Friday, 6 November 2026

നവംബറിന്റെ സന്തോഷവും സങ്കടവും

നവംബർ തുടങ്ങി. ഒന്നാമത്തെ ദിവസം കേരളപ്പിറവിയും രണ്ടാമത്തെ ദിവസം വിവാഹവാർഷികവും, പിന്നെ മാസാവസാനത്തേക്ക് വരാനുള്ള ഒരു ബർത്ഡേയും. സന്തോഷം നിറയേണ്ടതാണ്,പക്ഷേ. 

ഇത്തവണ രണ്ടാം തീയതി വാസുദേവൻ കൊച്ചാട്ടൻ മരിച്ചു. അമ്മയുടെ അമ്മാവനാണോ, പേരപ്പന്റെ ബന്ധുവാണോ, അങ്ങനെ ഏതൊക്കെയോ രീതിയിൽ അദ്ദേഹവുമായി ബന്ധമുണ്ട്. പണ്ടെന്നോ നാടുവിട്ട് കണ്ണൂർ പോയി ചേക്കേറിയതാണ് അവരൊക്കെ. എങ്കിലും ഞങ്ങടെ വീടുകളിലൊക്കെ വലിയ വിശേഷങ്ങൾക്ക് ഉലകംമുഴുവൻ ചുറ്റി അവർ എത്തും, ചിലപ്പോൾ രണ്ടുദിവസത്തെ യാത്രയൊക്കെ ഉണ്ടാവും പണ്ട്കാലങ്ങളിൽ അവിടുന്ന് ഇവിടെയെത്താൻ. മലബാറിലെ വാസുദേവൻ കൊച്ചാട്ടൻ, രാധ അപ്പച്ചി, ഇങ്ങനെയാണ് അമ്മ അവരെ വിളിക്കാറ്, അത് കേട്ട് ഞങ്ങളും. രശ്മി ചേച്ചി,ഗണേഷ് ചേട്ടൻ, ലാലേട്ടൻ, മിനി ചേച്ചി, ഇവരൊക്കെ അടുത്ത തലമുറയിൽ ഞങ്ങളെ ചേർത്തുനിർത്തുന്ന കണ്ണികൾ, പിന്നെ അവരുടെ മക്കൾ. ബന്ധങ്ങൾ കുറഞ്ഞുകുറഞ്ഞ് വരികയാണ്. 
പണ്ടൊരിക്കൽ അവരുടെ വീട്ടിൽ താമസിക്കാൻ പോയത്, വലിയ കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള വഴിയിലൂടെ ജീപ്പിൽ പോയ സാഹസിക യാത്ര, തെളിഞ്ഞ വെള്ളമുള്ള അരുവിയിൽനിന്ന് മോട്ടിസോപ്പ് (പണ്ടത്തെ ഒരു സോപ്പ് ആണ് ) എന്നുപറഞ്ഞ് ഒരു കല്ലെടുത്ത് റാന്നിയിൽ വീട്ടിൽ കൊണ്ട് നിധിപോലെ സൂക്ഷിച്ചത്, മലബാർ എന്നാൽ അങ്ങനെ പല ഓർമകളാണെനിക്ക്.

മൂന്നാംതീയതിയാണ് കർമങ്ങൾ. ട്രെയിനിൽ പോകാൻ തീരുമാനിച്ചു. വിവാഹവാർഷികത്തിന്റെ സന്തോഷത്തിന് ചേച്ചി വാങ്ങിത്തന്ന ബീഫ് ഫ്രൈ കഴിച്ചാണ് ദിവസം തുടങ്ങിയത്.. വേണ്ടപ്പെട്ട ഒരാളുടെ മരണം അറിഞ്ഞിട്ടും സ്വന്തം സന്തോഷങ്ങൾ വേണ്ടാന്ന് വെക്കാത്തതിന്റെ ഗിൽറ്റി ഫീൽ.മരണം കൂടാൻ പോവുകയല്ലേ, ഭംഗിയില്ലാത്ത ഡ്രസ്സ്‌ ഇട്ടാലോ എന്നോർത്തു, എന്തിനുവേണ്ടി അഭിനയിക്കണം എന്ന് വീണ്ടും ചിന്തിച്ചപ്പോൾ കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ് ഇട്ടു, ഏകദേശം പൂക്കളം ഡിസൈൻ ആയിപ്പോയി. 

ചേട്ടൻ വെളുപ്പിനെയുള്ള ട്രെയിനിന് യാത്രതിരിച്ചു, ഞാൻ സീറ്റുള്ള ട്രെയിൻ നോക്കി കുറച്ചുകൂടി ലേറ്റായിട്ടാണ് യാത്ര തുടങ്ങിയത് .അവിടുന്ന് പിന്നെയും രണ്ടുമണിക്കൂർ യാത്രയുണ്ട് . സ്റ്റേഷനിൽ എത്തുമ്പോഴേക്കും കൂട്ടുകാരന്റെ കാറുമായി ചേട്ടൻ ഹാജർ. പണ്ടും അങ്ങനെയാണല്ലോ, എല്ലാം ദൈവം തളികയിൽകൊണ്ടുവന്ന് തരും. 

കുറച്ചുനാൾ മുന്നേ കൊച്ചാട്ടന് വയ്യ എന്ന് കേട്ട് കാണാൻ പോയിരുന്നു. ഇത്തവണ വീണ്ടും ചെല്ലുമ്പോഴാണ് മനസ്സിലാകുന്നത് അന്ന് പോയത് മൂന്ന് കൊല്ലം മുൻപേ ആയിരുന്നു എന്ന്. കാലം, അതിന്റെ വേഗത, ഓർമ്മയുടെ ബലക്ഷയം ഇതൊക്കെ എന്നെ വീണ്ടും അത്ഭുദപ്പെടുത്തുന്നു. ഇത്തവണയും പോകാതിരിക്കാൻ കാരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. ദൂരം, ജോലിത്തിരക്ക്, ട്രെയിനിന് ടിക്കറ്റില്ലായ്മ അങ്ങനെ പലതും. പോകാൻ പക്ഷേ ഒന്നുരണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. കാണുമ്പോഴൊക്കെ അപ്പുവേ, കണ്ണോ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്നതിന്റെ ഓർമ്മ, പിന്നെ ഇപ്പോൾ ജീവിച്ചിരിക്കുന്ന സ്നേഹമുള്ള ബന്ധങ്ങൾ. 

കൊച്ചാട്ടന്റെ വീട്ടുപേര് മരണ അറിയിപ്പിൽ കണ്ടു ' കല്ലൂർ തടത്തിൽ '. എന്റെ വീട്ടുപേര് 'കല്ലൂർ'. വർഷങ്ങൾക്കപ്പുറവും കുടുംബമെന്ന വൃക്ഷത്തെ ചേർത്തുനിർത്താൻ ഒരുപക്ഷേ കാരണവന്മാർ മനപ്പൂർവം നിലനിർത്തിപ്പോന്നതായിരിക്കും വീട്ടുപേർ. പല വേരുകളായി ബന്ധങ്ങൾ പലവഴിക്ക് പോയാലും ഇടയ്ക്കെപ്പോഴെങ്കിലും മണ്ണിൽ എവിടെയെങ്കിലുംവച്ച് കണ്ടുമുട്ടാതെ പറ്റില്ലല്ലോ. 
ചിത കത്തുമ്പോൾ കൊച്ചാട്ടന്റെ കൊച്ചുമക്കളുടെ കുഞ്ഞുമക്കൾ കരയുന്നത് കണ്ടു, അല്പംകഴിഞ്ഞ് അതേ കുഞ്ഞുങ്ങൾ ചിരിക്കുകയും ഓടിനടക്കുകയും ചെയ്യുന്നു. അങ്ങനെ ആകാൻ പറ്റിയിരുന്നെങ്കിൽ.
ഏതൊക്കെയോ മുതിർന്നവർ വന്ന് ബന്ധം പരിചയപ്പെടുത്തി സംസാരിച്ചു. പലരെയും മനസ്സിലായില്ലെങ്കിലും എല്ലാം ഒരേ മരത്തിന്റെ പല വേരുകളാണെന്ന് മനസിലായി. 


നവംബർ നാലാം തീയതി പേരമ്മയുടെ ഓർമദിവസമാണ്. തലേന്ന് മലബാർവരെ പോയിട്ട് നാലാംതീയതി വെളുപ്പിനെയാണ് എത്തിയത്. ചേട്ടന്മാരെ (പേരമ്മയുടെ മക്കളെ ) പേരമ്മയുടെ കാര്യം ചോദിച്ച് വിഷമിപ്പിക്കണോ എന്നോർത്തു. . നമ്മൾ മറന്നിട്ടില്ല എന്നത് അറിയിക്കണോ അതോ വീണ്ടും മരണം ഓർമിപ്പിക്കാതെയിരിക്കണോ , അറിയില്ല. എങ്കിലും മെസേജ് അയച്ചു. ഞങ്ങളൊക്കെ ഉള്ളതുവരെ പേരമ്മ ഓർമകളിൽ ജീവിക്കട്ടെയെന്ന് തോന്നി. നാലുദിവസം മുന്നേ വിവാഹവാർഷികം ആഘോഷിക്കാൻ ഞങ്ങൾ പോയി താമസിച്ച ആഡംബര ഹോട്ടലിലെ മുറിക്ക് പേരമ്മയുടെ വീടിന്റെ മണമായിരുന്നു. 


നവംബർ അഞ്ചാം തീയതി ഉണർന്നത് അപ്പുറത്തെ വീട്ടിലെ അപ്പൂപ്പന്റെ മരണവാർത്ത കേട്ടാണ്. ഞങ്ങടെ സ്വന്തം രവി അപ്പൂപ്പൻ. ഇവിടെ താമസിക്കാൻ വന്നപ്പോൾ ആദ്യം പരിചയപ്പെട്ട ആൾ, സായുവിന്റെ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ട്, കാണുമ്പോഴൊക്കെ വീട്ടിലേക്ക് വിളിച്ച് എന്തെങ്കിലുമൊക്കെ കഴിക്കാൻ നിർബന്ധിക്കുന്ന സ്നേഹത്തിന്റെ നിറകുടം. ഞങ്ങടെ ഫ്ലാറ്റിന്റെ ചുറ്റുമുള്ള മൂന്ന് ഫ്ലാറ്റുകളിൽ അപ്പൂപ്പനും അപ്പൂപ്പന്റെ മക്കൾ രണ്ടുപേരും കുടുംബമായി കഴിഞ്ഞു. കഴിഞ്ഞ കൊല്ലമാണെന്ന് തോന്നുന്നു , അമ്മൂമ്മ പോയി. അതോടെ അപ്പൂപ്പൻ കുറച്ചൊന്ന് തളർന്നു. ആ ഒരുദിവസംമാത്രം അപ്പൂപ്പൻ കരയുന്നത് ഞങ്ങൾ കണ്ടു. പിന്നീടങ്ങോട്ട് അപ്പൂപ്പന്റെ ആരോഗ്യം മോശമായെങ്കിലും എപ്പോ കണ്ടാലും ചിരിക്കുന്ന മുഖം അങ്ങനെതന്നെ തുടർന്നു. താഴെ നടക്കാൻ പോകുമായിരുന്ന , മിക്കദിവസങ്ങളിലും അമ്പലത്തിൽ പോയിരുന്ന, മധുരം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, കാണുന്നവരോടൊക്കെ സ്നേഹം മാത്രം വിളമ്പിയ അപ്പൂപ്പൻ. സായുവിനെ കാണുമ്പോഴൊക്കെ പറയുന്ന ഒരു ഡയലോഗ് ഉണ്ട് " എനിക്കൊരു അപ്പം തരാമെന്ന് പറഞ്ഞിട്ട് എവിടെ " എന്ന്. "പണ്ടിവിടൊരു മൊട്ടത്തലയൻ കുട്ടപ്പൻ ഉണ്ടായിരുന്നല്ലോ, ഇപ്പൊ എവിടെപ്പോയി ", ഇങ്ങനെ സ്വയം കളിയാക്കിയും പറയും . എള്ളുണ്ട പൊടിച്ച് പാത്രത്തിലാക്കി വക്കും, കുപ്പിനിറയെ മുട്ടായി സൂക്ഷിക്കും, ഇതെല്ലാമായി സായുവിനെ ആകർഷിക്കാൻ നോക്കും. തീരെ കുഞ്ഞായിരുന്നപ്പോൾ സായു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് സ്ഥിരം കറങ്ങിനടക്കുമായിരുന്നു, ഇടക്ക് അവരുടെ രണ്ടുപേരുടെയും ഇടയിൽ കട്ടിലിൽ കയറിയിരുന്ന് അവിടുള്ള സാധനങ്ങളെല്ലാം എടുക്കുമായിരുന്നു. വളരുംതോറും അങ്ങോട്ടേക്കുള്ള പോക്ക് കുറഞ്ഞു. എങ്കിലും സ്കൂളിൽ പോകുന്നേനുമുൻപ് അപ്പൂപ്പനോട് ഒരു ടാറ്റാ പറഞ്ഞിട്ട് പോകണമെന്ന് നിർബന്ധം പറഞ്ഞതുകൊണ്ട് അത്രേം ചെയ്യുമായിരുന്നു. ആ വീടിന്റെ കതക് മിക്കപ്പോഴും തുറന്നുകിടന്നു. അവിടെയിരുന്ന് അപ്പൂപ്പൻ പ്രതീക്ഷയോടെ ഞങ്ങളെ നോക്കും, ആരെങ്കിലുമൊന്ന് സംസാരിക്കാൻ ചെന്നിരുന്നെങ്കിലെന്ന് ആ മുഖം ആഗ്രഹിക്കുന്നപോലെ തോന്നിയിട്ടുണ്ട്. പക്ഷേ പറയുന്നത് പലതും അപ്പൂപ്പന് തിരിയില്ല, കേൾവി കുറഞ്ഞു, കാഴ്ച കുറഞ്ഞു, അങ്ങനെ അപ്പൂപ്പനെ പതുക്കെപ്പതുക്കെ ഒഴിവാക്കാൻ കാരണങ്ങൾ ഏറി. കഴിഞ്ഞ ആഴ്ച ഒരു സർജറിക്ക് അപ്പൂപ്പൻ ആശുപത്രിയിലായി. ഓക്കേ ആയി തിരിച്ചുവന്നു എന്ന് കേട്ടു. ഇന്നലെ രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ ആ കതക് തുറന്നുകിടപ്പുണ്ട്, അപ്പൂപ്പനെ അവിടെ കണ്ടില്ല. പിന്നെ ആവട്ടെ എന്നുകരുതി ധൃതിയിൽ ലിഫ്റ്റ്‌ പിടിക്കാൻ പോയ ആ നിമിഷത്തെ ഇപ്പോൾ വെറുക്കുന്നു. മരണവാർത്ത സായുവിനോട് പറഞ്ഞു, അതിന് വലിയ ഭാവവ്യത്യാസമൊന്നുമില്ല. എനിക്ക് കുഞ്ഞിനോട് ദേഷ്യം തോന്നി. പക്ഷേ അതിന്റെ ആറ്റിട്യൂട് ആണ് ശരിയെന്ന് വെറുതേ തോന്നിപ്പോകുന്നു. വെറുതേ വീൽചെയറിൽ ഏതോ ഓർമ്മയിൽ മുങ്ങി എത്രനാൾ ഒരാൾ ജീവിക്കണം, അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നതുതന്നെ അയാളോടുള്ള ക്രൂരതയല്ലേ. വേദനിപ്പിക്കുന്ന ഓർമ്മകളെ ഓർത്തോർത്ത് ജീവിതം കളയുന്നതിലും നല്ലത് ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന കുഞ്ഞുങ്ങളുടെ ആറ്റിട്യൂട് അല്ലേ. അപ്പൂപ്പന് വേണ്ടി ഓടിക്കൊണ്ടിരുന്ന രണ്ട് മക്കളെ ഞാൻ ഓർക്കുന്നു, ആ ആന്റിമാർ ഇനി കുറച്ച് റസ്റ്റ് എടുക്കട്ടെ, സ്വന്തം അച്ഛനെപ്പോലെ അപ്പൂപ്പനെ സ്നേഹിച്ച മരുമക്കളെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു, അവരെ കണ്ടാൽ ശരിക്കും മക്കളാണെന്നെ തോന്നു, അത്രയ്ക്ക് അടുപ്പവും സ്നേഹവുമുള്ള കുടുംബക്കാർ. ഇത്ര നല്ല അയൽക്കാരെ കിട്ടിയതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. ജീവിതത്തിൽ ഒരർത്ഥത്തിൽ എല്ലാം ഭാഗ്യമാണ്. നല്ല ആരോഗ്യം, നല്ല ബന്ധങ്ങൾ ഇവയാണ് ഏറ്റവും വലിയ ഭാഗ്യം. രാവിലെ വെള്ളം തിളപ്പിക്കാൻ തുടങ്ങുമ്പോ അതിൽ എന്ത് ചേർക്കണമെന്ന് സംശയം. പനിക്കൂർക്ക മതിയെന്ന തീരുമാനം ബാൽക്കണിയിലെ ചെടിച്ചട്ടിയുടെ അടുത്തെത്തിച്ചു. വർഷങ്ങൾക്കുമുമ്പ് അപ്പൂപ്പന്റെ വീട്ടീന്ന് കൊണ്ടുവന്നു നട്ടതാണ് അതുങ്ങളെ. ഇപ്പോ അതിന്റെയൊക്കെ പല തലമുറ വളർന്നും വാടിയും കൊഴിഞ്ഞും തളിർത്തും നിക്കുന്നു. 

ഞങ്ങടെ സെക്യൂരിറ്റി സുഖറാം ഭായിയും അപ്പൂപ്പനും വലിയ കൂട്ടായിരുന്നു. അവസാനമായി അപ്പൂപ്പനെ ഒരുനോക്ക് കാണാൻ പോകുമ്പോൾ ഭായിയെയും ഞാൻ കൂടെ കൂട്ടി., അത് അപ്പൂപ്പന് സന്തോഷമായിരിക്കുമെന്ന് എനിക്ക് തോന്നി. അപ്പൂപ്പനെ പോലെ ആകാൻ പറ്റിയിരുന്നെങ്കിൽ, എല്ലാത്തിനോടും എല്ലാവരോടും സ്നേഹം മാത്രം. വാക്കുകളിൽ വാത്സല്യം മാത്രം. 
യാത്രയിൽ മുഴുവൻ സുഖറാം ഭായി ഹിന്ദിയിൽ ഒരുപാട് തത്വചിന്തകൾ പങ്കുവച്ചു. ആളുകളെ പരിചയപ്പെടാനും ഇടക്കൊക്കെ കാണാനും കഴിയുന്നത് ദൈവാധീനം ആണെന്ന് പറഞ്ഞു. ഞാൻ കൂടെ കൂട്ടിയത് അതുപോലെയൊരു ദൈവാധീനം ആയത്രേ, നമ്മൾ കാണാൻ ചെല്ലണം എന്നുള്ളത് യോഗമാണ്, പുള്ളിയോട് കൂടെവരുന്നോ എന്ന് ചോദിക്കാൻ ദൈവം തോന്നിച്ചതാണ് എന്നൊക്കെ. കുഞ്ഞുങ്ങൾവരെ ഭായി എന്ന് വിളിക്കുന്ന ആ മനുഷ്യൻ പല ജോലികൾ ചെയ്താണ് ഇവിടെവരെ എത്തിയത്. മണിക്കൂറിന് ഒരുരൂപ ശമ്പളം കിട്ടിയിരുന്ന ജോലിവരെ പെടും അതിൽ. അച്ഛന്റെ പ്രായമാണ് ആൾക്ക്. ഭക്ഷണശീലങ്ങളെപ്പറ്റി, ആരോഗ്യത്തെപ്പറ്റി, അങ്ങനെ പലതിനെയുംപറ്റി തത്വം പറയുന്ന ആ മനുഷ്യനെ ഞാൻ അത്ഭുത്തോടെ നോക്കി. പറഞ്ഞത്‌ മിക്കതും ശരിയുമായിരുന്നു. ജീവിതമാണ് യഥാർത്ഥ പാഠപുസ്തകമെന്ന് പുള്ളി പറയാതെ പറയുന്നു. 

ചില്ലുകൂട്ടിൽ ചിരിക്കാതെ കിടക്കുന്ന അപ്പൂപ്പനെ കണ്ടപ്പോൾ ഓർമ്മകൾ ഇരമ്പിയാർത്തുവന്നു. കൂടിനിന്ന ബന്ധുക്കളോടൊക്കെ എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു, ഇനിയും സംസാരിച്ചാൽ കണ്ണുനീർ പുറത്തുവരും, അതുകണ്ട് അവർക്കും സങ്കടമാകും എന്നുകരുതി അധികം സംസാരിക്കാതെ തിരികെ ഇറങ്ങി. അപ്പൂപ്പൻ സായുവിനെ പിടിച്ച് ഉള്ളുനിറഞ്ഞ് ചിരിക്കുന്ന ഒരു ഫോട്ടോ ഫോണിൽ കണ്ടു, മൂന്നുകൊല്ലം മുൻപത്തേതാണ്. ഫോട്ടോ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി. ശരിക്കും ഫോട്ടോകൾ ഉള്ളതുകൊണ്ടല്ലേ ഓർമ്മകൾ പലതും നമ്മളെ വേട്ടയാടുന്നത്. ഫോട്ടോകൾ ഇല്ലാത്ത ലോകം കുറച്ചുകൂടി സമാധാനം തന്നേനെ. നമുക്ക് മറവി എന്നൊരു വലിയ ഭാഗ്യം ദൈവം തന്നിട്ടുണ്ട്. ദുഃഖങ്ങൾ കടന്ന് മുന്നോട്ട് പോകാൻ, ഇനിയും ജീവിക്കാനുള്ള ആഗ്രഹം നൽകാൻ, മറവിയോളം നല്ലൊരു മരുന്നില്ല. പക്ഷേ പഴയതെല്ലാം മുറുകെ പിടിച്ച്, പഴയ നിമിഷങ്ങളിൽ ജീവിക്കാൻ കൊതിച്ച്, ഇന്നിലുമില്ല അന്നിലുമില്ല എന്ന അവസ്ഥയിൽ നമ്മൾ വേദനിച്ച് ജീവിക്കുന്നു. 

നവംബറിന്റെ കളികൾക്ക്,മരണങ്ങൾക്ക് അറുതിയില്ല. നവംബർ എട്ടിന് ഭാര്യയുടെ (ശ്രീഥുന്റെ) അമ്മയുടെ ഓർമ്മദിവസമാണ്. സ്വയം നല്ലൊരു അമ്മയായി ജീവിച്ച്, അമ്മയില്ലാതെയുള്ള മൂന്നുകൊല്ലത്തെ ജീവിതം അവൾ മറക്കാൻ ശ്രമിക്കുകയാവാം. അവൾ പറയുന്നതുപോലെ, നമ്മുടെ പ്രയോറിറ്റീസ് മാറുകയല്ലേ ജീവിതത്തിൽ. 


ഈ മരണങ്ങളും വേദനകളുമെല്ലാം ഓർക്കുന്ന അതേ അവസരത്തിൽ അടുത്തമാസം വരാൻപോകുന്ന ഒരു യാത്രയുടെ പ്ലാനിലാണ്, ഒരുപാടുനാളായി തുടങ്ങിയ പ്ലാനാണെങ്കിലും എല്ലാം ഒത്തുവരുന്നത് ഇങ്ങനെയൊരു വല്ലാത്ത സമയത്താണ്. ഗിൽറ്റി ഫീൽ അടിക്കാൻ മനസ്സ് പറയുന്നു, കഴിച്ചുകൊണ്ടിരുന്ന ചിക്കൻകറി ഉപേക്ഷിക്കാൻ മനസ്സ് പറയുന്നു, മറവിയെ ആയുധമാക്കാൻ മനസ്സ് പറയുന്നു. 

ഓഫീസിലേക്ക് പോകാൻ ഫ്ലാറ്റിന്റെ ഡോർ തുറന്ന് ഇറങ്ങുമ്പോൾ അപ്പൂപ്പന്റെ വീട് അടഞ്ഞുകിടക്കുന്നു. സ്നേഹത്തോടെ കയറിചെല്ലാൻ സർവ സ്വാതന്ത്ര്യവുമുണ്ടായിരുന്ന ഒരു വീടുകൂടി എനിക്ക് നഷ്ടമായി. അവിടെ മറ്റൊരു അപ്പൂപ്പനും അമ്മൂമ്മയും ഒരു കൊച്ചുകുട്ടിയും താമസിക്കാൻ വരുന്നതായി ഇന്ന് സ്വപ്നം കണ്ടു. ഉപബോധമനസ്സും പറയുന്നു മറന്ന് മുന്നോട്ട് പോകാൻ. 
അപ്പൂപ്പനെ കണ്ടുമുട്ടിയതുമുതൽ ഇങ്ങോട്ട് നാലുവർഷം കഴിഞ്ഞു, വാസുദേവൻ കൊച്ചാട്ടനെയും ശ്രീഥുന്റെ അമ്മയെയും അവസാനം കണ്ടതിൽനിന്ന് മൂന്ന് വർഷവും. വർഷങ്ങൾ തീർന്നതല്ലാതെ ഓർത്തുവയ്ക്കാൻ മൊമെൻറ്സ് ക്രിയേറ്റ് ചെയ്തോ എന്ന് സംശയം. അവളോട് ഇത് പറഞ്ഞപ്പോൾ സന്തോഷത്തിന്റെ ഒരുപാട് മൊമെൻറ്സ് എണ്ണിയെണ്ണി പറഞ്ഞു. ഓർത്തുനോക്കുമ്പോൾ ശരിയാണ്, കുറേ മൊമെൻറ്സ് ഉണ്ടായിരുന്നു. മറവിയുടെ കൂട്ടത്തിൽ സങ്കടങ്ങൾ മാത്രമല്ല സന്തോഷങ്ങളും മാഞ്ഞുപോകുന്നുണ്ട്. ബ്രെയിനിലെ ചുരുളുകൾക്ക് താങ്ങാവുന്നതിലും കൂടുതൽ ചിന്തകളും ടെൻഷനുകളും കുത്തിനിറക്കുന്നതുകൊണ്ടാവാം.
എന്തിനുവേണ്ടി, എന്തുചെയ്ത്, എങ്ങനെ, എത്രനാൾ, എന്തുകൊണ്ട് ജീവിക്കണം. ചോദ്യങ്ങൾകൊണ്ട് ബ്രെയിനിലെ ചുരുളുകൾ നിറയുന്നു വീണ്ടും.