു ആപ്പ് ചോദിക്കും, അറിയില്ലെന്നുപറഞ്ഞാൽപോലും ചിലപ്പോൾ ആ ആപ്പുതന്നെ പ്ലോട്ടും പറഞ്ഞ് കഥയും തയ്യാറാക്കി അതിന്റെതന്നെ ഏതെങ്കിലും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തുവിടും, നമ്മുടെ സന്തോഷത്തിന് എഴുതിയ ആളുടെ പേര് നമ്മുടെതന്നെ ആയിരിക്കും. പക്ഷേ ഇത് ആര് വായിക്കും. ചിലപ്പോ ആരെങ്കിലും മേലെപറഞ്ഞപോലെ മറ്റൊരു ആപ്പുംവച്ച് ഈ കഥ സംഗ്രഹിച്ച് വീഡിയോപോലെ കാണും. 
വണ്ടി ഓടിക്കാൻ മനുഷ്യർക്ക് അനുവാദമുണ്ടാകില്ല. എഐ റോബോട്ട് ഓടിക്കുന്ന, അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് ആയി ഓടുന്ന വണ്ടികൾമാത്രം മതിയെന്നുവന്നേക്കും, അതാകുമ്പോ അപകടം ഉണ്ടാവില്ല എന്ന് പൊതുധാരണയിൽ മനുഷ്യകുലം എത്തിച്ചേരും. 
നമ്മുടെ ചുറ്റുമുള്ള എന്തെങ്കിലും വസ്തു നമുക്ക് ഇഷ്ടമില്ലെങ്കിൽ ഉടൻതന്നെ ത്രീഡി പ്രിന്റ്ചെയ്ത് വേറെ വസ്തുക്കളുണ്ടാക്കും, നമുക്കുശേഷം അതേസ്ഥലത്ത് എത്തുന്ന മറ്റൊരാൾ വേണേൽ അത് അയാൾക്കിഷ്ടമുള്ളപോലെ വീണ്ടും മാറ്റും. 
അങ്ങനെ എഐ കാരണം ആദ്യമേ ജോലികൾ നഷ്ടപ്പെട്ട നമ്മൾ ബോറടിമാറ്റാൻ ചുറ്റുവട്ടങ്ങളെ മാറ്റിക്കൊണ്ടേയിരിക്കും. ബോറടിച്ച് ബോറടിച്ച് ബോറടിയുടെ അങ്ങേയറ്റം എന്ത് ചിന്തിക്കണമെന്നുപോലും നമ്മൾ എഐയോട് ചോദിക്കും. 
ചിന്താശേഷി അങ്ങനെ തീരെ ഇല്ലാതെയാകും, ക്രീയേറ്റിവിറ്റി ഒരുപാടൊക്കെ നമ്മളിൽനിന്ന് അകന്നുപോകും. നമ്മൾ അങ്ങനെ എൻഐ (നാച്ചുറൽ ഇന്റലിജൻസ് ) ൽനിന്ന് മുഴുവനായി എഐ ആയി മാറും.