Thursday, 30 January 2025

സോളോ ട്രിപ്പ്- ഡേ 5- നോർത്ത് സിക്കിം.

മൈനസ് 5 ഡിഗ്രി, കണ്ണുതുറന്ന് ഫോണിൽ ആദ്യം കണ്ടതതാണ്. രാവിലെ ഒന്ന് മുഖമെങ്കിലും കഴുകിയിട്ട് യാത്ര തുടങ്ങാമെന്ന് കരുതി. പൈപ്പിന്റെ ഒരു സൈഡിൽ ചൂടുവെള്ളം, മറ്റേസൈഡിൽ തണുപ്പുവെള്ളം , പക്ഷേ രണ്ടും എക്സ്ട്രീം അങ്ങേയറ്റം, കൈ ചൂടുകൊണ്ടും തണുപ്പുകൊണ്ടും പൊള്ളുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. മരവിച്ച കൈയുംകൊണ്ട് ബാഗിനുള്ളിൽ ഇന്നിടാൻ മൂന്നാമത്തെസെറ്റ് സോക്സ് തിരയുന്നതിനിടയിൽ ഗുളികയുടെ പാക്കറ്റിന്റെ അറ്റം ചെറുതായിട്ട് ഉരസി, പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല, പക്ഷേ പിന്നീട് ഫോണെടുത്ത് ടൈപ്പ്ചെയ്തുതുടങ്ങിയപ്പോൾ സ്ക്രീനിലൊക്കെ എന്തോ ഒട്ടുന്നതുപോലെ തോന്നി, കയ്യിൽ നിന്ന് ചോരയിറ്റ് വീണുതുടങ്ങിയത് അപ്പോഴാണ് കണ്ടത്. മരവിക്കുന്ന തണുപ്പായതുകൊണ്ട് പെട്ടെന്ന് ഉണങ്ങുമെന്ന് കരുതി,പക്ഷേ എനിക്ക് തെറ്റി, കുറച്ചധികം നേരമെടുത്തു ആ ചോരയൊന്ന് കട്ടിയാവാൻ. 

സിക്കിമുകാരൻ ഡ്രൈവർചേട്ടൻ രാവിലെതന്നെ റെഡിയായിട്ടുണ്ട്. മഞ്ഞ് കാണാനാണ് ഇന്ന് പോകുന്നത്, അത് കാണണമെങ്കിൽ അതിരാവിലെതന്നെ ഇറങ്ങണമെന്ന് തലേന്ന്തന്നെ പറഞ്ഞിരുന്നു. റൂമിൽ കൂടെയുള്ളവന്മാർ റെഡിയായിവന്നപ്പോഴേക്കും കുറച്ചുവൈകി. ഷെയർ ആയി പോകുമ്പോഴുള്ള പ്രശ്നം ഇതൊക്കെയാണ്. 
കൂട്ടത്തിൽ ഒരാളുടെ പേഴ്സ് കാണാനില്ല. പിന്നെ ഞാനുൾപ്പെടെ എല്ലാവരും ഷെർലക്ഹോംസായി. നമ്മളെ എല്ലാവരെയുംപോലെതന്നെ ലോകംമുഴുവൻ തപ്പിയിട്ട് അവസാനം അവന്റെ തൊട്ടടുത്തിരുന്ന ബാഗിൽനിന്ന്തന്നെ പേഴ്സ് കിട്ടി. അവന്റെ കൂട്ടുകാരന്മാർ അവനെ പഞ്ഞിക്കിട്ടു. അല്പംകൂടെ സമയം കഴിഞ്ഞു, അഞ്ചരയ്ക്ക് എണീക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. അവരുടെ താളംപിടുത്തം കണ്ടപ്പോൾ മഞ്ഞ്കാണാൻ തീരെ താല്പര്യമില്ലാത്തപോലെ. ഒരുത്തൻ അവാർഡ്പടംകളിച്ച് ബാഗ് അടക്കുന്നുണ്ട്, അപ്പോഴാണ് ഞാൻ ഇന്ദുലേഖയുടെ ഒരു പാക്കറ്റ് അവന്റെ ബാഗിൽ ശ്രദ്ധിച്ചത്. ബ്രാൻഡുകൾ, പരസ്യങ്ങൾ, അവ എത്തിപ്പെടുന്ന പ്രതീക്ഷിക്കാത്ത സ്ഥലങ്ങൾ, അതൊക്കെ വെറുതെയൊരു ചിന്തയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. 
ആറുമണിക്ക് ഇറങ്ങണമെന്ന് പറഞ്ഞത് പതിവുപോലെതന്നെ ഏഴ്മണിയായി. തണുപ്പ്കാരണം മാസ്കിന്റെ മൂക്കിന്റെമുകളിലൂടെ ശ്വാസം പുകയായി പുറത്തേക്ക് വരുന്നുണ്ട്. അങ്ങനെ ഞങ്ങൾ മഞ്ഞ് കാണാനുള്ള യാത്രതുടങ്ങി. ഞാൻ ഇടയ്ക്കിടയ്ക്ക് ഫോണിൽ ടൈപ്പ്ചെയ്യുന്നത്കണ്ട് കൂടെയുള്ള ബംഗാളിസുഹൃത്ത് ചോദിച്ചു ഇതിൽ വീഡിയോയോ ഇമേജോ എന്തെങ്കിലും ആഡ് ചെയ്യുന്നുണ്ടോ എന്ന്, ഒന്നുമില്ല എന്ന് കേട്ടപ്പോൾ ഒരു അത്ഭുതജീവിയെ കാണുന്നതുപോലെ എന്നെ നോക്കി, ഇത് ഫേസ്ബുക്കിലാണോ ഇൻസ്റ്റാഗ്രാമിലാണോ അപ്‌ലോഡ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എഴുത്തിനു മാത്രമായി ഒരു സെപ്പറേറ്റ് ആപ്പ് ഉണ്ടെന്ന് പറഞ്ഞു, അവന് വീണ്ടും അത്ഭുതം. ശരിയാണ്, ഇക്കാലത്ത് ആര് വായിക്കാനാണ്, ഒന്നുകിൽ കാണണം അല്ലെങ്കിൽ കേൾക്കണം. 

യാത്രതുടങ്ങി, അങ്ങിങ്ങായി തലേന്ന് വീണുറഞ്ഞ മഞ്ഞ് കണ്ടുതുടങ്ങി.മനസ്സിലൂടെ കടന്നുപോയത് സ്കൂൾ കാലഘട്ടമാണ്, ഞങ്ങൾ എല്ലാവരും ഒരുമിച്ച് കളിയാക്കിയിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു- സെലൻ തോമസ്. ഒരുബക്കറ്റ് വെള്ളത്തിൽ കഴുകി മുക്കിയെടുക്കാവുന്നതിൽകൂടുതൽ തുണി അവൻ എപ്പോഴും കഴുകുമായിരുന്നു. അതിൽ നിന്ന് പതഞ്ഞൊഴുകിയിരുന്ന കട്ടിയുള്ള സോപ്പുവെള്ളംപോലെതോന്നി ജീവിതത്തിലെ ആദ്യത്തെ ഉറഞ്ഞ മഞ്ഞ് കണ്ടപ്പോൾ, എന്തൊരു വിരോധാഭാസം അല്ലേ. വേണമെങ്കിൽ എനിക്ക് ഇതിനെ സ്വർഗീയ അനുഭൂതിയെന്നൊക്കെ പറയാമായിരുന്നു. പക്ഷേ സത്യം ഇതാണ്. മനസ്സിന്റെ തോന്നലുകൾ പലപ്പോഴും ഇതുപോലെ വികടമാണ്.
ഇടയ്ക്കൊക്കെ നിരനിരയായി പട്ടാളവണ്ടികൾ, അവരുടെ ടെന്റുകൾ . എനിക്ക് 'നായർസാബ്' എന്ന സിനിമ ഓർമ്മവരുന്നു.സിനിമ ഇല്ലാത്ത ലോകം എത്ര ശോകമായിപ്പോയേനെ. അനുഭവിക്കുന്ന ഓരോ പൊട്ടിലും പൊടിയിലും ഞാൻ വീണ്ടും സിനിമയെ ഓർക്കുന്നു.സിനിമയിലൂടെയാണല്ലോ ലോകം ആദ്യം കണ്ടുതുടങ്ങിയത്, അതുകൊണ്ടാവും.
അങ്ങനെ പോയിപ്പോയി ഒരിടത്തുവച്ച് എന്റെ കൈകൾ ആദ്യമായി ഉറഞ്ഞ മഞ്ഞിനെ തൊട്ടു, ശരിക്ക് പറഞ്ഞാൽ ഫ്രിഡ്ജിലെ ഐസിൽ തൊടുന്നത്പോലെതന്നെ. മുന്നോട്ടുപോകുന്തോറും പാറക്കല്ലുകളിലൊക്കെ ചുവന്നനിറം കണ്ടു. എപ്പോഴോ മരങ്ങളിൽ നിന്ന് കൊഴിഞ്ഞുവീണ ഇലകൾ ചേർന്നുണ്ടാക്കിയ ചന്തമുള്ള നിറക്കൂട്ടാണത്. അതിന് ബാക്ക്ഡ്രോപ്പിൽ, മരങ്ങളിൽ, നല്ല തൂവെള്ള മഞ്ഞുപറ്റിയിരിക്കുന്നു. പതിയെപ്പതിയെ മരങ്ങളെല്ലാം ഒരേ രൂപമുള്ളവയായി, ഇംഗ്ലീഷ്സിനിമയിലുംമറ്റും കണ്ടിട്ടുള്ള ക്രിസ്മസ്ട്രീപോലുള്ള മരങ്ങൾ. ഇപ്പോൾ സ്വപ്നം കാണുകയാണെന്ന് എനിക്ക് തോന്നുന്നുണ്ട്. കൊമ്പുള്ള മാനുകൾ വലിക്കുന്ന മഞ്ഞുവണ്ടിയിൽ പെട്ടെന്നൊരു ക്രിസ്മസപ്പൂപ്പൻ മുന്നിൽവന്നാൽപോലും ഞാൻ അത്ഭുതപ്പെടില്ല. അത്രയ്ക്ക് മായികമായ കാഴ്ചകൾ. 

പോകുന്ന വഴികളിലൊക്കെ എഴുതിവച്ചിരിക്കുന്നത് കണ്ടു - ബ്രോ വെൽക്കംസ് യു, ബ്രോ ഡ്രൈവ് സേഫ്‌ലി എന്നൊക്കെ. സിക്കിംകാർ കൊള്ളാമല്ലോ, ഒരു ആറ്റിറ്റ്യൂട്ടിന് വേണ്ടിയൊക്കെ എഴുതി വച്ചിരിക്കുന്നതാണെന്ന് കരുതി, പിന്നെയാണ് വെളിവ് വീണത് ബ്രോ എന്നാൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ.
യാത്രയുടെയിടയിൽ മനസ്സിലായി വണ്ടിയുടെ ഒരു ടയറിന്റെ കാറ്റുപോയിത്തുടങ്ങിയെന്ന്. വണ്ടി ഇന്നത്തെ പ്ലാനിലുള്ള ഒരു താഴ്‌വരയിലെത്തി . സമുദ്രനിരപ്പിൽനിന്ന് പന്ത്രണ്ടായിരമടി ഉയരത്തിലുള്ള അത് അതിമനോഹരമായിരുന്നു. എന്റെ ക്യാമറക്കണ്ണുകൾ നിർത്താതെ ചലിച്ചു. കണ്ണുകൊണ്ട് കാണുന്ന ഭംഗിയൊന്നും ക്യാമറയിൽ കിട്ടുന്നില്ലയെന്നൊരു തോന്നൽ.
ആ താഴ്‌വരയിൽ വെച്ച്, ഇന്നലെ ടാക്സിസ്റ്റാൻഡിൽകണ്ട ഒരു ഡ്രൈവർ എന്നെ തിരിച്ചറിഞ്ഞു. "അരെ സോളോ ട്രാവലർ ആപ് ആ ഗയെ?സീറോ പോയിന്റ് ജാരെ ക്യാ?" ഇനിയും മുന്നോട്ടുള്ള ഒരു പോയിന്റിലേക്ക് പോകുന്നുണ്ടോ എന്നാണ് അയാൾ എന്നോട് ചോദിച്ചത്. എന്നെ കണ്ടത് അയാൾക്കും, അയാളെ കണ്ടത് എനിക്കും ആശ്ചര്യമായി തോന്നി. 
മഞ്ഞിലിരുന്ന് മൈനയുടെയും കരിയിലക്കിളിയുടെയും മിക്സ്പോലെതോന്നിയ ഒരു കിളി പ്രത്യേകരീതിയിൽ കൂവുന്നു, എനിക്ക് 'ഹങ്കർ ഗെയിംസ്' സിനിമയിലെ മോക്കിങ് ജേയെ ഓർമ്മവരുന്നു .
'യൂത്താങ്' താഴ്‌വരയിലെ കാഴ്ചകളൊക്കെ കണ്ടുതീരുമ്പോഴേക്കും ഞങ്ങളുടെ സിക്കിംചേട്ടൻ വണ്ടിയുടെ ടയറൊക്കെ മാറ്റിയിരുന്നു.
ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രതുടങ്ങി. പോകുംവഴിയിൽ മലകളിലും പാറകളിലുമൊക്കെ ഐസ് മുളച്ചുനിൽക്കുന്നപോലെകണ്ടു, പുല്ലുകളിൽ ഐസ് നിറഞ്ഞിരിക്കുന്ന അത്ഭുതകാഴ്ച. 
കൂടെയുള്ള ജാർഖണ്ഡ്കാരും ബംഗാളികളുമൊക്കെ കൂടുതൽ അടുപ്പമുള്ളവരെപ്പോലെ പെരുമാറി. ഇടയ്ക്കൊരു സ്പോട്ടിൽവച്ച് അവരുടെയൊപ്പം ഫോട്ടോയും എടുത്തു. സോളോ ട്രിപ്പിന്റെ മറ്റൊരു വശ്യത, എങ്ങുനിന്നോവന്ന, ഒരു പരിചയവുമില്ലാത്ത ആളുകൾ, മുൻപെങ്ങോ പരിചയമുള്ള കൂട്ടുകാരെപ്പോലെ ഒരു സ്ഥലത്തേക്ക് ഒരേ മനസ്സോടെ. നമ്പർ സേവ്ചെയ്യാതെതന്നെ ഫോട്ടോ അവർക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തു, നോ സ്ട്രിങ്സ് അറ്റാച്ഡ് അല്ലേ ഇപ്പോ, ബന്ധങ്ങളൊന്നും പുതിയതായി തുടങ്ങണമെന്ന് തോന്നുന്നില്ല, ഈ കൂട്ടുകാർ ഈ യാത്രയുടെ അവസാനംവരെമാത്രം, ശേഷം അവർക്ക് അവരുടെ വഴി എനിക്ക് എന്റെയും. അതുകൊണ്ട് അവരോട് പേര് ചോദിച്ചതേ ഇല്ല, അവർ എന്റെയും. 

ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അത്ഭുതത്തിലേക്കാണ് ഞങ്ങൾ പോയത്, നോർത്ത് സിക്കിമിലെ സീറോ പോയിന്റ് എന്ന് പേരുള്ള സ്ഥലം. അവിടെ വർഷം മുഴുവനും സീറോ ഡിഗ്രി ആയിരിക്കും തണുപ്പ് എന്ന് തോന്നി,അതാവാം പേരിനു കാരണം. ഇതിപ്പോ സമുദ്രനിരപ്പിൽനിന്ന് പതിനയ്യായിരം അടി ഉയരത്തിലാണ്. ഉറഞ്ഞുപോയ മഞ്ഞിന്റെ പുതപ്പുമായി ഉയർന്നുനിൽക്കുന്ന മലകൾ, അവിടവിടെ കൊടികളിലെഴുതിയ ബുദ്ധിസ്റ്റ് പ്രാർത്ഥനാശീലുകൾ, നീല ആകാശം, ഹൊ അവർണനീയം, അതിസുന്ദരം.
അവിടെ ടൂറിസ്റ്റുകളെ കാത്ത് കുറേ കൊച്ചുകടകൾ. എല്ലാ കടകളും ചെറിയ മരക്കൊമ്പൊക്കെവച്ച് ഉണ്ടാക്കിയത്. എല്ലാത്തിന്റെയും ഉള്ളിൽ തീകായാനുള്ള സൗകര്യം, തിളച്ച വെള്ളത്തിൽ നീന്തിത്തുടിക്കുന്ന മാഗി, പുഴുങ്ങിയ കടല, മോമോസ്, കാപ്പി ഇതൊക്കെയാണുള്ളത്. മാഗിതന്നെ പറഞ്ഞു വീണ്ടും, പിന്നൊരു കാപ്പിയും. അതിന്റെയൊന്നും ചൂട് ഏശുന്നേയില്ല. ഞങ്ങളെല്ലാവരുംകൂടി തീകാഞ്ഞു, ഗ്ലൗസ് ഉൾപ്പെടെ തീ കാഞ്ഞിട്ടും ഏൽക്കുന്നില്ല. ഭൂമിയിലേക്ക് വെയിൽ തെളിഞ്ഞുനിന്നിട്ടും തരിമ്പും ഇളക്കമില്ലാതെ ഐസ് നല്ല കട്ടിയിൽത്തന്നെ മണ്ണിനെ പൊതിഞ്ഞുകിടക്കുന്നു. എനിക്കുചുറ്റും ആയിരക്കണക്കിന് കൈകൾ ഫോട്ടോയുടെ പല പോസുകൾക്ക് ക്ലിക്കെടുക്കുന്നു. പോകുന്ന സ്ഥലങ്ങളിലൊക്കെ പരമാവധി രണ്ട് ഫോട്ടോയേ എടുക്കാവു എന്ന എന്റെ തീരുമാനം ഞാനിപ്പോ ഓർക്കുന്നേയില്ല. ഐസിന്റെ പല ആംഗിളിലുള്ള ഫോട്ടോസ് എന്റെ ഫോണിന്റെ വയറിനെ കുത്തിനിറയ്ക്കുന്നു. കൈവിരലുകൾ തണുത്ത് നീരുവച്ചുതുടങ്ങി, പക്ഷേ നിധികണ്ട കൊള്ളക്കാരനെപ്പോലെ ഇനിയും ഇനിയുമെന്ന്പറഞ്ഞ് ഫോട്ടോ എടുത്തുകൊണ്ടേയിരുന്നു. കൊഡാക്കിന്റെ പഴയ ക്യാമറ മതിയാരുന്നു കയ്യിൽ, എന്റെമാത്രമല്ല എല്ലാവരുടെയും കയ്യിൽ. അങ്ങനെയാരുന്നേൽ ഫിലിം തീരുമ്പഴെങ്കിലും കണ്ണുകൊണ്ട് കാഴ്ചകൾ കണ്ടേനെ.
അടുത്തെവിടെയോ ആരോ മലയാളമൊക്കെ പറയുന്നത് കേട്ടു, പരിചയപ്പെടാൻ പോയില്ല. അവിടെനിന്ന ഒരു മുംബൈക്കാരനോട് എന്റെയൊരു ഫോട്ടോ എടുത്തുതരാൻ അഭ്യർത്ഥിച്ചു. ഒന്നുരണ്ട് ഫോട്ടോയൊക്കെ എടുത്തുതന്നിട്ട് അയാൾ എന്നെക്കൊണ്ട് അയാളുടെ ഇരുന്നും കിടന്നുമൊക്കെയുള്ള പത്തുനൂറു ഫോട്ടോ എടുപ്പിച്ചു, ഞാൻ 'സ്വ ലെ' എന്ന സിനിമയിലെ സലിംകുമാർ ആയതുപോലെ തോന്നി. അത് കഴിഞ്ഞു എന്നു സമാധാനിപ്പിച്ചപ്പോ ദാ 
അടുത്ത ആൾ, അങ്ങനെ ആ കൊൽകത്താക്കാരന്റെ ഫോട്ടോകളും ഞാൻ എടുത്തുകൊടുത്തു. ഫോട്ടോയ്ക്കുവേണ്ടി അവൻ ജീവൻ കൊടുക്കാനും തയ്യാറാണെന്ന് തോന്നി, പലതവണ ഐസിൽ ചവിട്ടി തെന്നിവീഴുന്നൊക്കെയുണ്ടാരുന്നു. 

ഞാൻ ഐസിനെ ഒന്ന് തൊട്ടുനോക്കി, അതിലിരുന്ന് തെന്നിനോക്കി, പാന്റ് നനയുന്നൊന്നുമില്ല, പക്ഷേ ഷൂസിലൂടെ തണുപ്പ് എല്ലിലേക്ക് തുളഞ്ഞുകയറുന്നുണ്ട്. സ്വിറ്റ്സർലൻഡിൽ പോകാൻ ഭാഗ്യം സിദ്ധിച്ച ഭാര്യ അന്ന് പറഞ്ഞത്‌ ഓർത്തു, കുറേകഴിയുമ്പോ നമ്മൾ തണുപ്പുമായി പൊരുത്തപ്പെടുമെന്ന്. ഒരു പരിധിവരെ അത് ശരിയാണെന്നു തോന്നിത്തുടങ്ങി. വെറുതേ ആ ഐസിൻപാളിയെ തൊട്ട്, ഒരുനിമിഷം കണ്ണടച്ചു.ഇവിടെവരെ എന്നെ എത്തിക്കാൻ ആഗ്രഹിച്ചതിന് അവരോട് നന്ദിപറഞ്ഞു, നമ്മൾമാത്രം ആഗ്രഹിച്ചാൽ എങ്ങുമെത്തില്ലല്ലോ, ഇവരും നമ്മളെ ആഗ്രഹിക്കണ്ടേ. 
വൈകാതെ ഞങ്ങടെ കൂട്ടത്തിലൊരാൾക്ക് വയ്യാതെയായി, ശ്വാസംമുട്ടലും ബോധംപോകാൻതുടങ്ങലും.ഉയരംകൂടിയ പ്രതലത്തിന്റെ പരീക്ഷണങ്ങൾ. വണ്ടിയിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറൊക്കെയെടുത്ത് പുള്ളി ഉപയോഗിച്ചു. താമസിയാതെ ഞങ്ങൾ അവിടുന്ന് തിരിച്ചു.
തിരിച്ചുള്ള യാത്രയിലും വണ്ടിയിൽ കുറേ ഹിന്ദിപ്പാട്ടുകൾ ഒഴുകി. ട്യൂൺ കേട്ടപ്പോ 'സൂരജ് ഹുവാ മത് ധം ' എന്ന പാട്ട് വരുമെന്ന് കരുതി, വന്നത് വേറെ ഏതോ പാട്ട്.എനിക്ക് തോന്നുന്നു ഒരു കാലഘട്ടത്തിലിറങ്ങിയ പാട്ടുകളൊക്കെ ഒരേ ട്യൂൺ ആണ്. അത് ഹിന്ദിയിൽമാത്രമല്ല തമിഴിലും മലയാളത്തിലുമൊക്കെ അങ്ങനെതന്നെ. 

അങ്ങോട്ട്‌ പോയപ്പോ കാണാത്ത ചില കാഴ്ചകളൊക്കെ തിരികെയുള്ള യാത്രയിൽ കണ്ടു - വലിയ മലയുടെ പല അതിരുകളിൽനിന്ന് അരുവികളൊഴുകി പല വെള്ളച്ചാട്ടങ്ങളായി പിന്നീട് ഒന്നിച്ച് താഴേക്ക് പതിക്കുന്ന കാഴ്ച,അങ്ങനെ ചിലത്. ശരിക്കും അങ്ങോട്ട് പോകുമ്പോൾ, ആസ്വാദനത്തേക്കാൾ, മൊമെൻറ്സ് ക്യാമെറയിൽ ക്യാപ്ച്ചർ ചെയ്യാനാണ് വെമ്പൽ. ഇപ്പൊ തോന്നുന്നു സ്വർഗംപോലെയുള്ള ആ ഐസ്ഭൂമിക വേണ്ടതുപോലെ ആസ്വദിച്ചില്ലെന്ന്. ഇനി എടുത്തുകൂട്ടിയ ഫോട്ടോകൾ നോക്കി ആസ്വദിക്കാം അല്ലാണ്ടെന്താ. കണ്ണടച്ചതും ഭംഗിയില്ലാത്തതുമായ ഫോട്ടോകൾ ഡിലീറ്റ് കൊട്ടയിലേക്ക് യഥേഷ്ടം പാഞ്ഞു. ആ ഐസിൽവച്ച് മുംബൈക്കാരൻ എടുത്തുതന്ന സ്വന്തം ഫോട്ടോകൾ നോക്കി, ഒന്നും വലിയ ചന്ദമൊന്നുമില്ല. അയാളുടെ എത്ര നല്ല ഫോട്ടോകളാണ് ഞാൻ എടുത്തത്, എന്നിട്ടാ അയാൾ എന്നോടിങ്ങനെ ചെയ്തത്. അതിന് ഫോട്ടോയെ പറഞ്ഞിട്ടെന്താ, മുഖം നിന്റെയല്ലേ അത് ഇങ്ങനെയേ വരൂ എന്ന് പറയുന്ന കൂട്ടുകാരെ ഓർമവന്നു. മിണ്ടരുത്, കടക്ക് പുറത്ത്. 

വണ്ടി അതിന്റെ മാക്സിമം വേഗത്തിൽ വലിയവലിയ വളവുകൾ തിരിയുന്നുണ്ട്.
ജാർഖണ്ടുകാരൻ ഞങ്ങടെ സിക്കിംചേട്ടനോട് അവസരോചിതമായ ചോദ്യം ചോദിച്ചു - "ഉറക്കത്തിൽ നിങ്ങൾ സ്വപ്നംകാണുന്നതുപോലും ഈ വളവും തിരിവും ആയിരിക്കുമല്ലേ, അടുത്ത്കിടക്കുന്ന ആളെ ഇടിച്ചിടുമോ കൈ ഇങ്ങനെ ഇടത്തും വലത്തും തിരിച്ചുതിരിച്ച് ", ഇങ്ങനെ പറഞ്ഞ് കരാട്ടേക്കാരെപ്പോലെയുള്ള പോസ് കാണിക്കുന്നു. ഡ്രൈവറുച്ചേട്ടൻ എല്ലാവരെയുംനോക്കി ചിരിക്കുന്നു.ചെറിയ കണ്ണുകളും ചൈനീസ് മുഖവുമുള്ള അങ്ങേരുടെ ചിരി കൊള്ളാം. 
വഴിയിലൊരിടത്തുനിന്ന് കഴിച്ചു, ഇന്നലെ രാത്രിയിൽ കഴിക്കാൻനേരം തണുപ്പുകാരണം വിരലുകൾചുരുട്ടി ചോറെടുക്കാൻ പറ്റാഞ്ഞത് ഓർത്തു. ഇപ്പൊ ആ പ്രശ്നമൊന്നുമില്ല, ശരീരം എത്രപെട്ടെന്നാണ് തണുപ്പിനോട് അഡ്ജസ്റ്റ് ആയത്. മൈനസ് 5 കണ്ടവന് പ്ലസ് 5 ഒക്കെ എന്ത്, അഹങ്കാരംകൊണ്ട് പറയുവല്ലടാ പന്നേ എന്ന് മനസ്സ്. വഴിയിലൊരിടത്ത് റോഡിനുകുറുകെ ജെസിബി, നമ്മളാണെങ്കിൽ ഹോണടിച്ച് കൊന്നേനെ, ഇത് പക്ഷേ മാന്യമായി വണ്ടി സൈഡിലോട്ട് നിർത്തിയിട്ടു,ഏകദേശമൊരു പതിനഞ്ചുമിനിറ്റ്. റോഡിനുകുറുകെ മാന്തിയിട്ട് സാവധാനം ജെസിബി മാറിത്തന്നു.
ഏഴ് മണിക്കൂർ നീണ്ട യാത്ര തിരിച്ച് ഗാങ്ടോക് എത്തി. ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം യാത്രപറഞ്ഞു. മറ്റുള്ളവർ അത്രനേരം കഥയൊക്കെ പറഞ്ഞെങ്കിലും പോകാൻനേരം ഡ്രൈവറുചേട്ടനോട് ഒരു ബൈപോലും പറഞ്ഞില്ല, കഷ്ടംതോന്നി. ഞാൻ കൈപിടിച്ച് യാത്രപറഞ്ഞപ്പോൾ പുള്ളിയുടെ കണ്ണുകളിൽ സ്നേഹത്തിന്റെ തിളക്കം. 

ഡിന്നർ കഴിക്കാൻ കേക്ക് ഒക്കെ ഭംഗിയിൽ നിരത്തിവച്ച ഒരു കടയിൽകയറി. ഒരു പേസ്ട്രിയും ഹോട്ട്ചോക്ലേറ്റും ഓർഡർ ചെയ്തു. ഭാര്യ സ്വിറ്റ്സർലൻഡ് പോയപ്പോ കാപ്പിക്കുപകരം ഹോട്ട് ചോക്ലേറ്റാണത്രേ കുടിച്ചത്. ഏതായാലും നല്ലപോലെ ബോൺവിറ്റ കലക്കിയപോലൊരു സാധനമാണ് എനിക്ക് കിട്ടിയ ഹോട്ട്ചോക്ലേറ്റ്. ശേഷം വീട്ടുകാരെ പറ്റിക്കാൻ ഒന്നുരണ്ട് ലൊട്ടുലൊടുക്ക് സാധനങ്ങൾ വാങ്ങി ഞാൻ റൂമിലോട്ട് പോയി. രത്തി അങ്കിൾ അറേഞ്ച് ചെയ്തുതന്ന റൂം കൊള്ളാം, ഇനിയൊന്ന് ഉറങ്ങണം, നാളെയുംകൂടെ ഒരു കത്തിക്കലുണ്ട്, ടൂറിന്റെ ലാസ്റ്റ് ദിവസം.




No comments:

Post a Comment