Tuesday, 28 January 2025

സോളോ ട്രിപ്പ്- ഡേ 4 - ലാച്ചുങ് യാത്രക്കുള്ള തയ്യാറെടുപ്പ്

പേടിച്ചപോലെ പാമ്പിനെ സ്വപ്നം കണ്ടില്ല, പക്ഷേ പേരപ്പനെ കണ്ടു. പേരപ്പനും നല്ലൊരു പാമ്പായിരുന്നു. ഡാ ഡാ കൊച്ചുകഴുവേറീ എന്ന് ചിരിച്ചോണ്ട് വിളിക്കുന്നത് എനിക്കിപ്പോ കൺമുന്നിൽ കാണാം. പാവം, മരിച്ചു. ആത്മാക്കൾക്ക് എവിടെയും പോകാമല്ലോ,ഇപ്പൊ ചിലപ്പോ എന്റെകൂടെ ട്രിപ്പടിക്കാൻ കൂടിയിട്ടുണ്ടാവും, അതല്ലേ ഞാൻ ഇന്ന് പുള്ളിയെ സ്വപ്നംകണ്ടത്.

 കണ്ണ്തുറന്ന് ഇന്നത്തെ യാത്രയ്ക്ക് റെഡിയാവാൻവേണ്ടി കട്ടിലിൽനിന്ന് ചാടിയിറങ്ങി. കാല് തറയിൽമുട്ടിയതും ആരോ സ്റ്റാച്ചു വിളിച്ചപോലെ പെട്ടെന്നൊരു ഷോക്ക്, ഇരച്ചുകയറിയ തണുപ്പ് എന്നെ ചവിട്ടിത്തിരിച്ച് കട്ടിലിലേക്ക്തന്നെയിട്ടു. തണുപ്പിന്റെ കാഠിന്യംകാരണം ഒന്നും തുറക്കാനും അടയ്ക്കാനുംപോലും പറ്റാത്ത അവസ്ഥ. മനസ്സ് പറയുന്നിടത്ത് കൈ നിക്കുന്നില്ല. ഫ്രിഡ്ജിൽവെച്ചാലും കട്ടിയാവാത്തടൈപ്പ് ഒരു ചോക്ലേറ്റ് ദാ തനിയെ ഉറഞ്ഞിരിക്കുന്നു. 
ഒൻപതുമണിക്ക് ഒരു സ്ഥലത്ത് എത്തണമെന്ന് ഇന്നലെ വഴിപറഞ്ഞുതന്ന അങ്കിൾ പറഞ്ഞു. അവിടുന്ന് ഒരു ഷെയർ ടാക്സിയിൽ ഇന്ന് ലാച്ചുങ് എന്നൊരു സ്ഥലത്തോട്ട് പോണം. അവിടെ കൊടുംതണുപ്പാണെന്നാണുകേട്ടത്. അതുകൊണ്ട് പല ലെയർ തുണിയൊക്കെ ഇട്ട് രണ്ട് ഷെയർടാക്സികൾ കയറി, പറഞ്ഞ സ്ഥലത്തെത്തി, അപ്പൊ സമയം രാവിലെ 8.40. ഡ്രൈവർടെ നമ്പറൊക്കെ അങ്കിൾ അയച്ചിട്ടുണ്ടാരുന്നു. വിളിച്ചപ്പോൾ ആൾ പറഞ്ഞു ഇനിയും കുറച്ച് ലേറ്റാകുമെന്ന്. അവിടെത്തന്നെ കറങ്ങിനിന്ന് അടുത്തുകണ്ട കടയിൽകയറി ലെയ്സ് വാങ്ങി. പാക്കറ്റ് പൊട്ടിച്ച് കഴിച്ചുതുടങ്ങിയപ്പോതന്നെ ആകെ തണുത്തപോലെ ഇരിക്കുന്നു. ലയ്സിനെ പറഞ്ഞിട്ടെന്താ, അത്രയ്ക്ക് തണുപ്പുണ്ട് ചുറ്റും. ആറ് ഡിഗ്രിയിൽ ശ്വാസംപോലും പുകപോലെയാണ് പുറത്തേക്ക് പോകുന്നത്. ഫോണിൽ ടൈപ്പ്ചെയ്യാൻതന്നെ പറ്റുന്നില്ല, കയ്യൊക്കെ മരവിക്കുന്നു. ഫോണിന് പക്ഷേ ഇത് മധുവിധുപോലെ സുഖമുള്ള കാലം. അതിന്റെ ചിപ്പും എൻജിനുമെല്ലാം കുളിരുകൊണ്ട് പരമാവധി പ്രസരിപ്പോടെ പ്രവർത്തിക്കുന്നു. മൈനസ് ഡിഗ്രിയിൽ ജീവിക്കുന്നവരെ മനസ്സാ നമിച്ചുകൊണ്ട് കൈകൾ തല്കാലത്തേക്ക് കയ്യുറയുമായി ബന്ധനത്തിലാക്കി, പണ്ട് മേഘാലയ പോകാൻ ചെന്നൈയിൽനിന്ന് വാങ്ങിയ കയ്യുറ, എന്തെല്ലാം പൊരുത്തക്കേടുകളാണല്ലേ, തണുപ്പുമായി ഒരു ബന്ധവുമില്ലാത്ത ചെന്നൈയും, കയ്യുറയും, ആ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ നിമിഷവും.
ഓർത്തപ്പോൾ പറയാം സിക്കിമിൽ കണ്ട ഒന്നുരണ്ട് പ്രത്യേകത - പരമാവധി എല്ലായിടത്തും ടോയ്ലറ്റ് ഉണ്ട് (പേ ആൻഡ് യൂസ് ആണ് കൂടുതലും,അത്യാവശ്യം വൃത്തിയുള്ളത് ) , പിന്നൊന്ന് കയറ്റത്തിൽപോലും ആളുകൾ മറ്റുള്ളവർക്കുവേണ്ടി വണ്ടി നിർത്തിക്കൊടുക്കുന്നു, നമ്മുടെ നാട്ടിൽ നിരപ്പായ റോഡിൽപോലും പ്രതീക്ഷിക്കാൻകഴിയാത്ത മാന്യതയല്ലേ അത്.

കാത്തുകാത്ത് കുറേ നേരമങ്ങ്പോയി. പോരാഞ്ഞതിന് മിണ്ടാനുംപറയാനും ആരുമില്ലാതാനും, സോളോയുടെ ഒരു പ്രശ്നമാണത്.ഇതിനിടയിൽ പല ഡ്രൈവർമാരും വേറെ പല ഡ്രൈവർമാരുടെ നമ്പർ തന്നു. വണ്ടിക്കാർക്കൊക്കെ ഗ്രൂപ്പായിട്ടുള്ള ട്രിപ്പ് മതി. ഷെയർ ടാക്സി നോക്കുമ്പളാണ് ഇത്രയ്ക്കും വിഷയം. സോളോയുടെ അടുത്ത പ്രശ്നം. ഇഷ്ടംപോലെ സമയം പോസ്റ്റായി നിന്നതുകൊണ്ട് അടുത്ത്കണ്ട ഒരു റസ്റ്റോറന്റിൽ കട്ടൻചായ കുടിക്കാൻ കയറി. നല്ല തിളച്ച കട്ടൻചായ മുന്നിൽവന്നു, കപ്പിന്ചുറ്റും കൈ ചേർത്തുപിടിച്ചു. കൈകൾ അന്നേരം അനുഭവിച്ച സുഖം അനിർവചനീയം. ചൂട്ചായ വലിച്ചുകുടിച്ചു, അങ്ങോട്ട്‌ പറയാതെതന്നെ കുരുമുളകോ ഇഞ്ചിയോ എന്തൊക്കെയോ ചേർത്തുതന്ന അവരെ മനസ്സുകൊണ്ട് നന്ദി അറിയിച്ചു.നാവിന് ചൂടൊന്നും അറിയുന്നേയില്ല. പക്ഷേ അല്പം കഴിഞ്ഞപ്പോൾ അറിഞ്ഞു, നാവ് പൊള്ളി നീറിത്തുടങ്ങി. തണുപ്പത്ത് അങ്ങനെയാണ്, പൊള്ളലും മുറിവുമൊക്കെ പെട്ടെന്ന് സംഭവിക്കും, പക്ഷേ നമ്മളറിയാൻ സമയമെടുക്കും. 9 മണി എന്നുപറഞ്ഞാൽ ഇന്ത്യയിൽ അർത്ഥം ഒരു പത്തുമണിക്കെങ്കിലും വാടേ എന്നാണെന്ന് വീണ്ടും തോന്നി. സ്വന്തം കല്യാണത്തിനല്ലാതെ വേറെ എന്തിനെങ്കിലും കൃത്യ മുഹൂർത്തതിന് നമ്മൾ എത്താറുണ്ടോ?
ഏട്ടേമുക്കാലിന് തുടങ്ങിയ എന്റെ വെയ്റ്റിംഗ് പതിനൊന്നുമണിവരെ തുടർന്നു.ആങ്ങിത്തൂങ്ങി ഒരു വണ്ടി റെഡിയായി, ബൊലേറോ. പിന്നിലെ സീറ്റാണ് കിട്ടിയത്. ഇടിച്ചുഞെരുങ്ങി ഞാനുൾപ്പെടെ നാലുപേർ ആ ഒറ്റസീറ്റിൽ. അതിലോട്ട് കയറാൻതന്നെ ഒന്ന് നല്ലപോലെ മെനക്കെടണം. വണ്ടിയിൽ ഡ്രൈവർ ഉൾപ്പെടെ പത്തുപേർ.ഇനിയാണ് യാത്ര, ഏകദേശം ഏഴ് മണിക്കൂർ നീളുന്ന, വളഞ്ഞുപുളഞ്ഞ, ഹൈ അൾട്ടിട്യൂഡിലേക്കുള്ള യാത്ര. അങ്ങോട്ട് പ്രശ്നമില്ല, എല്ലാ യാത്രയും പ്രതീക്ഷയാണ്, കാണാൻ എന്താവും ഉണ്ടാവുക എന്ന കൗതുകമാണ്. അങ്ങനെ എത്രദൂരം വേണേലും പോകാം. അങ്ങ് ചെന്നുകഴിയുമ്പോഴോ, ഇവിടെ എന്തായിരുന്നു കാണാൻ ഇത്ര ഉള്ളതെന്ന് തോന്നും ചിലപ്പോ, തിരിച്ചുള്ള യാത്ര വിരസവും അപ്രിയവുമാകും. യാത്രയുടെ യഥാർത്ഥ ആത്മാവ് പക്ഷേ യാത്രചെയ്യൽതന്നെയാണെന്ന്  തിരിച്ചറിയാൻ, ഒരുപാടൊരുപാട് യാത്രചെയ്ത് പതംവരണം. അതുവരെ  നമ്മൾ തേടിക്കൊണ്ടേയിരിക്കും - നമ്മൾ അറിയാൻകൊതിക്കുന്ന ആ സ്വർഗത്തെ, കാണാൻകൊതിക്കുന്ന ആ പെർഫെക്ട് പ്ലേസിനെ. അവസാനം ആ മച്ചൂരിറ്റി ഫീലിംഗ് വന്ന് തൊടും - റെവലേഷൻ , തത്വമസി - അത് നീതന്നെ ആകുന്നു, യാത്രതന്നെയാകുന്നു എന്ന്.

4 comments: