ഇടയ്ക്ക് കുട്ടൻചേട്ടനെ വിളിച്ചു, കണ്ണൻചേട്ടനെ ഓർത്തു, ജയേഷ്ചേട്ടനെ പോയി കണ്ടു.
പപ്പൻചേട്ടനും ചേച്ചിയും പിള്ളേരും ആദ്യമായി ഞങ്ങടെ വീട്ടിൽ താമസിക്കാൻ വന്നു. സായു സൂപ്പർഹാപ്പി. വർഷങ്ങൾക്കുമുമ്പ് അവരുടെ സ്കൂൾ കാലഘട്ടത്തിൽ പപ്പൻചേട്ടനൊക്കെ ഞങ്ങടെ വീട്ടിലായിരുന്നുവത്രേ . ചുറ്റുവട്ടമുള്ള പലർക്കും ഇപ്പോഴും ആ സ്നേഹമുണ്ട് പുള്ളിയോട്.. മുപ്പത് കൊല്ലം മുന്നത്തെ ഓർമകളിലേക്ക് പുള്ളി ഇടയ്ക്കൊക്കെ ഇറങ്ങിച്ചെന്നു. കുഞ്ഞുങ്ങളുടെകൂടെ പ്ലാസ്റ്റിക് ബാറ്റുംവച്ച് ക്രിക്കറ്റ് കളിച്ചപ്പോൾ ഞാനും ഒരു ഇരുപത് കൊല്ലം മുന്നത്തെ ഓർമകളിലേക്ക് പോയി. മടല് ബാറ്റും കാപ്പിക്കമ്പിന്റെ സ്റ്റമ്പും, കാലാന്തരത്തിൽ വീടുപണിയാൻ വന്ന ചേട്ടന്റെ കയ്യും കാലും പിടിച്ച് ഉണ്ടാക്കിച്ച തേക്കിൻതടിയുടെ ബാറ്റും, ഓർമകളൊക്കെ മിന്നായംപോലെ കണ്ണിൽ കത്തി. സന്തോഷംകൊണ്ടോ സങ്കടംകൊണ്ടോ കണ്ണുനിറഞ്ഞു.
ആമിക്കുട്ടൻ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ്സിലാണ്. എന്റെ സായുവിന്റെ ഇന്നത്തെ പ്രായത്തിൽ കൂടുവിട്ട് കൂടുമാറിയതാണ് അവൾ. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തണലിനുപകരം അവൾക്ക് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കരുതലാണ് ഈ വർഷങ്ങളത്രയും കിട്ടിയത്. ഇനിയുള്ള ജീവിതത്തിൽ ദൈവം അവളെ കുറേക്കൂടി അനുകമ്പയോടെ പരിഗണിക്കട്ടെ, പരമാവധി സന്തോഷം കൊടുക്കട്ടെ. കാണാൻ ഇത്തവണയും കഴിഞ്ഞില്ല, ഇനി എന്ന്.
രണ്ടുദിവസം ഓർമകളുടെ വള്ളം വർഷങ്ങൾക്കുമുമ്പത്തെ കരയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. അതങ്ങനെ ആസ്വദിച്ചുകിടക്കുമ്പോൾ ആരോ ആ കയർ അഴിച്ചു. വള്ളം പിന്നെയും നിലയില്ലാക്കയത്തിലേക്ക് ആടിയുലഞ്ഞ് ഒഴുകി, അവധി കഴിഞ്ഞു, എല്ലാരും പിരിഞ്ഞു.
❤️❤️
ReplyDelete🫂❤️
ReplyDelete