Wednesday 6 November 2024

പാഠപുസ്തകം

എത്രയെത്രതരം ആളുകളാണ് ഈ ഭൂമിയിൽ. പക്ഷെ അവരിൽ പലരെയും കാണണമെങ്കിൽ നല്ലപോലെ കണ്ണ് തുറന്നിരിക്കണം, പിന്നെ കഴുത്ത് നിവർന്നിരിക്കണം (ഫേസ്ബുക്കിന്റെ ലോഗോപോലെ വളഞ്ഞിരിക്കരുത് ). 

ഇന്ന് കണ്ട ഒരു പുള്ളി എന്നെ അത്ഭുദപ്പെടുത്തി. അയാളുടെ കയ്യിൽ സാദാ ഒരു ബാഗുണ്ടായിരുന്നു. അടുത്ത് നിൽക്കുന്ന കൂട്ടുകാരനോട് സംസാരിക്കുന്നതിനിടയിൽ പുള്ളി ആ ബാഗിൽനിന്ന് ഒരു സാധനം എടുത്തു. ഒടിഞ്ഞുമടങ്ങിയ ആ സാധനം നിവർത്തിയപ്പോൾ അതൊരു കുഞ്ഞ് കസേര ആയി. ട്രെയിനിൽ പോകുമ്പോൾ സീറ്റ്‌ കിട്ടില്ലത്രേ, അതിനുവേണ്ടി കൊണ്ടുനടക്കുന്നതാണെന്ന്.

 ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്ന എത്രയോപേരുണ്ടാവും, സീറ്റ്‌ കിട്ടാതെ വിഷമിച്ച്, കാലുംവച്ച് പലവിധ ഡാൻസുകൾ കളിച്ച്, ഇറങ്ങേണ്ടുന്ന സ്ഥലം ഒരുവിധത്തിൽ എത്തിക്കുന്നവർ. 

അയാളോട് എനിക്ക് ബഹുമാനം തോന്നി. സാഹചര്യങ്ങളെ പഴിച്ച് സമയം പാഴാക്കാതെ സ്വയം ഒരു പരിഹാരം അയാൾ കണ്ടെത്തി. 

ഓരോ മനുഷ്യരും ഓരോ പാഠപുസ്തകങ്ങളാണ്. 

പിൻകുറിപ്പ്: ഇതിന് പക്ഷെ ഒരു മറുപുറവുമുണ്ട്. നിൽക്കാൻ വിധിക്കപ്പെട്ട എല്ലാരും ഇതുപോലെ കസേരയുമായി വന്നാൽ പെട്ടു, പിന്നെ ആർക്കുമാർക്കും ഈ ഉപായം പ്രയോജനപ്പെടില്ല.

Monday 4 November 2024

ഭ്രാന്തുകൾ

തന്റെ വീരസാഹസിക അനുഭവങ്ങൾ പറയാൻ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ അദ്ദേഹം പങ്കുവച്ച, അദ്ദേഹം ജീവിതത്തിൽ കണ്ടുമുട്ടിയ പല ഭ്രാന്തന്മാരുടെ കഥകൾ ചുരുക്കത്തിൽ പറയട്ടെ.

1) ഷുഗർ കാരണം മുറിച്ചുമാറ്റിയ കാൽപാദം ഉണങ്ങുംമുന്നേ ജോലിക്ക് കയറി, ആരും കാണാതിരിക്കാൻ എപ്പോഴും ഷൂ ഇട്ട് നടക്കുന്ന, സദാ ദുർഗന്ധം വമിക്കുന്ന ആൾ. 

2) "എന്നെ ഇവിടുന്ന് രക്ഷിക്കൂ" എന്ന് പറഞ്ഞ്, രണ്ട്കയ്യും ഒരു കമ്പിയിൽ ബലമായി ചുറ്റിപ്പിടിച്ച് വിടാത്ത ആൾ. 

3) ഒരാളുടെ മുഖം സ്ട്രോക്ക് വന്ന് പെട്ടന്ന്‌ കോടിപ്പോയത്കൊണ്ട് കമ്പനി മറ്റൊരാളുടെകൂടെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കുന്നു. മെഡിക്കലി അൺഫിറ്റ് ആയാലോ എന്ന് ഭയന്ന് ഇടയ്ക്കുവച്ച് ഒളിച്ചോടിപ്പോകുന്ന വയ്യാത്ത ആൾ.

4) "മരിച്ച ആളെ കൊണ്ടുവന്നിട്ട് എന്തുകാര്യം "- ഇത് ചോദിച്ച ഡോക്ടർതന്നെ സ്വന്തം ജോലി രക്ഷിക്കാൻ, അതേ മരിച്ച ആളെ പേഷ്യന്റ് ആയി അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞ ഭ്രാന്ത്.

5) ദേഹത്ത്, രാത്രി ആകുമ്പോൾ മറ്റ് രണ്ടുപേരുംകൂടെ കേറുന്നു, അവർ തന്റെ ഉള്ളിൽനിന്ന് എല്ലാം എടുത്ത് കഴിക്കുന്നു, ഇങ്ങനെപറഞ്ഞ് ആ രണ്ടുപേർക്കുള്ള ഭക്ഷണംകൂടി എന്നും കഴിക്കുന്ന ആൾ.

6) അഞ്ചുമിനിട്ടുകൂടി അവിടെത്തന്നെ നിന്നാൽ ഇതിലും ഭീകരമായ ഭ്രാന്തുകൾ പറയാൻ വെമ്പി നിൽക്കുന്ന അദ്ദേഹമെന്ന ഭ്രാന്തൻ.

7) ഈ കഥകളെല്ലാം കേട്ടുനിന്ന ഞാനെന്ന ഭ്രാന്തൻ.

Friday 1 November 2024

ഇതെന്ത് ഭാഷ

അയ്യത്തൂന്ന് കരിയാപ്പല പറിച്ചോണ്ട് വന്നാൽ സമ്മന്തി ഉണ്ടാക്കി തരാമെന്ന് അമ്മ പറഞ്ഞു. പോച്ചക്കകത്തൂടെ നടക്കുമ്പോ പാമ്പ് ഒണ്ടോന്ന് സൂക്ഷിച്ചോണമെന്ന് മുന്നറിയിപ്പും തന്നു. പണിക്ക് ഇച്ചേയി വന്നില്ല, കൊച്ചാട്ടന് സുഖമില്ലത്രേ. അതോണ്ട് അമ്മയ്ക്ക് സഹായി വേണം.

ഈ പറഞ്ഞതിൽ പല വാക്കുകളും പലർക്കും അറിയില്ലായിരിക്കും, എന്റെ കുഞ്ഞ് ചിലപ്പോ ഇതൊന്നും ജീവിതത്തിൽ കേൾക്കുകയും ഇല്ലായിരിക്കും.
 അയ്യം എന്നാൽ പറമ്പ്, കരിയാപ്പല എന്നാൽ കറിവേപ്പില, സമ്മന്തി ചമ്മന്തി, പോച്ച പുല്ല്, ഇച്ചേയി മുതിർന്ന ചേച്ചി, കൊച്ചാട്ടൻ അങ്കിൾ.
 
നാട്ടീന്ന് വർഷങ്ങളോളം മാറിനിന്ന് പഠിച്ചപ്പഴും മനപ്പൂർവം മറക്കാതിരിക്കാൻ ശ്രദ്ധിച്ച എന്റെ നാട്ടുഭാഷ പക്ഷെ ഞാനറിയാതെ എന്നെ വിട്ട് പോയിത്തുടങ്ങി. ഇന്ന് ഇഡലിയും സമ്മന്തിയുമാണെന്ന് അമ്മ പറഞ്ഞപ്പളും, വേണമെങ്കിൽ കരിയാപ്പലവച്ച് ഇവളൊരു തോരൻതന്നെ ഉണ്ടാക്കുമെന്ന് ചേട്ടൻ പറഞ്ഞപ്പളും ആ സത്യം ഞാൻ തിരിച്ചറിഞ്ഞു.

ഇടയ്ക്ക് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ അച്ഛൻ പറഞ്ഞു "കവിയൻ തന്നിട്ടില്ലല്ലോ" എന്ന്. എന്താണ് സംഭവമെന്ന് മിഴിച്ച് നിന്നപ്പോഴേക്കും ട്രെയിനിലെ ഒരാൾ വന്ന് തലയണയ്ക്ക് കവർ തന്നു. കവിയൻ എന്നാൽ കവർ. തലയണ എന്നാൽ പില്ലോ. 

പണ്ടത്തെ രീതിവച്ചാണെങ്കിൽ അപ്പുച്ചേട്ടനിൽനിന്ന് അപ്പുക്കൊച്ചാട്ടനിലേക്ക് പരിണമിച്ചേനെ ഞാൻ, പക്ഷെ ഇന്ന് കൊച്ചാട്ടനല്ല അങ്കിൾ ആണ്.

ശക്തമായി എന്നല്ല ശക്ക്തമായി എന്ന് വ്യക്തമായി പറഞ്ഞിരുന്ന അപ്പൂപ്പനെ ഓർത്തുപോകുന്നു. കാലാന്തരത്തിൽ ഭാഷാഭേദങ്ങൾ ഇല്ലാതെയാകുന്നു, ഭാഷകൾ ഇല്ലാതെയാകുന്നു. 

Tuesday 29 October 2024

കുരങ്ങത്വം

കുറച്ച് കുരങ്ങന്മാർ കൂടിയിരിക്കുകയായിരുന്നു. അതിൽ ഒരുത്തനെ എല്ലാവരും ബഹുമാനിക്കുന്നു,അവന് വേണ്ടതൊക്കെ കൊണ്ട് കൊടുക്കുന്നു,അവനെ സേവിക്കുന്നു. കൂട്ടത്തിൽ എല്ലാവരുടെയും തല്ലുകൊള്ളാനും ഒരു കുരങ്ങൻ ഉണ്ടായിരുന്നു. അവൻ എന്തൊക്കെ ചെയ്താലും കുരങ്ങന്മാർ അവനെ അവജ്ഞയോടെ നോക്കി. ഇതെങ്ങനെ ഒന്ന് അവസാനിപ്പിക്കുമെന്ന് അവൻ തലപുകഞ്ഞാലോചിച്ചു. ഒരു ദിവസം അതിരാവിലെ അവൻ കുളിച്ചുവന്ന് മണ്ണിൽ കിടന്നുരുണ്ട് തലകുത്തി നിന്നു. മറ്റു കുരങ്ങന്മാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അവർക്ക് മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. കൗതുകം നിറഞ്ഞ് അടുത്ത് കൂടിയ കുരങ്ങന്മാരോട് അവൻ പറഞ്ഞു " ഞാനൊരു സ്വപ്നം കണ്ടു.എല്ലാം നശിക്കാറായി. ഞാൻ ചെയ്യുന്നതുപോലെയൊക്കെ ചെയ്താൽ നിങ്ങൾക്കും രക്ഷപ്പെടാം". മണ്ടന്മാരായ ബാക്കി കുരങ്ങന്മാരെല്ലാം അവനെ വിശ്വസിച്ചു. അവൻ ചെയ്യുന്നതുപോലെയൊക്കെ അവരും ചെയ്തു. അങ്ങനെ അവർ ഒരു കൾട്ട് ആയി, ഒരേ രീതിയിൽ ചിന്തിച്ച് ഒരേ രീതിയിൽ ജീവിച്ച അവരുടെ നേതാവായി ഈ കുരങ്ങൻ. ഈ കൂട്ടത്തിലെ മറ്റൊരു കുരങ്ങനും നേതാവാകണമെന്ന് തോന്നി. അവൻ കുറച്ച് ദൂരെയുള്ള കാട്ടിൽ പോയി ഈ കുരങ്ങൻ ചെയ്തതുപോലെതന്നെ അവന്റേതായ രീതിയിൽ ചെയ്തു. അവനും അനുയായികൾ ഉണ്ടായി. അങ്ങനെ അങ്ങനെ പല മതങ്ങൾ ഉണ്ടായി. പ്രവൃത്തിയിൽ മാത്രം വിശ്വസിച്ചിരുന്ന, സ്വന്തം കഴിവുകൊണ്ട് ബഹുമാനിക്കപ്പെട്ട ആദ്യത്തെ കുരങ്ങ്നേതാവ്, ആരാലും ഗൗനിക്കപ്പെടാതെ ഇല്ലാതെയായി. അന്ന് കുരങ്ങത്വം ചത്തു, മനുഷ്യത്വം ജനിച്ചു. 

Monday 28 October 2024

കാറ്റിന്റെ തലോടൽ

പിന്നിലെ എക്സ്ട്രാ ബാലൻസ്‌വീൽ ഇല്ലാതെ കുഞ്ഞിസൈക്കിൾ ചവിട്ടി മുന്നോട്ട് വരുമ്പോൾ അവന്റെ കണ്ണുകളിൽ വിജയത്തിന്റെ തിളക്കം. ചേട്ടന്മാരെ എത്തിപ്പിടിക്കാനുള്ള ആവേശമാണ് ഇപ്പൊ. കഴിഞ്ഞ ആഴ്ച്ചവരെ പിന്നിലെ രണ്ട് എക്സ്ട്രാ ടയർ ന്റെ ബലത്തിലായിരുന്നു അവന്റെ സൈക്കിൾ യജ്ഞം. കണ്മുന്നിലൂടെ പാഞ്ഞുപോകുന്ന ആ മൂന്ന് കുട്ടികൾക്ക് മൂന്ന് സൈക്കിൾ ഉണ്ട്. 
മനസ്സിലൂടെ പാഞ്ഞ ഓർമ്മകളിൽ ഒരു സൈക്കിളിനുവേണ്ടി ഊഴംകാത്ത് മത്സരിച്ച കുഞ്ഞുനാൾ ഓടിവന്നു. അന്ന് ആകെ ഉള്ളത് 2 സൈക്കിൾ. ഒന്ന് വീട്ടിലും, ഒന്ന് അപ്പുറത്തെ വീട്ടിലെ ടോണിയ്ക്കും. ചുറ്റുവട്ടത്തുള്ള എല്ലാരൂടെ ആകുമ്പോൾ ആകെ 2 സൈക്കിളും ആറോ എഴോ ആളും. ഏറ്റവും വലിയ കേറ്റത്തിന്റെ ഉച്ചിയിൽവരെ ചെല്ലുന്നതാണ് ടാസ്ക്. അത് കയറി തുടങ്ങണേൽ അങ്ങ് ദൂരേന്ന് പരമാവധി സ്പീഡിൽ പാഞ്ഞുവരണം, എന്നാലും കേറ്റം തുടങ്ങുമ്പഴേക്ക് തളരും, പിന്നെ എണീറ്റ്നിന്ന് സകലശക്തിയുമെടുത്ത് ചവിട്ടിവേണം മോളിൽവരെ എത്താൻ. ചിലപ്പോ ഇറങ്ങി ഉന്തണ്ടിവരും. എത്രയൊക്കെ കഷ്ടപ്പാട് സഹിച്ചാലും എല്ലാരും മോളിൽവരെ എത്തിക്കും. എന്നിട്ട് എവെറസ്റ്റ് കീഴടക്കിയപോലെ ചുറ്റുമൊന്ന് നോക്കും. പിന്നെയാണ് ഏറ്റവും കാത്തിരുന്ന നിമിഷം. സൈക്കിളിൽ കയറി ഇരുന്ന് താഴേക്കൊന്ന് നോക്കും. പേടിയോടെ ആണെങ്കിലും ബ്രേക്ക് വിടും. പിന്നെ കാറ്റിനേക്കാൾ വേഗതയിൽ താഴോട്ട്. സൈക്കിൾ തിരികെ അടുത്ത ആൾക്ക് ഏൽപ്പിക്കുമ്പോളും ആ അനുഭവത്തിന്റെ മോഹാലസ്യത്തിൽനിന്ന് മോചിതനായിട്ടുണ്ടാവില്ല. ഒന്നുകൂടെ ഒന്നുകൂടെ എന്ന് മനസ്സ് മന്ത്രിക്കുമ്പോൾ വീണ്ടും ഊഴംകാത്ത് നിൽക്കയാവും ശരീരം. BSA യുടെ ആ കറുപ്പ് സൈക്കിൾ - ദേഹത്ത് എണ്ണയിട്ട്, റിമ്മിൽ മുത്തുകളൊക്കെ പിടിപ്പിച്ച്, മുന്നിലൊരു കാറ്റാടിയും കെട്ടിവച്ച്, ജാഡയോടെ അടുത്തുവരുന്നത് എത്രതവണ മോഹത്തോടെ കാത്തുനിന്നു. എത്രതവണ പഞ്ചർ ആയാലും ഉന്തിത്തള്ളി പാക്കരൻചേട്ടന്റെ കടയിൽ കൊണ്ടുപോയി ശരിയാക്കുന്നതും, ടയർ കല്ലുപോലെ ആകുന്നതുവരെ കാറ്റുനിറച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞപോലെ. ഇപ്പോൾ ആ കാറ്റ് വീണ്ടുമൊന്ന് തട്ടി മൂളിപ്പാഞ്ഞ് പോയോ. 

Thursday 24 October 2024

വേരുകൾ

ദൂരെദൂരെ ജോലി തുടങ്ങിയിട്ട് വർഷം കുറച്ചായി. മനസ്സ് വല്ലാതെ ഡിസ്റ്റർബ്ഡ് ആയിരുന്നു. ചിന്തകളിൽ നിന്നൊരു മോചനത്തിനുവേണ്ടി ഒന്ന് നടക്കാമെന്ന് കരുതി. കണ്ണെത്തുന്നിടത്ത് മനസ്സെത്താത്ത രീതിയിൽ പലയിടത്തും അലഞ്ഞു. എതിരെയും കുറുകെയുമൊക്കെ നടക്കുന്ന ആളുകളുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ചിന്തിച്ചു, അവരുടെ കണ്ണിലൂടെ മറ്റുള്ളവരെ വിലയിരുത്താൻ നോക്കി. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. പെട്ടെന്ന് കണ്ണും മനസ്സും ബോധം വീണ്ടെടുത്ത് ഒന്നിച്ചതുപോലെ. മുന്നിൽ കണ്ട വണ്ടിയിലെ KL 03 യിൽ തുടങ്ങുന്ന നമ്പർപ്ലേറ്റിലേക്ക് ശ്രദ്ധ തിരിഞ്ഞു. അത്രയും നേരത്തെ ആത്മസംഘർഷങ്ങൾ അലിഞ്ഞ് ഇല്ലാതെയായി. സിനിമയിൽ പറഞ്ഞ വരികളാണ് മനസ്സിൽ തെളിഞ്ഞത്. ട്രാവൽ, ട്രാവൽ എ ലോട്ട്, ബട്ട്‌ സംടൈംസ് ട്രാവൽ ബാക്ക് ടു യുവർ റൂട്ട്സ്. അതെ, വല്ലപ്പോഴുമൊക്കെ മടങ്ങണം, നമ്മുടെ വേരുകളിലേക്ക്, നമുക്ക് വേണ്ടെങ്കിലും നമ്മളെ കാത്തിരിക്കുന്ന നമ്മുടെ നാട്ടിലേക്ക്. 

Wednesday 23 October 2024

മിസ്റ്ററി

എപ്പഴെങ്കിലും സ്പീഡ്പോസ്റ്റ്‌ പാർസൽ ട്രാക്ക് ചെയ്ത് നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ അവസരം കിട്ടുമ്പോ വെറുതേ ഒന്ന് നോക്കണം. ഒറ്റ പേജിൽ തെളിയുന്ന വിസ്മയം കാണാം. ഓരോ പോസ്റ്റോഫീസുകൾ കയറിയിറങ്ങി, പല കൈകളിലൂടെ കറങ്ങിത്തിരിഞ്ഞ്, പല സമയ ദിവസ സൂചികകൾ താണ്ടി നമ്മെ തേടി എത്തുന്ന പാർസൽ, അതൊരു ചെറിയ അത്ഭുദംതന്നെ അല്ലേ. അത് വിവിധ പോസ്റ്റോഫീസുകളിൽ മാർക്ക് ചെയ്ത ആ സമയങ്ങളിലൊന്നും നമ്മൾ അതിനെ ഓർക്കുന്നേയില്ല, പക്ഷെ നമ്മളെ ഓർത്തുകൊണ്ട് പല ആളുകളിലൂടെ, പല ദേശങ്ങളിലൂടെ, പലതരം വാഹനങ്ങളിലൂടെ, അത് ചലിച്ചുകൊണ്ടേയിരിക്കുന്നു, നമ്മൾ ഉറങ്ങുമ്പോൾപോലും. മറ്റൊരു മനുഷ്യനിർമ്മിത മിസ്റ്ററി.