Saturday, 25 January 2025

സോളോ ട്രിപ്പ്- ഡേ 2- ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച

ഇന്നലെ രാവിലത്തേതിലും നേരത്തെ ഇന്ന് ഉണർന്നു. ഇന്നലെ തമിഴ്നാടും ആന്ധ്രയും ആയിരുന്നു, അത് നമ്മുടെ അടുത്തായതുകൊണ്ടും പിന്നെയും കുറേതവണ കണ്ടിട്ടുള്ള സ്ഥലമായതുകൊണ്ടും വലിയൊരു വ്യത്യാസം അനുഭവപ്പെട്ടില്ല. ഇന്ന് ഒറീസ്സയും ബംഗാളും ആണ്. അതുകൊണ്ട് കാഴ്ചകൾ കാണാൻ കുറച്ചൂടെ ആവേശമുണ്ട്. പക്ഷേ കാണണെങ്കിൽ പുറത്തിറങ്ങിനിന്നേ മതിയാവു. അത് വലിയ കഷ്ടമായി തോന്നിത്തുടങ്ങി. കൂടെയുള്ള ആരോ രാവിലെതന്നെ മതപ്രഭാഷണം ഉച്ചത്തിൽ വച്ചിട്ടുണ്ട് (എല്ലാ മതത്തെയും, അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആളുകളെയും ഉദ്ദേശിക്കുന്നു ).ഒരു മര്യാദയുമില്ലാത്ത ആളുകൾ.മതപ്രഭാഷണം മാത്രമല്ല, ഫോണിൽ വരുന്ന എല്ലാ അൽഗുലുത്ത വീഡിയോകളും മറ്റുള്ളവരെ തെല്ലും വകവെക്കാതെ ഉറക്കെയുറക്കെ വയ്ക്കുന്ന ആളുകളുടെ മനസ്സ് മനസ്സിലാകുന്നതേയില്ല. ഇതിന് രാവെന്നോ പകലെന്നോ വ്യത്യാസവുമില്ല എന്നുള്ളതാണ് ഭീകരം. ഇത് വായിക്കുന്നവരെങ്കിലും ശ്രദ്ധിക്കണം, നമുക്ക് ഇഷ്ടമുള്ളതെല്ലാം മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല, നമ്മൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് തലവേദന ആകാതെ നോക്കാൻ ദയവുചെയ്ത് ശ്രദ്ധിക്കണം. കൂടെയുള്ള മറ്റൊരാൾ അയാളുടെ നെടുനീളൻ ബാഗ് എടുത്ത് വിൻഡോയുടെ അടുത്തുള്ള ചെറിയ മേശയിൽ വച്ചിരിക്കുകയാണ്, പോരാത്തതിന് കർട്ടനും അടച്ചേക്കുന്നു, ഒന്നും കാണാൻ വയ്യ പുറത്തോട്ട്. മറ്റേ ബംഗാളി ഫാമിലിയിലെ അമ്മ ഓറഞ്ച് കഴിച്ചിട്ട് മാന്യമായി തൊലിയും കുരുവും തറയിലിടുന്നുണ്ട്, ആ കുരുത്തംകെട്ട ചെറുക്കൻ കുരങ്ങനെപ്പോലെ കണ്ണിൽ കാണുന്നതെല്ലാം വലിച്ചും തിരിച്ചുമൊക്കെ അവനെക്കൊണ്ട് ആവുന്ന ശബ്ദങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്. കൂട്ടത്തിൽ ഒരേ റീൽ റിപീറ്റ് അടിച്ച് കാണുന്നുമുണ്ട്, ചാർ ചാടെ ചസ്മേ ലഗായേങ്കെ എന്നുള്ള ഏതോ ഡയലോഗ് ഒരു പതിനാല് തവണയെങ്കിലും കേട്ടു. ഇപ്പൊ കലാഭവൻമണി പഞ്ചാബിപാട്ട് പാടുന്നപോലെ ഒരു പാട്ട് കേൾക്കുന്നുണ്ട് കുറച്ചുനേരമായി.

ഞാൻ വെളിയിലിറങ്ങി. ശ്വാസം പാതിമാത്രം എടുത്തുകൊണ്ട് (ചുണ്ടുവച്ച് മൂക്ക് പാതി അടച്ച് ) ടോയ്‌ലെറ്റിൽ കയറി. പക്ഷേ ഭാഗ്യവശാൽ വൃത്തിയായിരുന്നു. അത് ഭാഗ്യമല്ല, ആരോ വൃത്തിയാക്കി സൂക്ഷിക്കുന്നതാണെന്ന് ഹാൻഡ്‌വാഷും ടിഷ്യൂ പേപ്പറും കണ്ടപ്പോൾ മനസ്സിലായി, ആശ്വാസം. ഇന്ത്യൻ റെയിൽവേയോട് ഒരു മതിപ്പൊക്കെ തോന്നി. 
പിന്നീട്, കുറേനേരമൊക്കെ വെളിയിൽ വാതിലിന്റെ അടുത്തുനിന്ന് കാഴ്ചകൾ കണ്ടെങ്കിലും അത് അത്ര സേഫ് ആയി തോന്നുന്നില്ല, നല്ലൊരു കുലുക്കം ഉണ്ടായാൽ ഒന്നുകിൽ ഫോൺ അല്ലെങ്കിൽ ഞാൻ, ആരെങ്കിലും ഒരാൾ ഉറപ്പായും താഴെ പോകും. അപ്പോൾ ആസ്വാദനത്തെക്കാൾ കൂടുതൽ മുൻകരുതലാണ് മനസ്സിൽ. മഞ്ഞൊക്കെ കണ്ടുതുടങ്ങി. മനസ്സിൽ യാത്രയോട് കൂടുതൽ അടുപ്പം വന്നുതുടങ്ങി. കാണുന്ന മനോഹര കാഴ്ചകളൊക്കെ ഒപ്പിയെടുത്ത് മറ്റുള്ളവരെ കാട്ടി ലൈക്ക് വാങ്ങിക്കൂട്ടണോ അതോ തനിയെ അങ്ങ് ആസ്വദിക്കണോ എന്ന് മനസ്സിന് സംശയം. സത്യത്തിൽ എവിടെയാണ് സോളോ ട്രിപ്പ്. സോഷ്യൽ മീഡിയയിൽ നല്ലനല്ല ഫോട്ടോകൾ ഇട്ട് മറ്റുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയല്ലേ പരമലക്ഷ്യം (എല്ലാവരുടെയും). സ്വയം പുച്ഛം തോന്നുന്നു. പെട്ടന്ന് ഒരു രൂക്ഷഗന്ധം, നോക്കിയപ്പോൾ കണ്ടത് തലയില്ലാത്ത ഒരു കാളയുടെ ശരീരഭാഗങ്ങൾ പട്ടികൾ കഴിക്കുന്ന രംഗം. ട്രെയിൻ തട്ടി ചത്തതാണ്. വെറുതെയൊന്ന് കണ്ണുനിറഞ്ഞു, ശെടാ ഇതെ കാളയെ ബീഫ് ആക്കി തട്ടുമ്പോ ഇല്ലാത്ത സങ്കടമെന്തിനാ ഇപ്പൊ. ട്രെയിൻ മുന്നോട്ടുതന്നെ. കോളാമ്പിപ്പൂവിന്റെ രൂപമുള്ള റോസ് നിറമുള്ള ഒരു കാട്ടുപൂവ് എന്നെ പരിചയക്കാരനെപ്പോലെ നോക്കി. ഇനി തമ്മിൽ കണ്ടേക്കില്ല എന്ന് ഞാനും. ട്രാക്കിന്റെ ഓരത്ത് ഭിക്ഷക്കാരനെപോലെ ഒരാൾ കിടപ്പുണ്ട്, തലയിൽ മഫ്ലർ ഒക്കെ ഉണ്ട്, കണ്ടപ്പോ നാട്ടിലെ മോനായിയെ ഓർമവന്നു. ആള് കുടിയനാണോ കഞ്ചാവാണോ എന്ന് ആർക്കും കൃത്യമായിട്ട് അറിയില്ല. ഒന്നാലോചിച്ചാൽ , എല്ലാ നാട്ടിലെയും ഏറ്റവും പാവപ്പെട്ടവരും ഏറ്റവും പണക്കാരും കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ ഒരേപോലെയിരിക്കും. ഇടത്തരക്കാർക്കുമാത്രമാണ് മാറ്റമത്രയും. 
ഇന്ന് റിപ്പബ്ലിക് ഡേ, ആമ്പലുകൾ നിറഞ്ഞ ചെളിക്കുളത്തിനരികിൽ ഇന്ത്യയുടെ കൊടിവച്ച് മണ്ണിൽ കളിക്കുന്ന കുട്ടിയെ കണ്ടു. പണ്ട്, ഇതുപോലൊരു റിപ്പബ്ലിക്ക്‌ ദിനത്തിൽ കോയമ്പത്തൂർ എസ്എസ്ബിയുടെ ട്രൈനിങ്ങിന് പോയപ്പോൾ ഒരാൾ റോഡരികിൽ തറയിൽവച്ച് കൊടികൾ വിക്കുന്നത് കണ്ട ട്രെയിനർ അയാളെ ഒരുപാട് ശക്കാരിക്കുന്നതും പോലീസിൽ ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഓർമവന്നു. അത്താഴപ്പട്ടിണിക്കാരന് എന്ത് കോഡ് ഓഫ് കണ്ടക്ട്, എന്ത് കൊടി, എന്ത് നിറം, വയറു നിറയണം അത്രയേ ഉള്ളു. വിട്ടേക്കണം സർ ഇങ്ങനെയുള്ള അപ്പാവികളെ, അവർ കൊടി മണ്ണിൽ കുത്തുകയോ നിലത്തിടുകയോ ചെയ്ത് വയറിന്റെ വിറയൽ മാറ്റിക്കൊള്ളട്ടെ. ചിലപ്പോ മണ്ണിലെ കളികൊണ്ട് ആ കുഞ്ഞ് അതിന്റെ ഒരുനേരത്തെ വിശപ്പ് മറക്കുന്നുണ്ടാവും. 

ഫോണിൽ മിസ്സ്ഡ് കോൾ കണ്ടു, ഭാര്യയാണ്, തിരിച്ചുവിളിച്ചപ്പോ ജാടയിലുള്ള സംസാരം. ദേഷ്യം തോന്നി, പിന്നെയാണ് മനസ്സിലായത് അവൾ ഓഫീസ് കൊളീഗ്സിന്റെയൊപ്പം ഒരു കല്യാണത്തിന് പോയ്കൊണ്ടിരിക്കുകയാണ്. ജാഡയെ കുറ്റം പറയാൻ പറ്റില്ല, നമ്മൾ എല്ലാവരും അങ്ങനെയല്ലേ - ഒറ്റയ്ക്കുള്ളപ്പോ ഒരു മുഖം, കൂട്ടത്തിലുള്ളപ്പോ മറ്റൊരു മുഖം, സ്വരം. മാന്യതയുടെ മുഖംമൂടിയും അണിഞ്ഞ് തിരികെ ഏസി കമ്പാർട്മെന്റിലേക്ക് കയറി. ആകെയൊരു വീർപ്പുമുട്ടൽ, പുറത്തെ ലോകം കാണാനും വയ്യ. സ്ലീപ്പർ കമ്പാർട്മെന്റിനെ ഞാൻ മിസ്സ്‌ ചെയ്‌തുതുടങ്ങി. അധികം വൈകാതെ തൊട്ടപ്പുറത്ത് ആകെ ഒച്ചപ്പാടും ബഹളവും. ഒരാൾ മറ്റൊരാളെ നല്ല ഒന്നാന്തരം ബംഗാളിയിൽ വഴക്ക് പറയുന്നു. മറ്റെയാൾ നല്ല വെള്ളമാണ്, ടിക്കറ്റൊന്നും ഇല്ലാതെ ഇവിടെ വന്നുകേറി ശല്യമാണ്. ഒടുക്കം ടിക്കറ്റ് ചെക്കർ വന്നു. സ്ഥിരം കുടിയന്മാരുടെ നമ്പർ ഇറക്കി അയാൾ, സെന്റിമെന്റൽ അപ്പ്രോച്ച്, ഞാൻ പൈസ ഇല്ലാത്തവൻ ആയതുകൊണ്ടല്ലേ നിങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നേ എന്നൊക്കെ തട്ടിവിട്ടു. ആരും വിലകൊടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഇംഗ്ലീഷിൽ ആയി കഥാപ്രസംഗം . ഇതാണ് എനിക്ക് മനസിലാകാത്തത്, എല്ലാ നാട്ടിലും കുടിയന്മാർക്ക് എങ്ങനെയാ ഇത്ര മനോഹരമായി ഇംഗ്ലീഷ് പറയാൻ പറ്റുന്നത്. ആവോ, എന്തായാലും പതിവുപോലെ അമ്മയെ തല്ലിയാലും രണ്ടുപക്ഷമാണല്ലോ എന്ന പല്ലവി അന്വർത്ഥമാക്കാൻ മറ്റൊരു അണ്ണൻ വന്നു. അയാൾ കുടിയനെ ജയിലിൽ ആക്കണ്ട ഉപദേശിച്ചുവിട്ടാൽമതിയെന്നൊക്കെ പറഞ്ഞു. ചിലപ്പോ അയാളും വേദനിക്കുന്നൊരു കുടിയൻ ആയിരിക്കും. എന്തായാലും ബംഗാളിയിൽ വഴക്ക്‌പറഞ്ഞ ആൾ "ഇവിടെ ആരുടേയും പൊളിറ്റിക്സ് ഒന്നും വേണ്ട, ഇയ്യാളെ ഉടൻ ഇവിടുന്ന് മാറ്റണം " എന്ന് ബംഗാളിയിൽ കട്ടായം പറഞ്ഞപ്പോൾ ചെക്കർന് വേറെ വഴിയില്ലാരുന്നു. ഒരു നാടകം കഴിഞ്ഞ് സ്റ്റേജ് വിടുന്ന ആളെപ്പോലെ കുടിയൻ ഓരോരുത്തരെയും പ്രത്യേകം തൊഴുത് ഹിന്ദിയിലും ബംഗാളിയിലും ഇംഗ്ലീഷിലും നന്ദി പറഞ്ഞ് സെന്റിനമ്പറുമായി യാത്രയായി. ഇനിയത്തെ അങ്കത്തട്ട് ഏത് കമ്പാർട്മെന്റ് ആണോ എന്തോ. സെക്കന്റ്‌ ഏസിയിൽ ഇതാണ് അവസ്ഥയെങ്കിൽ സ്ലീപ്പറിൽ എന്താവും. സ്ലീപ്പർ മോഹങ്ങൾ മടക്കി ഞാൻ പോക്കറ്റിലിട്ടു. എന്നിട്ട് അത്യാവശ്യം വൃത്തിയുള്ള, എന്റെ മുകളിലത്തെ ബെർത്തിൽ സമാധാനമായി കിടന്നു. ഇക്കരെ നിക്കുമ്പോ അക്കരെ പച്ച, കിട്ടേണ്ടത് കിട്ടുമ്പോ കിട്ടനടങ്ങും തുടങ്ങി ഏത് പഴഞ്ചൊല്ലുവേണേലും ഇപ്പൊ എനിക്ക് ചേരും.

4 comments: