ഇന്നും പതിവുപോലെ ഞാൻതന്നെ ആദ്യമെത്തി. ഇനി മറ്റുള്ളവർ വന്ന് ആടിത്തൂങ്ങി വണ്ടിയെടുക്കുമ്പോഴേക്കും ഒരു സമയമാവുമെന്ന് ബോധ്യമായി. അതുകൊണ്ട് ഇന്നലെ കട്ടൻചായകുടിച്ച അതേകടയിൽ വീണ്ടും കയറി. ഇന്ന് മാഗിയും കട്ടൻചായയും പറഞ്ഞു. നമ്മൾ എതിർക്കുന്ന പലതും ശക്തിയായി നമ്മളെ തേടി തിരിച്ചുവരുമെന്നുള്ളതിന്റെ ഉദാഹരണമാണ് മാഗി എന്നെ തേടിത്തേടി വരുന്നത്.
എന്റെകൂടെ ഷെയർടാക്സിയിൽ ഒരു ഫാമിലി കയറിയിട്ടുണ്ട്. ഇന്നും വണ്ടി ബൊലേറോ ആണ്. ഈ വണ്ടിക്കും ഹാൻഡ്‌ബ്രേക്ക് ഇല്ല എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല, അതും ഇത്രയും കുത്തനെയുള്ള കയറ്റത്തിലും ഇറക്കത്തിലും പയറ്റേണ്ട വണ്ടി.
ആട്ട്ജന്നോ ദൂജന്നോ ഹോവേ, ഹുണ്ടാ, ആബോച്ചേ ജാൽട്ട ബോടേതുതോ തുമീ, തുമി കിന്തു, ചലോച്ചെ രാഹാ, ഹസ്തേ ഹസ്തേ, അങ്ങനെ എന്തൊക്കെയോ ബംഗാളി, പാലി തുടങ്ങിയ ഭാഷകൾ ഒഴുകിക്കൊണ്ടേയിരുന്നു വണ്ടിക്കുള്ളിൽ. എന്റെ ചെവി കരുതുന്നത് എന്തോ പാട്ട് കേൾക്കുകയാണെന്നാണ്. ഒരു മുഴുനീള സെന്റെൻസ്കൂടെ ഞാൻ നോട്ട്ചെയ്തിരുന്നു, പക്ഷേ ഫോണിലെ ഓട്ടോകറക്റ്റ് അത് തിരുത്തി വേറെ ഏതോ ഭാഷയാക്കിയിട്ട് എന്നോട് ചോദിച്ചു ഇതല്ലേ കുറച്ചൂടെ സൂപ്പറെന്ന്. ചവിട്ടിക്കൂട്ടണമെന്നുണ്ടാരുന്നു, പിന്നെ ഫോണില്ലെങ്കിൽ പെട്ടുപോകും എന്നുള്ളതുകൊണ്ട് അവനെ ഞാൻ വെറുതെവിട്ടു.
ഒറ്റയാൾപ്പട്ടാളമായതുകൊണ്ട് ഇന്നും പിന്നിലിരിക്കാൻ പറഞ്ഞു. ഏതായാലും നാല് കൂട്ടുകാർക്ക് ഒരുമിച്ചിരിക്കണമെന്ന ആവശ്യം പറഞ്ഞപ്പോൾ എനിക്ക് നടുവിലത്തെ സീറ്റിലേക്ക് സ്ഥാനക്കയറ്റംകിട്ടി.
പോകുന്നവഴിക്ക് പട്ടാളത്തിന്റെ സർവധർമസ്തൽ എന്ന സർവമത ആരാധനാലയംകണ്ടു. സർക്കാർ മുൻകയ്യെടുത്ത് ഇന്ത്യമുഴുവൻ അങ്ങനെയുള്ള ആരാധനാസ്ഥലങ്ങൾ ആക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. അങ്ങനെയേ തീർക്കാൻ പറ്റൂ നമ്മുടെ നാനാത്വം.
