Sunday, 26 January 2025

സോളോ ട്രിപ്പ് - ഡേ 2- പുറംകാഴ്ച.

ട്രെയിൻ പിന്നെയും മുന്നോട്ട്. തത്കാലം താഴത്തെ സീറ്റിൽ ആളില്ല, കുറച്ചുനേരം പുറംകാഴ്ചകൾ കാണാം. ഡബ്ല്യൂബി എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റുകൾ കണ്ടുതുടങ്ങി. ചെന്നൈപോലെ കൊച്ചിപോലെ ഇന്ത്യയിലെ മറ്റേതൊരു നഗരവുംപോലെ അഴുക്കുചാലുകളും ചേരിയും അതിൽ കുറേ ജീവിതങ്ങളും കണ്ടു. ഒന്നിനെയും ഭയമില്ലാതെ കുട്ടികൾ സ്വാതന്ത്രരായി പാറിനടക്കുന്നതുകണ്ടു. ട്രെയിനിനുള്ളിൽ ഒരു കുഞ്ഞ് ഓടിയപ്പോൾ അതിന്റെ അമ്മ പിന്നാലെ ഓടി "ബേട്ടാ ഡോണ്ട് റൺ ഡോണ്ട് റൺ " പറയുന്നതുകേട്ടു. ഇതേസമയം ഏകദേശം ഇതേ പ്രായമുള്ള അഴുക്കുച്ചാലിലെ ഒരു കുട്ടി ഒരു മരക്കൊമ്പിൽ രണ്ടുകാലും കഷ്ടിച്ച് അള്ളിപ്പിടിച്ച് ഇരിക്കുകയായിരുന്നു, അവനുചുറ്റും ആഴമുള്ള ചെളിവെള്ളത്തിന്റെ കടലും. അവനെ ആരും ഒന്നിനും വിലക്കുന്നുമില്ല, ആർക്കും പേടിയുമില്ല. അതേ വെള്ളത്തിൽ കുറച്ചപ്പുറത്ത് കുറച്ചുപേർ കുളിക്കുന്നതുകണ്ടു. ഇവരെയൊന്നും രോഗങ്ങൾ ബാധിക്കില്ലേ എന്ന് സംശയം. ഇതേപോലൊരു രംഗം മുന്നേ കണ്ടിട്ടുള്ളത് ഓർത്തെടുക്കാൻ ശ്രമിച്ചു. കുട്ടനാടുവഴിയുള്ള കെഎസ്ആർടിസി യാത്ര തെളിഞ്ഞുവന്നു. അവിടെയും ആളുകൾ ഒഴുക്കില്ലാത്ത വെള്ളത്തിൽ കുളിക്കുന്ന രംഗം. ഞാൻ സ്വയമൊന്ന് നോക്കി, 24 നോർത്ത് കാതം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ വട്ടുള്ളപോലെയൊരാൾ. 
വീണ്ടും കണ്ണുകൾ ചേരിയിലേക്ക് തിരിഞ്ഞു. അവിടെ കുറേ കുട്ടികൾ ഒരു സ്റ്റേജിലെ സ്പീക്കറിനുചുറ്റും ഉറക്കെയുള്ള പാട്ടിന് ഡാൻസ് കളിക്കുന്നുണ്ട്. ട്രെയിൻ കണ്ടതും കൂട്ടത്തിലെ ഒരു പയ്യൻ കുനിഞ്ഞ് ഒരു കല്ലെടുത്ത് എറിയുന്നു. എറിഞ്ഞ കല്ല് വരുത്തിയേക്കാവുന്ന അപകടത്തിന്റെ തീവ്രത അവന് അറിയില്ല, പ്രത്യേകിച്ച് ഓടുന്ന ട്രെയിനിൽ. അതറിയാൻ ഫിസിക്സ്‌ പഠിക്കണ്ട, പക്ഷേ നല്ലപ്രായത്തിൽ നല്ലത് പറഞ്ഞുകൊടുക്കാൻ വിവേകമുള്ള വലിയവർ വേണം. നശിച്ചുപോകുന്ന ഇന്നിനെ, ഇതിലും നശിക്കാൻപോകുന്ന നാളെയെ കൺമുന്നിൽ ഞാൻ അറിഞ്ഞു. അറിഞ്ഞിട്ടെന്താ, ഏസി യിൽ ഞാൻ സേഫല്ലേ, കല്ലേറ് കൊള്ളില്ലല്ലോ. ഞാൻ വീണ്ടും കാഴ്ചകളിൽ മുഴുകി. 

ട്രെയിൻ നിൽക്കുന്ന സ്ഥലങ്ങളില്ലെല്ലാംതന്നെ ഒരുപാട് വേസ്റ്റുകൾ ആണ്. എല്ലാവരും കഴിക്കുന്ന പ്ലേറ്റുകൾ, പൊട്ടറ്റോ ചിപ്സ് പാക്കറ്റുകൾ അങ്ങനെയങ്ങനെ. വിദേശികളൊക്കെ ഇത് കണ്ടാൽ നമ്മളെപ്പറ്റി എന്ത് കരുതുമെന്ന് ഓർത്തുനോക്കി. അവർ കരുതുമായിരിക്കും " ഓൾ തേർഡ് വേൾഡ് കൺഡ്റീസ് ആർ വൺ ആൻഡ് ദി സെയിം ". ഇത്രയും ഓർത്തുകൊണ്ട്, ഭക്ഷണം കഴിച്ച പാക്കറ്റ് വെളിയിലുള്ള വേസ്റ്റ് ബാസ്കറ്റിൽ കൊണ്ടിട്ടു. എന്തായാലും അങ്ങനെ ഒരു സംവിധാനമെങ്കിലും റെയിൽവേ തന്നിട്ടുണ്ടല്ലോ എന്ന് ഓർത്ത് സന്തോഷിച്ചു. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഒരു ക്ലീനർപയ്യൻ വന്ന് വേസ്റ്റ് എടുത്തു, ഹാവൂ ഇത് കൃത്യമായി ക്ലീൻ ഒക്കെ ചെയ്യാറുണ്ടല്ലോ എന്ന് വീണ്ടും ആശ്വസിച്ചു. അടുത്ത സെക്കൻഡിൽ ആ പയ്യൻ എന്റെ ഉൾപ്പടെ എല്ലാവരുടെയും വേസ്റ്റ് പാക്കറ്റ് എടുത്ത് വാതിലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒറ്റനിമിഷത്തിൽ ഞാൻ അവനെ ശപിച്ചു, മനസ്സിൽ റെയിൽവേയോട് തോന്നിയ ബഹുമാനത്തിന്റെ കോട്ട ഇടിഞ്ഞുതാണു. 
ഇവിടെ ആരുടെയാണ് കുറ്റം? റെയിൽവേ കൃത്യമായി ഒരു സിസ്റ്റമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്, അത് പരിപാലിക്കാൻ ആളുകളെയും ജോലിക്ക് വച്ചിട്ടുണ്ട്. പ്രശ്നം അപ്പോൾ സിസ്റ്റത്തിന്റെ അല്ല, അത് പ്രാവർത്തികമാക്കേണ്ട ഓരോരുത്തരുടേയുമാണ്. അതിലെ ഓരോ ചെറിയ കണ്ണിക്കും പ്രാധാന്യമുണ്ട്, ആ ക്ലീനർ പയ്യനുൾപ്പെടെ, അവന്റെ മേലധികാരികളുൾപ്പെടെ എല്ലാവർക്കും. ഇങ്ങനെയൊരു വേസ്റ്റ് ബാസ്കറ്റ് വെച്ചിട്ടും ഓറഞ്ച് തൊലിയും കുരുവും കാബിനുള്ളിൽത്തന്നെയിട്ട ബംഗാളി ആന്റിയെ ഈ അവസരത്തിൽ സ്മരിച്ചുകൊള്ളട്ടെ. ഫുഡ്‌ സെർവ് ചെയ്യുന്നതിനിടയിൽ കയ്യിൽ പറ്റുന്നതൊക്കെ കാബിനിലെ കർട്ടനിൽത്തന്നെ തൂത്ത കാറ്ററിംഗ് സ്റ്റാഫിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. 

അനുഭവങ്ങൾ വേറെയുമുണ്ട് - പുറംകാഴ്ച കണ്ടുകണ്ടിരുന്നപ്പോൾ എതിരെ ഇരുന്ന ചേട്ടനോട് വെറുതേ സംസാരിച്ചു, ഏതായാലും ഒരുദിവസത്തെ കണ്ടുപരിചയമുള്ളതല്ലേ എന്ന് കരുതി. സംസാരിച്ചുവന്നപ്പോൾ ആസ്സാമിയായ ആ ചേട്ടൻ എന്നോട് ചോദിക്കുവാ ഞാൻ നേപ്പാളി ആണോന്ന്.ജീവിതത്തിലാദ്യമായി അങ്ങനെ ഞാൻ നേപ്പാളിയുമായി.നന്നായില്ലേ ഏതായാലും, അവിടെ ചെല്ലുമ്പോ അവരുമോർക്കുമല്ലോ ഞാൻ അവരിലാരോ ഒരാൾ ആണെന്ന്. 

No comments:

Post a Comment