Wednesday, 16 July 2025

അസ്ഥിത്വം

നമുക്കുചുറ്റുമുള്ള വന്മരങ്ങൾ പലതും നാമറിയാതെ വാടുന്നു, പൊടുന്നനെയൊരുദിവസം വീഴുന്നു. അവ അത്രയുംനാളത്തെ ജീവിതംകൊണ്ട് ആർജിച്ച എല്ലാം അവയോടൊപ്പം മണ്ണടിയുന്നു. അവർ കണ്ട വസന്തങ്ങളും ഋതുക്കളും അവർ അഭിമുഖീകരിച്ച പേമാരികളും അവരുടേതുമാത്രമായി വായുവിലലിയുന്നു. കുഞ്ഞുനാൾമുതൽ കണ്ടുവളർന്ന പല മുഖങ്ങളും ഈ ഭൂമിയിൽനിന്ന് പതിയെപ്പതിയെ ഇല്ലാതെയാകുന്നു. ഏതൊക്കെയോ നിമിഷങ്ങളിൽ ഒരു ചിരിയായും ചെറിയൊരു തലോടലായുമൊക്കെ സ്നേഹം സമ്മാനിച്ച പലരും ഒരു യാത്രപോലും പറയാതെ എവിടേക്കോ പോയ്മറയുന്നു. സമപ്രായക്കാരായ കുഞ്ഞുങ്ങളാൽ ചുറ്റപ്പെട്ട ബാല്യം, ആ ബാല്യത്തിനു മീതേ വളർന്ന കൗമാരം, കൗമാരം കടന്ന യൗവനവും ഒപ്പം നടന്ന കൂട്ടുകാരും, പിരിഞ്ഞുപോയ സൗഹൃദങ്ങൾ വേദനിപ്പിച്ചതറിയാതെ, അതറിയാൻ സമയമില്ലാതെ ഓടിക്കിതച്ച യൗവനത്തിന്റെ രണ്ടാം പാതി. വാർദ്ധക്യം വന്ന് മാതാപിതാക്കളെ പൊതിഞ്ഞത് അത്ഭുദത്തോടെ നോക്കുന്ന, സ്വയം വർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങുന്ന കണ്ണുകൾ. നരവന്ന്, ചുളിവന്ന്, പക്വത വന്നുതുടങ്ങുമ്പോഴേക്കും എല്ലാം ഏല്പിച്ച് പാതിയിലുപേക്ഷിച്ചുപോകുന്ന അച്ഛനുമമ്മയും. അവർ ഉള്ളകാലം കൺകുളിർക്കെ കണ്ട് നിർവൃതിയടയാഞ്ഞതെന്തേ, അവരുടെയൊപ്പം ജീവിച്ചുതീർക്കുവാൻ യോഗം ലഭിക്കാഞ്ഞതെന്തേ എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾകൊണ്ട് ഘനീഭവിച്ച മനസ്സിനെ തട്ടി സാന്ത്വനിപ്പിക്കാൻ ആർക്കുപറ്റും. ലോകം വളർന്നതിനൊപ്പം നമ്മുടെയൊക്കെ ആവശ്യങ്ങളും വല്ലാതെയങ്ങ് വളർന്നുപോയില്ലേയെന്ന് ഒരു തോന്നൽ. ഉള്ളതുകൊണ്ട് കഴിയാൻ കഴിയാതെയായിരിക്കുന്നു. വാങ്ങിയാലും വാങ്ങിയാലും മതിയാവാത്തത്ര ഉപഭോഗവസ്തുക്കൾ, ചെയ്താലൊന്നും തീരാത്ത ജോലി, കിട്ടിയാലൊട്ടും തികയാത്ത പൈസ, അടച്ചാലുമടച്ചാലും തികയാത്ത ആശുപത്രി ചിലവുകൾ, ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങൾ, ഇവയെല്ലാംചേർന്ന് പകുത്തെടുക്കുന്ന ജീവനും ജീവിതവും, അതിലേറെ വിലപ്പെട്ട സമയവും. 

വീടിനടുത്തൊരു ജോലി, അച്ഛനുമമ്മയ്ക്കുമൊപ്പം താമസം, അവരുടെ കൂടെ വളരുന്ന കുഞ്ഞ്, അതുകണ്ട് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ് മനസ്സുനിറയുന്ന ഞാൻ, ഹാ എത്ര മനോഹരമായ സ്വപ്നം, അതേ വെറും സ്വപ്നം. കാലം ഇത്രയൊന്നും വികസിച്ചിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു. വണ്ടികളും തീവണ്ടികളും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ. ദൂരെദിക്കിൽ പോയി ജോലിചെയ്യേണ്ടിവരില്ലായിരുന്നല്ലോ, സമൂഹത്തിലൊരു നിലയ്ക്കും വിലയ്ക്കുംവേണ്ടി എവിടെയോപോയി എന്തോ ചെയ്ത് ജീവിക്കേണ്ടിയിരുന്നില്ലല്ലോ. ഇണങ്ങിയും പിണങ്ങിയും അച്ഛനുമമ്മയ്ക്കുമൊപ്പം ആയുസ്സ് തള്ളിനീക്കാമായിരുന്നല്ലോ. 
കാലത്ത് ഒരു കൈലിയും ബനിയനും തലയിലൊരു തോർത്തുകെട്ടുമായി പറമ്പിലിറങ്ങി കിളച്ച്, കുറച്ച് കപ്പയൊക്കെ പറിച്ചെടുത്ത് ചന്തയിൽ കൊണ്ടുപോയി വിറ്റ്, ചായക്കടയിൽ കൂട്ടുകാരുടെയൊപ്പം കഥകൾ പങ്കിട്ട്,ചില്ലുകൂട്ടിൽ കൂട്ടുകൂടിയിരിക്കുന്ന ആകെയുള്ള ഒന്നുരണ്ട് പലഹാരങ്ങൾ കൊതിയോടെ കഴിച്ച്,പോരുംവഴി ആറ്റിലൊന്നു മുങ്ങിനിവർന്ന്, വീട്ടിൽവന്ന് അയയിലിട്ട അലക്കിയ കൈലി മാറിയുടുത്ത്, കാലുകഴുകി അകത്തുകയറി മൺതറയിൽ ചമ്രം പടിഞ്ഞിരിക്കുമ്പോഴേക്കും മൺചട്ടിയിൽ കഞ്ഞിയും ചമ്മന്തിയും ഇലയിൽ കപ്പയും നിറയണം. വിളമ്പിത്തന്നു കൂടെയിരുന്ന് ഭാര്യ കഴിക്കുമ്പോൾ അമ്മ അല്പം അനിഷ്ടത്തോടെയൊന്നു നോക്കണം. അപ്പുറത്തൊരു ചാരുകസേരയിൽ മുറുക്കാൻ ചവച്ചിരിക്കുന്ന അച്ഛനോട് കുറുമ്പ് പറയുന്ന കുഞ്ഞിനെ അച്ഛൻ ലാളിക്കുന്നത് നിർവൃതിയോടെ കാണണം, കാത്തിരുന്ന പ്രിയപ്പെട്ട നോവൽ വായനശാലയിൽച്ചെന്ന് കൊതിയോടെ വായിക്കണം, പുളിയുടെ തണലിലിരുന്ന് കഥയും കവിതയുമെഴുതണം, സൂര്യൻ മറയുമ്പോഴേക്കും വിളക്ക് തെളിയണം, ലോകത്തിന് നന്മ വരാൻ പ്രാർത്ഥിക്കണം , പിന്നെ പതിയെ പ്രകൃതിയെ ഉറങ്ങാൻ അനുവദിക്കണം , കൂടെ നമ്മളും. 
