ഇറങ്ങിനിന്ന സ്ഥലത്ത് ഒരു ബംഗാളിപയ്യൻ നിൽപ്പുണ്ട്. ഞാൻ ഫോണിൽ ചെയ്യുന്നതൊക്കെ അവൻ ശ്രദ്ധിക്കുന്നു. പിന്നെ പതിയെ എവിടുന്നാണ് എങ്ങോട്ടാണെന്നൊക്കെ ചോദിച്ചു. വന്ന അടുത്ത ഷെയർടാക്സി അവൻ എനിക്കുവേണ്ടി കൈകാണിച്ചുനിർത്തി, എന്നിട്ട് അവൻതന്നെ വിലപേശി എനിക്കൊരു സീറ്റ് വാങ്ങിത്തന്നു. നന്ദിയോടെ അവനൊരു ടാറ്റയും കൊടുത്ത് ഞാൻ സിലിഗുരിയിലേക്ക് യാത്രതുടങ്ങി. ഇത്തവണയും പിൻസീറ്റ്തന്നെ. പാതിയുറക്കത്തിൽ അവിടേം ഇവിടേം തലയിടിച്ച് ഞെട്ടിയുണർന്നു. ഗാങ്ടോക്ക്ന് പോയവഴിക്ക് കണ്ട കാഴ്ചകളിൽ ചിലതൊക്കെ ഈ തിരിച്ചുള്ള യാത്രയിൽ തിരിച്ചറിഞ്ഞു. ഒന്നുരണ്ട് ദിവസംകൊണ്ട് കുറേയൊക്കെ പരിചയമായി ഈ സ്ഥലങ്ങൾ. പരിചയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഗാങ്ടോക്കിലെ ഫേമസായ എംജി മാർക്കറ്റിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലും പോയതും അവിടുത്തെ പല ഊടുവഴികളും മാപ്പിന്റെ സഹായമില്ലാതെ പരീക്ഷിക്കാൻ ധൈര്യപ്പെട്ടതും ഓർമവന്നത്. ഒരുദിവസം പുതിയൊരു ഊടുവഴി പരീക്ഷിച്ച്, കുറേ സ്റ്റെപ്പിറങ്ങി അങ്ങ് താഴെ എത്തിയപ്പോഴാണ് അവിടം അടച്ച് ഗ്രിൽ ഇട്ടേക്കുന്നത് കണ്ടത്. അങ്ങനെ ആ സ്റ്റെപ് മുഴുവൻ തിരിച്ചുകയറി വേറൊരു വഴി പരീക്ഷിക്കേണ്ടിവന്നിരുന്നു.
പച്ചനിറമുള്ള നദി എന്റെകൂടെ ഒഴുകിവരുന്നുണ്ട്. വെള്ളത്തിന്റെ അളവ് കുറച്ച് കുറഞ്ഞപോലെ.
സിലിഗുരി എത്തി. ഓട്ടോക്കാർ പിറകേ കൂടി. എനിക്കിന്ന് പോകേണ്ടത് ബാഗ്ദോഗ്ര എയർപോർട്ടിലേക്കാണ്. തിരികെയുള്ള യാത്ര ഫ്ലൈറ്റിലാക്കി. എപ്പോഴും ഒരു ടൂറിന് വരുന്ന വഴിക്ക് എത്ര ത്യാഗംസഹിച്ചാലും കുഴപ്പമില്ല, നമ്മൾ ഫുൾ പോസിറ്റീവ് ആരിക്കും, പക്ഷേ തിരിച്ച് യാത്ര കഠിനമായാൽ നന്നായി പാടുപെടും, ഒന്നാമതേ പാതിമനസ്സോടെയായിരിക്കും ടൂർകഴിഞ്ഞ് പോകുന്നത്. പൈസ ചിലവാക്കാൻ മടിയില്ലാത്തവർക്കുവേണ്ടി ഈ ലോകം ഒരേസമയം വലുതും ചെറുതുമാകുമെന്ന് എനിക്ക് മനസ്സിലാകുന്നു. വലുതാകും ഇൻ ദ സെൻസ് - നമ്മുടെ ചുറ്റുവട്ടം മാത്രമല്ല ലോകത്തിന്റെ ഒരുപാട് ഭാഗത്തേക്ക് യാത്രചെയ്യാൻ പറ്റും. ചെറുതാകുമെന്ന് ഉദ്ദേശിച്ചത് സമയം. ഇന്ന് ഞാൻ തിരികെവരാനെടുത്ത അഞ്ചുമണിക്കൂറിനുപകരം വേണമെങ്കിലെനിക്ക് അരമണിക്കൂറിൽ വരാമായിരുന്നു, ഹെലികോപ്റ്ററിൽ.
എന്തായാലും ഓട്ടോക്കാരുടെ നിർബന്ധത്തിന് നിക്കാതെ ഞാൻ ഭക്ഷണം കഴിക്കാൻ ഒരു ചെറിയ കടയിൽ കയറി. നല്ല ഒന്നാന്തരം പൂരി വറുത്തുകോരുന്നു. അതുതന്നെ പറഞ്ഞു. പൂരി കഴിക്കുമ്പോൾ രുചിയാണെങ്കിലും അത് കഴിയുമ്പോൾ നല്ലപോലെ നെഞ്ച് എരിയാറുണ്ട്. ഇന്ന് ഇത് കഴിക്കണോ എന്ന് ഒരുവട്ടംകൂടെ ആലോചിച്ചു. പിന്നെ ഓർത്തു ഏതായാലും ടൂറിന്റെ ലാസ്റ്റ് ദിവസമല്ലേ കുഴപ്പമൊന്നും വരില്ല, വന്നാലും പ്രശ്നമില്ല എന്ന്.
കഴിച്ചുകഴിഞ്ഞ് ഒരു കടയിൽ കയറി, അയാൾ കട തുറക്കുന്നേ ഉള്ളാരുന്നു. അയാളുടെ ഇന്നത്തെ കണിയും കൈനീട്ടവും ഞാനാണ്, എന്തായാലും അത് മോശമായില്ല. അവിടുന്നും കുറച്ച് ലൊട്ടുലൊടുക്ക് ഐറ്റംസ് വാങ്ങി, ലേശം കൂടിപ്പോകുന്നുണ്ടോ എന്നൊരു ഡൗട്ട്.
ബംഗാളിന്റെ മണമുള്ളൊരു ബസിൽകയറി ബാഗ്ദോഗ്ര എയർപോർട്ടിലേക്ക് യാത്രതുടങ്ങി. ഡ്രൈവറും കണ്ടക്ടറുമൊക്കെ നമ്മൾ സിനിമകളിൽകണ്ടിട്ടുള്ളപോലെ ഒരു ബംഗാളിസ്വെറ്ററും മഫ്ലറുമിട്ടവർ. വെളിയിൽകണ്ടതുവച്ചുനോക്കുമ്പോൾ ബസിന്റെ ഉൾവശം ഭേദമാണ്. എങ്കിലും വണ്ടിക്കുള്ളിൽ മുറുക്കാനിന്റെയും പാൻപരാഗിന്റെയും രൂക്ഷഗന്ധം. ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്നവർ സ്ത്രീകളെ മോശമായി നോക്കുകയും അടുത്തുനിൽക്കുന്നയാളോട് വഷളമായ ആംഗ്യം കാണിച്ച് കമന്റ് ചെയ്യുന്നുമുണ്ട്. സിക്കിം എത്ര നല്ലതായിരുന്നു. ഇവിടെ വഴിനീളെ വേസ്റ്റുകൾ, ഇടയ്ക്കിടയ്ക്ക് വെളിയിലോട്ട് തുപ്പിക്കൊണ്ടിരിക്കുന്ന സഹയാത്രികർ, ആകെ പൊടിപിടിച്ച റോഡ്, അതിന് അടുത്തുതന്നെ പൊടിപിടിച്ച്മങ്ങിയ വിവേകാനന്ദനും ബുദ്ധനുമെല്ലാം. പൂരിയുടെ ആഫ്റ്റർ എഫക്റ്റും ചുറ്റുമുള്ള വൃത്തികേടുകളും എല്ലാംകൂടി ആകെ വയറ്റിനുള്ളിലാണ് ബാധിച്ചതെന്ന് തോന്നുന്നു. ഉരുണ്ടുകയറാൻ തുടങ്ങി. കഴിക്കണ്ടാരുന്നു പണ്ടാരം. പലതവണ ഓക്കാനം വന്നു, തൊണ്ടയുടെ താഴെ ഫുഡ്‌പൈപ്പിൽ ഏതോ വാൽവുണ്ടെന്ന് ഫീൽ ആകുന്നു. അത് ഏതുനിമിഷവും തുറക്കുമെന്ന് ഒരു തോന്നൽ. ഭാഗ്യവശാൽ ശർദിച്ചില്ല. എയർപോർട്ടിനുള്ള സ്റ്റോപ്പെത്തി. അവിടുന്ന് ഓട്ടോക്കാരൻ നൂറുരൂപ ആകുമെന്നുപറഞ്ഞു. നടന്നാലോ എന്ന് മാപ്പ് നോക്കാൻതുടങ്ങിയപ്പോ അയാൾ വേറൊരാളെയുംകൂട്ടി ഷെയർ ഓട്ടോ ആക്കാമെന്നുപറഞ്ഞു. അങ്ങനെ അൻപതുരൂപക്ക് കരാറായി. നടക്കാഞ്ഞത് നന്നായി, അത്യാവശ്യം ദൂരമുണ്ട് എയർപോർട്ടിലോട്ട്. യാത്രക്കിടയിലാണ് ശ്രദ്ധിച്ചത് ആ ഓട്ടോയ്‌ക്കോ വെളിയിൽ കാണുന്ന മറ്റേതൊരു ഓട്ടോയ്‌ക്കോ ബായ്ക്കിൽ ഡോർ ഇല്ല. അതുകൊണ്ട് ആളുകൾക്ക് രണ്ടുസൈഡിൽകൂടിയും കയറുകയോ ഇറങ്ങുകയോ ചെയ്യാം. നമ്മളുടെ ഓട്ടോകൾക്ക് എന്തിനാവും ബായ്ക്കിലൊരു ഡോർ ?
എയർപോർട്ടിലെത്തി. ഞാൻ ഒരുപാട് നേരത്തെയാണ്. കുറേനേരം വെളിയിലിരുന്നു. പിന്നെ അകത്തുകടന്ന് സെക്യൂരിറ്റി ചെക്ക്ന് കാത്ത് പിന്നെയും കുറേനേരമിരുന്നു. പ്ലെയിനാണെങ്കിൽ സമയം അധികം പോകില്ലല്ലോ എന്ന് ഓർത്തത് തെറ്റായിപ്പോയി. അതിനുവേണ്ടിയുള്ള യാത്രയും കാത്തിരിപ്പുംതന്നെ പകുതിദിവസം കളയും. പിന്നെ അതിനുള്ളിലുള്ള യാത്രയും കണക്ഷൻ ഫ്ലൈറ്റുംകൂടെ ചേർത്താൽ ഒരുദിവസം സ്വാഹാ.
എയർപോർട്ടിനുള്ളിൽ ബോറടിച്ചിരുന്നസമയത്ത് ഫയർ അലാറം മുഴങ്ങി. അത് കണ്ടുനിന്ന പട്ടാളക്കാരനുപോലും സംശയം എന്തുചെയ്യണമെന്ന്. ആളുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ആർക്കുമറിയില്ല ഇങ്ങനെയൊക്കെ ഒരു എമർജൻസി വന്നാൽ എന്തുചെയ്യണമെന്ന്. എന്നെപ്പോലെതന്നെ എല്ലാവരും കരുതിയിട്ടുണ്ടാവും ആരെങ്കിലും സിഗററ്റ് വലിച്ചതിന്റെയാരിക്കുമെന്ന്. ഇതാണ് നമ്മുടെ അവസ്ഥ. എന്തെങ്കിലുമൊരു അത്യാഹിതം സംഭവിച്ചാൽ എന്തുചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും മിഴിച്ചുനിൽക്കും. ഇനിയും ലെവൽ മാറിയാൽ പരക്കംപായും. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഇനി ഒരുമണിക്കൂറെ സമയമുള്ളൂ ഫ്ലൈറ്റിന്,ഗേറ്റ്നമ്പറൊന്നും ഇതുവരെ ആയിട്ടില്ല. അവിടെ കണ്ട ഒരു സെക്യൂരിറ്റി ഓഫീസറോട് കാര്യം പറഞ്ഞു, ചെക്കിൻചെയ്ത് അകത്തുകയറിയിരിക്കാൻ അദ്ദേഹം പറഞ്ഞു. വരിനിന്ന് അകത്തോട്ടു കയറി. ആകെ ഒരു ഓർഡറില്ലായ്മ, പലരും ഇവിടെപ്പോലും വരിതെറ്റിച്ചൊക്കെ കയറുന്നുണ്ട്. അതിനിടക്ക് പോലീസ്‌കാരൻ ഞങ്ങടെ വരിയിൽനിന്ന് സ്ത്രീകൾമാത്രം സെപ്പറേറ്റ് ആവാൻ പറഞ്ഞു, പിന്നെ പേഴ്സ് ചാർജർ തുടങ്ങിയ സാധനങ്ങൾ ഒരു ട്രേയിൽ ഇടാനുള്ള നിർദേശം . അവിടെ ആകെ ഒരു പുകിലാണ്. ട്രേകൾ കുറവ്, ഉള്ള ട്രേയ്ക്ക് പിടിവലി, അതെടുക്കണമെങ്കിൽ രണ്ടുപേരുടെ മേലെക്കൂടെ ചാടിയാലേ പറ്റൂ, അങ്ങനെയങ്ങനെ മൊത്തം അലങ്കോലം. ഷൂ സെപ്പറേറ്റായിട്ട് ഒരു ട്രേയിലിടണം. ജാക്കറ്റിന്റെ കാര്യം ചോദിച്ചപ്പോ അത് ദേഹത്ത് കിടന്നോട്ടെ, തുറന്നിട്ടാൽമതിയെന്ന് പറഞ്ഞു, ചെക്ക് ചെയ്യാൻ സെക്യൂരിറ്റിടെ അടുത്തെത്തിയപ്പോൾ ജാക്കറ്റ് വേറെ ട്രേയിലിട്ട് ഒന്നൂടെ പുറകിൽപോയിനിക്കാൻപറഞ്ഞു, മൊത്തത്തിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്. എല്ലാം കഴിഞ്ഞ് അപ്പുറം കടന്നപ്പോ ബാഗ് അവർ മാറ്റിവച്ചേക്കുന്നു. കാര്യം ചോദിച്ചപ്പോ തുറന്നുകാണിക്കാൻ പറഞ്ഞു. സിക്കിമിൽനിന്ന് വാങ്ങിയ ലൊട്ടുലൊടുക്ക് ഐറ്റംസ് എല്ലാം ആദ്യംമുതൽ പുറത്തെടുത്തുകാണിച്ചു. ബാഗ് ഒന്നൂടെ ചെക്ക് ചെയ്തിട്ട് വന്നപ്പോ ഫുഡ് ഐറ്റംസ് ഉണ്ടോ എന്നായി, അതും മാറ്റിയിട്ട് വീണ്ടും ചെക്കിങ്. ഇതെല്ലാം