Friday, 14 February 2025

മലയാളം

നമ്മുടെ മലയാളം അത്രയ്ക്ക് മോശപ്പെട്ട ഭാഷയാണോ? എല്ലാവരുടെയും ഇംഗ്ലീഷിനുപുറകെയുള്ള ഓട്ടം കാണുമ്പോൾ അങ്ങനെ തോന്നുന്നു. 
ഇന്ന് നാൽപതിനുമുകളിൽ പ്രായമുള്ള ഒരു അമ്മ, എന്നുവച്ചാൽ നമ്മുടെ നാട്ടിൽ എൺപതുകളിൽ ജനിച്ച ആൾ, അങ്ങനെ ഒരാൾപോലും സ്വന്തം കുഞ്ഞിനോട് സംസാരിക്കുന്നത് ഇംഗ്ലീഷിൽമാത്രം, തമ്മിൽതമ്മിൽ ഫോൺവഴി കൈമാറുന്ന വിവരങ്ങൾ മംഗ്ലീഷിൽ, ഇങ്ങനെപോയാൽ ഒരു പതിനഞ്ചുകൊല്ലത്തിനപ്പുറം മലയാളത്തിന് ചരമഗീതം.
മുൻപൊക്കെ സ്റ്റാറ്റസ് കാണിക്കാൻ പൊതുസ്ഥലങ്ങളിൽ ആളുകൾ ഇംഗ്ലീഷ് ഉപയോഗിച്ചിരുന്നു. ഇന്നിപ്പോ അറിയാതെപോലും മലയാളം പറയാതിരിക്കാൻ വീടുകളിൽപോലും ഇംഗ്ലീഷ്മാത്രം. എന്റെ വളരെ വലിയ സംശയങ്ങളിലൊന്ന് ഇതാണ് - മലയാളത്തിന് മാർക്ക്‌ കുറഞ്ഞാലും ഇംഗ്ലീഷിന് നൂറും ഉണ്ടല്ലോ എന്നോർത്ത് എന്തിന് നമ്മൾ അഭിമാനിക്കുന്നു. സ്കൂളിൽ മലയാളം പറഞ്ഞതിന് പിഴയടപ്പിക്കുന്നതിന് ഉത്തരവാദികൾ സ്കൂൾ അധികൃതരോ അതോ അതുകണ്ട് ആ സ്കൂളിനെ ബഹുമാനിക്കുന്ന നമ്മളോ? നമ്മുടെ കുഞ്ഞുങ്ങളെല്ലാം വളരേണ്ടത് ഇവിടെത്തന്നെയല്ലേ, അതോ അവരെല്ലാം നാടുകടന്ന് അമേരിക്കയെന്ന സങ്കൽപ്പസ്വർഗ്ഗരാജ്യത്തിൽ എത്തണമെന്നാണോ നമ്മൾ ശരിക്കും ആഗ്രഹിക്കുന്നത്. ഇംഗ്ലീഷിൽ അമിതസ്നേഹം കാണിക്കുമ്പോൾ വിദേശത്തെ രീതിയും ശീലങ്ങളുമല്ലേ കുഞ്ഞുങ്ങൾക്ക് വശപ്പെടൂ, അങ്ങനെ അവിടെയുമല്ല ഇവിടെയുമില്ല എന്ന അവസ്ഥയിൽ അവരെ നമ്മൾ കൊണ്ടെത്തിക്കുകയല്ലേ? അവരുടെ സ്വപ്നങ്ങളിൽ ഇന്ത്യ വിദൂരമായിപ്പോലും കടന്നുവരുമോ? കാർട്ടൂൺ കഥാപാത്രങ്ങളായ നർനിയായും എൽസയും വിഹരിക്കുന്ന മഞ്ഞുമൂടിയ വിദേശനാടിന്റെ സ്പന്ദനമല്ലേ കുഞ്ഞുങ്ങൾക്ക് എപ്പോഴും സ്വന്തമെന്ന് അനുഭവപ്പെടൂ. അവർ നമ്മളെ തനിച്ചാക്കി നാടുവിട്ടില്ലെങ്കിലല്ലേ നമ്മൾ അത്ഭുദപ്പെടേണ്ടതുള്ളു?

ഒരു ഭാഷ ഇല്ലാതാകുന്നതോടെ ഒപ്പം ഇല്ലാതെയാകുന്നത് അതിനോടുചേർന്നുപോകുന്ന ശീലങ്ങൾകൂടിയാണ്. ഇംഗ്ലീഷിൽ ചിരിച്ച്, ഇംഗ്ലീഷിൽ വളരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളിലെ മൃദുത്വംകൂടിയാണ്. നമ്മളൊക്കെ കൂടുതൽ ഫോർമൽ ആയിപ്പോകുന്നപോലെ. മനസ്സുനിറഞ്ഞൊന്ന് സ്നേഹിക്കണമെങ്കിലോ അരിശംതീരുന്നപോലെയൊന്ന് തെറിപറയണമെങ്കിലോ നമ്മുടെ ഭാഷയോളം വരുമോ മറ്റേതുഭാഷയും. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻഭാഷതാൻ. ഈ എഴുതിയതുപോലും വായിക്കാനറിയാത്ത മലയാളികളായ കൂട്ടുകാരെയും, ഇനിവരുംകാലത്ത് ഇത് ഏത് ഭാഷയെന്ന് ചോദിക്കാൻപോകുന്ന കുഞ്ഞുങ്ങളെയും ഓർത്ത് എന്റെ, നമ്മുടെ സ്വന്തം ഭാഷയോടൊപ്പം ഞാനും നമിക്കുന്നു. 

പിൻകുറിപ്പ് : ഭാവിയിൽ എന്റെ കുഞ്ഞ് ഇത് കാണുമ്പോൾ ഓർക്കും - അച്ഛൻ എന്ത് തേങ്ങയാണ് ഈ എഴുതിവച്ചേക്കുന്നതെന്ന്, ഇതിപ്പോ ഡീക്കോഡ് ചെയ്യണേൽ എന്ത്ചെയ്യുമെന്ന്. ഇന്നിപ്പോ പല വാക്കുകൾ മനസ്സിലാക്കാൻ ഗൂഗിളിൽ ഇംഗ്ലീഷ് ടു മലയാളം ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്നപോലെ അന്ന് മലയാളം ടു ഇംഗ്ലീഷ് ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുമാരിക്കും. 

No comments:

Post a Comment