ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത ആളാണ് രത്നമ്മ ഇച്ചേയി. തൂപ്പ്, തുടപ്പ്, തുണിയലക്കൽ, പാചകം ചെയ്യൽ അങ്ങനെ എരിപൊരി ഉത്സവം തന്നെയാണ് എപ്പോഴും. ഇച്ചേയി ഉണ്ടാക്കുന്ന ഉണ്ണിയപ്പം, ശർക്കര വരട്ടി, ഉപ്പേരി, ഏത്തക്ക അപ്പം, ഇതൊക്കെ ഒരുകാലത്ത് എന്റെ രസമുകുളങ്ങളെ എത്രമാത്രം ഭ്രമിപ്പിച്ചിരുന്നു. അതിൽ ഏറ്റവും സ്പെഷ്യൽ ഇച്ചേയി ഉണ്ടാക്കുന്ന ചക്കവരട്ടിയത് ആയിരുന്നു. ഇച്ചേയിയും കൊച്ചാട്ടനും കൂടിയാണ് അത് ഉണ്ടാക്കുന്നത്, ഇച്ചേയിയുടെ സ്വന്തം കുഞ്ഞുമോൻ കൊച്ചാട്ടൻ. ഭർത്താവിനെ ഇച്ചേയി വിളിക്കുന്നത് വീട്ടിലെ ചേട്ടൻ എന്നായിരുന്നു. എനിക്ക് ഓർമ്മയുള്ള കാലംതൊട്ടേ കുഞ്ഞുമോൻ കൊച്ചാട്ടന് കാലിൽ ആണിയാണ്, അതുകൊണ്ട് ഒരു പ്രത്യേക രീതിയിലാണ് നടപ്പ്. കുഞ്ഞുമോൻ കൊച്ചാട്ടനും ഗോപി കൊച്ചാട്ടനും ആയിരുന്നു അപ്പൂപ്പന്റെ അടുത്ത കൂട്ടുകാർ, ബീഡിവലി - കള്ളുകുടി കമ്പനിക്കാർ. അങ്ങനെ ആയതുകൊണ്ട് ചെറിയൊരു അനിഷ്ടം ഉണ്ടായിരുന്നു എനിക്ക് അവരോട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചേട്ടന്മാരിൽ ഒരാളായിരുന്നു വാസു ചേട്ടൻ, ഇച്ചേയിയുടെ മകൻ. ഇവരെയെല്ലാം ചുറ്റിപ്പറ്റിയുള്ള കുഞ്ഞുനാളിലെ ജീവിതം എത്ര മനോഹരമായിരുന്നു. മറ്റുള്ളവർ പറയുന്നത് വെച്ചല്ല, നമ്മുടെ അനുഭവങ്ങളിലൂടെ വേണം ആളുകളെ വിലയിരുത്താൻ എന്നുള്ള പാഠം എന്റെ മനസ്സിൽ പണ്ടേ കയറിക്കൂടിയതാണ്. അതുകൊണ്ടുതന്നെ ഞാൻ മേലെ പറഞ്ഞ ആളുകളെപ്പറ്റി മറ്റാരൊക്കെ കുറ്റംപറഞ്ഞാലും എന്റെ മനസ്സിൽ ഇവർക്കൊക്കെ ദിവ്യമായ ഒരു പരിവേഷമാണ് എന്നും.
വളർച്ചയുടെ പടവുകൾ കയറും തോറും ഇവരുമായുള്ള അകലമൊക്കെ കൂടിക്കൂടി വന്നു. എല്ലാവരും അവരവരുടേതായ ജീവിതം തേടി പലവഴിക്ക് പോയി. വാസുച്ചേട്ടനെയൊക്കെ കണ്ട കാലം തന്നെ മറന്നു. ഇന്ന്, ഒരുപാട് നാളുകൾക്കു ശേഷം ഞാനെന്റെ വീട്ടിലേക്ക് തിരിച്ചുവന്നു. കുറച്ച് അകലേന്ന് വലിയവായിൽ ഒച്ച കേൾക്കാം, ഇച്ചേയി വരുന്നുണ്ട് എന്നുള്ളതിന്റെ അറിയിപ്പാണ്. ഒരുപാട് സന്തോഷത്തോടെ, ആഗ്രഹത്തോടെ ഇച്ചേയിയെ നോക്കി ഞാൻ വീടിനു വെളിയിലിറങ്ങി. കുറേനേരം കഴിഞ്ഞ് ആള് വന്നു. കൊല്ലിയാൻ എന്നോ കൊള്ളിയാൻ എന്നോ ഒക്കെയാണ് മിന്നലിന് ഞങ്ങൾ പറഞ്ഞിരുന്നത്. മിന്നൽ വന്ന് അല്പം കഴിഞ്ഞല്ലേ ഇടി വരൂ, അതുപോലെയാണ് ഇച്ചേയിയും. ഇന്ന് പക്ഷേ കുറച്ചധികംനേരം കഴിഞ്ഞാണ് ആള് വന്നത്. വയസ്സായി, ഒരുപാട് ക്ഷീണിച്ചു, പിടിച്ചുപിടിച്ചൊക്കെയാണ് നടക്കുന്നത്. കണ്ടപ്പോ തന്നെ മനസ്സിൽ ഒരു കഷ്ടം തോന്നി. എന്നെ പിടിച്ച് നടത്തിയിട്ടുള്ള, എന്റെ ഒപ്പം ഓടിയിട്ടുള്ള ആളാണ് ഈ പിടിച്ചുപിടിച്ചു വരുന്നത്. ആള് തളർന്നെങ്കിലും ആളുടെ മനസ്സിലുള്ള സ്നേഹത്തിന് യാതൊരു തളർച്ചയും ഇല്ല. എന്റെ മക്കളേ എന്ന് വിളിച്ച് പറ്റുന്നത്ര വേഗതയിൽ വന്നു. എന്തൊക്കെയോ വാതോരാതെ സംസാരിച്ചു. ഇപ്പൊ കേഴ്‌വിയും തീരെ കുറവ്,അതുകൊണ്ട് അങ്ങോട്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല. കുറെക്കഴിഞ്ഞ് വേച്ചുവേച്ച് തിരിച്ചുപോയി. ഇനി പറമ്പിലെ പണിക്കൊന്നും വരണ്ട എന്ന് അമ്മ പറയുന്നുണ്ട്, ഇവിടെയെങ്ങാനും വീണുപോയാൽ ആരും കാണത്തില്ല എന്നാണ് അമ്മയുടെ ടെൻഷൻ. ഇനി എന്നെങ്കിലും ഇച്ചേയിയെ കാണുമോ എന്നുള്ളതാണ് എന്റെ ടെൻഷൻ. ഇച്ചേയി ഒരിക്കലും കിടപ്പിലായിപ്പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ആളും ബഹളവുമില്ലാത്ത ഒച്ചയില്ലാത്ത ഒരു ജീവിതം അവർക്ക് സങ്കൽപ്പിക്കാനേ കഴിയില്ല, വേറെ ആർക്കും ഇച്ചേയിയെ അങ്ങനെ സങ്കൽപ്പിക്കാനും കഴിയില്ല. മിന്നലിനോട് ചേർന്നുതന്നെവരുന്ന ഇടിമുഴക്കംപോലെ പെട്ടെന്നൊരുദിവസം അവർ അവസാനിക്കട്ടെ. മനസ്സ്നിറച്ച ഒരുപാട് ഓർമ്മകളുമായി അതാ അവർ നടന്നും നിരങ്ങിയും അകലുന്നു, എന്റെ രത്നമ്മിച്ചേയി.
രത്നമ്മച്ചേയിയുടെ എന്റെ മക്കളേ എന്നുള്ള വിളിയിൽ തന്നെ ഉണ്ട്.ഏറ്റവും വലിയ സ്നേഹം.ഇപ്പോഴും സ്വന്തമായി അദ്വാനിച്ചു തന്നെയാണ് ഇച്ചേയി ജീവിക്കുന്നത്..ഇപ്പോഴും നാട്ടിൽ വരുന്ന സമയങ്ങളിൽ ഇച്ചേയിയും,വീട്ടിലെ ചേട്ടനായ കുഞ്ഞുമോൻ കൊച്ചാട്ടനെയും കാണാൻ ശ്രെമിക്കും.
ReplyDelete❤️❤️
Delete