ചെന്ന് നോക്കുമ്പോ മ്യൂസിയത്തിൽ വച്ചപോലെ ഉണ്ട്. ആരെങ്കിലുമൊന്ന് കൈവച്ചിട്ട് വർഷങ്ങളായപോലെ. സീറ്റിനടിയിൽ വല്ല പാമ്പും കയറി ഇരിപ്പുണ്ടോ എന്നുവരെ ഞാൻ സംശയിച്ചു. പണ്ടെന്നോ കൂടുകൂട്ടിയ വേട്ടാവളിയൻപോലും തിരിഞ്ഞുനോക്കാത്ത അത്ര പരിതാപകരമായ അവസ്ഥയിലിരുന്ന് ഉറങ്ങുന്നു പാവം സ്കൂട്ടർ. മൺപുറ്റും ചിലന്തിവലകളുമൊക്കെ തട്ടിക്കുടഞ്ഞപ്പോ അവൻ മയക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. ഓ വന്നോ, ചത്തോന്നറിയാൻ വന്നതാരിക്കും എന്ന ഭാവത്തിൽ എന്നെയൊരു നോട്ടം. പൂപ്പൽ പിടിച്ച സീറ്റിൽ ഞെളിഞ്ഞിരുന്ന് ഞാൻ പടയോട്ടം തുടങ്ങി. അങ്ങനങ്ങു പോയാലോ ഏന്നുപറഞ്ഞ് നൂറുമീറ്റർ പിന്നിട്ടപ്പോ അവൻ നിന്നു. ചക്കരേ പൊന്നേ എന്നൊക്കെ ഓമനിച്ച് ക്ഷമയൊക്കെ പറഞ്ഞപ്പോ പയ്യെ സ്റ്റാർട്ടായി.
റോഡിലേക്ക് കയറിയതുമാത്രമേ ഓർമ്മയുള്ളൂ, പിന്നെ ആ രാജവീഥി എന്നെ കൊണ്ടുപോവുകയായിരുന്നു. കാലുകുത്താൻ ഇടമില്ലാത്തത്ര തിരക്ക്. സ്കൂട്ടർ പിറുപിറുത്തു, മര്യാദയ്ക്ക് ഒരു മൂലയ്ക്ക് പുതച്ചിരുന്ന അവനെ തട്ടിയെണീപ്പിച്ച് ഈ കൊടും തിരക്കിൽ ഇഴയിപ്പിക്കുന്നതിന്റെ ദേഷ്യം.
ഇടയ്ക്ക് തിരക്കുമൂത്ത് വണ്ടിയൊന്ന് സ്റ്റക്ക് ആയി. അപ്പോൾ ദാ ഹെൽമെറ്റിന്റെ ഗ്ലാസിലൂടെ എന്തോ നടക്കുന്നു. ഗ്ലാസ് പാതി തുറന്നിരിക്കുകയാണ്. അതിന്റെ കാലുകൾ കൂടിവരുന്നു. ഒറ്റനിമിഷംകൊണ്ട് പണ്ടെന്നോ കണ്ട ഇംഗ്ലീഷ് സിനിമ 'അരാക്ക്നോഫോബിയ' മനസ്സിൽ പാഞ്ഞുവന്നു. എവിടെ തിരിഞ്ഞാലും ചിലന്തികൾ വന്ന് ആക്രമിക്കുന്ന ആ സിനിമ ഇന്നുമൊരു പേടിസ്വപ്നമാണ്. റിഫ്ളക്സ് ആക്ഷൻ കൊണ്ടുവന്ന ധൈര്യം എന്റെ ഇടതുകൈ യാന്ത്രികമായി പൊക്കി ആ ജീവിയെ ഒറ്റ തട്ട്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ആ ട്രാഫിക്കിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി, ചിലന്തി റോഡിലേക്കുതന്നെയല്ലേ വീണതെന്ന് ഉറപ്പിക്കാൻ. അതിനെ അവിടെയെങ്ങും കണ്ടില്ല. വണ്ടികൾ നീങ്ങിത്തുടങ്ങി. സ്കൂട്ടർ മുന്നോട്ടെടുത്തെങ്കിലും ഒരു ഹെലിക്യാം വച്ച് നോക്കുന്നപോലെ മനസ്സുമുഴുവൻ ഹെൽമെറ്റിന്റെ മുകളിലാണ്. ആ ചിലന്തിയെങ്ങാനും അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടതുകൈകൊണ്ട് പലതവണ തട്ടിനോക്കി. മുന്നോട്ടുള്ള യാത്രക്കിടയിൽ പലതരം ചിന്തകൾ വന്നുപൊതിഞ്ഞു. സ്കൂട്ടർ എടുക്കുംമുൻപ് ഹെൽമെറ്റ് ഞാൻ പലതവണ തട്ടിക്കുടഞ്ഞതാണല്ലോ. അപ്പൊ ആ ചിലന്തി ഹെൽമെറ്റിലേക്ക് എത്തിയത് സ്കൂട്ടറിൽനിന്നാണ്. സ്കൂട്ടറിന്റെ അടിയിൽനിന്നും പതിയെ മുകളിലേക്കുവന്ന് എന്റെ പുറത്തൂടെ കയറി നടന്നുനടന്ന് ഹെൽമെറ്റിൽ എത്തിയതാവും. പിറകേ വന്ന വണ്ടിക്കാരൊക്കെ കാണുന്നുണ്ടായിരുന്നോ ആ രംഗം. ആരും ഒന്ന് പറഞ്ഞുപോലുമില്ലല്ലോ. പണ്ടെങ്ങോ ഇതുപോലൊരു ജീവി വേറൊരാളുടെ ഉടുപ്പിലൂടെ കയറുന്നതുകണ്ട് പറഞ്ഞുകൊടുത്ത രംഗം എന്റെ മനസ്സിലേക്കുവന്നു, പക്ഷേ അത് എവിടെവച്ചാണെന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.
ചിന്തകൾ കാടുകയറുന്നു. ചിലന്തി നടന്നുകയറിയ വഴിയിൽ കോളറിലൂടെ ഉഡുപ്പിനകത്തേക്ക് കയറിയിരുന്നെങ്കിൽ ഞാൻ അപ്പൊത്തന്നെ തീർന്നേനെ. ഓർത്തിട്ടുതന്നെ പേടിക്കുളിര്. ദൈവമേ തത്കാലം നീ കാത്തു.
പിന്നീടുള്ള പതിനെട്ടു കിലോമീറ്റർമുഴുവൻ എന്റെ തലച്ചോറിനുള്ളിൽ ചിലന്തിയെപ്പറ്റിയുള്ള പലതരം പേടികൾ വലനെയ്തു . ദിവസവും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന പാവം സ്കൂട്ടർ എന്നെയൊരു പുച്ഛത്തോടെ നോക്കി.
No comments:
Post a Comment