ഇന്നെന്തായാലും വണ്ടിയിൽ കൂടെയുള്ള പയ്യന്മാർ ബ്ലൂറ്റൂത്ത് കണക്ട്ചെയ്ത് പുതിയപുതിയ ഹിന്ദിപ്പാട്ടുകൾ ഇട്ടു. നല്ല പാട്ടുകളും നല്ല കാഴ്ചയും, എന്ത് മനോഹരമായ കോമ്പിനേഷൻ.
മുന്നോട്ട് പോകുംതോറും മഞ്ഞുകൊണ്ട് റോഡ് തീരെ കാണുന്നില്ല. പണ്ട് ഉത്തർപ്രദേശിൽ പഠിക്കാൻപോയപ്പോൾ ഒരേയൊരുതവണ അനുഭവിച്ച ഇതേ അവസ്ഥ ഓർമവന്നു. അന്ന് മുന്നിലുള്ള ആളുകളെ കാണാൻപറ്റാതെ കയ്യിലൊരു സ്റ്റീൽപ്ലേറ്റുംപിടിച്ച് ഭക്ഷണത്തിന് മെസ്സിലോട്ട് നടന്ന ഓർമ്മ.
റോഡിൽ ഇടക്കിടക്ക് പട്ടാളക്കാർ നിൽപ്പുണ്ട്, തണുപ്പും കാറ്റും സഹിച്ച് നമുക്കുവേണ്ടി വെയിലുകൊള്ളുന്നവർ.
യാത്ര ചെയ്തുചെയ്ത് സോളോ അവസ്ഥ ഇഷ്ടപ്പെട്ടുതുടങ്ങി ഞാൻ, പക്ഷേ അപ്പോഴേക്കും യാത്ര തീരാറായി, ജീവിതംപോലെതന്നെ. മഞ്ഞുമൂടിയ മലനിരകളെനോക്കി വെറുതേയൊന്ന് ചിരിച്ചു, ഇനി ഒരുപക്ഷേ ഒരിക്കലും കാണില്ലല്ലോ എന്ന തിരിച്ചറിവോടെ.
ഭക്ഷണം കഴിക്കാൻ നിർത്തി. വീണ്ടും മാഗിതന്നെ പറഞ്ഞു, ഇത്തവണ എന്തേലുമൊരു വ്യത്യാസംവേണ്ടേ എന്നുകരുതി അതിൽ ഒരു മുട്ടയുംകൂടെ ഇട്ടോളാൻ പറഞ്ഞു. ഇത്രേം രുചിയോടെ മാഗി കഴിച്ചിട്ടേയില്ല. കടയിൽ കൂടെയിരുന്ന ആൾ പരിചയപ്പെട്ടു, പുള്ളിക്കാരൻ ഗോൾഡൻ റോക്കിൽനിന്ന് വരികയാണത്രേ. മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ ആൾ പറഞ്ഞു തമിഴ്നാട്ടിൽനിന്ന് വരികയാണെന്ന്. നെറ്റിൽ സെർച്ച് ചെയ്തുനോക്കിയപ്പോൾ മനസ്സിലായി തിരുച്ചിറപ്പള്ളിയിലെ കുറച്ചു സ്ഥലങ്ങൾക്ക് അങ്ങനെയൊരു പേരുണ്ടെന്ന്, യാത്രയിൽ കിട്ടുന്ന പുതിയ അറിവുകൾ.
പോയതെല്ലാം ഒരുപാട് തണുപ്പുള്ള സ്ഥലമായതുകൊണ്ട്തന്നെ വെള്ളംകുടി തീരെ കുറവാണ്. ഒന്നു മൂത്രമൊഴിക്കണമെങ്കിൽപോലും പല ലെയർ തുണിമാറ്റണം, അതോർക്കുമ്പോൾ വെള്ളംകുടി പിന്നെയും കുറയും. മൂത്രമൊഴിച്ചാലോ അതിന്റെകൂടെയും പുക, തണുപ്പുള്ള സ്ഥലത്തിന്റെ ഓരോരോ കുസൃതികൾ.
യാത്ര തുടർന്നപ്പോൾ ഒരു ബംഗാളിപ്പാട്ട് പ്ലേയായി. ഇന്നു കൂടെയുള്ള ബാക്കി എട്ടുപേരും ബംഗാളികളായതുകൊണ്ട് അവരെല്ലാം ഒരുമിച്ച് ഏറ്റുപാടി, അതൊരു നല്ല അനുഭവമായിരുന്നു. ആ ഷോണ കേനോ ബാഷോണ എന്ന് തുടങ്ങുന്ന ആ പാട്ട് ഡൗൺലോഡ് ചെയ്യണമെന്ന് മനസ്സിൽ കുറിച്ചിട്ടു, ഇനി എന്നെങ്കിലും ആ പാട്ട് പ്ലേ ആകുമ്പോൾ ഈ യാത്ര ഓർമ്മിക്കാമല്ലോ.
വഴികളിൽ പലയിടത്തും ബോർഡർ റോഡ് ഓർഗനൈസേഷൻ നല്ലനല്ല ക്വോട്ടുകൾ എഴുതിവച്ചിട്ടുണ്ട്, ഉദാഹരണത്തിന് ' ഐ വാസ് ആൻ അതീസ്റ്റ് ടില്‍ ഐ മെറ്റ് ദ ഗോഡ് ഓഫ് വാർ, ഡോണ്ട് ബി ഗാമ ഇൻ ദ ലാൻഡ് ഓഫ് ലാമ തുടങ്ങിയവ.
അങ്ങനെ ലൈഫിൽ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ച നാഥുലാപാസ് എത്തി. വണ്ടി അങ്ങേയറ്റംവരെ പോകില്ല, അരകിലോമീറ്റർ മുകളിലേക്ക് നടക്കണം. നടന്നുതുടങ്ങിയപ്പോൾ കാറ്റിന്റെ ശൗര്യം മനസ്സിലായി. സ്റ്റെപ്പുകൾ കയറുംതോറും പലരും വഴിയിൽ തളർന്നിരിക്കുന്നതൊക്കെ കണ്ടു, ചിലരൊക്കെ ഓക്സിജൻസിലിണ്ടർ ഉപയോഗിക്കുന്നുണ്ട്. ഇത്ര തണുപ്പുള്ള കാറ്റിനെ മുൻപ് അറിഞ്ഞിട്ടില്ല, സ്റ്റെപ്പിനുമുകളിലുള്ള തകരഷീറ്റുകൾ കടകടാ ശബ്ദമുണ്ടാക്കി പറന്നുപോകാൻ റെഡിയാകുന്നു. അസ്സഹനീയമായ തണുപ്പ് ചെവിയിൽ അടിച്ചുകയറുന്നു. രണ്ട് ഗ്ലൗസിട്ട കൈകൾകൊണ്ട് ചെവി പൊത്തിപ്പിടിച്ച് മുകളിലേക്ക് നടന്നു. മഫ്ലർ, അതിനുമുകളിൽ ഹുഡ്, അതിനുംചുറ്റും ഇപ്പോൾ ഗ്ലൗസിട്ട കൈകളും, ഇത്രയൊക്കെയായിട്ടും കാറ്റിനെ തടയാനാവുന്നില്ല.വഴിയിൽ പലയിടത്തും ഫോട്ടോഗ്രഫി പ്രോഹിബിറ്റഡ് എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ടാവും എല്ലാരും ഒളിഞ്ഞും മറഞ്ഞുമൊക്കെ ഫോട്ടോ എടുക്കുന്നുണ്ട്. ഫോട്ടോ എടുക്കരുതെന്ന് കാവൽ നിൽക്കുന്ന പട്ടാളക്കാർ ഇടക്കിടക്ക് പറയുന്നുണ്ട്. അവരെ മാനിച്ച് ഞാനെന്റെ ഫോൺക്യാമറക്ക് റസ്റ്റ് കൊടുത്തു. ഏറ്റവും മുകളിലെത്തി, രണ്ട് രാജ്യങ്ങൾ പകുത്ത അതിർത്തിഗേറ്റുകൾ കണ്ടു, അതിനുമുകളിലൂടെ ആരെയും കൂസാതെ കാറ്റും കിളികളും പറന്നുകളിച്ചു. ഇന്ത്യയുടെ കൊടിയും അശോകസ്തംഭവും കണ്ട് മനസ്സിലൊരു അഭിമാനമൊക്കെ നുരഞ്ഞുപൊങ്ങി. മനസ്സുകൊണ്ടൊരു സല്യൂട്ട് കൊടുത്തു. കൂടിനിന്ന ആളുകളിൽ ചിലർ ഭാരത് മാതാ കി ജയ് വിളിക്കാനൊക്കെ തുടങ്ങി.ഇതേ ആളുകളാണ് ആരെയും മാനിക്കാതെ ഫോട്ടോ എടുത്തുകൊണ്ടേയിരുന്നത്.തുപ്പരുതെന്ന് പറയുന്നിടത്ത് തുപ്പും, വേസ്റ്റ് ഇടരുതെന്ന് പറയുന്നിടത്ത് കൃത്യമായി ഇടും, ഇങ്ങനെ ചെയ്യുന്ന എല്ലാരുംതന്നെ രാജ്യദ്രോഹികളാണ്. ഇവിടെ ഒച്ചയും കൂവലും പാടില്ലെന്ന് പട്ടാളക്കാർ നിർബന്ധമായും പറഞ്ഞപ്പോൾ കപടരാജ്യസ്നേഹികൾ ഒന്ന് മയപ്പെട്ടു.
ചൈനീസ് പട്ടാളക്കാരെയൊന്നും കാണുന്നുന്നില്ലല്ലോ എന്ന എന്റെ സംശയത്തിന് ദൂരേക്ക് ഒരു ബിൽഡിംഗ് ചൂണ്ടി അവിടെയുണ്ടാവുമെന്ന് പറഞ്ഞു ഒരു പട്ടാളക്കാരൻ. ലാസ്റ്റ് പോയിന്റിൽചെന്ന് അതിർത്തിഗേറ്റുകൾ കണ്ടു,അധികനേരം നിൽക്കാതെ തിരിച്ച് താഴേക്കിറങ്ങി. ഇവിടെ തണുപ്പ് മൈനസ് നാല് ഡിഗ്രി. ഇന്നലെ കണ്ട സീറോ പോയിന്റിലും ഇതേ തണുപ്പായിരുന്നെങ്കിലും ഇവിടുത്തെ കാറ്റുകാരണം കൂടുതൽ കഠിനമായിത്തോന്നി. ഇനിയുംനിന്ന് അസുഖമൊന്നും വരുത്തിവക്കണ്ടാന്ന്കരുതി വണ്ടിതപ്പിനടന്നു. തണുപ്പ് മൂക്കുംതോറും മൂക്ക് ഒലിച്ചുതുടങ്ങി. വണ്ടി കണ്ടുപിടിച്ചു.വണ്ടിയുടെ ഉള്ളിലെ ചൂട് എത്ര ആശ്വാസകരം. ഇപ്പൊ ഞങ്ങടെ വണ്ടിക്കാരന്റെയൊപ്പം മറ്റൊരു വണ്ടിക്കാരനുമുണ്ട്, യാത്രതുടങ്ങാൻ ടൂറിസ്റ്റുകൾ സമയത്ത് വരാത്തതിനെപ്പറ്റിയും, വന്നവർ വണ്ടിയെടുക്കാൻ തിരക്കുപിടിപ്പിക്കുന്നതിനെപ്പറ്റിയും പരാതിപറയുകയാണ്. ഓരോരുത്തർക്കും അവരുടേതായ ബുദ്ധിമുട്ടുകൾ. എന്റെ അന്വേഷണത്തിന് മറുപടിയായി ഇവിടെ വർഷത്തിലൊരു ആറുമാസമൊക്കെ ഡ്രൈവിംഗ് പണിയുണ്ടെന്നും ബാക്കി ആറുമാസം വലിയ പണിയൊന്നുമില്ലെന്നും അവര് പറഞ്ഞു.
