പിന്നെയും കുറച്ചുനേരം കഴിഞ്ഞുകാണും. കുഞ്ഞിക്കൈകൊണ്ട് എന്നെ വിളിക്കുകയാണ്. ഇത്തവണ വെള്ളം വേണം കുടിക്കാൻ. ഇതെല്ലാം മുൻകൂട്ടിക്കണ്ട് തൊട്ടടുത്ത് കുപ്പിയിൽ വെള്ളം കരുതിവച്ചിരുന്ന എന്നെ സ്വയം പ്രശംസിച്ച് ഞാൻ കുപ്പിയെടുത്ത് കൊടുത്തു. എന്റെ മുഖത്തെ വിജയീഭാവം നിലാവിന്റെ വെളിച്ചത്തിൽ ആ മാക്കാൻ കണ്ടെന്ന് തോന്നുന്നു. ഒറ്റ കരച്ചിൽ. കാര്യം മനസ്സിലാകാതെ ഞാൻ ഉറക്കപ്പിച്ചിലും ഞെട്ടി. പലതവണ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല, കരച്ചിലൊട്ട് നിർത്തുന്നുമില്ല. കുഞ്ഞിപ്പെണ്ണും നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായി, അതുകൊണ്ട്തന്നെ ആൾക്ക് മിണ്ടാനൊന്നും വയ്യ, എങ്കിലും വാശിക്ക് കുറവുമില്ല. അവസാനം എന്റെ ഗർജനം കേട്ട് പാതി ബോധത്തിൽ കുഞ്ഞ് പറഞ്ഞു, ഈ കുപ്പി അല്ല നീല കുപ്പിയിൽ മതി വെള്ളം. ഈ ബോധമില്ലാത്ത അവസ്ഥയിലും കുപ്പിയുടെ നിറം കണ്ടുപിടിച്ച അവന്റെ അഹങ്കാരത്തെ ഓർത്ത്, അതിന് പ്രേരിപ്പിച്ച സകല ദൈവങ്ങളെയും ആ നിമിഷംതന്നെ ചോദ്യം ചെയ്യാൻ മനസ്സിൽ ഞാൻ വരിയായി നിർത്തി. എല്ലാ ദൈവങ്ങളും തല കുമ്പിട്ടുനിന്നു, ഓരോരുത്തരെയും വിചാരണചെയ്ത് ഞാൻ മുന്നോട്ട് നടന്നപ്പോൾ പിന്നിൽനിന്ന് അവർ അടക്കംപറഞ്ഞ് ചിരിക്കുന്നു.
രംഗം മനസ്സിലാകാതെ പാതിപോലും ബോധമില്ലാതെ എണീറ്റ ഭാര്യ എങ്ങനൊക്കെയോ ആ വെള്ളം അതേ കുപ്പിയിൽ കുഞ്ഞിനെ കുടിപ്പിച്ചു. വീണ്ടും ശാന്തി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ദാ വിതുമ്പൽ വീണ്ടും കേൾക്കാം. അച്ഛൻ പാട്ടുപാടി തരുമോ. അലറിയ എന്നെ കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് തള്ളിക്കൊണ്ട് കുഞ്ഞിന്റെ നാടക ഡയലോഗ് " അച്ഛന് എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ എനിക്ക് പാട്ടുപാടി തരാത്തത് ". ഒറ്റ നിമിഷത്തിൽ അലിഞ്ഞുപോയി ഞാൻ. പിന്നെ എന്റെ തേൻസ്വരം ആ രാത്രിയെ കരയിച്ച് പല പാട്ടുകൾ പല ഈണത്തിൽ പാടി. എങ്ങനെയോ രാത്രി കടന്നുപോയി. അലാറം അടിച്ചത് അറിഞ്ഞില്ല. വെളിച്ചം പലതവണ വന്ന് തട്ടിവിളിച്ചപ്പോൾ എണീറ്റു. കണ്ണ് തുറന്നുവരുന്നില്ല. പത്തുപന്ത്രണ്ട് മണിക്കൂർ വയറുനിറച്ചുറങ്ങിയ മാക്കാൻ ദാ കുഞ്ഞിക്കണ്ണും മിഴിച്ച് എണീറ്റു. ചാടിയോടിപ്പോയി ഒരു മഞ്ഞ ബലൂൺ എടുത്തോണ്ടുവന്നു. ഈ ബലൂൺ ആർക്കാണ് കളിക്കാൻ വേണ്ടത്, ഞാൻ സ്കൂളിന്ന് കൊണ്ടുവന്ന സർപ്രൈസാ. ഞാനും ഭാര്യയും ഉറക്കച്ചടവിൽ മുഖത്തോടുമുഖം നോക്കി. അനൗൺസ്‌മെന്റ് വീണ്ടും മുഴങ്ങുകയാണ്, "എന്നെ വഴക്കുണ്ടാക്കാതെ ഇരിക്കുന്ന ആൾക്കേ ഞാൻ ഈ ബലൂൺ തരൂ, ആർക്കുവേണം ". കുഞ്ഞുമനസ്സിൽ ആ ബലൂണിന് സ്വർണ്ണത്തിന്റെ വിലയുണ്ട് അപ്പോൾ. ആ വില കളയാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ബലൂണിനുവേണ്ടി വാശിപിടിച്ചു. ഒന്നാമതേ എണീറ്റത് താമസിച്ച്, കൂടെ ബലൂൺ കളിയും. അങ്ങനെ കുറച്ചധികം വൈകി. പിന്നെ ഓടിപ്പിടിച്ച് റെഡി ആവുകയും റെഡി ആക്കുകയും ചെയ്യുന്നതിനിടയിൽ വാച്ച് ഓടുന്നില്ല എന്ന് കണ്ടു. എന്റെ നോട്ടമൊക്കെ കണ്ട് കാര്യം തിരക്കിയിട്ട് കുഞ്ഞിക്കണ്ണൻ അടുത്തുവന്ന് രഹസ്യമായി ചെവിയിൽ പറഞ്ഞു " ഞാൻ വലുതായിട്ട് അച്ഛൻ കുഞ്ഞിതാകുമ്പോൾ ഞാൻ അച്ഛന് പുതിയ വാച്ച് വാങ്ങിച്ചുതരാം, ഒന്ന് ഞെക്കുമ്പോ ലൈറ്റ് കത്തും, പിന്നേം ഞെക്കുമ്പോ ലൈറ്റ് കെടും, അങ്ങനത്തെ വാച്ച് ".
ഓമനക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തിട്ട് ഞാൻ ചോദിച്ചു " എന്റെ പൊന്നിന് ഇപ്പോ അങ്ങനെയൊരു വാച്ച് വേണം, അത്രയല്ലേ ഉള്ളു? "
പെണ്ണ് അതേയെന്ന് ചിരിച്ചോണ്ട് തലയാട്ടി.
സ്കൂളിൽ ആർക്കേലും അങ്ങനെയൊരു വാച്ച് കണ്ടുകാണും. മനസ്സിൽ ഓർത്ത് ചിരിച്ചുകൊണ്ട് വേഗം യാത്രപറഞ്ഞ് ഞാൻ ഇറങ്ങി,ഇറങ്ങാൻനേരം വീണ്ടും ഡിമാൻഡ് "അച്ഛൻ എനിക്ക് ടിവി വച്ചുതന്നിട്ട് പോകുമോ ". ഓമനത്തത്തിന്പിന്നിൽ ഒളിപ്പിച്ചുവച്ച കുസൃതിയുമായി പിന്നെയും പിന്നെയും തോല്പിക്കുകയാണ്. അനുസരണയോടെ അതും ചെയ്ത് തൽക്കാലം ഓടി. വീട്ടിലെ റാഗിങ്ങ് കഴിഞ്ഞു, ഇനി ഓഫീസിൽ സാറുമ്മാരുടെ വക.
No comments:
Post a Comment