എന്റെ ഉള്ളിലെ ജോർജുകുട്ടിയുടെ നാലാം ക്ലാസുകാരന്റെ ബുദ്ധി ഉണർന്നു.
അയാളുടെ അടുത്തെത്തി ഞാൻ ചോദിച്ചു, ഫോൺ പോയതല്ലേ നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താലോ എന്ന്. പോലീസ് സ്റ്റേഷനിൽ പോയാൽ ഞാൻ വെള്ളമടിച്ചിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് പറഞ്ഞ് അവരെന്നെ ഓടിച്ചു വിടും, എന്റെ ഭാഷയും അവർക്ക് വലിയ വശമില്ലാത്തതുകൊണ്ട് സഹായിക്കില്ല എന്നയാൾ ഉറപ്പിച്ച് പറഞ്ഞു. നഷ്ടപ്പെട്ട ഫോൺ മറ്റാരെങ്കിലും മോശമായ എന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചാൽ നിങ്ങൾക്ക് പ്രശ്നമാകും എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിലായി. എന്റെ കൂടെ പോലീസ്റ്റേഷനിലേക്ക് വരാൻ സമ്മതിച്ചു. ഞാൻ കാറിൽ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. എനിക്ക് എന്നെപ്പറ്റിത്തന്നെ ഒരു മതിപ്പൊക്കെ തോന്നി. ഇന്നെനിക്ക് ഈ സിനിമയിൽ ഹീറോ ആയെ പറ്റൂ എന്ന ഒരുതരം വാശി.
അവിടെ എത്തി സംഭവം പറഞ്ഞപ്പോൾ പോലീസ് നേരെ സെല്ലിന്റെ അടുത്തേക്ക് കൊണ്ടുപോയി, അതിനുള്ളിൽ കിടക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ചു ചോദിച്ചു ഇയാളാണോ ഫോൺ കട്ടതെന്ന് . അകത്ത് കിടക്കുന്ന ആളെ നോക്കി പുറത്തു നിൽക്കുന്ന നമ്മുടെ അണ്ണൻ പറഞ്ഞു അല്ല എന്ന്. വീണ്ടും കരച്ചിലോട് കരച്ചിൽ. ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ്.
സബ് ഇൻസ്പെക്ടർ രഞ്ജിത്ത് സാർ വന്നു , കണ്ടപ്പോൾ തന്നെ ഒരു മാന്യനാണെന്ന് തോന്നി. അദ്ദേഹത്തോട് - ഇയാളുടെ ഫോൺ നഷ്ടപ്പെട്ടു അത് വെച്ച് മറ്റാരെങ്കിലും എന്തെങ്കിലും ചെയ്താൽ പ്രശ്നമാകില്ലെയെന്ന് കരുതി ഒരു പരാതി തരാൻ വന്നതാണെന്ന് ഞാൻ പറഞ്ഞു. ആ നമ്പർ ഇപ്പോൾ ആക്ടീവ് ആണെങ്കിൽ നമുക്ക് തപ്പിയെടുക്കാം എന്നുപറഞ്ഞ് സാർ വിളിച്ചുനോക്കി പക്ഷേ അത് സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹം യൂട്യൂബിൽ ഒരു വീഡിയോ കാണിച്ചുതന്നു, ആ പറയുന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്തിട്ട് പുതിയൊരു സിമ്മിന് അപ്ലൈ ചെയ്യാൻ പറഞ്ഞു. അപ്പോഴാണ് മറ്റൊരു പ്രശ്നം, നേപ്പാളിയായ ഇദ്ദേഹത്തിന് സിം എടുത്തു കൊടുത്തിരിക്കുന്നത് മറ്റാരുടെയോ പേരിലാണ്. അല്ലേൽത്തന്നെ പലവിധ വള്ളിക്കേസുകളിൽ കുടുങ്ങി നിൽക്കുന്ന