Friday, 25 September 2026

അപരന്റെ ആത്മഗതം

ചൂടെടുത്തിട്ട് ഒരു രക്ഷയുമില്ല, മണിക്കൂർ രണ്ടായി ഈ വേഷം കെട്ടിത്തുടങ്ങിയിട്ട്, ഏസി ഉള്ള സ്റ്റേജിൽ കയറിയാലെങ്കിലും സമാധാനമാകുമെന്ന് കരുതിയപ്പോൾ ദാ പണിയറിയാത്ത കൊറേ പണിക്കാർ തലക്ക് കയ്യും കൊടുത്ത് നഖവും കടിച്ച് 
അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു. ഞാൻ കെട്ടിയാടുമ്പോൾ ബാക്ഗ്രൗണ്ടിൽ പ്ലേ ചെയ്യാൻ കുറേ മണിക്കൂർ മുന്നെ കൊടുത്ത പാട്ട് വർക്ക് ആവുന്നില്ലാന്ന്. ഇവനൊക്കെ പിന്നെ എന്ത് തേങ്ങയാണ് ഇത്രനേരം ചെയ്തത്, അതൊന്ന് പ്ലേ ചെയ്ത് നോക്കാനുള്ള വിവരംപോലും ഒരുത്തനുമില്ലേ. എന്റെ മുന്നിൽ ചുവപ്പുനാട പിടിച്ച് നിൽക്കുന്ന ചേട്ടന്മാർക്ക് കൈ കഴക്കുന്നുണ്ട്. ഒടുക്കം അവർ സുല്ലിട്ട് നാട നീക്കി സ്റ്റേജിന്റെ സൈഡിൽ സൈഡായി. ഞാനും പാർട്ണറും സ്റ്റേജിന്റെ നടുക്ക് വല്ലാത്തൊരു വൃത്തികെട്ട പോസ്റ്റ്‌. വിളിച്ചുപറയുന്ന പെങ്കൊച്ച് ടെക്നിക്കൽ എറർ എന്നൊക്കെ പറയുന്നുണ്ട്, കോപ്പ്, യെവന്മാർക്ക് പണി എടുക്കാൻ വയ്യ അയിനാണ് ഇങ്ങനെ പൊലിപ്പിച്ച് പറയുന്നത്. മഴത്തുള്ളിക്കിലുക്കം സിനിമയിലെ സലിംകുമാർ ഒരു കൊട്ടവച്ച് നടന്നപോലെ ഉള്ള ഈ വേഷവുംവച്ച് എത്രനേരം ഇവിടെ ഇങ്ങനെ നിക്കണ്ടിവരുമോ എന്തോ. സ്റ്റേജിന് നല്ല പൊക്കമുണ്ട്, താഴെ ഇരിക്കുന്ന ആര് നോക്കിയാലും ഞാൻ തുണിപൊക്കി നിക്കുന്നപോലെ തോന്നുകേം ചെയ്യുമെന്ന് ഉറപ്പ്. ആ കിഴങ്ങന്മാർക്ക് കഥകളി എന്താന്ന് അറിയത്തുപോലുമില്ലാതാനും, ശോ മോശം, മോശമെന്നുവച്ചാൽ വളരെ മോശം അവസ്ഥ. ഏതോ തമ്പുരാൻ വിളി കേട്ടു, എങ്ങനെയോ പാട്ട് സെറ്റ് ആയി, നാടയുംകൊണ്ട് അണ്ണന്മാർ വീണ്ടും വന്നു. ഇനി എന്ത് മറച്ചുവെക്കാനാണോ എന്തോ, എന്തായാലും മുഖത്ത് പച്ചയും മഞ്ഞയുമൊക്കെ വാരിത്തേച്ചിട്ടുള്ളതുകൊണ്ട് ചളിപ്പ് അറിയില്ല, കണ്ടാലും കഥകളിയിലെ എന്തേലും പ്രത്യേക ഭാവമാണെന്നേ യെവന്മാർ കരുതൂ. പട്ടാളം സിനിമയിലെ ഇന്നസെന്റിന്റെ കഥകളി മനസ്സിൽ കണ്ട് എന്നെനോക്കി ചിരിക്കുന്ന ആ മെലിഞ്ഞവനെ ഇത് കഴിഞ്ഞ് പറ്റിയാൽ ഒന്ന് പൊട്ടിക്കണം. ഇത്രേംനേരം ഇതെന്താ തുടങ്ങാത്തെ എന്നുപറഞ്ഞ് അക്ഷമരായി ഇരുന്ന എല്ലാ വിദ്വാന്മാരും ഇപ്പോൾ ദാ കോട്ടുവായിട്ടും ഫോണിൽ തോണ്ടിയും ഞങ്ങളെ വെറുപ്പിക്കാവുന്നതിന്റെ പരമാവധി വെറുപ്പിക്കുന്നു. നാശം, എങ്ങോട്ടേലും ഇറങ്ങി ഓടിയാൽമതിയാരുന്നു. ഞങ്ങടെ കളിയൊക്കെ കഴിഞ്ഞ് മടുത്ത് വെറുത്ത് മനസ്സ് തകർന്നപ്പോളാണ് അടുത്ത ടീം തിരുവാതിര കളിക്കാൻ കയറിയത്. അപ്പോഴേക്കും ആരോ ഭക്ഷണത്തിന് സമയമായി എന്ന് പറഞ്ഞതുമാത്രമേ ഓർമ്മയുള്ളൂ, പിന്നെ സദസ്സ്   ശൂന്യം. തൊലിയുരിഞ്ഞ അവസ്ഥയിൽ പാവം തിരുവാതിരക്കാർ ആർക്കോവേണ്ടി ആടിത്തീർത്തു. ഇപ്പോ ലേശം സമാധാനമൊക്കെ തോന്നുന്നുണ്ട്, ഞങ്ങടെ വിധി ഇതിലും ഭേദമാരുന്നല്ലോ. 

എന്ന്, ഒരു കഥകളിക്കാരന്റെ മനസ്സ് വായിക്കാൻ ശ്രമിച്ച, സദസ്സിലിരുന്ന് ഇന്നസെന്റിനെ ഓർത്ത് ചിരിച്ച ആ മെലിഞ്ഞവൻ. 

Thursday, 3 September 2026

നക്ഷത്ര സെൻസ് വേണമെടോ

നക്ഷത്രങ്ങളെ അധികം കാണാനില്ലല്ലോ എന്ന് കുറച്ചു ദിവസം മുന്നേ ആലോചിച്ചതേയുള്ളൂ. വെളുപ്പിന് നാലുമണിക്ക് കൊതുകുകടിച്ച് ഉണർത്തിയോണ്ട് ചൊറിഞ്ഞു ചൊറിഞ്ഞ് എണീറ്റപ്പോൾ ഉറക്കം മൊത്തം പോയി. ഫോൺ സ്ക്രോൾ ചെയ്ത് കിടന്നാലോ എന്നാലോചിച്ചു, പിന്നെ എന്തോ ഒരു വെളിപാടിന് നടക്കാൻ പോകാൻ തീരുമാനിച്ചു. ഒരുപാട്നാൾ കൂടിയിട്ടാണ് ഇത്രയും വെളുപ്പിനെയുള്ള സമയം കാണുന്നത്. കൊള്ളാട്ടോ, വലിയ ബഹളങ്ങളുമില്ല അധികം വെട്ടവുമില്ല, മൊത്തത്തിൽ ഒരു ശാന്തത. അത്യാവശ്യം ഇരുട്ടായതുകൊണ്ട് ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങളെ നോക്കാൻ തോന്നി, കുറേയധികംപേരുണ്ട്, കണ്ണുനിറയെ കണ്ടു. അപ്പൊ ശരിക്കും നക്ഷത്രങ്ങൾ ഇല്ലാതായതോ വായുമലിനീകരണം കാരണം കാണാതായതോ അല്ല, നോക്കേണ്ടസമയത്ത് നോക്കിയില്ല എന്നുള്ളതാണ് വാസ്തവം. അവരുടെ കൂട്ടത്തിൽ അമ്പിളി അമ്മാവൻ വെട്ടിത്തിളങ്ങി നിൽപ്പുണ്ട്. കഴുത്ത് വേദനിച്ചെങ്കിലും കുറച്ച് നേരം അങ്ങനെ തന്നെ നിന്ന് ആ കാഴ്ച ഒന്ന് ആസ്വദിച്ചു. പണ്ടെപ്പോഴോ വടക്കേ ഇന്ത്യയിലെ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റലിന്റെ മുകളിൽ ബെഡ്ഷീറ്റ് വിരിച്ചു കിടന്നത് ഓർമ്മവന്നു. അന്ന് അവിടുത്തെ ചൂട് സഹിക്കാൻവയ്യാതെയാണ് അങ്ങനെ ചെയ്തതെങ്കിലും മനസ്സിൽ എന്നെന്നേക്കും തങ്ങിനിൽക്കുന്ന ഓർമയായി ആ ആകാശം. 

 പിന്നെ ഓർമവന്നത് ആനന്ദം സിനിമയിലെ ഡയലോഗാണ് "ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് എല്ലാരും വല്ലപ്പോഴും ഒരു സൺറൈസ് ഒക്കെ കണ്ടാൽ ഈ ലോകത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലന്ന് "

വീട്ടിലെത്തി കുഞ്ഞിനെ വിളിച്ചുണർത്തി നക്ഷത്രങ്ങളെ കാണിക്കാൻ. ഒരു പത്തുതവണ കുലുക്കിവിളിച്ചപ്പോൾ അതിനറിയാവുന്ന ഭാഷയിൽ അമർഷം കാണിച്ച് തിരിഞ്ഞുകിടന്നുറങ്ങി. നക്ഷത്ര സെൻസ് ഇല്ലാത്ത ബ്ലഡി മാക്കാച്ചി. 

ഇനിമുതൽ എല്ലാദിവസവും ഈ സമയത്ത് എണീറ്റ് നടക്കണമെന്ന് ഒരു ചെറിയ ശപതമെടുത്തു. മനസ്സ് പറഞ്ഞു " ഉം കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ".