രാവിലെ തുടങ്ങിയ ഓട്ടം അല്പമൊന്നു ശമിച്ചത് രാത്രി ഒൻപതുമണിക്കാണ്. പക്ഷേ ഇനിയോ, ഉറങ്ങാനുള്ള സമയം അടുത്തുവരുന്നു, അതിനർത്ഥം വീണ്ടും നാളെ ഈ സമയമാകണം ഒന്ന് സമാധാനമായി ഇരിക്കാൻ. സത്യത്തിൽ എവിടെയാണ് സമാധാനം? വീട്ടിലുള്ളപ്പോൾ ഓഫീസിലേക്കും , ഓഫീസിലുള്ളപ്പോൾ വീട്ടിലേക്കും പായിച്ചുകൊണ്ടേയിരിക്കുന്നു സമയം. ഇതിനിടയിൽ എവിടെയാണ് ജീവിതം. ഓട്ടത്തിനൊക്കെ പെട്ടന്നൊരു ഫുൾസ്റ്റോപ്പ് ഇട്ട്, ഒന്നും ചെയ്യാതെ കുറേനേരം ഇരിക്കണമെന്നൊക്കെ തോന്നാറുണ്ട്, പക്ഷേ ഒരിക്കലും സാധിക്കില്ലതാനും. ഭാവിയിൽ ആവശ്യംവരുമ്പോൾ ലീവ് കിട്ടിയില്ലെങ്കിലെന്നുകരുതി സ്വരുക്കൂട്ടി വയ്ക്കുന്ന വിഡ്ഢികളുടെ ലോകത്തിലേക്ക് എത്തിപ്പെട്ടതുപോലെ, അല്ലെങ്കിൽ ഓഫീസിലെ പണികളൊക്കെ അവതാളത്തിലാകുമോ എന്നൊക്കെ അർത്ഥമില്ലാത്ത ചിന്ത. ശരിക്കും എത്ര മണ്ടൻ ന്യായങ്ങളാണ് ഇതെല്ലാം. നാളെ ജീവനുണ്ടാകുമോ എന്നതുതന്നെ കണ്ടറിയണം. പെട്ടന്നൊരുദിവസം നമ്മൾ തട്ടിപ്പോയാൽ ഈ ലോകം നിന്നുപോകുമോ, ഒരിക്കലുമില്ല.
അച്ഛനും അമ്മയും ഉള്ളപ്പോൾ അവരുടെകൂടെ സമയം ചിലവഴിക്കുന്നതല്ലേ യഥാർത്ഥ സന്തോഷം. പക്ഷേ ഇന്നിപ്പോ ആർക്കെങ്കിലുമൊക്കെ അത് സാധ്യമാണോ. എല്ലാം ഉപേക്ഷിച്ച് നാട്ടിൽപോയിനിന്നാലോ എന്ന് വെറുതേ ഒന്ന് കിനാവുകാണും. അപ്പൊ എല്ലാവരെയുംപോലെ യാഥാർഥ്യം വന്ന് തലക്ക് തട്ടും. ചുറ്റുമുള്ളവരുടെ ചോദ്യം, കുഞ്ഞിന്റെ ഭാവി, ശമ്പളമില്ലാത്ത അവസ്ഥ, എല്ലാം കണ്മുന്നിൽ തെളിയും.
ശരിക്കും നമ്മൾ ആർക്കുവേണ്ടി ജീവിക്കുന്നു, മറ്റുള്ളവരുടെ നല്ല സർട്ടിഫിക്കറ്റിനുവേണ്ടിയോ, കുഞ്ഞിനുവേണ്ടിയോ, ശമ്പളത്തിനുവേണ്ടിയോ, ഒന്നും മനസ്സിലാകുന്നില്ല. നമ്മുടെ അച്ഛനും അമ്മയും നമുക്കുവേണ്ടി ജീവിതം ഹോമിച്ചു എന്ന് പറയും, നമ്മൾ ഇതുതന്നെ നമ്മടെ കുഞ്ഞുങ്ങളോട് പറയും, അവർ ഇത് തുടരും. അപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്തവർ തനിക്കുവേണ്ടിമാത്രം ജീവിക്കുമോ, അതുമില്ല, അവരും അവരുടേതായ പല എന്തിനൊക്കെയോവേണ്ടി ജീവിക്കുന്നു. അസുഖങ്ങൾ, കടങ്ങൾ, അപകടങ്ങൾ, അങ്ങനെയങ്ങനെ പലതും ചേർന്ന് ജീവിതത്തിന്റെ ഏറിയ പങ്കും അപഹരിക്കുന്നു.
ശരീരത്തിന്റെ പല ഭാഗങ്ങളും പണിമുടക്കിതുടങ്ങി, വയസ്സാകുന്നു എന്ന് സിഗ്നൽ തന്നുതുടങ്ങി. നര വന്ന മീശ പണ്ടേ നരച്ച മുടിയെ എത്തിവലിഞ്ഞ് നോക്കിത്തുടങ്ങി. കണ്ണടവച്ചാലും കാഴ്ചകൾ പലതും മങ്ങിത്തുടങ്ങി. തലവേദനയും മുട്ടുവേദനയുമൊഴിഞ്ഞ ദിവസങ്ങളില്ലാതെയായി. ആരോഗ്യം കളഞ്ഞും നിലനിർത്തേണ്ടതാണോ ജോലി.
എല്ലാ ദിവസവും അലാറം കേട്ട് ഞെട്ടി ഉണരുക, വെളിവ് വീഴുംമുന്നേ ഓട്ടം തുടങ്ങുക, ഓടിത്തളർന്ന് രാത്രി ആവുക, വീണ്ടും ഇതുതന്നെ, റിപീറ്റ്. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ വല്ലപ്പോഴുമൊരു കറക്കം, അതും ഓടിപ്പാഞ്ഞ്. ചുരുക്കംപറഞ്ഞാൽ പാച്ചിൽ ഒഴിഞ്ഞ നേരമില്ല. ഇതാണോ ജീവിതം. എല്ലാവരും ഇങ്ങനൊക്കെത്തന്നെയാണത്രെ. ഇതൊക്കെ അല്ലാതെ എന്താണ് പ്രതീക്ഷിക്കുന്നത്. ആവോ, അറിയില്ല. വിശ്രമിക്കാൻ ഒരു ഇടവേള ആണോ ആഗ്രഹം, അതോ നിത്യമായ വിശ്രമമാണോ ആഗ്രഹം അതുമറിയില്ല.ശതകോടീശ്വരൻ സ്വന്തം ജോലി ഉപേക്ഷിച്ചുകഴിഞ്ഞപ്പോൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ത്രിശങ്കുവിലായ അവസ്ഥ ഈ അടുത്താണ് വായിച്ചത്, ഐ ഐ ടി യിൽനിന്ന് ഡിഗ്രി എടുത്ത് നല്ല ശമ്പളത്തിൽ ജോലി വാങ്ങിയ ആൾ സമാധാനത്തിനുവേണ്ടി സന്യാസിയായി എന്ന വാർത്ത ഇന്ന് കണ്ണിൽപെട്ടു, , വലിയ തുക ലോട്ടറി അടിച്ചിട്ടും പിറ്റേന്ന് സ്വന്തം ജോലിയായ കാന വൃത്തിയാക്കാൻ സമയത്തുതന്നെ ചെന്ന ആളുടെ വാർത്തയും വായിച്ചു. എല്ലാവരും അന്വേഷണത്തിലാണെന്ന് തോന്നുന്നു, ജീവിതത്തിന്റെ അർത്ഥം അറിയാൻ. പലതും പയറ്റി നോക്കുകയാണ് മുന്നോട്ട് പോകാൻ. പക്ഷേ എന്നുവരെ? അറിയില്ലല്ലോ. അതുതന്നെയല്ലേ എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും. നാളെയെ കാണും എന്ന ഉറച്ച വിശ്വാസത്തോടെ വീണ്ടും വീണ്ടും മെടഞ്ഞ് പണിയെടുക്കുക, നാളെയുടെ ഭാവി ശോഭനമാക്കാനാണല്ലോ ഇന്നത്തെ നമ്മുടെ ജീവിതം. ശരിക്കും നമ്മൾ ഇന്നിലും ഇല്ല നാളെയിലും ഇല്ല. എങ്കിലും നമ്മൾ ജീവിക്കുന്നു, മുന്നോട്ട് മുന്നോട്ട്.
🥰
ReplyDelete😊❤️
Delete