Monday, 3 February 2025

ടീച്ചർ

ദഹ്യമാനാ സുതീവ്രേണാ നീചാ പരയശോ അഗ്നിനാ അശക്താസ് തത്പദം ഗന്ധും തതോ നിന്താം പ്രകുർവതെ - അന്യരുടെ യശസ്സാകുന്ന അഗ്നിയിൽ നീചന്മാർ ദഹിച്ചുപോകുന്നു, കഴിവുകുറഞ്ഞവർ മഹാന്മാരുടെ പദവിയിലെത്താനുള്ള സാമർഥ്യക്കുറവുകൊണ്ട് അവരെ നിന്ദിക്കുന്നു, അന്യരുടെ യശസ്സിൽ ഈർഷ്യ കാണിക്കാതെ സ്വയം ഉയരനാണ് പരിശ്രമിക്കേണ്ടത് - ചാണക്യനീതിദർപ്പണം. 
എട്ടാം ക്ലാസ്സിൽ വലിയൊരു സദസ്സിനുമുന്നിൽ 'ഇന്നത്തെ ചിന്താവിഷയം ' എന്നുപറഞ്ഞ് മേല്പറഞ്ഞ വരികളും അർത്ഥവും പറയാൻ എനിക്ക് ഊർജ്ജമായ ടീച്ചർ. ഇന്നും ആ വരികൾ ഞാൻ മറക്കാതിരിക്കണമെങ്കിൽ അതിനുവേണ്ടി എന്നെ പ്രാപ്തനാക്കിയ ടീച്ചർ.നവോദയായിൽ ബോർഡിങ്‌സ്കൂളിൽ ചേർന്നപ്പോൾ സങ്കടം കടലായൊഴുകിയ പലഘട്ടത്തിലും താങ്ങായിനിന്ന ടീച്ചർ. അമ്മയുടെ ബന്ധുവെങ്കിലും ആ പരിഗണന പരിധിയിൽക്കവിഞ്ഞ് കാണിക്കാതിരുന്ന ടീച്ചർ. ചില ഉച്ചകളിൽ ഒന്നാന്തരം ചോറും മീൻവറുത്തതും തന്ന ടീച്ചർ. ടീച്ചർപഠിപ്പിച്ച മറ്റെല്ലാ കുട്ടികളെയുംപോലെ ആരുമാരും കുറ്റംപറയില്ല എന്ന് എനിക്കുമുറപ്പുള്ള ടീച്ചർ. ഓർമ്മകളിൽ സ്നേഹത്തിന്റെയും നന്മയുടെയും രൂപം, ഇന്നലെ ആ ആശുപത്രിക്കിടക്കയിൽ കാണുന്നതുവരെ.

തിരിച്ചറിയാനാവാത്തവിധം മാറിയ ആ രൂപം, ആരോടും മറുപടിപറയാനാകാതെ, അബോധമെന്നു തോന്നുന്ന ഏതോ അവസ്ഥയിൽ, വേദനകൾസഹിച്ച്, അസ്സഹനീയമായ കാഴ്ച. എന്തിന് ഞാൻ കാണാൻ പോയി മനസ്സിലെ ദൈവംപോലെയുള്ള രൂപത്തിന് ക്ഷതമേൽപ്പിക്കാൻ. കണ്ണുതുറന്നൊന്ന് നോക്കിയതുപോലുമില്ല, കൈപിടിച്ചിട്ട് അറിഞ്ഞതുമില്ല, എന്തിന് ഞാൻ പോയി. എന്തുചെയ്യണമെന്നറിയാതെ കണ്ണുനിറഞ്ഞുനിന്നിട്ടും തിരിച്ചറിഞ്ഞില്ലല്ലോ എന്നെ. അതോ അറിഞ്ഞതായിഭാവിച്ച് വേദനിപ്പിക്കണ്ട എന്ന് കരുതിയിട്ടോ. 

ഇരുപത്തിനാല് വർഷങ്ങൾക്കുമുൻപ് ചേട്ടന്റെ സ്കൂൾ കാണാൻ പോയപ്പോഴാണ് ആദ്യമായി ഞാൻ ടീച്ചറിനെ കണ്ടത്. പിന്നീട് അതേ സ്കൂളിൽ അവർ എനിക്കും ടീച്ചറായി, ഒരു കെയർടേക്കറായി. അന്ന് ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അതേ വാത്സല്യത്തോടെ ആറുമാസംമുമ്പും കണ്ടു, വയ്യ എന്നറിഞ്ഞ് കാണാൻ ചെന്നപ്പോൾ. പക്ഷേ അന്നും അറിഞ്ഞില്ലല്ലോ, ഈയൊരവസ്ഥയിൽ കാണേണ്ടിവരുമെന്ന്. ഇന്നലെ ഞാൻ കണ്ട രൂപത്തെ കാണാൻ ഇനിയെനിക്ക് ത്രാണിയില്ല ടീച്ചറേ. ആ മുറിയിൽനിന്നിറങ്ങുമ്പോൾ യാഥാർഥ്യം വല്ലാതെവന്ന് പൊതിയുന്നപോലെ തോന്നി. കയ്പ്പുള്ള സത്യങ്ങൾ, വയസ്സാകുംതോറും ആദ്യമേ ബോധ്യംവരുന്നു. ഇനി ആ പഴയ വാത്സല്യത്തോടെ ഞങ്ങളെ ഒന്നൂടെ നോക്കുകില്ലേ ടീച്ചറേ. ഇനിയെനിക്ക് വാക്കുകളില്ല ടീച്ചറേ. എഴുതാൻവേണ്ടി എഴുതുകയാണോ, അല്ല, പിന്നീടൊരിക്കൽ എന്റെ കുഞ്ഞ് അറിയട്ടെ ടീച്ചറേ അവളുടെ അച്ഛൻ സ്നേഹിച്ച, അച്ഛനെ സ്നേഹിച്ച മനുഷ്യരെപ്പറ്റി. 

പിൻകുറിപ്പ് : ടീച്ചറിനെ ഇനിയും വേദന തീറ്റിക്കരുതേ എന്ന് പ്രാർത്ഥിച്ച് ഇതെഴുതിയത് 03/02/25. ടീച്ചർ മരിച്ചത് 04/02/25. 

2 comments: