രാത്രി 11.55 ന് എത്തണ്ട ട്രെയിൻ മൂന്ന് മണിക്കൂർ വൈകി ഓടുന്നതിനാൽ അലാറം വെളുപ്പിനെ 2.28 നും 2.30 നും സെറ്റ് ചെയ്തു, എങ്കിലും 1.30 ആയപ്പോൾത്തന്നെ എണീറ്റുതുടങ്ങി. ട്രെയിൻ ലൈവ് ട്രാക്കിങ് നോക്കിയപ്പോൾ എത്താൻ 2.55 ആകുമെന്നുകണ്ട് വീണ്ടും മയങ്ങി. അലാറം കൃത്യമായി അടിച്ചു. മടിയോടെ വീണ്ടും ട്രാക്ക് ചെയ്ത് നോക്കിയപ്പോ എത്താൻ 3.10 ആകുമെന്നുകണ്ടു. അലാറം തിരുത്തി 2.45 ആക്കി എന്റെയുള്ളിലെ മടിയൻ സുഖമായി ചുരുണ്ടുകൂടി ഉറങ്ങി. 2.33 ആയപ്പോ അറിയാതെ കണ്ണുതുറന്നു. ട്രെയിൻ സ്ലോ ആകുന്നുണ്ടാരുന്നു. മനസ്സില്ലാമനസ്സോടെ ഒന്നൂടെ ലൈവ്ട്രാക്കിങ് നോക്കി. ട്രെയിൻ സ്റ്റേഷൻ എത്താറായിയെന്നുകണ്ടു. മടിയൻ വിട്ടുകൊടുക്കാൻ തയ്യാറല്ല, അഥവാ ഈ സ്റ്റേഷൻ വിട്ടുപോയാൽ അടുത്ത സ്റ്റേഷന് എത്ര സമയമുണ്ടെന്ന് നോക്കി, ഇവിടുന്ന് ഒരു മണിക്കൂർ. ആ സ്റ്റേഷനിന്ന് ഡാർജീലിംഗിന് ദൂരം ഏകദേശം അൻപത് കിലോമീറ്റർ അധികമുണ്ട്. ഒടുക്കം വല്ലാത്ത മുരൾച്ചയോടെ മനസ്സ് സടകുടഞ്ഞെണീറ്റു. പിന്നെ വേഗംതന്നെ ബാഗൊക്കെ എടുത്ത് ഇറങ്ങി. തണുപ്പ് നല്ലതുപോലെ ഉണർന്നിട്ടുണ്ട്. എങ്കിലും എത്തിയ സ്റ്റേഷന്റെ പേരിന്റെ (ന്യൂ ജൽപ്പായ്ഗുരി) ഫോട്ടോ എടുക്കണ്ടേയെന്നുകരുതി കുറച്ചുദൂരം പിന്നോട്ടുനടന്നു. തിരികെ കൂനിക്കൂടി നടന്ന് മുൻകൂട്ടി ബുക്കുചെയ്ത ഡോർമിറ്ററി കണ്ടുപിടിച്ചു. റൂമിലേക്ക് ഒരു വാച്ചർ വഴികാട്ടി. ഏതോ തമിഴ്സിനിമയിൽനിന്ന് ഇറങ്ങിവന്ന പോലീസ്‌കാരനെപ്പോലെ ഒരാൾ. ഒരു ബ്രൗൺ മഫ്ലറും കാക്കി വേഷവും കഴുത്തിലൊരു കമ്പിളിയുടെ ഷാളും. അയാൾ വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ പുകയും മണവും ഞാൻ പിടിച്ചെടുത്തു, തണുപ്പിന് ചെറിയൊരു ആശ്വാസമൊക്കെ തോന്നി. അതേ, ഇതിന് പാസ്സീവ് സ്‌മോക്കിങ് എന്ന് പറയാം. കൃഷ്ണഗുടിയിലൊരു പ്രണയകാലം എന്ന സിനിമയിൽ ജയറാം നിന്ന റെയിൽവേ സ്റ്റേഷന്റെ ഏതോ ഒരു വരാന്തപോലെതോന്നി റൂമിലേക്കുള്ള വഴി. അയാൾ ഒരു റൂമിൽ കൊണ്ടാക്കി. അവിടെ എനിക്കായി ഒരു കട്ടിൽ കാത്തുകിടക്കുന്നു. സമാധാനം തോന്നി, നെറ്റിൽ കണ്ടതുപോലെ അത്ര മോശമല്ല റൂം. നവോദയായിൽ പഠിച്ചതിന്റെ ഗുണം ഇടക്കൊക്കെ കിട്ടും, എത്ര പരിമിതമായ സാഹചര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. റൂമിലെ ചെറിയ ലൈറ്റ് എന്റെ തലക്കുമുകളിൽത്തന്നെയാണ്. നവോദയായിൽനിന്ന് പഠിക്കാൻ കഴിയാഞ്ഞ ഒന്ന് അതാണ്, വെട്ടത്ത് കിടന്നുറങ്ങാൻ. ചെവി കവർ ചെയ്യാൻ കെട്ടിയ കറുത്ത തുണി കണ്ണിലേക്ക് വലിച്ചിട്ടു. ചുറ്റും മറ്റ് അഞ്ചുപേർ കിടപ്പുണ്ട്. അവരുടെയൊക്കെ വായിലൂടെയും മൂക്കിലൂടെയും പിന്നിലൂടെയുമൊക്കെ പുറത്തുവരുന്ന വായു പലതരം ഒച്ചകൾ കേൾപ്പിച്ചു. അതിന് പേരുകൾ പലത് - കൂർക്കംവലിയെന്നോ ഗാസെന്നോ ഒക്കെ പറയാം. അങ്ങനെ പലതരം വായുവിസ്ഫോടനങ്ങളുടെ യുദ്ധക്കളത്തിന് നടുവിൽപ്പെട്ട എന്നിലെ ഭടൻ പെട്ടന്ന് കണ്ടുപിടിച്ചു - ഏസി റൂം ബുക്കുചെയ്ത എന്നെ അയാൾ നോൺ ഏസി തന്നു പറ്റിച്ചിരിക്കുന്നു, കമ്പിളിപുതച്ച് കിടക്കുമ്പോളാണ് ഏസി വേണമെന്ന് ഓർത്തതെന്ന് ഓർക്കണം. ഇത്തവണ പക്ഷേ അല്പം ചൂടിനുവേണ്ടിയാണ് ഏസി യെ സ്മരിച്ചത് . കണ്ണുതുറന്ന് നോക്കിയപ്പോൾ ആരെയും ശല്യംചെയ്യാതെ ഉറങ്ങുന്ന രണ്ട് ഏസികളെ കണ്ടു. ഓ അപ്പൊ അയാൾ പറ്റിച്ചിട്ടില്ല. ഏസി ഇടാതെതന്നെ നല്ല മരവിക്കാൻ തുടങ്ങുന്ന തണുപ്പ്. പണ്ട് കോളേജീന്ന് കൂട്ടുകാർക്കൊപ്പം പോയ ഊട്ടി യാത്ര ഓർമവന്നു. ആരെങ്കിലും ആ ഏസി ഒന്ന് ഓഫ് ചെയ്യടാ എന്ന് പുതപ്പിനടിയിൽകിടന്ന് പറഞ്ഞതും തപ്പിനോക്കുമ്പോ ഏസി പോയിട്ട് ഒരു ഫാൻപോലുമില്ലാത്ത മുറികണ്ട് അന്ധംവിട്ടതും. ഇവിടെയും സമാനം. ഏസിക്ക് തണുപ്പിക്കാവുന്ന പരമാവധി താപനില പതിനെട്ട് ഡിഗ്രി. ഇവിടെ ഇപ്പോഴത്തെ തണുപ്പ് പതിമൂന്ന് ഡിഗ്രി. മൂക്കിലൂടെയൊക്കെ തണുപ്പ് അരിച്ചരിച്ച് കേറുന്നുണ്ട്. ഇഎൻടി അക്ഷയ്ഡോക്ടറെ മനസ്സിൽ ധ്യാനിച്ച് മാസ്ക് എടുത്ത് മുഖത്തുവച്ചുകിടന്നു. മൂക്കിലൂടെ കാറ്റടിച്ചാണത്രെ ചെവിവേദന വരുന്നത്, അല്ലാതെ നമ്മൾ കരുതുംപോലെ ചെവിമാത്രം മൂടിയിട്ട് ഒരു കാര്യവുമില്ലെന്ന്.
രണ്ടുമണിക്കൂറോളം ഉറങ്ങി, ശേഷം പതിയെ കണ്ണൊക്കെ തുറന്ന് എണീറ്റിരുന്നു. അടുത്തുള്ള ബെഡിലെ ആൾ നനഞ്ഞ കോഴിയെപ്പോലെ കിടുകിടാ വിറച്ച് പെട്ടന്ന് റെഡി ആകുന്നുണ്ടായിരുന്നു. ഈ തണുപ്പത്ത് അയാൾ കുളിച്ചോ എന്ന് ഞാൻ അത്ഭുദപ്പെട്ടു. ഒന്നിലധികം ടോയ്ലറ്റ് ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച് കോമൺ കുളിമുറിയിൽ കയറി, ഉണ്ടായിരുന്നു. അതും അത്യാവശ്യം നല്ല വൃത്തിയുള്ളത്. ഈ സൗകര്യങ്ങളെ വളരെ മോശമെന്ന് ഗൂഗിളിൽ റിവ്യൂ ഇട്ട ആളെ ഞാൻ ആശ്ചര്യത്തോടെ ഓർത്തു. പക്ഷേ ചിലപ്പോ അയാൾക്ക് കിട്ടിയ മുറിയുടെ അവസ്ഥ മറ്റൊന്നായിരിക്കാം. അനുഭവിക്കുന്നതുവരെ മറ്റെല്ലാം നമുക്ക് കഥകൾമാത്രമാണല്ലോ.
തിരികെ റൂമിൽ വന്നപ്പോൾ അപ്പുറത്തെ ബെഡിൽകിടന്ന ബംഗാളി ആന്റി എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നു, കമ്പിളികൊണ്ട് തല മൂടിയിട്ടുണ്ട്. പിന്നെയാണ് മനസ്സിലായത് ഫോണിലാണെന്ന്. "അരേ ഉടോ ഷക്കൊർമൊത്തേ " എന്ന് കേട്ടപ്പോൾ മനസ്സിലായി മറുതലയ്ക്കൽ ആന്റിയുടെ മകനോ മകളോ ആണെന്ന്. അതിന്റെ മലയാളം തർജമ എന്റെ ചെവിയിൽ ഓടിവന്ന് ഇങ്ങനെ പറഞ്ഞു "മതി എണീക്ക് ചക്കരമുത്തേ ". ദാ പത്തുമിനിറ്റ് കഴിഞ്ഞ് ആന്റി വീണ്ടും ഫോൺ വിളിച്ച് എണീപ്പിക്കുന്നു. അമ്മമാർക്കെന്ത് മലയാളം എന്ത് ബംഗാളി, അവരുടെ സ്നേഹമിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയല്ലേ, അകലെയെങ്കിലും അരികിൽത്തന്നെ എന്നും.
No comments:
Post a Comment