റോഡിന്റെ രണ്ടുസൈഡിലും നിറയെ വണ്ടികൾ. പലകാലങ്ങളിൽ ഒരേ സ്കൂളിൽ പഠിച്ച ഒരുപാടുപേർ വീണ്ടും ഒത്തുകൂടിയിരിക്കുന്നു . ഏത് വർഷം ആയിരുന്നു, ഓ ആരുടെ ബാച്ച് ആയിരുന്നു, അങ്ങനെയങ്ങനെ പരസ്പരം ചോദ്യമെറിഞ്ഞ്, പിന്നെയും മനസ്സിലായില്ലെങ്കിൽ ഞാൻ ബാച്ച് നമ്പർ 18, ഞാൻ 16 എന്നിങ്ങനെ പരസ്പരം പരിചയപ്പെടൽ. പിന്നെ റോൾനമ്പറാവും താരം. ഞങ്ങടെ സ്കൂളിൽ ഒരാൾക്ക് ഒരിക്കൽ കിട്ടിയ റോൾനമ്പർ പിന്നെയൊരാൾക്ക് കിട്ടില്ല, അതൊരു പെർമനെന്റ് ഐഡന്റിറ്റിയാണ്. എന്റെ റോൾ നമ്പർ 20 എന്ന് പറഞ്ഞ ആളെ എല്ലാരും അത്ഭുദത്തോടെ നോക്കി. വെറും ഇരുപത്? എന്ന് സംശയത്തോടെ ചോദ്യമെറിഞ്ഞു. അതേ, സ്കൂളിലെ ആദ്യത്തെ ബാച്ചാണ് ഞാൻ എന്ന് പുള്ളി അഭിമാനത്തോടെ പറഞ്ഞു. എൺപത്പേരുണ്ട് ഒരു ബാച്ചിൽ. 1600 എന്ന എന്റെ റോൾനമ്പർ പതിനെട്ടാം ബാച്ചിൽ കറക്റ്റുതന്നെയാണോ എന്ന് മനസ്സ് കണക്കുകൂട്ടി. ജയിൽപ്പുള്ളികളുടെപോലെ 1522, 2056 അങ്ങനെ പല നമ്പറുകാരേയും കണ്ടു. എല്ലാവരും ഒരേ തൂവൽപക്ഷികൾ, ഒരേ ബോർഡിങ്സ്കൂളിൽ ഒരേപോലത്തെ ജീവിതവും സന്തോഷങ്ങളും സങ്കടങ്ങളും അനുഭവിച്ചവർ. അതൊരു പ്രത്യേകതരം ബോണ്ടാണ്. ഒന്നാമത്തെ ബാച്ചിലെ ഒരു ചേച്ചിയും എന്നെ പഠിപ്പിച്ച ഒരു ടീച്ചറും ഒരുമിച്ചുനിൽക്കുന്നത്കണ്ടിട്ട് രണ്ടുപേർക്കും ഏകദേശം ഒരേ പ്രായമൊക്കെ തോന്നുന്നു. റോഡിലൂടെ സ്കൂട്ടറും കാറും സൈക്കിളുമൊക്കെ തലങ്ങും വിലങ്ങും ഓടുന്നു. ഒരേ റോഡിലോടുന്ന അവയെല്ലാം പലതരം, അവ ഞങ്ങളെത്തന്നെ പ്രതിനിധാനം ചെയ്യുന്നപോലെ. ഒരേ സ്കൂളീന്നു പഠിച്ചിറങ്ങിയ എല്ലാവരും എന്തെല്ലാം രീതിയിലാണ് ജീവിതത്തിൽ എത്തിനിൽക്കുന്നത്. ഒരുമയിലും വൈവിധ്യം, വൈവിധ്യത്തിലും ഒരുമ. ഇന്നൊരുമിച്ചത് പക്ഷേ പഴയപോലെയൊരു ഗെറ്റ്ടുഗതറിനല്ല, ഒരു കടപ്പാട് തീർക്കാൻ - ആത്മാവ് കുറേമുന്നേ വിട്ടുപോയ ഞങ്ങളുടെ ടീച്ചറിന്റെ ശരീരം ചിതയിലെരിയുന്നതിന് സാക്ഷികളാവാൻ, ഏതൊക്കെയോ നിമിഷങ്ങളിൽ ഞങ്ങൾക്കുതന്ന സ്നേഹം ഒരു ഉത്തരവാദിത്തമായി കരുതി അന്ത്യകർമ്മത്തിന് കൂട്ടാവാൻ.
ടീച്ചർ നട്ടുനനച്ച ചെടികൾക്ക് ചേർന്നുനിന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പലതും സംസാരിക്കുന്നു, അതിൽ എല്ലാ ലോകകാര്യങ്ങളും പെടും. ചിലർ പറമ്പിലൊക്കെ നടന്ന് മനസ്സുകൊണ്ട് അളവൊക്കെ എടുക്കുന്നുണ്ട്. അകത്ത് കണ്ണടച്ചുകിടക്കുന്ന ടീച്ചറിന്റെ രൂപം പിന്നെയും കുറേ മാറിയപോലെ. ഒരുവട്ടമേ നോക്കൂ എന്നുകരുതി നോക്കി, പാതിയെ നോക്കിയുള്ളു. ആൾക്കൂട്ടത്തിലൂടെ തിരികെനടന്ന് കൂട്ടുകാരുടെ അടുത്തെത്തി. പിന്നെയും പല വിഷയങ്ങൾ സംസാരിച്ചു. ചുറ്റും എല്ലാവരെയും കണ്ടും കേട്ടും നടക്കുന്ന ടീച്ചറിന്റെ ആത്മാവ് എന്തെല്ലാം ഓർക്കുന്നുണ്ടാവും. ഇവന് പണ്ടേ ഇത്തിരി സംസാരം കൂടുതലാ എന്ന് കരുതിക്കാണും.
കൂടെ ജോലിചെയ്ത മറ്റ് ടീച്ചർമാരെയൊക്കെ കണ്ട് കണ്ണുനിറഞ്ഞുംകാണും. ആത്മാവിനു കണ്ണുനിറയുമോ, നിറയാതിരിക്കട്ടെ.
പിന്നെയും കുറച്ചുനേരം കഴിഞ്ഞ്, മോഹിച്ചുപണിത വീടിന്റെ സിറ്റൗട്ടിൽ, വെറുമൊരു വാഴയിലയിൽ, പട്ടിൽപൊതിഞ്ഞ,ഇപ്പോൾ മുഖംമാത്രം കാണാവുന്ന തന്റെ ശരീരംനോക്കി 'മണ്ണിൽനിന്ന് മണ്ണിലേക്ക്' എന്ന് നെടുവീർപ്പിട്ടിട്ടുണ്ടാവാം. അതിനിടയിലുള്ള വളരെ ചെറിയ കാലത്തിൽ ജീവിച്ചതും അനുഭവിച്ചതുമായ എല്ലാം ആ മനസ്സിലൂടെ മിന്നിമാഞ്ഞിട്ടുണ്ടാവാം. ഒരുപക്ഷേ ഇപ്പോൾ ടീച്ചർ പരമമായ യോഗനിദ്രയിലാവാം - ഇൻ എ സ്റ്റേറ്റ് ഓഫ് എക്സ്ട്രീം ഇന്നർ പീസ്.
