Monday, 27 October 2025

എന്റെ കട്ടപ്പ

എന്റെ ഏറ്റവും പ്രിയപ്പെട്ട ചീക്കുട്ടന്,

നമ്മൾ പരിചയപ്പെട്ടിട്ട് പതിനൊന്നു കൊല്ലവും (പന്ത്രണ്ടാണോ) കല്യാണം കഴിഞ്ഞിട്ട് ഏഴുകൊല്ലവും ആയി എന്ന ആ സത്യം വളരെ അവിശ്വസനീയതയോടെ ഞാനൊന്ന് ഓർത്തുപോയി. അടുത്തയാഴ്ച നമ്മുടെ വിവാഹവാർഷികമാണല്ലോ, അത് അടുത്തയാഴ്ച ഞാൻ മറക്കുമെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോഴേ എഴുതിവക്കുന്നത്. എങ്ങനെയുണ്ടായി നമ്മുടെ ഇതുവരെയുള്ള യാത്ര എന്ന് ചോദിക്കുന്നില്ല, എനിക്കുതന്നെ അറിയാം. തുടക്കം, എന്നുവച്ചാൽ കല്യാണത്തിനുമുൻപ്, പറ്റാവുന്ന എല്ലാ വാഗ്ദാനങ്ങളുംതന്ന്, പരമാവധി നല്ലവനായി അഭിനയിച്ച് എല്ലാരേയുംപോലെ ഞാനും വിലസി. കല്യാണംകഴിഞ്ഞല്ലേ നീ പെട്ടത്, ഇഷ്ടപ്പെട്ട് കെട്ടിയതുകൊണ്ട് ഒഴിവാക്കാനുംവയ്യ, ചൊറിഞ്ഞ സ്വഭാവം കാരണം കൂടാനും വയ്യ എന്ന അവസ്ഥ. എന്റെ എത്രയെത്ര മൂഡ്സ്വിങ്സ് നീ സഹിച്ചിരിക്കുന്നു, സ്വിച്ച് ഇട്ടപോലെയാണ് ഞാൻ,എന്നെ വിശ്വസിക്കാനേ പറ്റില്ല എന്ന് എത്രതവണ നീ പറഞ്ഞിരിക്കുന്നു. എന്നിട്ടും കടിച്ചുപിടിച്ച് നമ്മൾ ഇവിടെവരെ എത്തി എന്നതിന് മുഴുവൻ ക്രെഡിറ്റും നീ എടുത്തോ (ക്രെഡിറ്റ്‌ എനിക്ക് വേണ്ടാട്ടോ, ചിരിക്കല്ലേ അപ്പുക്കുട്ടാ ). 

എന്തൊക്കെ ഈ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചു, ചെന്നൈയിലെ ആ ചെറിയ വീട്ടിൽ നമ്മൾ കുഞ്ഞുകുഞ്ഞു സാധനങ്ങൾ (ഫ്രിഡ്ജ്, ഏസി) സ്വരുക്കൂട്ടി, കാണാൻ പറ്റുന്ന എല്ലാ സിനിമകളും കണ്ടു, എത്രയെത്ര ഷെയർ ഓട്ടോകളിൽ യാത്രചെയ്തു, പറ്റാവുന്ന എല്ലാ ആഴ്ചയിലും നാട്ടിൽ പോയിവന്നു, പിന്നീട് ചെന്നൈയിൽനിന്ന് എന്റെ സ്വന്തം കേരളത്തിലേക്കുവന്നു (എന്നാലെങ്കിലും മനസമാധാനം ഉണ്ടാവുമെന്ന് കരുതിയ നിനക്ക് തെറ്റി), കമ്പനിപ്പടിയിലെ വീട് നീയും ചേച്ചിയുംകൂടെ പോയി കണ്ടു , അവിടെ നമ്മൾ സന്തോഷത്തോടെ താമസം തുടങ്ങി, ആ ടെറസിൽ എന്തെല്ലാം കൃഷി പരീക്ഷണങ്ങൾ നമ്മൾ നടത്തി, എത്രയെത്ര രാത്രികളിൽ ആ വീട്ടിൽ ചൂടെടുത്ത് പുഴുങ്ങിയിരുന്നു, നിന്റെ ഒറ്റയാളുടെ മിടുക്കുകൊണ്ട് (നിർബന്ധംകൊണ്ട്) കാർ വാങ്ങി, നമുക്കൊരു അമിട്ടുകുട്ടൻ ഉണ്ടായി (സായു), നമ്മൾ താമസസ്ഥലം മാറി പുതിയ വീട്ടിലെത്തി, ഗോവക്ക് പോയി, ആദ്യമായി കുഞ്ഞിനെ മൊട്ടയടിച്ചു, സായുനെ ഡേകെയറിൽ വിട്ടു, വിയറ്റ്നാമും കമ്പോടിയയും കണ്ടു, നിനക്ക് നിന്റെ അമ്മയെ നഷ്ടപ്പെട്ടു, അങ്ങനെ മറക്കാനാവാത്ത എന്തെല്ലാം. പിന്നെയും നമ്മൾ യാത്രകൾ പോയി (നമ്മൾ മലേഷ്യ യും സിങ്കപ്പൂരും നീ സ്വിറ്റ്സർലൻഡും), പിന്നെയുമെത്രയോ സിനിമകൾ കണ്ടു, സായുന് പുതിയ ഡേകെയർ കണ്ടെത്തി, എന്റെ ഹെർണിയ സർജറി (അതുകാരണം നാലിരട്ടിയായ മൂഡ്സ്വിങ്സ്), സായുവുമൊത്തുള്ള നിന്റെ ഡാൻസ് പഠിത്തം, കുഞ്ഞിന് വീണ്ടും കണ്ടെത്തിയ പുതിയ സ്കൂൾ, അച്ഛന്റെ ആഞ്ജിയോപ്ലാസ്റ്റി(അതുകൂടി ആലോചിച്ചുള്ള എന്റെ ടെൻഷനുകൾ), ക്ഷയിക്കുന്ന എന്റെ മനസ്സും ശരീരവും, ഇതിന്റെയെല്ലാമിടയിൽ ഡയറ്റ് നോക്കി വണ്ണംവക്കുന്ന നിന്റെ ശരീരം ( ഇപ്പോ ഇതിവിടെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന നിന്റെ സംശയം), വന്നുവന്ന് കലപിലാ സംസാരിച്ച് നമ്മളെ ഉപദേശിക്കാറായ ഇമ്മിണിസായു, നമ്മുടെ ആന്റമാൻ യാത്ര, അങ്ങനെ എന്തെല്ലാം. ഇനിയും നമ്മൾ ഒരുപാട് മുന്നോട്ട് പോകുമോ, പോയാൽ എന്നെ സഹിച്ചുസഹിച്ച് നീ പാടുപെടുമല്ലോ. അവധിദിവസങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന, മുപ്പത്തിമൂന്നിൽത്തന്നെ വയസ്സനെപോലെയായ ഈ ഭർത്താവിനെ ഇനിയും സഹിക്കാൻ പറ്റുമോ എന്റെ തിമ്മന്.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് നീ നേരിട്ടുകഴിഞ്ഞു ( അമ്മയുടെ മരണം ). എന്നിട്ടും നീ ഇന്നിൽ ജീവിക്കാൻ ശ്രമിക്കുന്നു (എന്റെ നേർവിപരീതം ), ഇടക്ക് ഞങ്ങൾ ശ്രദ്ധിക്കാത്തപ്പോൾമാത്രം സ്വകാര്യമായി പതറുന്നു, എന്നെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കുന്നു. എന്റെ എല്ലാ കുറവുകളിലും പ്രചോദനംതന്ന് കൂടെനിൽക്കുന്നു, കുഞ്ഞിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. ശരിക്കും എന്നെപ്പോലെ ഒരാൾതന്നെയായിരുന്നു നീയുമെങ്കിൽ നമ്മുടെ കുഞ്ഞിന്റെ ജീവിതം എത്രമാത്രം ബോറായിപ്പോയേനെ, എന്റെയും. ഞാൻ മാറാൻ ശ്രമിക്കാം ( പണ്ട് തന്നിട്ടുള്ളപോലെതന്നെ വെറും വാഗ്ദാനം). നിന്നെപ്പോലൊരു കട്ടപ്പ കൂടെയുണ്ട് എന്നുള്ളതാണ് എന്റെയും സായുവിന്റെയും ഭാഗ്യം. 
വീ ലവ് യു ചീതു. 

പിൻകുറിപ്പ് : എന്റെ പ്രിയപ്പെട്ട ഭാര്യ ശ്രീഥുവിന് ഞാൻ എഴുതിയ വിവാഹവാർഷിക കത്ത്. ഏകദേശം പത്തുകൊല്ലംമുന്നെയാണ് ഇതിനുമുൻപ് ഞാൻ ഇതുപോലൊരു കത്തെഴുതിയത്, അന്ന് അവളെ വീഴ്ത്താൻ, ഇന്ന് കൂടെത്തന്നെ നിർത്താൻ.

ചെന്നൈ പാസം

ഞാനും ഭാര്യയും (ശ്രീഥു) ആദ്യമായി കണ്ടുമുട്ടിയ ഞങ്ങടെ ചെന്നൈയിൽ ഒൻപതുകൊല്ലത്തെ ഇടവേളക്കുശേഷം ഞങ്ങൾ വീണ്ടുമെത്തി. ഇത്തവണ ഞങ്ങടെ കൂടെ ഞങ്ങടെ കുഞ്ഞ്,ചിമിട്ട്സായുവും ഉണ്ട്. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നടന്നുതുടങ്ങിയതുമുതൽ ഞാനും അവളും സായുവിനോട് പറഞ്ഞുതുടങ്ങി, ഇവിടെവച്ചാണ് അച്ഛനും അമ്മയും ആദ്യം കണ്ടത്, ഇവിടുന്ന് അങ്ങോട്ടുപോയാൽ വേറൊരു ട്രെയിൻ കയറി ആ സ്ഥലത്തോട്ട് പോകാം, അങ്ങോട്ടുപോകാം ഇങ്ങോട്ടുപോകാം എന്നൊക്കെ. സായു എല്ലാം മനസ്സിലായപോലെ ഒരു കുട്ടിബാഗും പുറത്തിട്ട്, കഴുത്തിലൊരു കുട്ടിഫാനും തൂക്കി തലയാട്ടി കൂടെ നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോ തുടങ്ങി എടുക്കണമെന്നുപറഞ്ഞുള്ള ബഹളം, അങ്ങനെ വേതാളം തോളത്തുകയറി സുഖയാത്രതുടങ്ങി. 
അധികം വൈകാതെ ഞങ്ങൾ താമസസ്ഥലത്തെത്തി, സായു ഭയങ്കര എക്‌സൈറ്റഡ് ആണ്, കട്ടിലിൽ ചാടിമറിഞ്ഞ് കുട്ടിക്കരണത്തിന്റെ പല വേർഷൻസ് പുറത്തെടുക്കുന്നു. ഓവറാക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു - താഴെ സ്കൂൾവണ്ടി വന്നിട്ടുണ്ട് കേറി പൊക്കോളാൻ, അച്ഛൻ വേണേൽ പൊക്കോ എന്നുപറഞ്ഞ് കുട്ടിമാക്കാൻ ചാട്ടം തുടർന്നു. കുറച്ചുകഴിഞ്ഞ് ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഞങ്ങൾ ഓട്ടോ പിടിച്ച് ലൊയോളാ കോളേജിലേക്ക് പോയി. ശ്രീഥു പഠിച്ചതും ഞങ്ങൾ പലതവണ കണ്ടുമുട്ടിയതുമായ ആ വലിയ കോമ്പൗണ്ടിൽ ഒരുപാട് നൊസ്റ്റാൾജിയയുമായി ഞങ്ങൾ നടന്നു. ഞങ്ങടെ കഥകളൊക്കെ കേട്ട് ബോറടിച്ച സായുവിന് പ്രധാനമായി അറിയേണ്ടത് ഇതാണ്, അന്ന് സായു എവിടെയാരുന്നു. സായുനെ കൂട്ടാതെ എന്തിനാണ് അച്ഛനും അമ്മയും ഇവിടെ കറങ്ങിനടന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂരമ്പുകളുമായി വന്ന കുട്ടിച്ചാത്തനെയുംകൊണ്ട് ഞങ്ങൾ പിന്നെ പോയത് പണ്ട് താമസിച്ച വീട്ടിലേക്കാണ്. ഇത്തിരിമാത്രം നടന്നിട്ട് പിന്നെയുള്ള ദൂരംമുഴുവൻ എന്റെ തോളത്തുകയറിയിരുന്ന് അവനങ്ങ് സുഖിച്ചു. കല്യാണംകഴിഞ്ഞ് ഞങ്ങൾ ഒന്നിച്ച് ആദ്യമായി താമസിച്ച വീട് സായുവിനെ പരിചയപ്പെടുത്തി. അവിടെ കുറേ പൂച്ചക്കുട്ടന്മാർ വരുമാരുന്നു എന്ന വിലയേറിയ പോയിന്റാണ് സായു പിടിച്ചെടുത്തത്. ആ പൂച്ചകൾ എവിടെ എന്നതാണ് കുന്നിക്കുരുവിന്റെ ഇപ്പോഴത്തെ ഡൗട്ട്. ആ വീടിന്റെ ഉടമസ്ഥയായ രാജം ആന്റി ഇപ്പോൾ അവിടെയല്ല താമസം, മകളുടെകൂടെ കുറച്ച് ദൂരെയെവിടെയോ ആണെന്ന് പഴയ കെയർടേക്കറിനെ വിളിച്ചപ്പോൾ മനസ്സിലായി. അന്നേ ഒരുപാട് വയസ്സുചെന്ന ഒരു അമ്മൂമ്മയായിരുന്നു രാജം ആന്റി, ഇന്നും അവർ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം തോന്നി, കാണാൻ കഴിയാത്തതിൽ അല്പം നിരാശയും. എന്നമാ, സൊല്ല് കണ്ണാ എന്നുള്ള അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായിരുന്നു. ഏതായാലും ഇനി ആന്റിയെ കാണാൻ കഴിയില്ല എന്ന് ഏകദേശം ഉറപ്പായി, ഇനി ഒരു വരവ് ഇങ്ങോട്ടേക്ക് ഉണ്ടാവുമോ, ആർക്കറിയാം. അവിടെ ഉണ്ടായിരുന്ന ആട്ടുകട്ടിൽ സായു കണ്ടുപിടിച്ചു. അതിലിരുന്ന് ഞങ്ങൾ കുറച്ചുനേരം ആടി. പണ്ട് ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ എത്രയോതവണ ഞാൻ അതിലിരുന്ന് ദിവാസ്വപ്നംകണ്ട് ആടിയിട്ടുണ്ട്.ഓർമ്മകൾ പലതും തിരിച്ചുവരുന്നു. അന്ന്, എങ്ങനേലും കേരളത്തിൽ പോയാൽമതി എന്നായിരുന്നു. ഇന്നോ, എങ്ങനേലും റാന്നിക്ക് പോയാൽമതിയെന്നും. അന്തമില്ലാത്ത ആഗ്രഹങ്ങൾ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നത് ഞാൻ തിരിച്ചറിയുന്നു.. വീണ്ടും അതേ ആട്ടുകട്ടിലിലിരുന്ന് ഞാൻ ചിന്തിക്കുകയാണ്, അതേ ആകാശം, അതേ ചുറ്റുവട്ടം. 

മരണവും മറവിയും

രാവിലെ എട്ടുമണിക്ക് പതിവില്ലാത്ത ഒരു കോളിങ്ബെൽ. അപ്പുറത്തെ ഫ്ലാറ്റിലെ അങ്കിളും ആന്റിയുമാണ്. അവിടുത്തെ അമ്മൂമ്മ ഇനിയില്ല എന്ന വാർത്ത അറിയിക്കാനാണ് അവർ വന്നത്. ഇതുവരെ കണ്ട എല്ലാ മരണങ്ങളുംപോലെ ഞെട്ടലിന്റെയും നിർവികാരതയുടെയും കൂടിച്ചേർന്ന ഭാവവുമായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അമ്മൂമ്മയുടെയും ഞങ്ങളുടെയും സ്വന്തം രവി അപ്പൂപ്പൻ അവിടെ അരികിൽത്തന്നെ ഇരിപ്പുണ്ട്. ഞാൻ ചെന്നപാടെ ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞെവിടെ എന്ന് അപ്പൂപ്പൻ ചോദിച്ചു. ഫ്ലാറ്റിൽ കുഞ്ഞിന്റെ ആദ്യത്തെ ബെസ്റ്റ്ഫ്രണ്ടാണ് അപ്പൂപ്പൻ, അപ്പൂപ്പന് അതിപ്പോഴും അങ്ങനെതന്നെ, കുഞ്ഞ് വളർന്ന് പുതിയ കൂട്ടുകാരെയൊക്കെ കണ്ടെത്തിയതുകൊണ്ട് അപ്പൂപ്പനോട് ഇപ്പോ അത്ര പ്രിയമില്ല. 
അമ്മൂമ്മ ഉറങ്ങുന്നപോലെ കിടക്കുകയാണ്. വായ തുറന്നിരിക്കുന്നു , മൊത്തത്തിൽ ശരീരം അല്പം നീരൊക്കെവച്ച് നാക്കൊക്കെ വെളുത്ത്, ഈ ശരീരത്തിൽ ഇനി ഞാനില്ല എന്ന് വിളിച്ചുപറയുന്നപോലെ കിടക്കുന്നു.  
ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവണം അമ്മൂമ്മയും, ഈ കാലത്തിനിടയ്ക്ക് സ്വന്തം ജീവിതംകൊണ്ട് എന്തൊക്കെ അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ടാവാം. എല്ലാം ഇതോടുകൂടി മണ്ണടിയുകയാണ്. 
എനിക്ക് ജോലിക്കുപോകാൻ സമയമായി. മര്യാദയുടെ പേരിൽ, സ്നേഹത്തിന്റെ പേരിൽ ഇന്ന് ലീവെടുത്ത് ഇവിടെ നിൽക്കണ്ടതാണ്, എങ്കിലും മനസ്സ് ചാഞ്ചാടുന്നു. തീർക്കാനുള്ള കുറെയേറെ കമ്മിറ്റ്മെന്റുകൾ തീർത്തിട്ടുവേണം സമാധാനമായി അടുത്തയാഴ്ച ടൂർ പോകാൻ. ഓരോ മൺതരിക്കും സ്വന്തം കാര്യമാണല്ലോ വലുത്. ലേറ്റായിട്ടേ വരൂ എന്ന് ഓഫീസിൽ അറിയിച്ചു. 
സ്ഥിരം മരണവീട്ടിലെ വാക്കുകൾ ഇവിടെയും പ്രതിധ്വനിച്ചുതുടങ്ങി - എത്രയോ നാളായി ഇങ്ങനെ വയ്യാതെ ഇരുന്ന് അനുഭവിക്കുന്നു, ഒരു കണക്കിന് നന്നായി, എന്നൊക്കെ.
അപ്പൂപ്പൻ വല്ലാതെ വിതുമ്പുന്നു. എത്ര വയ്യാതെ ആണെങ്കിലും ആൾ ജീവനോടെ അടുത്തുണ്ടല്ലോ എന്ന സമാധാനത്തിൽ ജീവിക്കുന്ന പങ്കാളിക്കുമാത്രം വലിയൊരു നഷ്ടമാണ് മരണം. 

കല്യാണം കഴിഞ്ഞിട്ട് അറുപതുവർഷമായി എന്നൊക്കെ അപ്പൂപ്പൻ പറയുന്നു, ആകെ തകർന്ന് കരയുന്നു. പ്രായമായവർ കരയുന്നത് കാണാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് അപ്പോൾ തോന്നി. അപ്പൂപ്പന്റെ സങ്കടംകണ്ട് കൂടെയുള്ള എല്ലാവരും കരയുന്നു. 

പത്രത്തിൽ ഫോട്ടോ കൊടുക്കണം, പ്രായവും മറ്റും ചേർക്കണം, പലരും പല തിരക്കിലാണ്. അമ്മയ്ക്ക് വയസ്സ് എൺപത്തിയാറല്ലേ എന്ന് ആരോ ചോദിക്കുമ്പോൾ അപ്പൂപ്പൻ പറയുന്നു - രാജുവിന്റെ ജനനത്തീയതി ഇരുപത്തിയെട്ട് ഒന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്. മറ്റ് പലതും ഓർത്തെടുക്കാൻ കഴിവില്ലാത്ത, അല്പം മുമ്പ് പറഞ്ഞ കാര്യങ്ങൾപോലും മറന്നുപോകുന്ന ആ അപ്പൂപ്പന്റെ മുഖത്തേക്ക് ഞാൻ അത്ഭുദത്തോടെ നോക്കി. ചിലതൊക്കെ അങ്ങനെയാണ്, പതിയുന്നത് ഓർമയിലല്ല, മനസ്സിലാണ്. 
അമ്മൂമ്മയെയും അപ്പൂപ്പനെയും ഇത്രദിവസം ശുശ്രൂഷിച്ച ഹോംനേഴ്സ്മാരും വീട്ടിൽ ജോലിക്കുനിന്നിരുന്ന ചേച്ചിയുമൊക്കെ അപ്പൂപ്പനെ ആശ്വസിപ്പിച്ച് കൂടെ ഇരിക്കുന്നു. ബന്ധുക്കളൊക്കെ വന്നുകൂടുന്നു. ഇത്രകാലത്തെ ജീവിതവും സ്നേഹവുംകൊണ്ട് അപ്പൂപ്പനും അമ്മൂമ്മയും നേടിയെടുത്ത പലരും വരിയായി വന്ന് കാണുന്നു. അപ്പൂപ്പന് പലരെയും മനസ്സിലാകുന്നില്ല, ഇപ്പൊ ആ മനസ്സിൽ ഒറ്റ മുഖം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. തമ്മിൽ കണ്ട ഈ ചുരുങ്ങിയ കാലങ്ങളിൽ സ്നേഹത്തോടെ നല്ലവാക്കുകൾപറഞ്ഞ അമ്മൂമ്മയ്ക്ക് മനസ്സാലെ ഞാൻ യാത്ര പറയുന്നു. കാണുമ്പോഴൊക്കെ ' വയ്യ മോനേ' എന്ന് നിസ്സഹായയായി പറഞ്ഞിരുന്ന അമ്മൂമ്മയ്ക്ക് ഇനി വേദനയില്ലാത്ത ലോകത്ത് സുഖമായിരിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. 

രാത്രി എട്ടുമണിക്ക് സംസ്കാരച്ചടങ്ങുകൾ എന്നറിഞ്ഞു. അപ്പൂപ്പന്റെ കുടുംബവീട്ടിലാണ് ചടങ്ങ്.
അവിടെ എത്തുമ്പോഴേക്കും സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായി. തെളിഞ്ഞുനിൽക്കുന്ന ഒരു വിളക്കിനടുത്ത് അമ്മൂമ്മ തറയിൽ ഉറങ്ങുന്നു. ചുറ്റും കുറച്ച് നെല്ലൊക്കെ കിടക്കുന്നു. വയസ്സുചെന്ന ആളുകളാണ് ചുറ്റും കൂടിയിരിക്കുന്നതിൽ ഭൂരിഭാഗവും. ഒന്നുരണ്ട് കൊച്ചുകുട്ടികൾ അവിടെയുമിവിടെയും ഓടിനടക്കുന്നുണ്ട്. പ്രായമായ കുറച്ച് ആണുങ്ങൾ ചേർന്ന് അമ്മൂമ്മയെ ദഹിപ്പിക്കാൻ എടുക്കുന്നു. ആ എടുത്തവർക്കെല്ലാം നടക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. ചെറുപ്പക്കാരൊക്കെ എവിടെ എന്ന് ഞാൻ ചിന്തിച്ചു. അടുത്ത തലമുറയെല്ലാം വിദേശത്തായതുകൊണ്ടാണോ അതോ ഇവിടുത്തെ രീതി ഇങ്ങനെയാണോ എന്നൊക്കെയായി എന്റെ പല ചിന്തകൾ. 
ചിതയിൽ വച്ച് കൊളുത്തിയശേഷം ഒരു ബ്ളോവർവച്ച് ചിത ആളിക്കത്തിക്കുന്നുണ്ടായിരുന്നു. പ്രായമായ അമ്മാവന്മാർ കർമങ്ങൾ ചെയ്യാൻ ആ ചിതയ്ക്കുചുറ്റും ഒരുപാട് ബുദ്ധിമുട്ടി നടക്കുന്നു. ഒന്നാമത് അവർക്കൊക്കെ നടക്കാൻ വയ്യാത്തവരാണ്, രണ്ടാമത് ചിത ബ്ളോവർവച്ച് ആളിക്കത്തിക്കുന്നത്കാരണം ആകെ പടർന്നുവീശുന്നു. എനിക്കെന്തോ ആ രംഗം കണ്ടപ്പോൾ വല്ലാത്ത അപകടംപോലെ തോന്നി. എന്തോ ഭാഗ്യംകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. 
അകത്ത്, ഇത്രനേരം അമ്മൂമ്മയെ കിടത്തിയ തറയൊക്കെ അടിച്ചുവാരുന്നു. ഒരുപാട് നെൻമണികൾ തൂത്തുകൂട്ടിയെടുക്കുന്നു, പണ്ട് ഇവരൊക്കെ എന്തോരം നെല്ലുകുത്തിയിട്ടുണ്ടാവും. 
അല്പസമയത്തിനുള്ളിൽ ആ തറയൊക്കെ മുഴുവൻ വൃത്തിയായി. ആളുകൾ വന്നവഴിയേ തിരിച്ചുനടന്നുതുടങ്ങി. വീഴാൻപോയവഴി ഒരു അമ്മൂമ്മ കയറിപ്പിടിച്ചത് കോളിങ്ബെല്ലിൽ, ഒരുനിമിഷത്തേക്ക് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പാളുന്നു. പിന്നെ വീണ്ടും പഴയപോലെ, കുറച്ചുപേർ മരിച്ച അമ്മൂമ്മയെ സ്മരിക്കുന്നു, കുറച്ചുപേർ സ്വന്തം കാര്യങ്ങളും മക്കടെ കാര്യങ്ങളുമൊക്കെ പറയുന്നു, അകത്തൊരു മുറിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പയ്യൻ ഫോണിൽ കളിക്കുന്നു, കല്യാണംകഴിഞ്ഞ് അറുപതുവയസ്സായ കാര്യം അപ്പൂപ്പൻ മാറ്റാരോടോ പറയുന്നു, അങ്ങനെയങ്ങനെ എല്ലാവരുടെയും ലോകം പതിയെ മുന്നോട്ടുതന്നെ നീങ്ങുന്നു. 

പിൻകുറിപ്പ് : അപ്പൂപ്പൻ തിരികെ ഫ്ലാറ്റിൽ ഞങ്ങടെ തൊട്ടപ്പുറത്തെ അതേ വീട്ടിൽ വന്നു. അപ്പൂപ്പനിപ്പോൾ മിക്കവാറുമൊക്കെ ടീവിയിൽ വെറുതേ കണ്ണുനട്ടിരിക്കുന്നതാണ് കാണുന്നത്. മറവി അപ്പൂപ്പനെ വല്ലാതെയങ്ങ് ബാധിച്ചിട്ടുണ്ട്. ഒരുകണക്കിന് അത് നന്നായി, ഇല്ലെങ്കിൽ ഓർമ്മകൾ വെറുതേ നോവിക്കുമല്ലോ. 

ഇന്ന്

അച്ഛൻ ആഞ്ജിയോപ്ലാസ്റ്റി ഒക്കെ കഴിഞ്ഞ് ഡിസ്ചാർജ് ആയി. ക്രിയാറ്റിൻ അളവ് ഇതുകാരണം കുറച്ചുകൂടി കൂടുമെന്നും മുൻപേതന്നെ കിഡ്നിക്ക് ഇഷ്യൂ ഉള്ളതുകൊണ്ട് റിക്കവറി ബുദ്ധിമുട്ടാവുമെന്നും ഡോക്ടർ പറഞ്ഞു. എന്റെ മനസ്സ് പിന്നെയും ടെൻഷനായി. അച്ഛൻ മരുന്നുകളുടെ ആധിക്യത്തിൽ ക്ഷീണിതനായി. അച്ഛനെ ഇങ്ങനെ ഇത്രയും കോലംകെട്ട് കണ്ടിട്ടേയില്ല, അതുകൊണ്ടുതന്നെ വിഷമമായി ഞങ്ങൾക്കെല്ലാം. ഒരാഴ്ച ഉറങ്ങിയും, പതിയെ കുറച്ചുനേരം നടന്നുമൊക്കെ വീടിനുള്ളിൽത്തന്നെ അച്ഛൻ കഴിച്ചുകൂട്ടി. അടുത്ത ചെക്കപ്പിന് ചെന്നപ്പോൾ ക്രിയാറ്റിൻ ലെവൽ പിന്നെയും ഒരുപാടങ്ങ് കൂടി. അനിവാര്യമായ ഡയാലിസിസ് അടുത്തടുത്ത് വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ മനസ്സ് എല്ലാമായി അഡ്ജസ്റ്റ് ആവും, ആയെ പറ്റൂ. അങ്ങനെ ഞാനും സ്വയം സൃഷ്‌ടിച്ച ഒരു പുകമറക്കുള്ളിൽ എന്നെ സമാധാനിപ്പിച്ചു. ഒരു മാസം കഴിഞ്ഞ് എന്താകും എന്ന ചിന്തയാണ് ഭയപ്പെടുത്തുന്നതെന്ന് എനിക്ക് മനസ്സിലായി, ഞാൻ നാളെയെക്കുറിച്ചുപോലും ചിന്തിക്കുന്നില്ല എന്ന് തീരുമാനിച്ചു. അച്ഛൻ ഇന്ന് കൂടെയുണ്ട് എന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഓഫീസിൽ പോയാലും ഇടക്കൊക്കെ വിളിച്ച് അച്ഛന്റെ ശബ്ദമൊന്ന് കേട്ടു. നഷ്ടപ്പെടാൻ പോവുകയാണെന്ന് തോന്നുമ്പോളാണല്ലോ നമുക്ക് പിടിച്ചുവെക്കാൻ കൂടുതൽ തോന്നുക. 
ഇന്നിൽ ജീവിക്കാൻ, ഇന്ന് കൂടെയുള്ളവരെ ഓർത്ത് സന്തോഷിക്കാൻ ശ്രമിച്ചപ്പോൾ എന്റെ സങ്കടങ്ങൾ കുറഞ്ഞു, അല്പംകൂടിയൊക്കെ സമാധാനം തോന്നി. 

അച്ഛൻ വീട്ടിൽ പോയി, നല്ലപോലെ വിശ്രമിച്ച്, വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ച് അടുത്ത ചെക്കപ്പിന് പോയി. ഇത്തവണ ക്രിയാറ്റിൻ ലെവൽ കുറഞ്ഞിട്ടുണ്ട്. ആ വാർത്ത കേട്ട് എന്റെ പ്രതീക്ഷകൾ പൂവിട്ടു. കണ്ണ് ചെറുതായി നിറഞ്ഞു, ഇത്തവണ സന്തോഷംകൊണ്ടാണ്. ജീവിതത്തെപ്പറ്റി പിന്നെയും നല്ല ചിന്തകൾ വന്നുതുടങ്ങി. അച്ഛനും സന്തോഷമായി, മനസ്സിന്റെ സന്തോഷം ശരീരത്തിലും പ്രതിഫലിച്ചുതുടങ്ങി, അച്ഛൻ പിന്നെയും ആക്റ്റീവായി. അധികം വൈകാതെ അച്ഛൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അത് അച്ഛനും ഞങ്ങൾക്കും പുതിയ ഊർജം തന്നു. പതിയെ എല്ലാം നോർമൽ ആവുകയാണ്, ഇത് തല്കാലത്തേക്കാണെങ്കിലും ദീർഘകാലത്തേക്കാണെങ്കിലും ഇന്നിൽ ഞാൻ സന്തോഷവാനാണ്, കാരണം ഇന്ന് അച്ഛനും അമ്മയും ജീവിതത്തിൽ കൂടെയുണ്ടല്ലോ.