അലവ്ഡ് ആണെന്ന് സൈറ്റിൽ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അലവ്ഡ് ആണ് പക്ഷേ എല്ലാം കാണണമെന്ന് പറഞ്ഞു. അവരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇങ്ങനൊക്കെ ചെയ്യുന്നതുകൊണ്ട് ഒരുപരിധിവരെ അവർ നമ്മളെ രക്ഷിക്കുന്നു. ഇതിലും ലൂപ്പ്‌ഹോൾസ് ഉണ്ട്, ചെക്ക് ചെയ്യുന്നവരും പണിയെടുത്തുതളരുന്നു, അപ്പോൾ മിസ്റ്റേക്ക് ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഈ ചെക്കിങ് കഴിഞ്ഞ് അപ്പുറം കടക്കുമ്പോഴേക്കും ആകെ അവശനായി, വയസ്സായവരൊക്കെ ഒരുപാടധികം പാടുപെടുന്നുണ്ട്. ഒന്നും പുറത്തെടുക്കാതെ ചെക്ക്ചെയ്യാനുള്ള സംവിധാനങ്ങളൊക്കെ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇതുവച്ച് നോക്കുമ്പോ ട്രെയിനാണ് ഭേദം, ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എക്സ്‌ഹോസ്റ്റഡായി ടോയ്‌ലെറ്റിലേക്ക് പോയി. യൂറോപ്യൻ ക്ലോസെറ്റിന്റെ സീറ്റിലൊക്കെ മൂത്രം. ആണുങ്ങൾ ഏത് കാലത്ത് നന്നാവുമോ എന്തോ. ഇരുന്നൊഴിച്ചാൽ സീറ്റ് വൃത്തികേടാവാതെ സൂക്ഷിക്കാമല്ലോ. പെണ്ണുങ്ങൾക്ക് ആവുമെങ്കിൽപിന്നെ ആണുങ്ങൾക്കെന്ത്കൊണ്ട് വൃത്തിയായി ഒരു ടോയ്ലറ്റ് ഉപയോഗിക്കാൻപറ്റുന്നില്ല. കഷ്ടം. അമർഷത്തോടെ പ്ലെയിനിന്റെ ഗേറ്റ് നോക്കി കാത്തിരുന്നു. രണ്ടേകാലിനു പുറപ്പെടേണ്ട പ്ലെയിനിന്റെ ഗേറ്റ് രണ്ടുമണി ആയപ്പോഴാണ് അനൗൺസ് ചെയ്തത്. പറഞ്ഞ ഗേറ്റിൽ ചെന്നപ്പോൾ നീണ്ട ക്യൂ, സോറി നീണ്ടതല്ല പരന്ന ക്യൂ, അതാണല്ലോ നമ്മുടെ അച്ചടക്കം.
ഇരുപതുമിനിറ്റ്ലേറ്റായി ഫ്ലൈറ്റെടുത്തു. ഒരു താല്പര്യോമില്ലാത്ത ആളുകളുടെമുന്നിൽ എന്തേലും പ്രോഗ്രാം അവതരിപ്പിക്കുന്നത് ആലോചിച്ചുനോക്കൂ, ആ അവസ്ഥയിലാരുന്നു ക്യാബിൻ ക്രൂ. അച്ചടക്കമില്ലാത്ത, ഒന്നും ശ്രദ്ധിക്കാത്ത പിള്ളേരെ പഠിപ്പിക്കുന്ന ടീച്ചറിനെപ്പോലെ ആ ലേഡി അവരുടെ കടമയായ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് അഭിനയിച്ചു. ഇടയ്ക്ക്, ഫോട്ടോ എടുത്ത കുട്ടിയെ ശകാരിച്ചു, ഡസ്റ്റർ എറിഞ്ഞില്ലെന്നുമാത്രം.
ജനലിലൂടെ മേഘങ്ങൾ കണ്ടപ്പോൾ സീറോപോയിന്റിൽ കണ്ട ഐസിനെ ഞാൻ മിസ്സ്‌ചെയ്തു.എല്ലാം മുൻപേതോജന്മത്തിൽ കഴിഞ്ഞുപോയതുപോലെ, നശ്വരം, നൈമിഷികം.
No comments:
Post a Comment