പുലരുമ്പോൾ സൂര്യനെ കണ്ടുണരണം, ഭൂമിയെ നോക്കി പുഞ്ചിരിക്കണം, മാവിലവച്ച് പല്ലുതേക്കണം, പുഴയിൽ മുങ്ങിക്കുളിക്കണം, തഴുകുന്ന കാറ്റിനെയും തണലാകുന്ന ജീവിതങ്ങളെയും ചേർത്തുപിടിക്കണം, തൊട്ടടുത്തുള്ള എല്ലാവരെയും അറിയണം, അവരിലൊരാളായി മാറണം, മനസ്സുനിറഞ്ഞ് സംസാരിക്കണം, ദുഃഖം വരുമ്പോൾ കുളക്കടവിലെ ആൽമരച്ചുവട്ടിലിരിക്കണം, നന്നായൊന്ന് ശ്വസിച്ച് ശാന്തനാവണം,വിശേഷപ്പെട്ട ദിവസങ്ങളിൽമാത്രം പുതുവസ്ത്രം ധരിക്കണം, ആ ശുഭ്രവസ്ത്രത്തിന്റെയും ഭസ്മത്തിന്റെയും മണം ഹൃദയത്തിനെ ശുദ്ധീകരിക്കണം,നാടകങ്ങൾ കാണണം, ഉത്സവങ്ങൾ കൂടണം, ഒരുമയോടെ കഴിയണം, ജീവിക്കുവാൻ കൊതിയുണ്ടാവണം, നാളേയ്ക്ക് പ്രതീക്ഷയുണ്ടാവണം, മനുഷ്യനായി ജീവിക്കണം, ജീവിക്കാൻവേണ്ടി ജോലിചെയ്യണം, ഈ മണ്ണിൽ അസ്ഥിത്വമുണ്ടാവണം.
പായുന്ന ലോകത്തിന് നടുവിൽ ബഹുനിലക്കെട്ടിടത്തിന്റെ ബാൽക്കണിയിലിരുന്ന് ജീവിതമെന്തെന്ന് വിഫലമായി ചിന്തിച്ച് ഗതകാലസ്മരണകളിൽ മുഴുകുമ്പോഴേക്കും കാലവും ബന്ധുമിത്രാദികളും ഏറെ അകലേക്ക്‌ പോയ്മറഞ്ഞിരുന്നു. ഇന്ന് ചുറ്റും നിറങ്ങളുടെ വലിയ നിര, സാധനങ്ങളുടെ ധാരാളിത്തം, രണ്ടാമതൊന്ന് ചിന്തിക്കാതെ എല്ലാം വാങ്ങാനുള്ള ആളുകളുടെ സാമ്പത്തിക ശേഷി, തിളങ്ങുന്ന പല വർണങ്ങളിലുള്ള വസ്ത്രങ്ങൾ, ഓരോ ദിവസവും വിശേഷ ദിവസങ്ങൾ, അതിനുവേണ്ടുന്ന ആഭരണങ്ങൾ, ചെറുപ്പമാകാനുള്ള മുഖഛായങ്ങൾ,വിരൽത്തുമ്പിൽ പുതുലോകങ്ങൾ, ഞൊടിയിടയിൽ മിന്നിമറയുന്ന ബന്ധങ്ങൾ, ജോലിക്കുവേണ്ടിയുള്ള ജീവിതം, ആരോഗ്യത്തിനുവേണ്ടിയുള്ള എക്സർസൈസ് സെഷനുകൾ, മനശ്ശാന്തിക്കുവേണ്ടിയുള്ള ക്ലാസുകൾ, ഉറങ്ങാനുള്ള ഗുളികകൾ, എല്ലാം ഇൻസ്റ്റന്റ്. പക്ഷേ, മിതത്വമുള്ള കാലത്ത് ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന മനസ്സമാധാനമെന്ന ഔഷധം തേടി ഈ ലോകം എങ്ങോട്ടൊക്കെയോ അലയുന്നു. 

No comments:

Post a Comment