ബാക്കിയുള്ളവരൊക്കെ വരാൻ പിന്നെയും സമയമെടുത്തു. തിരിച്ചുള്ളയാത്രയിൽ പലയിടത്തും ഉറഞ്ഞുപോയ അരുവികൾ കണ്ടു. ജലം ഐസാകുന്നതും ഐസ് തിരിച്ച് ജലമാകുന്നതും ആലോചിച്ചു, ആ ഒരു സ്പെഷ്യൽ നിമിഷം കാണാനുള്ള ഭാഗ്യമൊക്കെ ആർക്കെങ്കിലും ഉണ്ടാവുമോ ആവോ , എന്തൊരു അത്ഭുദമായിരിക്കും ആ നിമിഷം - ഒഴുകിക്കൊണ്ടിരിക്കുന്ന ജലം പെട്ടന്ന് ഫ്രീസാകുന്നതും ഫ്രീസായ വെള്ളം പെട്ടന്ന് ഒഴുകിത്തുടങ്ങുന്നതും.
ബാബാജി മന്ദിർ എന്ന അമ്പലം കണ്ടു, ലോകത്ത് വേറെ എവിടെയും ഇങ്ങനെയൊരു അമ്പലം അഥവാ ആരാധനാസ്ഥലം ഉണ്ടാവില്ല. ആർമിക്കാരനായിരുന്ന ഹർഭജൻ സിംഗ് 1968 ലെ മലയിടിച്ചിലിലും വെള്ളപ്പാച്ചിലിലും കാണാതെയായി, അഞ്ചുദിവസത്തിനുശേഷം മറ്റൊരു പട്ടാളക്കാരന്റെ സ്വപ്നത്തിൽവന്ന് മഞ്ഞിനുകീഴിൽ തന്റെ ശരീരം പുത്തഞ്ഞുകിടന്ന സ്ഥലം പറഞ്ഞുകൊടുത്തെന്നും തനിക്കുവേണ്ടിയൊരു മോണുമെന്റ് വേണമെന്നും പറഞ്ഞുവത്രെ. പറഞ്ഞ സ്ഥലത്തുനിന്നുതന്നെ ബോഡികിട്ടി, ശേഷം പട്ടാളക്കാർ ചേർന്ന് അദ്ദേഹത്തിനുവേണ്ടിയൊരു അമ്പലം പണിതു. ഒരേസമയം കഷ്ടിച്ച് നാലഞ്ചുപേർക്ക് കയറാവുന്നത്ര ഇടുങ്ങിയ ഉൾവശം. അകത്ത് ഹർഭജൻസിംഗ് ഉപയോഗിച്ച ആർമി ഡ്രെസ്സുകൾ, ഷൂസ്, കസേര അങ്ങനെ പലതും. വെളിയിൽ ഹർഭജൻബാബയുടെ കഥകൾ പ്രദർശിപ്പിക്കാനൊരു മുറി. അദ്ദേഹം അവസാനം വാങ്ങിയ സാലറിയുടെ വിവരങ്ങൾ കണ്ടു, 153 രൂപ, 1968ൽ. പ്രസാദമായി ഉണക്കമുന്തിരിങ്ങ തന്നതും അമ്പലത്തിനുവെളിയിൽ പാറാവുനിൽക്കുന്നതും പട്ടാളക്കാർതന്നെ .
കാഴ്ചകളൊക്കെകണ്ട് വണ്ടി പിന്നെയും മുന്നോട്ടെടുത്തു. ബംഗാളി പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ടിൽ ഇടയ്ക്ക് മലയാളത്തിലെ ഇല്ലുമിനാറ്റി കയറിവന്നു. അതിർവരമ്പുകൾ ഭേദിക്കുന്ന സിനിമയെപ്പറ്റി വീണ്ടും അത്ഭുതപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരു അങ്കിളിന്റെയും ആന്റിയുടെയും ഫോട്ടോ വഴിയിൽവെച്ച് ഞാൻ എടുത്തുകൊടുത്തു. അതിനു സമ്മാനമായി അവർ എനിക്കൊരു ഡയറിമിൽക്ക് തന്നു. എന്റെ മധുരക്കൊതി അറിയാവുന്നതുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങുമ്പോഴേ ഭാര്യ പറഞ്ഞിരുന്നു- ആരെങ്കിലും മുട്ടായിയൊക്കെ തരും, അതൊന്നും വാങ്ങി കഴിച്ചേക്കരുത് എന്ന്. എന്തായാലും ആ ലക്ഷ്മണരേഖ ഞാൻ മറികടന്നു. എന്തോ, അവരെ വിശ്വസിക്കാമെന്ന് എനിക്ക് തോന്നി. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ സോങ്മൊ എന്ന ഫേമസ് തടാകത്തിനടുത്ത് വണ്ടിനിർത്തി. നമ്മുടെ കടൽത്തീരത്തൊക്കെ കുതിരകളെ നിർത്തുന്നതുപോലെ ഇവിടെ കുറെ യാക്കുകളെ നിർത്തിയിട്ടുണ്ടായിരുന്നു. അതിന്റെ മുകളിൽ കയറിയിരുന്ന് ഫോട്ടോ എടുക്കണമെങ്കിൽ 100 രൂപ,സവാരി ചെയ്യണമെങ്കിൽ 600 രൂപ. കൗതുകംകൊണ്ട് ഞാൻ അതിലൊന്നിനെ തൊട്ടു, നമ്മുടെ പശുവിന്റെയൊക്കെ ഒരു ബന്ധുവായിട്ടുവരും, കുറേക്കൂടി വലിപ്പവും രോമവുമുണ്ടെന്ന്മാത്രം. പക്ഷേ തൊട്ടത് അവനങ്ങോട്ട് ഇഷ്ടമായില്ലെന്നു തോന്നുന്നു. അവൻ തലയൊക്കെ കുലുക്കി എന്റടുത്തോട്ട് വന്നു. പിന്നെ ഞാൻ അധികം സ്നേഹിക്കാൻ പോയില്ല. മറ്റേ അങ്കിളും ആന്റിയും എന്നെക്കൊണ്ട് വീണ്ടും ഫോട്ടോ എടുപ്പിച്ചു. എന്നിട്ട് അവർ മുകളിലെ കേബിൾകാറിന്റെ അങ്ങോട്ട് പോയി, വരുന്നുണ്ടോയെന്ന് എന്നോട് ചോദിച്ചു. അയ്യട മോനെ ഇനി അവിടെവച്ച് ഒരു നൂറ് ഫോട്ടോ എടുപ്പിക്കാനല്ലേ, ഞാൻ വരുന്നില്ലയെന്ന് പറഞ്ഞ് ഒഴിഞ്ഞു.അടുത്തുള്ള കഫെയിൽനിന്ന് ഒരു കട്ടൻചായയും കുടിച്ച് തിരിച്ചു വണ്ടിക്കകത്ത് കയറിയിരുന്നു. ചുരുക്കം പറഞ്ഞാൽ സിക്കിമിൽവന്നിട്ട് പ്രധാനമായും മാഗിയും കട്ടൻചായയുമാണ് ഭക്ഷണം.
ഇടയ്ക്കുവെച്ച് ഡ്രൈവർ എല്ലാവരുടെ കയ്യിൽനിന്നും വീണ്ടും പൈസ പിരിച്ചുവാങ്ങിയിരുന്നു, എക്സ്ട്രാ എന്തോ സ്ഥലമൊക്കെ കാണിക്കാമെന്നും പറഞ്ഞു. പക്ഷേ ഈ പോയ സ്ഥലങ്ങളുടെയൊക്കെ ഇടയ്ക്കുള്ള ഒന്നുരണ്ട്സ്ഥലത്ത് ഫോട്ടോ എടുക്കാൻ നിർത്തി, അത്രേയുള്ളൂ. അതാണ് അയാൾ ഉദ്ദേശിച്ചതത്രേ.നാടേതായാലും പറ്റിക്കാനുള്ള വഴികളൊക്കെ ഒന്നുതന്നെ.
ഇന്നത്തെ കറക്കമൊക്കെ കഴിഞ്ഞ് വണ്ടിതിരിച്ചു. ഒരു നാലര ഒക്കെ കഴിഞ്ഞപ്പോഴത്തേക്ക് റോഡിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. ആകെ മൂടൽമഞ്ഞും ഇരുട്ടും. എന്നിട്ടും ഡ്രൈവർ മുന്നോട്ട്തന്നെ. അയാൾ ഒരു ഊഹത്തിന് പോവുകയാണെന്ന് ഞങ്ങൾക്ക് തോന്നി. ജീവനോടെ തിരിച്ചെത്തണേയെന്ന പ്രാർത്ഥനയോടെ എല്ലാവരും കണ്ണ്തുറിച്ചിരുന്നു. റോഡിൽ അങ്ങിങ്ങായി പ്രാർത്ഥനകളെഴുതിയ കൊടികൾ. അതെന്താണെന്ന് ഞാൻ ചോദിച്ചു. കൂടെയുള്ള അങ്കിൾ പറഞ്ഞു അതിനെപ്പറ്റി ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന്, പുള്ളിയുടെ മുഖത്ത് ഞാനൊരു ഭയമൊക്കെ കണ്ടു. എന്നാപ്പിന്നെ സംഭവം അറിഞ്ഞിട്ട്തന്നെ ഉള്ളൂ എന്ന് ഞാൻ കരുതി. നെറ്റ് നോക്കിയപ്പോൾ കണ്ടു - അത് ടിബറ്റുകാർ തുടങ്ങിയ ഒരു പ്രാക്ടീസ് ആണ്, കൊടികളിൽ എഴുതിയ പ്രാർത്ഥനകൾ കാറ്റിൽ നാടുമുഴുവൻ പരക്കുമെന്നാണ് അവരുടെ വിശ്വാസം. ബുദ്ധിസം ടിബറ്റിലേക്ക് ചേക്കേറിയപ്പോൾ അവരുടെ ഈ സ്വഭാവം ബുദ്ധിസത്തിന്റെകൂടെ കൂടി. എന്തായാലും ഉദ്ദേശം ഇതുതന്നെ, മന്ത്രങ്ങൾ കാറ്റിലൂടെ ഒഴുകി നാടിനെ രക്ഷിച്ചുനിർത്തണം. കാറ്റിൽ ഉലയുന്ന കൊടികളും അവയുടെ ആശയവും എത്ര മനോഹരം.
അധികം വൈകാതെ വണ്ടി തിരിച്ച് തുടങ്ങിയ സ്റ്റാൻഡിലെത്തി. ഞാൻ നടന്നുതന്നെ റൂമിലെത്തി. വഴിക്കുവച്ച് 250 രൂപയുടെ 'തായി ഓറഞ്ച് ടീ'യും കുടിച്ചു.
No comments:
Post a Comment