പിൻകുറിപ്പ്: ജപ്പാനിൽ ഒരു ഗ്രാമമുണ്ട്.അവിടെ 100 വയസ്സിന് മേലെ പ്രായമുള്ള ഒരുപാട് ആളുകളുണ്ട്. അവർ ഒരിക്കലും ആ ഗ്രാമംവിട്ട് പോകാറില്ല. ജനിച്ചുവളർന്ന സ്ഥലത്ത് ഒപ്പംവളർന്ന കൂട്ടുകാർക്കൊപ്പം അവരങ്ങനെ ജീവിതം സുഖമായി ജീവിക്കുന്നു, അതുതന്നെയാണത്രേ അവരുടെ ആരോഗ്യത്തിന്റെ രഹസ്യവും. നമ്മൾ അമ്പതിലും അറുപതിലും തീരുന്നതിന്റെ രഹസ്യവും ഇതുമായി ബന്ധപ്പെട്ടുതന്നെയല്ലേയെന്ന് ഒരു സംശയം.
74% of all the people in this world are good. But the issue is 78% of all the people think that others are bad - Human kind, a hopeful history - Rutger Bregman. Let us start believing that this world is a good place to be in.
Friday, 7 March 2025
ഏകാന്തത
രാത്രി 8 മണി കഴിഞ്ഞു. സ്റ്റാൻഡിൽ ബസ്സിറങ്ങി ഒരു പൊതി കപ്പലണ്ടിയും വാങ്ങി വീട്ടിലേക്ക് നടന്നു. സാധാരണ നടക്കാറുള്ള, കടകളുടെ സമീപത്ത് കൂടിയുള്ള ഇടവഴി ഇരുട്ട് മൂടി കിടന്നു. ഫോണിൽ ടോർച്ച് തെളിച്ചു നടന്നു. ആ വഴിയുടെ അങ്ങേയറ്റമെത്തിയപ്പോഴാണ് മനസ്സിലായത് അത് അടഞ്ഞു കിടക്കുകയാണ്, ലക്ഷണം കണ്ടിട്ട് ഒരു അഞ്ചാറ് മാസമെങ്കിലും ആയി അത് അടച്ചിട്ട്. എന്റെ ബോധമണ്ഡലത്തെ ആ തിരിച്ചറിവ് കുത്തിനോവിച്ചു, ഞാൻ വീട്ടിലേക്ക് വന്നിട്ട് അത്രയെങ്കിലും ആയി. തിരികെ നടന്ന് പ്രധാനവഴിയേ കയറി വീട്ടിലേക്ക് നടന്നു. പോകുംവഴി മണിചേട്ടന്റെ ബാർബർഷോപ്പിൽ ഒന്ന് കയറി, മുടി വെട്ടാൻ അല്ല, പുള്ളിയെ ഒന്ന് കാണാൻ. മണിച്ചേട്ടന് ഇപ്പോ ഒരു 55 വയസ്സ് കാണുമായിരിക്കും. പ്രായം മാറുന്നതനുസരിച്ച് മുടിവെട്ടിന്റെ പല സ്റ്റൈലുകൾ മനസ്സിൽ കണ്ടുകൊണ്ട് എത്രയോ ദിവസങ്ങളിൽ കയറിയിറങ്ങിയിരിക്കുന്നു അവിടെ. നമ്മൾ പറയുന്ന എല്ലാ സ്റ്റൈലും സമ്മതിച്ചുതരുമെങ്കിലും അവസാനം മണിച്ചേട്ടൻ മുടി വെട്ടിവരുമ്പോൾ ഒരേപോലെ ആയിരിക്കും. ഒരു 20 കൊല്ലം മുമ്പ് അവിടെ ഒരു കുഞ്ഞു ടിവി ഉണ്ടായിരുന്നു, കുറച്ചുനാൾ കഴിഞ്ഞപ്പോൾ ടിവി മാറ്റി മ്യൂസിക്സിസ്റ്റമാക്കി. ഇന്നിപ്പോ അവിടെ ടിവിയും ഇല്ല മ്യൂസിക്സിസ്റ്റവും ഇല്ല , കട അടിമുടി ഒന്ന് പൊളിച്ചു പണിതിട്ടുണ്ട്. ഇപ്പോ എസി ഒക്കെയാണ്. പതിവ് സ്നേഹാന്വേഷണങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു. സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് അരകിലോമീറ്റർ നടക്കണം. തെരുവുവിളക്കുകൾ ചിലതൊക്കെയേ കത്തുന്നുള്ളൂ, എങ്കിലും വീടുകളിൽ ഒന്നും എന്തേ വെട്ടം ഇല്ലാത്തത്. ആകെ ഒരു പ്രേതാലയത്തിന് നടുവിലൂടെ നടക്കുന്നതുപോലെ. റോഡോക്കെ പുതിയ പരിഷ്കാരമനുസരിച്ച് കോൺക്രീറ്റ് ചെയ്ത് അടിപൊളി ആക്കിയിട്ടുണ്ട്. പക്ഷേ റോഡിലെങ്ങും ആരുമില്ല. എന്റെ കാലൊച്ച മാത്രം ഉച്ചത്തിൽ എടുത്തുകേട്ടു. രാപ്പകലോളം ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്ന വീടിന്റെ ആ വലിയ വഴി ഇത്രയേ ഉള്ളായിരുന്നോ എന്ന് ഇപ്പോൾ അത്ഭുതം, ശ്വാസംമുട്ടൽ വന്നപ്പോൾ ദൈവദൂതനെപോലെ വണ്ടിയുംകൊണ്ടുവന്ന് ആശുപത്രിയിലാക്കിയ ചാണ്ടിസാറിന്റെ വീടും ഇന്ന് ആരുമില്ലാതെ കിടക്കുന്നു, അനുവാദം കൂടാതെ ഓടിക്കയറിയിരുന്ന ജാതിക്കത്തോട്ടത്തിലേക്കുള്ള വഴി ഇപ്പോൾ ഒരുപാട് മതിലുകൾവന്ന് അടഞ്ഞിരിക്കുന്നു. മുണ്ടപ്പുഴ എന്ന പേര് മാറ്റി മതിലകം എന്ന് പേരിടണമെന്ന്പോലും തോന്നും, അത്രയധികം മതിലുകൾ. ഒന്നോ രണ്ടോ ബൈക്കുകൾ ഇടയ്ക്ക് കടന്നുപോയി. അതിലുള്ളവർ ആരാണെന്നോ ഇവിടുത്തുകാർതന്നെയാണോ എന്ന്പോലും സംശയം.അവർക്കും എന്നെ കണ്ടപ്പോൾ ഇതുതന്നെ തോന്നിക്കാണും. ജീവിതത്തിൽ ആദ്യമായി കമ്പിളിനാരങ്ങ കണ്ട വീടും കടന്ന് നടന്നു, അതിനപ്പുറത്തെ ഇടവഴിയിലൂടെ അകത്തേക്ക് ഒരു വീടുണ്ടായിരുന്നു, ഇപ്പോൾ ഉണ്ടോ ആവോ, അവിടെയും ഉണ്ടായിരുന്നു ഒരു കൂട്ടുകാരൻ. ആ കൂട്ടുകാരൻ നാടുവിട്ടുപോയതിനുശേഷം ആ വഴിക്ക് ഞാൻ പോയിട്ടേയില്ല. മുന്നോട്ടു നടക്കുംതോറും ഒരു വീട്ടിലും വെട്ടമില്ല എന്ന് തോന്നി. ചുറ്റിലും എല്ലാം വലിയ വലിയ വീടുകളാണ്, ആരെയൊക്കെയോ കാത്ത്കിടക്കുന്ന വീടുകൾ. ക്ഷയിച്ച് വീഴാറായ ഗെയ്റ്റും കടന്ന് എന്റെ വീട്ടിലേക്ക് ഞാൻ ചെന്നു, ആ വലിയ വീടും ഇരുട്ടത്ത് പേടിച്ചു നിൽക്കുകയായിരുന്നു, ആരെയോ കാത്ത്. അകത്ത് മങ്ങിയ ഒറ്റ ലൈറ്റ് മാത്രം, അതിനുചേർന്ന് അമ്മയും. എന്തൊരു നിശബ്ദത, എന്തൊരേകാന്തത. പണ്ടൊക്കെ എന്തൊരു ബഹളമായിരുന്നു - കൂട്ടുകാരുടെ, കളികളുടെ, ആളുകളുടെ. ആദ്യമാദ്യം ദൂരേന്ന് കൂട്ടുകാർ വരുമ്പോഴേക്കും കൂവിവിളിക്കുമായിരുന്നു, ഞാനും ഇവിടെ ഉണ്ടെന്നറിയിക്കാൻ മറുകൂവൽ കൂവുമായിരുന്നു, പിന്നെപ്പിന്നെ സൈക്കിളൊക്കെ ആയപ്പോഴേക്കും കൂട്ടുകാർ ഗേറ്റിനടുത്തുവന്ന് ബെല്ലടിക്കും. സൈക്കിൾ സ്കൂട്ടറിലേക്കും സ്കൂട്ടർ കാറിലേക്കും വഴിമാറിയപ്പോൾ ഹോണടിയായി. എത്രയെത്ര പറമ്പുകളിൽ കയറിയിറങ്ങി ക്രിക്കറ്റ് കളിച്ചിരിക്കുന്നു, മമ്മട്ടിയും എടുത്ത് എത്രയെത്ര പുതിയ പിച്ചുകൾ വെട്ടിയിരിക്കുന്നു. വെട്ടിയ പിച്ചിലൊക്കെ വാഴകൾനട്ട് വീട്ടുകാർ തോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ കുണ്ടും കുഴിയും ഉള്ള ടാർ റോഡിൽവരെ ക്രിക്കറ്റ് കളിച്ചിരിക്കുന്നു. ഇന്നിപ്പോ ഒരു കുഴിപോലുമില്ലാത്ത കോൺക്രീറ്റ് റോഡ് ആണ്, പറഞ്ഞിട്ടെന്താ കളിക്കാൻ ആരുമില്ല. എല്ലാവരും എന്നെപ്പോലെതന്നെ പലവഴിക്ക് പിരിഞ്ഞു. പണ്ടൊക്കെ ഒരു ബോള് കിട്ടാൻ ആയിരുന്നു പാട്, ബാറ്റ് എങ്ങനെയെങ്കിലും ഒപ്പിക്കാം. മടല് വെട്ടി എംആർഎഫ് എന്ന് എഴുതിയോ അല്ലെങ്കിൽ തടികൊണ്ടുണ്ടാക്കിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാം, പക്ഷേ ബോൾ എന്നും ഒരു കീറാമുട്ടി ആയിരുന്നു. സ്റ്റമ്പർ ബോളിന്റെ വില എട്ട് രൂപയിൽനിന്ന് മുപ്പത് രൂപ ആകുന്നതുവരെ എങ്ങനൊക്കെയോ സംഘടിപ്പിച്ച് കളിച്ചിട്ടുണ്ട്, പറമ്പിൽ കാണാതെപോയ ബോളിനുവേണ്ടി എത്ര മണിക്കൂറുകൾ തപ്പിയിട്ടുണ്ട്. ഇന്നിപ്പോ വേണേൽ അതുപോലത്തെ എത്ര ബോളുവേണേലും വാങ്ങാം, പക്ഷേ ഗേറ്റിനടുത്ത് ബെല്ലടിയൊന്നും കേൾക്കാനില്ലല്ലോ. ഞാനും വീടും എന്നെ മറന്നപോലെ. വീട്ടിലെ വൈഫൈ പോലും എന്നെ തിരിച്ചറിയുന്നില്ല.
Subscribe to:
Post Comments (Atom)
😔
ReplyDelete😔
ReplyDelete