Friday, 21 February 2025

ഒപ്പ്

കയ്യൊപ്പിട്ടുപഠിച്ച കാലം ഓർമ്മയുണ്ടോ? കൊള്ളാവുന്ന ഒരു കയ്യൊപ്പ് കിട്ടാൻ നമ്മുടെ പേരിന്റെ സ്പെല്ലിങ്ങിന്റെ ആദ്യത്തെ അക്ഷരംവച്ച് എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചുനോക്കിയല്ലേ. പേരിന്റെ ചില ഭാഗങ്ങളിൽ സ്റ്റാർ വരച്ചും ലൗ ചിഹ്നം വരച്ചുമൊക്കെ എത്ര പാടുപെട്ടു ഇന്നത്തെ ഒരു ഒപ്പിലേക്കെത്താൻ. എന്റെ ഓർമ്മ ശരിയാണെങ്കിൽ പത്താം ക്ലാസ്സിലാണ് സീരിയസായിട്ട് ഒപ്പിട്ട് പ്രാക്റ്റീസ് ചെയ്യുന്നത്. ദൂരേന്നുകണ്ടാൽ ഒരു ചിത്രംപോലെ തോന്നുന്ന തരത്തിൽ ഒരു പേപ്പർ നിറയെ ഒപ്പിട്ടതൊക്കെ മിന്നിമായുന്നു. 
സ്വന്തം ഒപ്പ് കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ ഒപ്പിനെക്കാൾ മികച്ചുനിൽക്കണമെന്നുമാത്രമേ അന്ന് ചിലപ്പോ തോന്നിയിട്ടുണ്ടാവൂ. 

ഇത്രയും വർഷങ്ങൾക്ക് ശേഷം ഒപ്പിലേക്ക് നോക്കുമ്പോളാണ് അത് എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് തോന്നുന്നത്. പ്രായംകൂടി അവിടെയുമിവിടെയുമൊക്കെ ചില എക്സ്ട്രാ വളവും കൂനുമൊക്കെ വന്നുകൂടിയിട്ടുണ്ട്. ഹഹാ, ഒപ്പ് ദാ എന്നെയുംനോക്കി അതുതന്നെ പറയുന്നു. സൗന്ദര്യമുള്ള കയ്യക്ഷരം, ഭംഗിയുള്ള ഒപ്പ്, അടുക്കും ചിട്ടയും, ഇതൊക്കെ കൂടെ കൂടണേൽ, കൂടിയാലും നിലനിൽക്കണേൽ,ഭാഗ്യം കൂടെത്തന്നെ വേണം. ഇതൊന്നുമില്ലെങ്കിലും സ്നേഹമുള്ള മനസ്സുണ്ടേൽ വല്ലപ്പോഴുമെങ്കിലും ആരെങ്കിലുമൊക്കെ നമ്മളെ ഓർക്കും. കയ്യക്ഷരം മോശമായതിന് സ്ഥിരം വഴക്കുകേട്ടിരുന്ന, മനസ്സുകൊണ്ട് സ്വർണമായിരുന്ന, ഇന്ന് ഈ ലോകത്ത് കൂടെയില്ലാത്ത, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഓർത്തുപോകുന്നു. 

എന്ന് സ്നേഹത്തോടെ 
ഞാൻ 
ഒപ്പ് 

No comments:

Post a Comment