പോലീസുകാർ പറഞ്ഞു ഇയാളെയുംകൊണ്ട് എത്രയും പെട്ടെന്ന് അവിടുന്ന് സ്ഥലം വിട്ടോ, ഈ കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് . നമ്മുടെ അണ്ണൻ വീണ്ടും കരയാൻ തുടങ്ങി, നിങ്ങളെല്ലാവരും 100 രൂപ വെച്ച് തന്നാൽ എനിക്ക് നാട്ടിൽ പോകാനുള്ള കാശ് ആവും എങ്ങനെയെങ്കിലും എനിക്കൊന്ന് നേപ്പാളിൽ എത്തിയാൽ മതി, അല്ലെങ്കിൽ ഒരു പേപ്പറിൽ എഴുതിയെങ്കിലും തരണം, ഇങ്ങനെയൊക്കെ സംഭവിച്ചു ഇയാളെ വെറുതെവിടണം, നേപ്പാൾ വരെ എത്തിക്കണം എന്നൊക്കെ . അയാളുടെ പാസ്പോർട്ട് നോക്കിയിട്ട് രഞ്ജിത്ത് സാർ - വിദേശത്ത് ഒക്കെ വർക്ക് ചെയ്തിട്ടുള്ള ആളാണല്ലോ, എന്നിട്ടും ഇത്ര ശ്രദ്ധയില്ലാതെ പോയല്ലോ , ദിവസവും കുറഞ്ഞത് പത്ത് കേസെങ്കിലും ഇതുപോലെതന്നെ വരാറുണ്ട്,എന്ത് ചെയ്യാൻ പറ്റും - ഇപ്പോൾ പരമാവധി എനിക്കൊരു നൂറു രൂപ തന്നു സഹായിക്കാനേ പറ്റൂ. അയാൾക്ക് നേപ്പാൾ വരെ എത്തണമെങ്കിൽ ഒരായിരം രൂപ കൊടുത്താൽ എങ്ങനെയെങ്കിലും കയറിപ്പൊക്കോളാം എന്ന് വീണ്ടും പറഞ്ഞു.
ഇനിയും അവിടെനിന്ന് പോലീസുകാരുടെ ബി പി കൂട്ടണ്ട എന്നുകരുതി - ആ പൈസ ഞാൻ കൊടുത്തോളാം, റെയിൽവേ സ്റ്റേഷനിൽ ഞാൻ കൊണ്ടാക്കിക്കോളാം എന്ന് സാറിനോട് പറഞ്ഞപ്പോൾ - നിങ്ങൾക്ക് എന്റെ പത്തിരട്ടി സന്മനസ്സ് ഉണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞു. ദിവസവും ഇതുപോലെ ഒരുപാടുപേരെ കാണുമ്പോൾ എല്ലാവർക്കുമായി കൊടുക്കാൻ സാറിന് പറ്റില്ലല്ലോ എന്ന് ഞാനെന്ന ജോർജുകുട്ടി അദ്ദേഹത്തെ ആശ്വസിപ്പിച്ചു . അന്യസംസ്ഥാന തൊഴിലാളികളുടെ അതിപ്രസരവും പോലീസുകാർ ഇല്ലാത്ത കുറവുമൊക്കെ അദ്ദേഹം പറഞ്ഞു. എവിടെയോ വായിച്ച് മറന്ന- 600 പേർക്ക് ഒരു പോലീസ് അല്ലേ ഉള്ളൂ ഇവിടെ - എന്ന എന്റെ ഡയലോഗ് ആ പോലീസ് സ്റ്റേഷൻ ഭിത്തിയിൽ തട്ടി പ്രതിധ്വനിച്ചു . ഞാൻ എവിടെയാണ് ജോലി ചെയ്യുന്നത്, ഒരു ഇരുത്തംവന്ന ഇടപെടൽ ആണല്ലോ, നിങ്ങളെപ്പോലെയുള്ള ആളുകൾ ഉള്ളതാണ് നമ്മുടെ നാടിന്റെ നന്മ എന്നൊക്കെ അദ്ദേഹം പറയുമ്പോൾ എന്നിലെ നന്മമരം പുളകംകൊണ്ടു.. തലേന്ന് രാത്രി തലയിണയ്ക്ക് വേണ്ടി കുഞ്ഞിനോട് അടിയുണ്ടാക്കി കുഞ്ഞിനെ താഴെയിട്ട രംഗം എന്റെ മനസ്സിൽ കടന്നുവന്നു, കഴിഞ്ഞ ആഴ്ച മിൽക്കിബാർ വാങ്ങിയിട്ട് അതിനുവേണ്ടി അടിയുണ്ടാക്കിയ എന്നെ ഭാര്യയും സങ്കൽപിക്കും ഈ കഥ കേൾക്കുമ്പോൾ( ലെ, ഇരുത്തംവന്ന ഞാൻ ).
കാറിൽ കയറിയപ്പോൾ നേപ്പാളിലേക്ക് ഒരു കോൾ ചെയ്താലോ എന്ന് ചോദിച്ചു, നോർമൽ കോൾ വിളിച്ചപ്പോൾ പോകുന്നില്ല, അണ്ണനിലെ ജോർജുകുട്ടി ചോദിച്ചു വാട്സാപ്പിൽ പറ്റില്ലേയെന്ന്, എന്നിലെ ജോർജുകുട്ടി നാലാംക്ലാസിൽനിന്ന് എൽകെജിയിലേക്ക് പോയോ, ഞാൻ എന്താ അത് ഓർക്കാഞ്ഞത്.
കോൾ എടുത്തത് പുള്ളിയുടെ ഭാര്യയാണ്. ഇയാൾ കള്ളുംകുടിച്ച് കിടന്നുറങ്ങി ഫോൺ കൊണ്ട് കളഞ്ഞു അല്ലേ എന്നും പറഞ്ഞ് നല്ല ചീത്ത പറയുന്നുണ്ട്. ചീത്ത കേട്ട് മതിയായി പകുതിക്ക് വെച്ച് അണ്ണൻ ഫോൺ കട്ട് ചെയ്ത് തന്നു. ഭാര്യമാരോം കി സിന്ദഗി ഖതർനാക് ഹേ അല്ലേ. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ടെൻഷൻ അയാളിൽ കാണാമായിരുന്നു, ആപ് ലോഗ് ഭഗവാൻ ജയ്സാ ഹേ എന്നുപറഞ്ഞ് വീണ്ടും കരച്ചിൽ.
അണ്ണനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി. ഭക്ഷണം വല്ലോം കഴിക്കണോ എന്ന് ചോദിച്ചപ്പോൾ ഒരു പുകവലിച്ചോളാം എന്ന് അണ്ണൻ, താടിക്ക് ഒരു തട്ടുകൊടുക്കാനാണ് തോന്നിയത്, നന്മമരമേ അടങ്ങ് എന്ന് ഞാൻ എന്നെത്തന്നെ അടക്കി.. ആദ്യം ട്രെയിൻ കിട്ടുമോയെന്ന് നോക്കിയിട്ട് ബാക്കിയൊക്കെ ചെയ്താൽ മതി എന്ന് പറഞ്ഞു നിർബന്ധമായും കൂട്ടിക്കൊണ്ടുപോയി. അണ്ണന്റെ ഭാര്യയുടെ ഫോണിൽ നിന്ന് വീഡിയോകോൾ വന്നു. പുള്ളി അയാളുടെ ഭാര്യയെയും മക്കളെയും കാണിച്ചുതന്നു. അവര് പിന്നെയും എന്തൊക്കെയോ ചീത്ത പറയുന്നുണ്ട് . അവസാനം, ഇനി ഈ നമ്പറിലേക്ക് തിരിച്ചു വിളിക്കരുതെന്ന് പറയണമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. കയ്യിലുള്ള കൃത്യം ആയിരം രൂപയിൽ നൂറുമാത്രം പേഴ്സിൽ വച്ച് ബാക്കി കയ്യിൽ ഏല്പിച്ചു. കണ്ണുനിറഞ്ഞ് - ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്നൊക്കെ പറഞ്ഞ് ഇനി ട്രെയിൻ പിടിക്കാമെന്ന ലെവലായി. ലക്നൗ വരെ എത്തിയാൽ അവിടുന്ന് നേപ്പാളിൽ പോകാം എന്നാണ് പ്ലാൻ. ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചപ്പോൾ ഇനി നാളെ രാത്രി പതിനൊന്നുമണിക്കേ ഉള്ളു അങ്ങോട്ടുള്ള ട്രെയിൻ. നോർത്തിൽ എങ്ങോട്ടേലുമുള്ള ട്രെയിൻ മതി എന്ന് പറഞ്ഞപ്പോൾ തത്കാലം ഉടനെയുള്ള അഹല്യനഗരി എക്സ്പ്രസിൽ ഇൻഡോർ വരെ പോകാമെന്ന് തീരുമാനിച്ചു. ടിക്കറ്റ് എടുക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽവല്ലോം ഇരുന്ന് പൊയ്‌ക്കോളാം, ടിക്കറ്റ് എടുത്താൽ ഭക്ഷണത്തിനുള്ള വക ഇല്ലായെന്ന്പറഞ്ഞ് എന്നിലെ നന്മമരത്തിന്റെ തായ്തടിയിൽ അയാൾ വീണ്ടും വെട്ടി .
ട്രെയിനിൽ പലയിടത്തും ചെക്കിംഗ് ഒക്കെ നടക്കും അപ്പോൾ അവരോട് സംസാരിക്കാൻ മലയാളം അറിയില്ല, വിളിച്ചുതരാം, അവരോട് ഒന്ന് സംസാരിക്കണം, എങ്ങനെയെങ്കിലും നേപ്പാൾവരെ ഒന്ന് എത്തിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതിവാങ്ങി, . ഇനി ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പ്രശ്നം വേണ്ട എന്ന് കരുതി ഒരു ജനറൽ ടിക്കറ്റെടുത്ത് കൊടുത്തു - 595 രൂപ. അപ്പോൾ സമയം രാവിലെ പത്തര. 11. 10 നാണ് ട്രെയിൻ. പ്ലാറ്റ്ഫോം നമ്പറും ട്രെയിനിന്റെ പേരും നമ്പറുമൊക്കെ ടിക്കറ്റിന്റെ പിന്നിൽ എഴുതി കൊടുത്തു. പിന്നെയും നിന്ന് കരഞ്ഞപ്പോൾ - ഇനി കരഞ്ഞാൽ പോലീസ് പിടിച്ചുകൊണ്ടുപോവും അതുകൊണ്ട് തൽക്കാലം നിർത്തി സമാധാനമായിട്ട് പോകാൻ പറഞ്ഞു. ഞാൻ യാത്ര പറഞ്ഞിറങ്ങി, പിരിയും മുന്നേ ജോർജുകുട്ടി വീണ്ടും തലപൊക്കി, അണ്ണന്റെ ഒരു ഫോട്ടോ എടുത്തു, എന്തെങ്കിലും ആവശ്യം വന്നാലോ . പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ പോയപ്പോൾ അവിടെയൊരു ചേച്ചി ഉണ്ടായിരുന്നു, എത്ര രൂപയായി എന്ന് ചോദിച്ചപ്പോൾ - " നോ പാർക്കിങ്ങ് ഏരിയയിലാണ് ഇട്ടിരിക്കുന്നത് പോലീസ് കണ്ടാൽ നിങ്ങക്കും എനിക്കും പ്രശ്നമാവും" എന്ന് . അപ്പോൾ അഹങ്കാരത്തോടെ മനസ്സിൽ ഓർത്തു ഞാനും പോലീസും ഇപ്പോൾ ഭായി ഭായി ആണല്ലോ , ചേച്ചിക്ക് അത് അറിയില്ല.
പിന്നെ ഭാര്യയ്ക്ക് വേണ്ടുന്ന ഒരു മരുന്നുവാങ്ങാൻ നേരെ ആശുപത്രിയിൽ പോയി (ഏത് സമയവും പ്രസവിക്കാൻ റെഡി ആയ ഭാര്യയെയും, സ്കൂളിലിരിക്കുന്ന കുഞ്ഞിനേയും വച്ചിട്ടാണ് എന്റെയീ ഹീറോയിസം). ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി ഇറങ്ങിയപ്പോഴേക്കും 11 മണിയായി. കുഞ്ഞിനെ വിളിക്കേണ്ട സമയമായി, പിന്നെ തിരക്ക്പിടിച്ച് സ്കൂളിലേക്ക് ഓടി. അവിടെ എത്തുമ്പോഴേക്കും നമ്മുടെ നന്മനിറഞ്ഞ പോലീസുകാരന്റെ മെസ്സേജ് വന്നു. അതിൽ ഒരു ഫോണിന്റെ പടവും, ഇത് മറ്റേ അണ്ണന്റെ ഫോൺ ആണോ എന്ന് ചോദിക്കാൻ . സ്കൂളിൽ കുഞ്ഞിന്റെ പരിപാടി കഴിഞ്ഞിട്ടില്ല, ഒരു പത്ത് മിനിറ്റിൽ വരാമെന്ന് പറഞ്ഞ് അവിടുന്ന് വീണ്ടും ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ഇത്രയൊക്കെ നന്മമരം ആവണ്ട കാര്യമുണ്ടോ എന്ന് സ്വയം ഒരു തോന്നൽ . പക്ഷേ ഇന്ന് ഞാനൊരു സിനിമയിൽ ആണല്ലോ, ഈ സിനിമയിലെ നായകൻ ഞാനാണല്ലോ, അപ്പോൾ പിന്നെ അങ്ങനെയങ്ങ് വിടാൻ പറ്റുമോ. റെയിൽവേ ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചു അഹല്യ നഗരി എക്സ്പ്രസ് പോയോ എന്ന്, അപ്പോൾ സമയം 11.19. ട്രെയിൻ എന്തായാലും ഒരു 20 മിനിറ്റ് എങ്കിലും ലേറ്റ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നത്. പക്ഷേ ഇന്നെന്തോ ട്രെയിനിന് കൃത്യസമയത്ത് ഓടണം എന്ന് തോന്നി, അത് പോയി. എങ്കിലും, നമ്മടെ അണ്ണൻ കുടിയനാണല്ലോ, ട്രെയിനിൽ കയറാതെ അവിടെയെങ്ങാനും കിടന്നുറങ്ങുന്നുണ്ടോ എന്ന് നോക്കാമെന്ന് വിചാരിച്ച് പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേ അറ്റം വരെ നടന്നുനോക്കി, അവിടെയെങ്ങും കണ്ടുകിട്ടിയില്ല. മുന്നെ പേഴ്സിൽ ഒരു 100 രൂപ ബാക്കി വെച്ചത് കാര്യമായി, ഇത്തവണ കാർ പത്ത് മിനിറ്റ് പാർക്ക് ചെയ്തതിന് 40 രൂപയായി.
പോലീസുകാരൻ അയച്ചുതന്ന ഫോണിന്റെ ഫോട്ടോ അണ്ണന്റെ ഭാര്യക്ക് അയച്ചുകൊടുത്തു. അല്പം കഴിഞ്ഞപ്പോൾ അവർ വിളിച്ചു. അവര് പറയുന്ന നേപ്പാളി എനിക്ക് മനസ്സിലായില്ല. ഫോൺ അയാളുടെ തന്നെ ആണെന്നാണ് പറയുന്നതെന്ന് ഏകദേശം മനസ്സിലായി. പിന്നെ ഗൂഗിളിൽ ഇംഗ്ലീഷ് അടിച്ച് നേപ്പാളിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത് വാട്സാപ്പിൽ മെസ്സേജ് അയച്ചു, പല കോളുകൾക്ക് പല ട്രാൻസ്ലേഷൻ മെസ്സേജ് . ഒരു വിധത്തിൽ അവരെ മനസ്സിലാക്കികൊടുത്തു, ഫോൺ പോലീസിന്റെ കയ്യിലാണെന്ന് .
രഞ്ജിത്ത് സാറിനെ ഒന്നുകൂടെ വിളിച്ചു, പുള്ളി വേറേ ഏതോ പ്രതിയെ പിടിച്ച് ജയിലിലാക്കുന്ന തിരക്കിലാണ്. എങ്കിലും പറഞ്ഞു - "ഫോൺ അയാളുടേത് ആണെന്നുള്ള എന്തെങ്കിലും ഒരു തെളിവ് പറഞ്ഞാൽ കൊറിയർ അയച്ചു കൊടുത്തേക്കാം , അതിനുവേണ്ടി ഇങ്ങോട്ട് വരേണ്ട കാര്യമില്ല, കൊറിയറിന്റെ പൈസ ഞാൻ എടുത്തോളാം " . ഞാനും രഞ്ജിത്ത് സാറും തമ്മിൽ കൂടുതൽ നല്ലവൻ ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരം നടക്കുന്നതുപോലെ തോന്നി . സത്യത്തിൽ പുള്ളിയല്ലേ കഥയിലെ ഹീറോ, ആക്ഷൻ ഹീറോ ബിജുവിനെ പോലെ പെട്ടെന്ന് തന്നെ ഇടപെട്ട് കാര്യങ്ങളൊക്കെ കണ്ടെത്തി ഏകദേശം ആ ഫോൺ അയാൾക്ക് എത്തിക്കുന്ന അവസ്ഥയിൽ വരെ എത്തിച്ചു . ഞാൻ അമിതാവേശം കാണിച്ച് അയാളെ 11 മണിക്ക് തന്നെയുള്ള ട്രെയിനിൽ കയറ്റിവിട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അയാൾക്ക് ഫോൺ തിരിച്ചെടുക്കാമായിരുന്നു.
ഇനി ഇതൊന്നുമല്ല, ആ അണ്ണൻ ആണോ കഥയിലെ ഹീറോ. ആദ്യം തന്നെ പുള്ളിക്ക് ഒരു മദ്യത്തിന്റെ മണം ഉണ്ടായിരുന്നു. പുള്ളിയുടെ സ്വന്തം നമ്പർ പലതവണ തിരിച്ചുമറിച്ച് ആലോചിച്ചിട്ടാണ് പോലീസുകാരന് പറഞ്ഞുകൊടുത്തത്, അതാവട്ടെ സ്വന്തം പേരിലല്ല എന്ന് പറയുകയും ചെയ്തു, അതോടെ പിന്നെ ആരും കൂടുതലൊന്നും അതിനെപ്പറ്റി ചികയില്ലല്ലോ. അതൊരു എയർടെൽ സിം ആണ് എന്നാണ് പറഞ്ഞത്. പക്ഷേ പോലീസിന് ഇപ്പോൾ കിട്ടിയ ഫോണിലുള്ളത് എയർടെൽ സിമ്മോ ആ നമ്പറോ അല്ല. ഞാനെടുത്തു കൊടുത്ത ടിക്കറ്റും വെച്ച് പുള്ളിയാ ട്രെയിൻ കയറി പോയിട്ടുണ്ടോ എന്ന്പോലും എനിക്കറിയില്ല. അയാളുടെ ഭാര്യയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പറിൽ വിളിച്ച് അവരെ വീഡിയോകോളിൽ കണ്ടു എന്നുള്ളത് സത്യം, ഒരുപക്ഷേ ഭാര്യയായിരിക്കുംതാനും. ഇനി ഇവര് രണ്ടും ചേർന്നുള്ള കളിയാണെങ്കിലോ. ഇതേ കാരണം പറഞ്ഞ് ഇതേപോലെ കരഞ്ഞ് പുള്ളി മറ്റാരെയെങ്കിലും പറ്റിക്കുന്നുണ്ടാവുമോ ഇപ്പോൾ. ഇരുപതുരൂപ തന്നാ മതി എന്ന് പറഞ്ഞ കരയുന്ന ഒരാളോട് ആ 20 രൂപ കൊടുത്തിട്ട് ബാധ്യത ഒഴിവാക്കി പോകുന്നതാണോ അതോ നല്ലവനാകാൻ തുനിഞ്ഞിറങ്ങി അയാളെയും കൊണ്ട് പോലീസ് സ്റ്റേഷനിൽപോയി സത്യമാണോ എന്ന്പോലും അറിയാത്ത ഒരു കാര്യത്തിന് പോലീസുകാരെ കൂടെ മണ്ടനാക്കുന്നതാണോ വേണ്ടത് . അയാളുടെ കയ്യിൽ ഒരു വലിയ ബാഗ് ഉണ്ടായിരുന്നു, ബാഗിനകത്ത് കുറെ തുണിയുണ്ടായിരുന്നു, അതിനുള്ളിൽ നിന്നാണ് നേപ്പാളി പാസ്പോർട്ട് എടുത്തത് എന്നുള്ളത് സത്യം, അത്രയും വരെ ഞാൻ കണ്ടതാണ്. പക്ഷേ ആ ബാഗിന്റെ ഏറ്റവും അടിയിൽ സൈലന്റ് ആക്കി സ്വന്തം ഫോൺ വച്ചിട്ടുണ്ടായിരുന്നെങ്കിലോ. വള്ളിക്കേസായതുകൊണ്ട് പോലീസുകാരും കൂടുതലൊന്നും ചെക്ക് ചെയ്തില്ല, ബാഗ് കുടഞ്ഞ് വെളിയിൽ ഇട്ടു നോക്കിയില്ല. എന്റെ 900 രൂപയ്ക്ക് ഇന്ന് മൊത്തം വെള്ളമടിച്ച് കിണ്ടിയായി കിടക്കുന്നുണ്ടാവുമോ അണ്ണൻ. നന്മമരം കളിച്ച് ഞാൻ എടുത്തുകൊടുത്ത ട്രെയിൻ ടിക്കറ്റ് ഏതെങ്കിലും പ്ലാറ്റ്ഫോമിൽ വീണുകിടക്കുന്നുണ്ടാവുമോ വെറുതെ. ഏയ് അങ്ങനെ സംഭവിക്കില്ല അല്ലെ. ഒന്നുമല്ലെങ്കിലും ഹ്യൂമൻ കൈൻഡ്, ഏ ഹോപ്ഫുൾ ഹിസ്റ്ററി എന്ന ബുക്കിൽ റെഡ്ഗർ ബ്രഗ്മൻ പറയുന്നത് ലോകത്തിലെ 74 ശതമാനം ആളുകളും നല്ലവരാണെന്നാണ്, പക്ഷേ അതിൽ 78 ശതമാനം ആളുകളും ചിന്തിക്കുന്നത് മറ്റുള്ളവർ മോശമാണെന്നാണ് . അതായത് ഈ നല്ലവരായ ആളുകൾപോലും ചിന്തിക്കുന്നത് മറ്റുള്ളവർ മോശമാണെന്നാണ്, സത്യത്തിൽ ഭൂരിഭാഗം ആളുകളും ഈ ലോകത്തിൽ നല്ലവരാണത്രേ. ഒരു കുടിയനാണെങ്കിലും ഈ അണ്ണനും പറഞ്ഞതൊക്കെ സത്യമായിരിക്കണേ.
വീട്ടിലെത്തിയപ്പോൾ ഭാര്യ ദൃശ്യം 3 കാണുകയാണ്. ഗണേഷ്കുമാർ പറയുന്ന രംഗം - " പോലീസുകാരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിങ്ങളും മനസ്സിലാക്കണം, ഏകദേശം 600 പേർക്ക് ഒരു പോലീസ് എന്നുള്ളതാണ് കേരളത്തിലെ കണക്ക് ". ഓ അപ്പൊ രാവിലെ ഞാൻ രഞ്ജിത്ത് സാറിനോട് തള്ളിയത് സിനിമയിൽ നിന്ന് കേട്ട അറിവാണ്. ഓക്കേ, എന്തായാലും എന്റെ സിനിമ ഇന്നത്തേക്ക് തീർന്നു, അതിലെ നല്ലവനായ നായകനായി സ്വയം അവരോധിച്ച് ഞാൻ ആത്മനിർവൃതി അണയട്ടെ. ദേ ആ നേപ്പാളി അമ്മച്ചി പിന്നേം വിളിക്കുന്നുണ്ട്. എനിക്ക് ഹിന്ദി അറിഞ്ഞുകൂടാ എന്ന് ഈ മറുതേനോട് പറഞ്ഞുകൊടുക്കടാ.
Chetta etra naalayi chettante blog vayichitu. Kannu niranju
ReplyDelete🙃 😬 🤣
DeleteEda monee....!!🥳
ReplyDelete😊
DeleteEda monee....!!🥳
ReplyDeleteSuper
ReplyDelete😊
Delete❤️❤️❤️
ReplyDelete😊
Delete👍
ReplyDelete😊
Delete👍
ReplyDelete🙏🏻👍🏻
ReplyDelete😊
Deletenjangalude hero 😄👏👏👍
ReplyDelete👍
ReplyDelete