Tuesday, 28 January 2025

സോളോ ട്രിപ്പ്- ഡേ 4- ദുർഘട പാത.

ബൊലേറോയിൽ ലാച്ചുങ്ങിലേക്ക് യാത്രതുടങ്ങിക്കഴിഞ്ഞ് മനസ്സിലായി ഇതൊരു വല്ലാത്ത അനുഭവമായിരിക്കുമെന്ന്. മുന്നോട്ടു ചെല്ലുംതോറും വഴിയുടെ വളവും കൂടിക്കൂടിവന്നു, കൂടെയുണ്ടായിരുന്ന ഫാമിലിയിലെ പെൺകുട്ടി ആദ്യം ശർദ്ദിച്ചു, പിന്നാലെ അതിന്റെ അമ്മയും ജോയിൻചെയ്തു. അങ്ങനെ നിർത്തിയും നിരങ്ങിയും വണ്ടി മുന്നോട്ട്നീങ്ങി. ചുറ്റും വേറെയും ഒരുപാട് വണ്ടികളുണ്ട്.
SK 03 എന്ന്തുടങ്ങുന്ന നമ്പർപ്ലേറ്റ് കണ്ടപ്പോ സിക്കിമിലെ പത്തനംതിട്ട രെജിസ്ട്രേഷൻ എന്ന് മനസ്സ് കളിപറഞ്ഞു. ഈ അന്യനാട്ടിൽ, ഏതോ ഒരു കുന്നിൻമുകളിൽ, തണുപ്പത്ത്, ഞാനെന്റെ നാടിനെ മിസ്സ്‌ ചെയ്യുന്നു. അവിടെ ഇതുപോലെ ഇത്ര ടൂറിസ്റ്റുകളൊന്നും വരാറില്ല, ഒരുകണക്കിന് നല്ലതാണ്, അത്രയുംകൂടെ വൃത്തികേടാവാതെ നിൽക്കുമല്ലോ എന്റെ നാട്. 
 മുന്നോട്ടുപോകുന്തോറും സിനിമയിൽ കണ്ടിട്ടുള്ളതുപോലെയുള്ള പലനിറത്തിലുള്ള കൊടികൾ കണ്ടു, എല്ലാത്തിലും എന്തൊക്കെയോ പ്രാർത്ഥനകൾ ടിബറ്റൻഭാഷയിൽ എഴുതിവച്ചിരിക്കുന്നു, ചുറ്റും ഒരുപാടൊരുപാട് മലകൾ, താഴെ പച്ചനിറത്തിൽ ഒഴുകുന്ന വെള്ളം ഇതൊക്കെ ഒരു നിത്യകാഴ്ചയായി മാറി. പണ്ട് ഗവി കാണാൻ പോയപ്പോ തോന്നിയതുതന്നെ ഇപ്പോഴും തോന്നുന്നു, ഒരേ കാഴ്ചകൾ കാണുമ്പോഴുള്ള മടുപ്പ്. മുന്നോട്ടുപോകുംതോറും ആ കുട്ടിയുടെയും അമ്മയുടെയും അവസ്ഥ മോശമായി വന്നു, അവരുടെ ആമാശയത്തിലെ ഓരോ ഭക്ഷണവും ആദ്യം ആര് പുറത്തുവരുമെന്ന് മത്സരിക്കുകയാണെന്നുതോന്നുന്നു, അതനുസരിച്ച് ഭർത്താവിന്റെ അവസ്ഥ അതിലും മോശമായി. അയാൾക്ക് മുന്നോട്ടു പോകണമെന്നുണ്ട്താനും എന്നാൽ അയാളും കുടുംബവും കാരണം ബാക്കിയുള്ളവർ താമസിക്കുന്നു എന്ന കുറ്റബോധവും. ഡ്രൈവറും കൂടെയുള്ള മറ്റു ടൂറിസ്റ്റുകളും പരമാവധി അവരോട് പറഞ്ഞുനോക്കി ഇനി യാത്ര തുടരേണ്ട തിരിച്ചു പൊയ്ക്കോളൂ എന്ന്. പക്ഷേ തിരിച്ചുപോയാൽ ഒരൊറ്റ പൈസ പോലും കിട്ടില്ല എന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കടിച്ചുപിടിച്ച് അവർ മുന്നോട്ട്തന്നെ പോകാൻ പറഞ്ഞു. ശർദ്ദിലിന്റെ ഫ്രീക്വൻസി കൂടിക്കൂടി വന്നപ്പോൾ യാത്രക്കാരിൽ ഒരാൾ ഏതൊക്കെയോ രണ്ടുഗുളിക അവർക്ക് നേരെ നീട്ടി. ജീവിതത്തിൽ അങ്ങനെയും ചില സന്ദർഭങ്ങൾ ഉണ്ടാവും, അനന്തരഫലം എന്താണെന്ന് അറിയില്ലെങ്കിലും നിർബന്ധമായും മറ്റുള്ളവരെ അനുസരിക്കേണ്ട അവസരം. മറ്റ് നിവൃത്തിയില്ലാതെ ആ സ്ത്രീ അത് വാങ്ങി കഴിച്ചു. എന്നിട്ടും രക്ഷയൊന്നുമില്ല, അവർ പിന്നെയും വണ്ടി നിർത്താൻ പറഞ്ഞു, അവരോട് വെളിയിലേക്ക് ഇറങ്ങിനിന്ന് ശർദ്ദിക്കാൻ ഡ്രൈവർ പറഞ്ഞു. അവർ മൈൻഡ് ആക്കിയില്ല, ഭർത്താവും അല്പം ദേഷ്യത്തിൽ അതുതന്നെ പറഞ്ഞെങ്കിലും അവർ അനങ്ങിയില്ല, ശർദ്ദിച്ചു ശർദിച്ച് അവർ ഒരു വഴിക്കായതുപോലെ തോന്നി, ആകെയൊരു വിഭ്രാന്തിയുടെ ലക്ഷണങ്ങളൊക്കെ കാണിച്ചുതുടങ്ങി(പക്ഷേ എത്ര വിഭ്രാന്തിയാണെങ്കിലും ഭർത്താവിന്റെ ഈ പ്രവൃത്തി അവർ നോട്ട് ചെയ്തിട്ടുണ്ടാവും, മറ്റുള്ളവരുടെ മുന്നിൽവച്ച് ഞാനാണ് നിന്നെ കണ്ട്രോൾചെയ്യുന്നതെന്നുള്ള തരം ഇറക്കിയത്).ഒടുക്കം റോഡ്സൈഡിൽ ഒരു മരത്തിന്റെ ചോട്ടിലിരുന്ന് അവർ ആ തീരുമാനം പ്രഖ്യാപിച്ചു, ഇനി ഒരടി മുന്നോട്ടില്ല. അവസാനം എല്ലാരൂടെ ഒരു തീരുമാനത്തിലെത്തി- തൊട്ടടുത്ത പെട്രോൾപമ്പിൽ അവരെ ഇറക്കിവിടാം. പിന്നെയും പ്രശ്നം - വണ്ടി സ്റ്റാർട്ടാകുന്നില്ല, പിന്നെ തള്ളിയൊക്കെ സ്റ്റാർട്ടാക്കി, അവരെ പെട്രോൾപമ്പിൽ എത്തിച്ചു. പോകാൻനേരം ആ ഭർത്താവ് ദയനീയമായി എന്നെ നോക്കി, നിനക്കൊക്കെ എന്ത് സുഖമാടാ പന്നേ എന്ന അർത്ഥത്തിൽ. ഭാവിയിൽ അതേരംഗത്തിൽ അയാളുടെ സ്ഥാനത്ത് ഞാൻ എന്നെ കണ്ടു. 
ആ മൂന്നുപേർ ഒഴിവായതിൽ സത്യംപറഞ്ഞാൽ എല്ലാരും സന്തോഷിച്ചു, ഇപ്പൊ സ്ഥലം ഒരുപാടുണ്ടല്ലോ വണ്ടിയിൽ, ഞെരുങ്ങിയിരുന്ന എല്ലാരും രാജാക്കന്മാരെപ്പോലെ ഞെളിഞ്ഞിരുന്നു, ചിലരുടെ നഷ്ടം മറ്റുചിലരുടെ ലാഭം. എനിക്ക് സ്‌ക്വിഡ് ഗെയിം ഓർമവന്നു, കൂടെയുള്ള ഓരോരുത്തരായി ഒഴിവായി അവസാനമെത്തുന്ന ആൾ ജയിക്കുന്ന കഥ. 
കുറേക്കഴിഞ്ഞ് ലഞ്ച്കഴിക്കാൻ വണ്ടിനിർത്തി. ആദ്യമേ ഏൽപ്പിച്ച പൈസയിൽ അതും ഉൾപ്പെടും. ബഫെ ആയിരുന്നു. ചോറിനൊപ്പം എന്തോ ഒരു കൂട്ടാൻ, നമ്മടെ കൂർക്കമെഴക്കോരട്ടിപോലെ, പിന്നെ ഉരുളകിഴങ്ങിന്റെ ഒരു ഐറ്റം, മുട്ടക്കറി, അങ്ങനെ എന്തൊക്കെയോ.കുറച്ചുമാത്രം കഴിച്ചു, ഇനിയുള്ള വഴി മുകളിലോട്ടാണ്,നല്ല വളവും തിരിവും ആയിരിക്കും, കൂടുതൽ കഴിച്ചാൽ ശരിയാവില്ല, ആ ഫാമിലിയുടെ അതേ അവസ്ഥയാകുമെന്ന് ഭയം. കൂടെ യാത്ര ചെയ്യുന്നവർ ജാർഖണ്ഡ്കാരും ബംഗാളികളുമാണ്, അതിലെ ബംഗാളികളുടെ സംസാരം കേട്ടാൽ ചക്ക് ദേ ഇന്ത്യയിലെ ആദിവാസി പെൺകുട്ടികളെപ്പോലെ ഉണ്ട്. അങ്ങനെയൊക്കെ പലതും ആലോചിക്കുന്നതിനിടയിൽ അതിലൊരാൾ എന്നെനോക്കി ഒന്ന് ചിരിച്ചു. ആ ഒരൊറ്റ നിമിഷത്തിൽ അയാളെപ്പറ്റി അതുവരെ ചിന്തിച്ചതൊക്കെ ഞാൻ മറന്നു. അപരിചിതന്റെ ആദ്യത്തെ ചിരി ഏറ്റവും പവിത്രമായി തോന്നി. അതൊരു മാജിക്‌ മൊമെന്റ് ആയിരുന്നു, യാത്രകൾക്ക് മാത്രം നൽകാനാവുന്ന മാജിക്ക്.
കുറച്ചൂടെ മുന്നോട്ട്പോയപ്പോൾ മനസ്സിലായി എന്റെകൂടെ യാത്രചെയ്യുന്ന രണ്ട് ഗ്രൂപ്പ്‌ ആളുകളും ബൈക്കിൽ റൈഡ് വന്നവരാണ്, പാസ്സ് കിട്ടില്ല എന്നൊക്കെപ്പറഞ്ഞ് ഇവരെ ഏജന്റ് പറ്റിച്ച് ഷെയർടാക്സിയിൽ കയറ്റിവിട്ടതാണ്. ഞങ്ങളുടെ രണ്ട് സൈഡിലൂടെയും ബൈക്ക്കൾ പാഞ്ഞുപോയപ്പോൾ നഷ്ടപ്പെട്ടുപോയ കാമുകിയെ വീണ്ടും കണ്ട ഭാവമായിരുന്നു അവരുടെയെല്ലാം മുഖത്ത്. വഴിനീളെ ചിലർ മലരുപോലത്തെ സാധനം കഴിക്കുന്നുണ്ടാരുന്നു. നമ്മുടെ ഉത്സവത്തിനും പെരുന്നാളിനുമൊക്കെ കിട്ടുന്ന, ഒരു വികാരവുമില്ലാത്ത ഈ സാധനം മനുഷ്യർ എങ്ങനെ ഇങ്ങനെ ആസ്വദിച്ച് കഴിക്കുന്നെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. വണ്ടിയിൽ പാട്ടിന്റെ ശബ്ദം കൂടിയും കുറഞ്ഞും മാറിമാറി തോന്നി. പിന്നീട് മനസ്സിലായി അത് വണ്ടിയുടെ കുഴപ്പമല്ല എന്റെ ചെവിയുടേതാണെന്ന്, അത് ഉയരങ്ങളിലോട്ട്പോകുംതോറും അടഞ്ഞും വല്ലപ്പോഴുമൊക്കെ തുറന്നും വരുന്നതാണ് സംഗതി. 5 മണി ആയപ്പോഴേക്കും നല്ലരീതിയിൽ ഇരുട്ടിത്തുടങ്ങി. നട്ടെല്ലിന്റെ ഷോക്ക്അബ്സോർബേർസ് നന്നായി പണിയെടുക്കുന്നുമുണ്ട്, അത്രയ്ക്കുണ്ട് വണ്ടിയുടെ കുലുക്കവും കറക്കവും. അങ്ങനെ പല ചെക്ക്പോസ്റ്റുകൾകടന്ന് അവസാനം ഞങ്ങൾ ലാച്ചുങ് എത്തി. അവിടെ അറേഞ്ച് ചെയ്തതിൽ ആദ്യംതന്ന മുറിയിൽ ഒരു കുഞ്ഞെലിക്കുട്ടൻ, എന്നെ കണ്ട് അവൻ ഓടടാ ഓട്ടം. ഏതായാലും അധികം വൈകാതെ റൂം മാറണ്ടിവന്നു, വണ്ടിയിൽ കൂടെയുണ്ടായിരുന്ന ബംഗാളികളുടെകൂടെ ഒരു റൂമിലേക്കായി. അവരെയൊക്കെ ബേസിക് ആയി ഒന്ന് പരിചയപ്പെട്ടു, സോളോ ട്രിപ്പ് ആയതിനാൽ ആരോടും അങ്ങനെ വലിയൊരു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചില്ല. അവരെല്ലാം ബിസിനസ് ചെയ്യുന്നവരാണ്. തണുപ്പ് ഏഴ് ഡിഗ്രി എന്ന് മൊബൈലിൽ വെതർ അപ്ലിക്കേഷൻ കാണിക്കുന്നു, പക്ഷേ എനിക്കത് അത്ര വിശ്വാസം വരുന്നില്ല, കിടുകിടാ വിറയ്ക്കുകയാണ്. ബംഗാളികളിൽ ഒരാൾ മദ്യപിക്കാൻ ഒരുപാട് നിർബന്ധിച്ചു.സന്യാസിമാരുടെ നാടായതുകൊണ്ട് അവരെന്നെ പഴയൊരു സന്യാസിയെ (ഓൾഡ് മങ്ക് - മദ്യം ) പരിചയപ്പെടുത്താൻ ശ്രമിച്ചു. എന്നെ വിശ്വസിച്ചയച്ച എല്ലാവരെയും ഓർത്ത് ഞാനത് ഒരുവിധത്തിൽ ഒഴിവാക്കി. 
റൂമിൽ തോർത്തില്ല, സോപ്പില്ല, കെറ്റിൽ ഇല്ല, പ്രത്യേകിച്ച് ഒന്നുംതന്നെയില്ല. ഒരു രീതിയിലുള്ള സഹകരണവും കാണിക്കാത്ത ലോഡ്ജുകാരോട് എല്ലാവർക്കും അമർഷം തോന്നി. ഭക്ഷണം ആകാൻ ഇനി ഒരു മണിക്കൂർ എടുക്കുമെന്ന്, അതിനു പറഞ്ഞ കാരണം ഇതാണ് - ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങൾ എത്തിയിട്ടില്ലന്ന്, അത് ഞങ്ങടെ ഡ്രൈവർ വേണമാരുന്നു കൊണ്ടുവരാനെന്ന്. ഒടുക്കം തണുപ്പ് ഉച്ചസ്ഥായിയിൽ എത്തി. അപ്പോഴും വെതർ ആപ്പ് ഏഴ് ഡിഗ്രി കാണിച്ചു, സംശയത്തോടെ നെറ്റിൽ നോക്കിയപ്പോൾ മൈനസ് ഒന്നെന്നു കാണിച്ചു, അത് അറിയുംമുന്നേതുടങ്ങിയ കാലിന്റെ വിറയൽ ഒന്നുകൂടെ കൂടി. ഭക്ഷണം അപ്പോളേക്കും തയാറായി.കഴിച്ചുകഴിഞ്ഞാണ് കൈ കഴുകിയത്, അതും പേടിച്ചുപേടിച്ച്. പേടിച്ചതുപോലെതന്നെ, കൈകഴുകാൻ പൈപ്പിൽപോലും തൊടാൻ വയ്യാത്ത അവസ്ഥ.വായിൽ വെള്ളമൊഴിച്ചു, കുലുക്കുകുഴിഞ്ഞില്ല, ഇന്നിനി അതിന്റെ പരിണിതഫലംകൂടെ അനുഭവിക്കാനുള്ള ത്രാണിയില്ല, കുളിക്കുന്നേനെപ്പറ്റി പിന്നെ ചിന്തിക്കുകയേ വേണ്ടല്ലോ, കുളിക്കാതായിട്ട് ഇന്നേക്ക് നാല് ദിവസം. 

No comments:

Post a Comment