കാലവും വർഷവുമൊന്നും ഓർമയില്ല, അപ്പുറത്തെ ഗോപാലകൃഷ്ണൻ കൊച്ചാട്ടന്റെ വീട്ടിലെ ടിവിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മാച്ച് കാണുകയാണ്, ഇന്ത്യ പാക്കിസ്ഥാൻ കളിയാണെന്ന് തോന്നുന്നു . ഗാംഗുലി അടിച്ച സിക്സ് സ്റ്റേഡിയത്തിന് വെളിയിലേക്ക് പറക്കുന്നു. ഇത്ര പടുകൂറ്റനൊരു സിക്സ് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല എന്ന് ലോകം സ്തംഭിച്ചുപോയ നിമിഷം, ആ നിമിഷത്തിൽ ഞാനും ഉണ്ടായിരുന്നു അത്ഭുദം മിഴിക്കുന്ന കണ്ണുമായി. ഗാംഗുലി അടിച്ച സിക്സ് സ്റ്റേഡിയം കടന്നുപോയെങ്കിൽ, പറമ്പിൽ കളിക്കുമ്പോൾ കുട്ടൻചേട്ടൻ അടിച്ച സിക്സ് വന്നുവീണത് ഞങ്ങടെ വീടിന്റെ ഓടിന്റെ മുകളിലേക്കാണ്. ആ ബോൾ പോയി ഓടിൽ പതിക്കുന്നത് ഇപ്പോഴും എനിക്ക് കൺമുന്നിൽ കാണാം.മറ്റൊരുവട്ടം മനോജേട്ടൻ അടിച്ച ബോള് നേരെ പോയി അപ്പുറത്തെ വീട്ടിലെ അപ്പച്ചന്റെ ഗേറ്റിന്റെ ലൈറ്റ് ഇടിച്ചു പൊട്ടിക്കുന്നു, പിന്നെ നോക്കുമ്പോൾ ആരെയും കാണാനില്ല എല്ലാവരും ഓടിക്കളഞ്ഞു.
നല്ല ഒന്നാന്തരം കാപ്പിക്കമ്പ് വെട്ടിയാരുന്നു സ്റ്റമ്പ് ഉണ്ടാക്കിയിരുന്നത്. ഓഫ്സ്പിന്‍ എറിയുമ്പോൾ ഹർഭജനെന്നും ലെഗ്സ്പിൻ എറിയുമ്പോൾ ഷെയിൻ വോൺ എന്നും ഇതിന്റെ രണ്ടിന്റെയും ഇടയിൽ എറിയുമ്പോൾ കുംബ്ലെ എന്നുമൊക്കെ പറഞ്ഞ് അവരുടെയെല്ലാം ആക്ഷനുകൾ അനുകരിച്ചത് ഇന്നും മനസ്സിലൂടെ മിന്നിമായുന്നു. പിന്നെ ഒരു സമയത്ത് ഫേവറേറ്റ് ബോളർമാർ ബ്രെറ്റ്ലിയും അക്തറുമായിരുന്നു, അവരുടെ ആക്ഷനുകളും അനുകരിക്കാൻ ശ്രമിച്ചിരുന്നു, ഏറ്റവും ഒടുവിലായി നമ്മുടെ ശ്രീശാന്തിന്റെയും. ബാറ്റ് ചെയ്യുമ്പോ ചാടി മുട്ടിയിട്ടാൽ ദ്രാവിഡ്, ഇടംകൈ നിന്നാൽ ഗാംഗുലി, പിന്നിലേക്ക് റൺ ഇല്ലെങ്കിൽപോലും അനുകരിക്കാൻവേണ്ടി പായിക്കുന്ന മരില്ലിയർ ഷോട്ട്, സ്ട്രെയിറ്റ് സിക്സ് അടിച്ചിട്ട് സ്റ്റാർ സ്പോർട്സ്ന്റെ ക്യാമറാമാൻ ഫോട്ടോ എടുക്കാൻവേണ്ടിയെന്നപോലെ കുറച്ചുനേരം അതേ പോസിൽ നിക്കുന്ന അഹങ്കാരിയായ ഞാൻ, എല്ലാം എനിക്ക് ഇപ്പോഴും കൺമുന്നിൽ കാണാൻപറ്റുന്നുണ്ട്.
ഇടയ്ക്ക് ഒരുതരം ചൈനീസ് ബോളുകൾ ഇറങ്ങിയിട്ടുണ്ട്. വെറുതെ ഒന്ന് താഴോട്ട് ഇട്ടാൽതന്നെ നല്ല രീതിയിൽ ബൗൺസ് ചെയ്യുന്ന ബോളുകൾ. അങ്ങനത്തെ പല നിറത്തിലുള്ള ഒരു ബോളും അതിന്റെ ചെറിയ ഒരു നീല കളർ ബോളും ഉണ്ടായിരുന്നു. അതും അടിച്ചുവിട്ടത് അപ്പുറത്തെ വീട്ടിലേക്ക് പോയി,അപ്പച്ചൻ തരില്ല എന്ന് കട്ടായം പറഞ്ഞു, പിന്നെ പാവം അമ്മച്ചിയാണ് എടുത്തു തന്നത്.
ബോർഡിങ്സ്കൂളിൽ പഠിക്കാൻ പോയപ്പോൾ ബോൾ ഒന്നും വാങ്ങാൻ പൈസയില്ല. പിന്നെ കൂട്ടുകാരെല്ലാം ചേർന്ന് സോക്സ്കൊണ്ടോ പേപ്പർ കൊണ്ടോ ഒക്കെ ബോൾ ഉണ്ടാക്കും, പേപ്പർ ബോളിൽ റബർബാൻഡ് ചുറ്റിച്ചുറ്റി നല്ല ഒന്നാന്തരം സ്റ്റിച്ച്ബോളിന്റെ കട്ടിയാവും. സ്റ്റമ്പിന് പകരം രണ്ട് ബക്കറ്റ് ആയിരിക്കും വെക്കുന്നത്. ബക്കറ്റിൽ ബോൾ വന്ന് ഇടിച്ച് വിക്കറ്റ് ആവുന്ന ശബ്ദം ഇപ്പോഴും കാതിൽ കേൾക്കാം.
ഒരു വേനലവധിക്ക് കയ്യിൽ കിട്ടിയ മൺവെട്ടിയെടുത്ത് പറമ്പിന്റെ ഒരു മൂലയിൽ നല്ല ഒന്നാന്തരം പിച്ച് വെട്ടി. പിന്നെ ആ രണ്ടുമാസം തകൃതിയായി ക്രിക്കറ്റ് കളിച്ചു. ആ ഒരു അവധിക്ക് മാത്രം ഞങ്ങളുടെ കൂടെ പുതിയൊരു അയൽക്കാരൻ കളിക്കാൻ ഉണ്ടായിരുന്നു, ഉണ്ണിക്കുട്ടൻ. ബോൾ ഏത് സൈഡിലോട്ട് എറിഞ്ഞാലും ലെഗ് സൈഡിലോട്ട് മാത്രം ബാറ്റ് ചെയ്യുന്ന ഒരാൾ, എപ്പോഴും ചിരിക്കുന്ന ഒരു പാവം ആണ് കക്ഷി. ആ അവധി കഴിഞ്ഞ് അവർ താമസംമാറിപ്പോയി, പിന്നെ കണ്ടിട്ടേയില്ല. അങ്ങനെ പെട്ടെന്ന് വിട്ടുപോയ എത്രയെത്ര കൂട്ടുകാർ.
എത്ര പറമ്പുകൾ മാറിമാറി കളിച്ചിട്ടുണ്ട്. ഓരോന്നും ഞങ്ങടെ ലോർഡ്സ് ഉം ഈഡൻ ഗാർഡനുമൊക്കെ ആയിരുന്നു. ഈഡൻ ഗാർഡനിൽ വാഴവച്ച് തോൽപ്പിക്കാൻ നോക്കിയ വീട്ടുകാരെയൊക്കെ ഹോംഗ്രൗണ്ട് മാറി വേറേ കിടിലൻ പിച്ച് വെട്ടി തോൽപ്പിച്ച ചരിത്രവുമുണ്ട്. ഗ്രൗണ്ടുകളെല്ലാം റബ്ബറിനും വാഴക്കും വഴിമാറിയപ്പോൾ, പലതവണ റബ്ബറിന്റെ കറ ചിരട്ടയിൽനിന്ന് തെറിച്ചുപോയപ്പോൾ, പല വീട്ടുകാരും ഓടിച്ചുവിട്ടപ്പോൾ തോൽക്കുമെന്ന് കരുതിയവർക്ക് തെറ്റി. മടൽ ബാറ്റിൽ എംആർഎഫ് എന്ന് എഴുതി ചങ്കൂറ്റത്തോടെ ടാർ റോഡിൽ കളിച്ചു. കളിനിയമങ്ങൾ ഞങ്ങൾതന്നെ ഉണ്ടാക്കി, ആ വരക്കപ്പുറം കിളത്തി അടിച്ചാൽ ഔട്ട്, ഒരുതവണ തറയിൽ കുത്തി വന്നാലും ക്യാച്ച് എടുത്താൽ ഔട്ട്, അങ്ങനെയങ്ങനെ എന്തെല്ലാം പുതിയ നിയമങ്ങൾ. എന്തൊക്കെ ത്യാഗം സഹിച്ചാലും, ഒരുനേരത്തെ ആഹാരം മുടക്കിയാലും ക്രിക്കറ്റ് മുടങ്ങരുതെന്നു ഞങ്ങൾക്കെല്ലാം നിർബന്ധമുണ്ടാരുന്നു. പലരീതിയിൽ വീട്ടുകാർ അവഹേളിച്ചപ്പോഴും, പലതവണ ബാറ്റ് അടുപ്പിൽവച്ചപ്പോളും തോൽക്കാത്ത ഞങ്ങൾ പക്ഷേ തോറ്റത് പ്രായത്തിനോടാണ്, ഉത്തരവാദിത്തങ്ങളോടാണ്. അജയ് രാത്ര എന്ന ക്രിക്കറ്റ് കളിക്കാരനെ ചിലപ്പോ അധികംപേർക്കൊന്നും അറിയില്ലാരിക്കും, പക്ഷേ അയാൾ ചെയ്ത ഒരു പറക്കും സ്റ്റമ്പിങ് ഉണ്ട്, അത് കണ്ട് ആവേശംകൊണ്ട് അങ്ങനെ പറന്നുചാടി കീപ്പ് ചെയ്ത എത്രയോ സന്ദർഭങ്ങൾ, ഓർക്കുമ്പോൾ ഇന്നും ആ ചാടിവീണ പല പറമ്പുകളും ഫോർകെ എച്ഡിയിൽ തെളിയുന്നു.
കിറുക്കന്മാരുടെ കളി, നശിപ്പിക്കാനുള്ള കളി, ഇതുകൊണ്ട് നീയൊക്കെ എന്തുനേടി, സച്ചിനും സേവാഗിനുമൊക്കെ ഡിഗ്രി ഉണ്ട് നീയൊക്കെ ഇങ്ങനെ ഈ നശിച്ച കളിയും കളിച്ച് ജീവിതം കളയത്തെ ഉള്ളു, ഇനി ഒരുത്തനേം ഈ പറമ്പിൽ കണ്ടുപോകരുത്, അങ്ങനെ ഞങ്ങൾ കാരണം എന്തെല്ലാം കുത്തുവാക്കുകൾ കേട്ടു പാവം ക്രിക്കറ്റ്. പക്ഷേ ഇന്നത്തെ ലോകം കാണുമ്പോൾ അറിയാതെയെങ്കിലും ഞങ്ങടെയൊക്കെ അച്ഛനും അമ്മയുമൊക്കെ ഓർക്കുന്നുണ്ടാവും മക്കൾ ക്രിക്കറ്റും സിനിമയും ലഹരിയായി കൊണ്ടുനടന്നത് എത്ര നന്നായി എന്ന്, അവർക്ക് വഴിതെറ്റിപ്പോവാൻ സമയമേ ഇല്ലായിരുന്നു എന്ന്. കൂട്ടായ്മകളും ഒന്നിച്ചുള്ള കളികളുമൊക്കെ ഇല്ലാതായതോടെ ഇന്ന് ലോകം മറ്റ് ലഹരികളിലേക്ക് അടിഞ്ഞുകൂടുന്നപോലെ.
നാറ്റ്‌വെസ്റ്റ് ഫൈനലിൽ മുഹമ്മദ് കൈഫ് ജയിപ്പിച്ച ഇന്ത്യ ഇംഗ്ളണ്ട് കളി, ഗാംഗുലി ടീഷർട്ട് ഊരി കറക്കിവീശുന്ന രംഗം, മുൾട്ടാനിൽ സേവാഗ് അടിച്ച ട്രിപ്പിൾ സെഞ്ച്വറി,രണ്ടായിരത്തി ഏഴിൽ യുവരാജ് ഓരോവറിൽ അടിച്ച ആറ് സിക്സ്കൾ, ശ്രീശാന്ത് എടുത്ത ക്യാച്ചിലൂടെ നേടിയ കുട്ടിക്രിക്കറ്റ് ലോകകപ്പ് സ്കൂളിലിരുന്ന് കണ്ടത് , ഏപ്രിൽ രണ്ട് രണ്ടായിരത്തി പതിനൊന്നിന് ധോണി നേടിയ ലോകകപ്പ് കോളേജിലിരുന്ന് കണ്ടത്, ബ്രയാൻ ലാറയടിച്ച 375 റൺസ് മറികടന്ന് മാത്യു ഹയ്ഡൻ 380 അടിച്ചത്, അധികം വൈകാതെ ലാറ അത് 400 അടിച്ച് വീണ്ടും തിരുത്തിയത്, അങ്ങനെ എത്രയെത്ര കാര്യങ്ങൾ ഒന്നുരണ്ട് നിമിഷങ്ങളിൽ മനസ്സിൽ പിടയുന്നു.
ഒരിക്കലും ഔട്ട് ആവില്ലന്ന് തോന്നിപ്പിക്കുന്ന എത്രയെത്ര ബാറ്റ്സ്മാന്മാർ ഉണ്ടായിരുന്നു ഓരോ ടീമിലും, പ്രാകി ഔട്ട് ആക്കാൻ നോക്കിയ ഒരുപാട് സന്ദർഭങ്ങൾ - ഓസ്ട്രേലിയയുടെ സ്റ്റീവ് വോ, മൈക്കിൾ ബെവൻ, ന്യൂസിലാണ്ടിന്റെ സ്റ്റീവൻ ഫ്ലമിങ്, പാക്കിസ്ഥാന്റെ മുഹമ്മദ് യൂസഫ്, യൂനുസ് ഖാൻ, വെസ്റ്റ് ഇൻഡീസ്ന്റെ ശിവനാരായാൺ ചന്ദർപ്പോൾ, കാൾ ഹൂപർ, സൗത്ത് ആഫ്രിക്കയുടെ ഹാൻസി ക്രോണ്യ, ലാൻസ് ക്ലൂസ്‌നർ, ഇവരെയെല്ലാം എറിഞ്ഞിടാൻ നമുക്കുള്ളത് ജവഗൽ ശ്രീനാഥും വെങ്കടെഷ് പ്രസാദും അനിൽ കുംബ്ലയും, ഹൊ ഒരു കാലഘട്ടം ഓഫ് ഓർമ്മകൾ.
പറമ്പ് നിറയുമ്പോൾ റോഡിൽ, റോഡിൽ വണ്ടികൾ കൂടുമ്പോ ആറ്റുമണലിൽ, അവിടെയും പറ്റിയില്ലെങ്കിൽ വീടിനുള്ളിൽ, ഹൊ ക്രിക്കറ്റ് കളിക്കാത്ത ഇടങ്ങൾ ഇല്ല , ആ ബോൾ പതിക്കാത്ത സ്ഥലങ്ങൾ കുറവായിരുന്നു ഞങ്ങടെ നാട്ടിൽ. ഇടയ്ക്ക് ഓർക്കാപ്പുറത്ത് വരുന്ന മഴക്ക് ഒരു ശമനം വന്നു എന്ന് തോന്നിയാൽ പിച്ചിലെ വെള്ളം കോരിക്കളഞ്ഞ് പുതിയ മണ്ണിട്ട് ഒരു പ്രൊഫഷണൽ ടീമിനെപോലെ എത്ര പെട്ടന്നായിരുന്നു കളി തുടങ്ങിയിരുന്നത്.
റേഡിയോയിൽനിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ, അവിടുന്ന് കളറിലേക്കും, കളറിൽനിന്ന് എച്ഡിയിലേക്കും, ഇന്നിപ്പോ ദാ തിയറ്ററുകളിലേക്കും എത്തിനിൽകുന്നു ക്രിക്കറ്റ് മാച്ചിന്റെ പ്രക്ഷേപണം. വീട്ടുമുറ്റത്തുനിന്ന് അയല്പക്കങ്ങളിലേക്കും, അവിടുന്ന് ഗ്രൗണ്ടുകളിലേക്കും, അവിടുന്ന് ഇന്നത്തെ ടർഫുകളിലേക്കും മാറിമാറി ക്രിക്കറ്റുകളി ഒരു അനുഷ്ടാനംപോലെ നടന്നുകൊണ്ടേയിരിക്കുന്നു.
പല ആക്ഷനിൽ പന്തെറിഞ്ഞ, പല സ്റ്റൈലിൽ ബാറ്റ് ചെയ്ത എന്റെ എല്ലാ ചേട്ടന്മാരെയും അനിയന്മാരെയും, വിരളമായി ക്രിക്കറ്റ് കളിച്ച അനിയത്തിമാരെയും, ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടുനടന്ന, ഇന്നും കൊണ്ടുനടക്കുന്ന ഓരോ ക്രിക്കറ്റ് പ്രേമിയെയും സ്നേഹത്തോടെ സ്മരിക്കുന്നു. നമ്മളെയെല്ലാം പല കാലഘട്ടങ്ങളിൽ ഒന്നിപ്പിച്ച ഈ മഹത്തായ ഗെയിമിനെ വന്ദിക്കുന്നു.
No comments:
Post a Comment