Monday, 27 January 2025

സോളോ ട്രിപ്പ്- ഡേ 3- അങ്കലാപ്പ്.

ഡ്രൈവർ ഇറക്കിവിട്ട സ്ഥലത്ത് എന്തുചെയ്യണമെന്നറിയാതെ പതറിനിന്നപ്പോൾ മുന്നിൽ ഒരു ബോർഡ് കണ്ടു, ഗ്യാങ്ങ്ടോക് കേബിൾകാർ റൈഡ്. ടാക്സിക്കാർ വന്ന് പൊതിയുന്നതിന് മുന്നേ ഞാൻ അങ്ങോട്ട്കയറി. തണുപ്പ് മൂർധന്യ അവസ്ഥയിൽ എത്തിയെന്ന് തോന്നുന്നു. അവിടെ ഒരു കഫെ ഉണ്ടായിരുന്നു, ആകെ ഉണ്ടായിരുന്നത് കാപ്പിയും മാഗിയുണ്ടാക്കാൻ പാകത്തിന് ഒരു റെഡി ടു കുക്ക് കപ്പും . പൊതുവേ മാഗി വിരോധിയായ ഞാൻ ഒരു കപ്പ് മാഗി വാങ്ങി. ആ തണുപ്പത്ത് ഉള്ളിനെ ചൂടാക്കാൻ മാഗി ധാരാളമായിരുന്നു. ഞാനും മാഗിയും തമ്മിലുള്ള ശത്രുത ലേശമൊന്ന് കുറഞ്ഞു. പത്തുപതിനഞ്ചുമിനിറ്റത്തെ കാത്തിരിപ്പിന്ശേഷം കേബിൾകാർ റെഡിയായി. ഒരു 300 മീറ്ററോളം സ്ട്രെയിറ്റ് ലൈനിൽ പോകുന്ന ഒരു റൈഡ്, അതിൽ ഒരുസമയം ഒരു 12 പേർക്ക് നിൽക്കാം. ഗ്യാങ്ടോക്സിറ്റിയെ ഒരു പരുന്ത് കാണുന്നതുപോലെ നോക്കാൻപറ്റി, എങ്കിലും ആരിലും വലിയൊരു എക്സൈറ്റ്മെന്റൊന്നും ആ യാത്ര ഉണ്ടാക്കിയില്ല. അവിടെനിന്ന് താഴെയിറങ്ങി ഒരു ടാക്സിഡ്രൈവറുടെ മുന്നിൽപ്പെട്ടു. പിന്നെ രണ്ടുംകൽപ്പിച്ച് അയാളോടങ്ങ് ചോദിച്ചു, ഈ നാഥുല പാസ് വരെ എങ്ങനെ പോകും എന്ന്. അയാൾ കട്ടായം പറഞ്ഞു ഷെയർ ടാക്സിയിലൊന്നും അങ്ങോട്ട് പോകാൻ പറ്റില്ല, അഥവാ പോയാലും എല്ലാമൊന്നും കാണാൻ പറ്റില്ല എന്ന് . ഒരു 5000 രൂപ തന്നാൽ ഞാൻ കൊണ്ടുപോവാമെന്നും പറഞ്ഞുവച്ചു. 5000 ഇത്തിരി കൂടുതലല്ലേ ചേട്ടാ എന്ന് ഞാൻ അറിയാവുന്ന ഹിന്ദിയിൽ ആ മറുതയോട് ചോദിച്ചു. അപ്പോ അവൻ പറയുവാ വേണേൽ പരമാവധി ഒരു 4200 വരെ താഴ്ത്താമെന്ന്. അവനെ മുഷിപ്പിക്കേണ്ട എന്ന് കരുതി അവന്റെ നമ്പറൊക്കെ ഞാൻ വാങ്ങിവച്ചു. എന്നിട്ട് തഞ്ചത്തിൽ ചോദിച്ചറിഞ്ഞു ഇവിടെ അടുത്ത് നടന്നുകാണാൻ പറ്റുന്ന എന്തെങ്കിലുമൊക്കെ ഉണ്ടോ എന്ന്. നാളെ 4200 രൂപ കിട്ടുന്നതല്ലേ എന്ന് കരുതി അയാൾ അറിയാവുന്ന ഡീറ്റെയിൽസ് മൊത്തം പറഞ്ഞുതന്നു. അതനുസരിച്ച് തൊട്ടടുത്തുള്ള ഒരു ടിബറ്റൻ മ്യൂസിയം കാണാൻ പോയി. ഇന്നലെ വായിച്ച, ശ്രീമതി സോണിയ ചെറിയാന്റെ 'സ്‌നോ ലോട്ടസ്' ഒന്നുകൊണ്ട്മാത്രം എനിക്ക് ടിബറ്റിനോടും ബുദ്ധൻമാരോടും ഒരു പ്രത്യേക സ്നേഹവും ബഹുമാനവുമൊക്കെ തോന്നിയിരുന്നു. 10 ലക്ഷത്തോളം ടിബറ്റുകാരെയാണത്രേ ചൈന കൊന്നൊടുക്കിയത്. അതിലും ഒരുപാട്പേർ ഇന്ത്യയിലേക്കുംമറ്റും പലായനംചെയ്തു, ആ യാത്രയിൽ ഒട്ടനവധിപേർ രോഗംകൊണ്ടും കാലാവസ്ഥകൊണ്ടും മരിച്ചു. സമരം ചെയ്യാത്തത്കൊണ്ടും പകരംചെയ്യാൻ ഇറങ്ങിപ്പുറപ്പെടാത്തതുകൊണ്ടും ലോകം ഇവരെ പാടെ തിരസ്കരിച്ചു, ആ കൂട്ടപ്പലായനം ഒരു വലിയ വാർത്തപോലുമായില്ല. ഇന്ന് ടിബറ്റിനെ ഒരു സ്വതന്ത്രരാജ്യമായി ചൈന അംഗീകരിക്കുന്നുപോലുമില്ല. അന്ന് നാടുവിട്ടുവന്നവർക്ക് തിരികെ അങ്ങോട്ട് കടക്കാനുള്ള അനുമതിയുമില്ല. മിണ്ടാപ്രാണികളെപോലെ അവർ അനുഭവിച്ച യാതനകളെ ഓർത്തുകൊണ്ട് തടിപാകിയ ആ തറയിലൂടെ ഞാൻ മരവിച്ച് നടന്നു. അകത്ത് ചെരുപ്പിടാൻ അനുമതി ഇല്ലാത്തതിനാൽ തണുപ്പ് പുളച്ചുകയറുന്നുമുണ്ടായിരുന്നു.
'ഡ്രാ ന്യെൻ ' എന്ന പ്രത്യേകതരം വാദ്യോപകരണം എന്റെ ശ്രദ്ധയിൽപ്പെട്ടു, ഒരു സിത്താറിനോട്‌ സാമ്യമുള്ള അതിന്റെ പിടിയിൽ മയിലിന്റെ രൂപം കൊത്തിവെച്ചിട്ടുണ്ടായിരുന്നു, മുൻവശം പാമ്പിൻതോല്കൊണ്ട് ആവരണം ചെയ്തിട്ടുമുണ്ടായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആ പാമ്പിൻതോലിൽ ഞാൻ കുറച്ചുനേരം നോക്കിനിന്നുപോയി. ഇന്ന് പാമ്പിനെ സ്വപ്നം കാണുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കുറച്ചുനേരംകഴിഞ്ഞ് തൊട്ടടുത്തുള്ള ബുദ്ധമൊണാസ്റ്ററി കാണാൻ പോയി. ശാന്തമായ അന്തരീക്ഷത്തിൽ ചില ബുദ്ധസന്യാസിമാർ പ്രാർത്ഥിച്ചുകൊണ്ട് നടക്കുന്നതുകണ്ടു. അതിനിടയിൽകൂടെ അവരെ വകവയ്ക്കാതെ പലരും ഫോട്ടോ എടുക്കുന്നതും പോസ് ചെയ്യുന്നതും കണ്ടു. ജപമാലയിലെ മുത്തുകൾപോലെ ഒരു സ്തംഭത്തിന് ചുറ്റും ലോഹം കൊണ്ടുണ്ടാക്കിയ പലവലിപ്പത്തിലും രൂപത്തിലുമുള്ള ഭരണിപോലെയുള്ള വസ്തുക്കൾ കണ്ടു. അവ ഓരോന്നും ക്ലോക്ക്‌വൈസിൽ കറക്കി ഒരു മുഴുവൻ വലയംവെച്ച് സന്യാസിമാരും, അത്കണ്ട് മറ്റുള്ളവരും പ്രാർത്ഥിക്കുന്നു. ബുദ്ധനും എട്ടെന്നസംഖ്യയുംതമ്മിൽ പലയിടത്തും ബന്ധം കേട്ടിട്ടുണ്ട്. സന്യാസിമാരുടെ ജപമാലയിൽ 108 മുത്തുകളാണുള്ളതെന്ന് എവിടെയോ വായിച്ചതോർത്തു. അപ്പോൾ ആ സ്തംഭത്തിന് ചുറ്റും എട്ടിന്റെ ഗുണിതങ്ങളായിരിക്കുമോ അതോ നൂറ്റിയെട്ട് ഭരണികളായിരിക്കുമോ എന്നറിയാൻ എനിക്കൊരു കൗതുകം തോന്നി. എണ്ണമെടുക്കാൻ വേണ്ടി ഓരോ ഭരണിയും ഞാനും കറക്കി. പക്ഷേ പലതവണ എണ്ണിയിട്ടും എനിക്ക് എണ്ണംതെറ്റി. ഇനിയും പരീക്ഷിക്കേണ്ട എന്ന് കരുതി ഞാൻ തൽക്കാലം അവിടുന്ന് മടങ്ങി. തണുപ്പ് കുറയ്ക്കാൻ തല്കാലമൊരു കട്ടൻചായ കുടിക്കാമെന്ന് കരുതി അടുത്തുകണ്ട ഒരു ചെറിയ കടയിലേക്ക് കയറി, അതിന് ചെറിയൊരു അരമതിലുണ്ടായിരുന്നു, ആ മതിലിനെ ചുറ്റി അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോ അവിടെ പെട്ടന്ന് വലിയൊരു പട്ടിയെ കണ്ട് ഒന്നുഞെട്ടി. വീണ്ടും 'സ്‌നോ ലോട്ടസ്' ഓർമവന്നു. അതിലെ ടിബറ്റൻ മാസ്റ്റിഫ് എന്ന വലിയ പട്ടിയെപ്പറ്റിയുള്ള വർണന മനസ്സിൽ തെളിഞ്ഞു.. ചെറിയൊരു സിംഹത്തിന്റെ വലിപ്പമുള്ള പട്ടികൾ ആണത്രേ ബുദ്ധന്മാരുടെ കാവൽനായകൾ പ്ലസ് ആട്ടിടയന്മാരുടെ വേട്ടപ്പട്ടികൾ. 


തണുപ്പ് കൂടിക്കൂടി വന്നു. ഏതെങ്കിലും ഡോർമെറ്ററിയിൽ നിൽക്കാം എന്നാണ് ആദ്യം കരുതിയത്, പക്ഷേ തണുപ്പിന്റെ ഈ കാഠിന്യംകാരണം ഒരു ഒറ്റമുറിവേണമെന്ന് ഉറപ്പിച്ചു. അധികം അകലെയല്ലാതെ ഒരു മുറി തരപ്പെടുത്തി. ഇവിടെയും ഒരു ഫാനൊക്കെയുണ്ട്. പക്ഷേ ഈ തണുപ്പിൽ ആരും അത് ഇടാൻ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ബാഗ് ഒക്കെ ഇറക്കിവെച്ച് വെളിയിലിറങ്ങി. അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയിൽ നെറ്റിൽ വെറുതെ നോക്കി, ഷെയർ ടാക്സിയിൽ നാഥുല പാസ്സ്‌ വരെ പോകാൻ പറ്റുമോയെന്ന്. കിട്ടിയ ഒരു നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ മനസ്സിലായി നാളെ അവിടെ അടവാണെന്ന്. ഇനി എന്ത് ചെയ്യും. റൂമിൽ പുതച്ചിരുന്ന് തിരിച്ചുപോകേണ്ടിവരുമോ. നടക്കുന്നതിനിടയിൽ ഒരു ടൂർസ് & ട്രാവൽസിന്റെ ബോർഡ് കണ്ടു. അവിടെ ഒരു അമ്മാവൻ ഇരിപ്പുണ്ടായിരുന്നു. അങ്ങേരോട് ചെന്ന് സങ്കടമങ്ങ്പറഞ്ഞു. എവിടുന്നാ കുറ്റിയും പറിച്ച് വന്നതെന്ന രീതിയിൽ പുള്ളിയുടെ ഒരു ചോദ്യം. ഇളിഭ്യനായി പറഞ്ഞു കേരളത്തിൽനിന്ന്. ഒരു സ്ഥലത്തോട്ട് ഇറങ്ങി പുറപ്പെടുംമുൻപ് അവിടുത്തേപ്പറ്റി എന്തെങ്കിലുമൊക്കെ നോക്കേണ്ടേ എന്നായി അയാൾ. അവസാനം എന്റെ ദയനീയ അവസ്ഥ കണ്ട് അയാൾതന്നെ റൂട്ട്മാപ്പ് തയ്യാറാക്കി തന്നു. നാളത്തേക്കും മറ്റന്നാളത്തേക്കും മാത്രമല്ല ഇന്ന് വൈകിട്ടത്തേക്ക് വേണ്ടിയും അദ്ദേഹം ഒരു പേപ്പറിൽ വരച്ച് അടയാളപ്പെടുത്തിത്തന്നു. എന്നിട്ട് പറഞ്ഞു, "എന്റെ പേര് രത്തി അങ്കിൾ, ഞാൻ കേരളത്തിൽ വരുമ്പോൾ ഇതുപോലെ എന്നെയും സഹായിക്കണം". എനിക്ക് ചിരിക്കാൻ മാത്രമല്ലേ അറിയൂ മറ്റൊന്നും പറയാൻ അറിയില്ലല്ലോ. അങ്ങേര് വരച്ചുതന്ന റൂട്ട്മാപ്പുംകൊണ്ട് ഞാൻ ഇവിടുത്തെ ഒരു ഫേമസ് മാർക്കറ്റിലോട്ട് പോയി. പറ്റാവുന്നിടത്തോളം കറങ്ങിനടന്നു. എന്നിട്ട് വിയറ്റ്നാമിൽവച്ച് കണ്ടുമോഹിച്ച തലയാട്ടുന്ന ബുദ്ധൻകുഞ്ഞിനെയുംവാങ്ങി തിരികെനടന്നു. നടക്കുന്ന വഴിക്ക് കണ്ണ് കടകളായ കടകളൊക്കെ പരതിനടന്നു, തിരിച്ച്ചെല്ലുമ്പോൾ എല്ലാവർക്കും കൊടുക്കാനായി എന്താണ് വാങ്ങേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇനി ഒന്നും വാങ്ങാതെ പോയാലെന്താ എന്ന് ആലോചിച്ചു. ചേട്ടൻ കൊൽക്കത്തയിൽനിന്ന് പൊതിഞ്ഞുകെട്ടിക്കൊണ്ടുവന്ന ഷൂ കാലിൽകിടന്ന് തെറിവിളിച്ചു, എന്തേലുമൊന്ന് വാങ്ങിയിട്ട്പോ ദാരിദ്ര്യമേ എന്ന്. 
വിശന്നുതുടങ്ങിയപ്പോൾ അടുത്ത്കണ്ട ചെറിയൊരു കഫെയിൽ കയറി. ചീസ് നിറച്ച പഫ്സും ഒരു കാപ്പിയും ഓർഡർ ചെയ്തു. പഫ്സ് ചൂടോടെ മുന്നിലെത്തി, കാപ്പിയുടെ കപ്പ് കണ്ടപ്പോൾ സ്റ്റാർബക്സ്ന്റെ കപ്പുപോലെ തോന്നി, ആ തോന്നൽ വെറുതെയായില്ല, ബില്ലടിക്കാൻനേരം കാപ്പിക്ക് 90 രൂപ. തിരികെ റൂമിലെത്തി.പൊതുവേ പല്ല്തേക്കണം എന്ന് വലിയ നിർബന്ധമൊന്നുമില്ലാത്ത ആളാണെങ്കിലും ഈ തണുപ്പത്ത് വന്നപ്പോളൊരു ആഗ്രഹം - പല്ലൊന്ന് തേച്ചുകളയാം. വെള്ളം വായിലേക്കൊഴിച്ചതേ ഓർമ്മയുള്ളൂ, പല്ലുപറിക്കാൻ ചെന്നപ്പോൾ ഡോക്ടർ മരവിപ്പിക്കാൻവച്ച മരുന്നിന്റെ എഫക്ട്പോലെ തോന്നി. അഹങ്കാരം കൊണ്ട് ഒന്ന് കുലുക്കുകുഴിയുകകൂടി ചെയ്തു. ആകെയൊരു നമ്പ്നെസ്സ്. വേഗന്നുതന്നെവന്ന് കട്ടിലിൽകയറി.ഗൾഫിലോട്ടു കൊണ്ടുപോകാൻ എന്തെങ്കിലും സാധനം പൊതിയുന്നത്ര കരുതലോടെ സ്വയം പലതുണികൾകൊണ്ട് പൊതിഞ്ഞു, എന്നിട്ട് കമ്പിളിയെടുത്ത് തലയിൽകൂടിമൂടി സ്വയം മമ്മിഫൈ ചെയ്ത് കണ്ണടച്ചു കിടന്നു, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല.

2 comments:

  1. സന്തോഷ് ജോർജിന്റെ അനിയൻ
    നല്ല എഴുത്താണ്

    ReplyDelete