എന്തായാലും വണ്ടി എടുക്കാറായപ്പോഴേക്ക് സായുവിന്റെ (എന്റെ കുഞ്ഞിന്റെ പേര് ) രൂപമുള്ള കുട്ടിയും ഫാമിലിയും അതേ വണ്ടിയിൽ വന്നുകയറി. അങ്ങനെ എന്റെ കുഞ്ഞ് എന്റെ ഒപ്പം ഗ്യാങ്ടോക്കുവരെ വരുന്നത്പോലെ തോന്നി.
ഏകദേശം ഒരു 5 മണിക്കൂർ യാത്രയുണ്ടായിരുന്നു. വഴിയിൽ പലയിടത്തും നല്ല പണിനടക്കുന്നു. മൊത്തം പൊടിയും വളവും തിരിവും, കഴിഞ്ഞമാസം പോയ മൂന്നാർയാത്രയെ അനുസ്മരിപ്പിച്ചു. മൂന്നാർ പോയപ്പോൾ തോന്നി കക്കയം ഇതുപോലെതന്നെയല്ലേ എന്ന്, ഇപ്പോൾ ഗ്യാങ്ടോക്കിനുള്ള വഴി കണ്ടപ്പോൾ തോന്നി മൂന്നാറും മേഘാലയയും ഇതുപോലെതന്നെ അല്ലായിരുന്നോ എന്ന്. ഒന്ന് നോക്കിയാൽ ഒരേ രീതിയിലുള്ള സ്ഥലങ്ങളെല്ലാം ഒരുപോലെതന്നെ, എന്നുവെച്ചാൽ കടൽത്തീരങ്ങളെല്ലാം ഒരുപോലെ, മലകളെല്ലാം ഒരുപോലെ, അങ്ങനെയങ്ങനെ.
പോകുന്ന വഴിക്ക് പല കാഴ്ചകൾ കണ്ടു - ഇലോൺ മസ്കിന്റെ മുഖമുള്ള ഒരു ഡ്രൈവർ, വഴിനീളെ റിയാൻ പരാഗിന്റെ ഫോട്ടോ ( അത് കണ്ടപ്പോൾ പണ്ട് ആസ്സാം പോയതാണ് ഓർമ്മ വന്നത്- അന്ന് അവിടെ ഓട്ടക്കാരി ഹിമാദാസിന്റെ ഫോട്ടോ ആയിരുന്നു മുഴുവൻ, ഓരോ നാട്ടുകാർക്കും ആരാധിക്കാൻ അവരുടെ സ്വന്തം ഹീറോ ), ശ്രീമതി സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന കഥയിൽ പറയുന്നതുപോലെ ഓം മണി പത്മേ ഹും എന്ന എഴുത്തുകൾ ( റോഡരികിൽ ഭിത്തികളിൽ), വെള്ളമണലിന് സമാന്തരമായി ഒഴുകുന്ന പച്ചനിറമുള്ള നദി, അങ്ങനെ അങ്ങനെ. ഏതായാലും ഡ്രൈവർ നല്ല ഒന്നാന്തരം കണക്ക്മാഷിനെപ്പോലെ തോന്നി. റോഡിലെ ഓരോ വരയും വൃത്തവും അയാൾക്ക് കൃത്യമായിരുന്നു. പലതവണ ഫോൺ നോക്കി വണ്ടി ഓടിച്ചപ്പോൾപോലും വണ്ടി ഒരു കുഴിയിൽപോലും വീണില്ല. ആകെ ഒഴിവാക്കാൻപറ്റാത്ത ചില കുണ്ടുകളിൽ ചാടിപ്പോയി എന്ന്മാത്രം. റോഡിൽ പലയിടത്തും സുന്ദരികളായ പെൺകുട്ടികൾ ഓറഞ്ചുകൾ വിൽക്കുന്നുണ്ടായിരുന്നു, ശരിക്കും ഒരു സ്ത്രീശാക്തീകരണം പോലെ തോന്നി,പുരുഷന്മാരെ എങ്ങും കാണാനില്ല.
വണ്ടിക്കുള്ളിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ ഗ്യാങ്ടോക്ക് വൃത്തികേടാക്കാത്തതിന് നന്ദി എന്ന്. പക്ഷേ ഇതൊന്നും മൈൻഡാക്കാതെ മുന്നിലിരുന്ന പുതുമോഡിയിലെ പെണ്ണ് കഴിച്ചതിന്റെ ബാക്കിപലതും റോഡിലേക്ക് വലിച്ചെറിയുന്നുണ്ടായിരുന്നു. ഡ്രൈവറാണെങ്കിൽ ഒന്നും പറയുന്നുമില്ല.
ഇടയ്ക്ക് പല ആർമി ട്രക്കുകളും പോകുന്നതുകണ്ടു. രണ്ട് ഫൈറ്റർ പ്ലെയിനുകൾ ആകാശത്ത് പോകുന്നത് കണ്ടപ്പോൾ പെട്ടെന്ന് വിംഗ് കമാണ്ടർ അഭിനന്ദൻ വർദ്ധമനെ ഓർത്തു . പാക്കിസ്ഥാന്റെ പ്ലെയിനിനെ തുരത്താൻ അദ്ദേഹം പ്ലെയിൻ പറത്തുന്നത് ഞാൻ നേരിൽ കാണുകയാണെന്ന് തോന്നി.
ഒടുവിൽ വണ്ടി ഗ്യാങ്ടോക് എത്തി, ഇനി എന്ത് ചെയ്യണമെന്ന് ആകെ കൺഫ്യൂഷൻ. ഒന്നുമല്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവർ കൊണ്ട് ഇറക്കിവിട്ടു. ചുറ്റുംനോക്കി. മേഘാലയയിൽ പണ്ട് ഒരു മാർക്കറ്റിൽ ചെന്നിറങ്ങിയത്പോലെതന്നെ. പക്ഷേ അന്ന് കൂടെ ഭാര്യയുണ്ടായിരുന്നു, ഒപ്പം ടൂർപാക്കേജുകാരുടെ ഒരു ഗൈഡും. ഇന്നിപ്പോ പാക്കേജുമല്ല ഗൈഡുമില്ല. സിക്കിമിന്റെ തണുപ്പിൽ ഞാൻ പതിയെ വിറയ്ക്കാൻ തുടങ്ങി. അപരിചിതത്വവും ചുറ്റുമുള്ള ഡ്രൈവർമാരുടെ നോട്ടവും എനിക്ക് വല്ലാതെ അസഹ്യമായി തോന്നിത്തുടങ്ങി...
No comments:
Post a Comment