പ്രാർത്ഥിച്ച് അവസാനമായൊരു പൂവിടാൻ തിരക്കുകൂട്ടുന്ന ആളുകളെക്കണ്ട് ചിരിക്കുന്നുണ്ടാവുമോ. പൂജാരി പറയുന്ന കിഴക്കിനും വടക്കിനുമൊക്കെ ഇനി ഇത്ര പ്രാധാന്യം കൊടുക്കണോയെന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ. മരിച്ചുകഴിഞ്ഞാൽ പിന്നെന്ത് ദിക്കും സമയവും. അതുകൊണ്ടല്ലേ "കാണാനാരെങ്കിലുമുണ്ടോ" എന്ന് ചോദിച്ച് മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ നിസ്സംഗമായ ഭാവത്തോടെ കിടന്നത്. ചിതയ്ക്ക് വലംവച്ച് മക്കളും ബന്ധുക്കളും ദർഭ അഗ്നിയിലേക്കേറിഞ്ഞ് തിരിയാൻ തുടങ്ങിയപ്പോൾ കാരണവർ പറഞ്ഞു - "തിരിഞ്ഞുനോക്കാതെ പൊയ്ക്കോ" എന്ന്. അതുതന്നെയല്ലേ ഇപ്പൊ ടീച്ചറും കരുതുന്നത് -"ഞാനും തിരിഞ്ഞുനോക്കാതെ പോയേക്കാം " എന്ന്. വാച്ചിൽനോക്കി തിരിഞ്ഞുനടന്നവരോടും തീ കൊളുത്തുമ്പോൾപോലും നിർത്താതെ ഫോൺബെല്ലടിച്ചവരോടും ഇപ്പോ പറയുന്നുണ്ടാവും അല്ലേ - " നിങ്ങൾ പൊയ്ക്കോ മക്കളേ, സമയം തീരെ കുറവല്ലേ", "എനിക്കിനി നിങ്ങളെപ്പോലെയല്ലല്ലോ,അനന്തമായി, സ്വൈര്യമായി ഒന്ന് വിശ്രമിക്കാമല്ലോ, പിന്നെ എനിക്കുമുന്നേപോയ കൂട്ടുകാരുടെയൊപ്പം ഇഷ്ടംപോലെ സൊറപറഞ്ഞിരിക്കാമല്ലോ " എന്ന്.
ജൂനിയറും സീനിയറും ബാച്ച്മേറ്റുമെല്ലാം വന്നു, കണ്ടു, ബന്ധങ്ങൾ പുതുക്കി, യാത്രയായി, ഓർമകളിലേക്ക് ടീച്ചറും.ടീച്ചറിനോട് ഇനി യാത്രപറയാൻ പറ്റാത്തതുകൊണ്ട് ടീച്ചറിന്റെ സ്വന്തം പുഷ്പയോട്, ഞങ്ങളുടെ പുഷ്പയാന്റിയോട് പറഞ്ഞു. അവർ ടീച്ചറിന്റെ വീട്ടിലെ സഹായിയാണ്, പക്ഷേ സ്വന്തം കൂടപ്പിറപ്പാണോയെന്ന് തോന്നുന്നത്ര അടുപ്പത്തിലാണ് ടീച്ചർ അവരെയും പരിഗണിച്ചത്. ആന്റിയുടെ കൈകളിൽ മുറുക്കെ പിടിച്ച് കുറച്ചുനേരം നിന്നു. ആന്റി ഉള്ളാലെ വിറക്കുകയാണ് , വിഷമിച്ച് കൈ വിടുവിച്ച് ഞാൻ നടന്നു. ഞങ്ങൾക്ക് വീണ്ടും ഞങ്ങളുടെ ലോകം - തിരക്ക്,ടെൻഷൻസ്, പാട്ട്, സിനിമ , ആഘോഷം. ചിതയെരിഞ്ഞമണ്ണിൽ ഇനി ദിവസങ്ങൾക്കുശേഷം ഒരു മുളപൊട്ടും, മറ്റാരെങ്കിലും അതിന് വെള്ളം കൊടുക്കും,വർഷങ്ങൾക്കുശേഷം അതൊരു മരമാവും. ആ മരം ടീച്ചറിനെപ്പോലെ മറ്റുള്ളവരെ തണൽകൊണ്ട് തലോടും, കാറ്റത്ത് ടീച്ചറിനെപ്പോലെ ചിരിക്കും.