Tuesday, 4 February 2025

എങ്ങിനെ അഭിമുഖീകരിക്കും

എന്താണ് ശരി, എന്താണ് തെറ്റെന്ന് തിരിച്ചറിയാൻ പറ്റാത്തതിൽ ഏറ്റവും വലിയ ഉദാഹരണമാണ് മരണം. എന്ത് ചെയ്യാം, എന്ത് ചെയ്യരുത് എന്ന അതിർവരമ്പുകൾക്ക് പല മാനങ്ങൾ കൈവരിക്കും ഒരു മരണസമയത്ത്. മരിച്ചത് എന്റെ ആരോ ആണെങ്കിൽ ഞാൻ എന്താവും ആഗ്രഹിക്കുന്നത് - ചുറ്റുമുള്ള എല്ലാത്തിൽനിന്നുമുള്ള സമാധാനം , അതോ എല്ലാവരുടെയും ആശ്വാസവാക്കുകളോ. സ്വന്തക്കാരുടെ മരണത്തെ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചവർക്ക്മാത്രമേ ആശ്വാസവാക്കുകളുടെ അതിപ്രസരത്തിന്റെ കുത്തിനോവിക്കൽ മനസ്സിലാവു. കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ ആരെങ്കിലും മരിക്കുമ്പോൾ ദുഃഖം നിറഞ്ഞ മെസ്സേജുകൾ കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിറച്ചിട്ട് അതേസമയംതന്നെ ഭൂമിയുടെ മറ്റേതെങ്കിലും കോണിലിരുന്ന് ജീവിതം ആഘോഷമാക്കുകയായിരിക്കാം നമ്മൾ, പോരാത്തതിന് ആ ആഘോഷത്തിന്റെ നിമിഷങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസും ഇട്ടിട്ടുണ്ടായിരിക്കാം . എന്തിന് നമുക്കീ വിരുദ്ധ മുഖങ്ങൾ. ഇല്ലാത്ത ദുഃഖം വാക്കുകളിലൂടെ പ്രകടിപ്പിച്ച് ഒരു ഫോർമാലിറ്റി കാണിക്കേണ്ട കാര്യമുണ്ടോ, ബാധിക്കപ്പെട്ടവരെ വീണ്ടും വീണ്ടും കുത്തിനോവിക്കാതെ അവരുടേതായ ലോകത്ത് തൽക്കാലം വിട്ടുകൂടെ. ഇന്ന് അവരുടെ മനസ്സിൽ എന്തായിരിക്കും എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ, നാളെ നമുക്കുവേണ്ടി അവരും ഇതുപോലെ ചിന്തിക്കേണ്ടതല്ലേ. ഇനി ശരിക്കും ദുഃഖം ഉണ്ടെങ്കിൽ, പറ്റിയാൽ നേരിട്ട്കണ്ട് കൂടെയൊന്നിരിക്കൂ, അപ്പോൾപോലും മരിച്ചുപോയ ആളെപ്പറ്റി ഒന്നും പറയാതിരിക്കുന്നതായിരിക്കും ഉചിതം, കാരണം - മരിച്ചുപോയവർക്ക് ഇനി വേദനിക്കില്ലല്ലോ , അവരെപ്പറ്റി ഓർക്കുംതോറും ജീവിച്ചിരിക്കുന്നവർക്കല്ലേ നീറൂ. 
ബാധിക്കപ്പെട്ടവരുടെ ലോകംമാത്രമേ താത്കാലികമായി നിശ്ചലമാകുന്നുള്ളു, മറ്റുള്ളവരുടേത് പതിവുപോലെ ഒഴുകും. 
 നമ്മുടെ ആഘോഷങ്ങളെല്ലാം വേണ്ടാന്ന് വയ്ക്കണമെന്നല്ല, പക്ഷേ പ്രവൃത്തികൾ അവസരോചിതമായിരിക്കണമെന്ന്മാത്രം, എന്തെന്നാൽ നമ്മുടെ ഇടനാഴികളിലും മരണം കാത്ത്നിൽപ്പുണ്ട് - എപ്പോ വേണമെങ്കിലും കതകുതുറന്ന് അത് അകത്തുവന്നേക്കാം..

2 comments: